Search
  • Follow NativePlanet
Share
» »ചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണ

ചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണ

By Maneesh

തലക്കാവേരിയില്‍ നിന്ന് ഉറവയെടുക്കുന്ന കാവേരി നദി കുടക് മലനിരകളിലൂടെ ഒഴുകിയിറങ്ങി കര്‍ണാടകയിലെ ഡെക്കാന്‍ പീഠഭൂമിയിലൂടെ പരന്നൊഴുകുന്നതിനിടെ രണ്ടായി വേര്‍പിരിയുന്നു. അങ്ങനെ രണ്ടായി വേര്‍പിരിഞ്ഞ് ഒഴുകുന്ന രണ്ട് കാവേരി നദികളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീരംഗപട്ടണ.

ബാംഗ്ലൂർ - മൈസൂർ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് പരിചിതമായ ഒരു സ്ഥലമാണ് ശ്രീരംഗപട്ടണ. ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് ബസിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം, ശ്രീരംഗപട്ടണ എത്തുന്നതിനു മുൻപും ശ്രീരംഗപട്ടണ കഴിഞ്ഞതിന് ശേഷവും രണ്ട് പ്രാവിശ്യം നദിക്ക് കുറുകേയുള്ള പാലം കടക്കണമെന്ന കാര്യം. രണ്ട് പാലങ്ങളും കാവേരി നദിക്ക് കുറുകേയാണ് എന്നതാണ് കൗതുകകരമായ കാര്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ ശ്രീരംഗപട്ടണം എന്ന ദ്വീപിലൂടെയാണ് ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്യാറുള്ളത്.

ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരം

Photo Courtesy: Adam Jones Adam63

ഇത്രയും കൗതുകം നിറഞ്ഞ ശ്രീരംഗപട്ടണ ഒന്ന് സന്ദർശിക്കാതിരുന്നാൽ അതൊരു നഷ്ടം തന്നെയാണ്. മൈസൂർ രാജ്യത്തിന്റെ ഒരു കാലത്തെ തലസ്ഥാനം കൂടിയായിരുന്ന ശ്രീരംഗപട്ടണയിൽ ഇപ്പോഴും ചരിത്രം ഉണർന്നിരിക്കുന്നത് കാണാം.

ടിപ്പു സുൽത്താന്റെ തലസ്ഥാനം

ശ്രീരംഗപട്ടണത്തിന്റെ ഭൂമിശാത്രപരമായ പ്രത്യേകത ഈ സ്ഥലത്തിന് കൂടുതൽ ദൈവീക പരിവേഷ നൽകിയിട്ടുണ്ട്. ശ്രീരംഗപട്ടണത്തിന് സമീപത്തുള്ള തലക്കാട് തലസ്ഥാനമാക്കി രാജഭരണം നടത്തിയ ഗംഗ രാജവംശത്തിന്റെ പ്രതാപ കാലമായ ഒൻപതാം നൂറ്റാണ്ടുമുതലാണ് ശ്രീരംഗപട്ടണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇവിടുത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം നിർമ്മിച്ചത് ഗംഗ രാജവംശകാലത്താണ്. ഈ ക്ഷേത്രത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ശ്രീരംഗപട്ടണ എന്ന പേര് ലഭിച്ചത്.

ആവർത്തിക്കുന്ന ചരിത്ര കഥകൾ

ചരിത്രം തുടർന്ന് കൊണ്ടിരുന്നപ്പോൾ ശ്രീരംഗപട്ടണ വിജയ നഗര സാമ്രാജ്യത്തിന്റെ കീഴിലായി. തുടർന്ന് 1610 മുതൽ മൈസൂർ രാജാവിന്റെ കീഴിലായി ശ്രീരംഗപട്ടണ. സുൽത്താൻമാരായ ടിപ്പുവിന്റേയും ഹൈദർ അലിയുടേയും ഭരണകാലത്താണ് ശ്രീരംഗപട്ടണം വീണ്ടും പ്രതാപത്തിലേക്ക് തിരിച്ച് പോയാത്. അവർ ശ്രീരംഗപട്ടണത്തെ ഒരു കോട്ടനഗരമാക്കി. പിന്നീട് ബ്രീട്ടീഷുകാരും ശ്രീരംഗപട്ടണം ഭരിച്ചു.

Photo Courtesy: John Hill

ചരിത്രം ഉണർന്നിരിക്കുന്നു

ചരിത്രവും വിശ്വാസവും കണ്ണുമിഴിച്ച് നി‌ൽക്കുന്ന സ്മാരകങ്ങളും ക്ഷേത്രങ്ങളുമാണ് ശ്രീരംഗപട്ടണയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അവയൊക്കെ നോക്കികണുമ്പോൾ നിങ്ങൾ അറിയാത തന്നെ സുൽത്താന്മാരുടെ കാലത്ത് നിന്ന് വിജയനഗര സാമ്രാജ്യ കാലത്തിലൂടെ പിറകോട്ട് നടന്നുപോകും.

ചരിത്രം പറയാൻ നിരവധി കാഴ്ചകൾ ഉണ്ടെങ്കിലും ശ്രീരംഗപട്ടണത്തിൽ എത്തിച്ചേരുന്ന എല്ലാ സഞ്ചാരികൾക്കും കൗതുകം പകരുന്ന കുറച്ച് കാഴ്ചകളും ഉണ്ട്. കാഴ്ച കാണാൻ മൈസൂരിൽ വന്നെത്തുന്ന സഞ്ചാരികളിൽ പലരും തങ്ങളുടെ യാത്ര 20 കിലോമീറ്റർ അകലെയുള്ള ശ്രീരംഗപട്ടണയിലേക്ക് നീട്ടാൻ കാരണം ഈ കാഴ്ചകളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ദാരിയ ദൗലത് ബാഗിലേക്കുള്ള കവാടം

Photo Courtesy: PP Yoonus

ശ്രീരംഗപട്ടണത്തിലെ മൂന്ന് അത്ഭുതങ്ങൾ

സഞ്ചാരികൾ ശ്രീരംഗപട്ടണത്തിലേക്ക് യാത്ര ചെയ്യുന്നത് പ്രധാമായും മൂന്ന് കാഴ്ചകൾ കാണാനാണ്. അതിൽ പ്രധാനം ശ്രീരംഗനാഥസ്വാമി ക്ഷേത്രം തന്നെയാണ്. പിന്നെയുള്ളത് ദരിയ ദൗളത്തും, ഗുമ്പാസും എന്താണ് ഇവയെന്നും എവിടെയാണ് ഇതെന്നുമൊക്കെ നമുക്ക് മനസിലാക്കാം

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗപട്ടണയിലെ ഏറ്റവും വലിയ ആകർഷണമാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രം. ശ്രീരംഗപട്ടണ നഗരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായാണ് ഗംഗന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം
Photo Courtesy: Richard Randall

ഗുംബാസ്

ശ്രീരംഗപട്ടണയിൽ ബാംഗ്ലൂർ മൈസൂർ ഹൈവേയ്ക്ക് സമീപത്തായാണ് ഗുംബാസ് സ്ഥിതി ചെയ്യുന്നത്. ടിപ്പുസുൽത്താന്റെയും പിതാവ് ഹൈദർ അലിയുടെയും മാതാവ് ഫാത്തിമാ ബീഗത്തിന്റേയും ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന 20 മീറ്റർ ഉയരമുള്ള മനോഹരമായ ഒരു സ്മാരകമാണ് ഇത്. ഗുംബാസിനെക്കുറിച്ച് കൂടുതൽ വായിക്കാം

ദാരിയ ദൗലത് ബാഗ്

ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇതിന്റെ പണി ആരംഭിച്ചത്. എന്നാല്‍ 1784 ല്‍ മകന്‍ ടിപ്പു സുല്‍ത്താന്റെ കാലത്താണ് ഇതിന്റെ പണി പൂര്‍ത്തിയായത്. ഇതിനേക്കുറിച്ച് കൂടുതൽ വായിക്കാം

മറ്റു സ്ഥലങ്ങൾ

മേൽപ്പറഞ്ഞ സ്ഥലങ്ങൾ കൂടാതെ നിരവധി സ്ഥലങ്ങളുണ്ട് ശ്രീരംഗപട്ടണയിൽ സഞ്ചാരികൾക്ക് കണ്ടു തീർക്കാൻ. സമയം അനുവദിക്കുകയാണെങ്കിൽ അവ കൂടെ കണ്ട് തീർക്കാവുന്നതാണ്. നരസിംഹ ക്ഷേത്രം, നിമിഷാംബ ക്ഷേത്രം, വാട്ടർ ഗേറ്റ്, ടിപ്പുവിന്റെ സ്മാരകം, ബാംഗ്ലൂർ ഗേറ്റ്, മൈസൂർ ഗേറ്റ്, കാവേരി സംഗമം അങ്ങനെ കാഴ്ചകൾ നിരവധിയാണ്. മറ്റു കാഴ്ചകൾ ഏതൊക്കെയാണെന്ന് നോക്കാം

കാവേരി സംഗമം

ശ്രീരംഗപട്ടണയിൽ വച്ചാണ് കബനി നദിയും ഹേമാവതി നദിയും കാവേരി നദിയിൽ സംഗമിക്കുന്നത്. സംഗമ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

മൈസൂരിൽ നിന്ന് യാത്ര പോകാം

മൈസൂർ ബസ് സ്റ്റാൻഡിൽ നിന്ന് ബാംഗ്ലൂരെക്ക് പോകുന്ന ഏത് കെ എസ് ആർ ടി സി ബസിൽ കയറിയാലും നിങ്ങൾക്ക് ശ്രീരംഗപട്ടണയിൽ ഇറങ്ങാം. ഏകദേശം 20 മുതൽ 30 വരെ മിനുറ്റ് യാത്ര ചെയ്യണം ശ്രീരംഗപട്ടണയിൽ എത്തിച്ചേരാൻ. ശ്രീരംഗപട്ടണ ടൗൺസ്ക്വയറിന് സമീപത്തയാണ് ബസ് നിർത്തുന്നത്. ഇവിടെ നിന്ന് പ്രധാന സ്ഥലങ്ങളിലേക്ക് ഓട്ടോ വിളിച്ചോ നടന്നോ പോകാം. സംസ്ഥാന പാതയിൽ നിന്ന് രണ്ട് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ശ്രീരംഗപട്ടണയിലെ എല്ലാ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്.

സ്ഥലങ്ങളിലേക്ക്

ടൗൺ സ്ക്വയറിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് പോകേണ്ടത് ഈ ഭാഗത്താണ് വാട്ടർഗേറ്റ്, ടിപ്പുവിന്റെ മരണ സ്ഥലം, മസ്ജിദ് ഈ അല, ബാംഗ്ലൂർ ഗേറ്റ്, മൈസൂർ ഗേറ്റ് തുടങ്ങിയ ആകർഷണങ്ങൾ ഉള്ളത്.

ടൗൺ സ്ക്വയറിന്റെ വലത് ഭാഗത്താണ് ഗുംബാസ്, ദാരിയ ദൗലത് ബാഗ്, നിമിഷാംബ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്.

നിങ്ങൾ ശ്രീരംഗപട്ടണ സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ യാത്രാനുഭവം താഴെ കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രീരംഗപട്ടണയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X