ത്രിപുരയിലെ അതിപ്രശസ്തങ്ങളായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രിപുര സുന്ദരി ക്ഷേത്രം. ഹിന്ദു വിശ്വാസപ്രകാരമുള്ള കാളി ദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. കാളി ദേവിയുടെ സൊരോഷി അവതാരത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന് കൂര്‍മ്മത്തിന്റെ അഥവ ആമയുടെ ആകൃതി തോന്നിപ്പിക്കുന്നതിനാല്‍ കൂര്‍മ്മ പീഠം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.
സതീ ദേവിയുടെ വലത് കാല്പാദം വീണത് ഇവിടെയാണന്നാണ് വിശ്വസിക്കുന്നത്. സതീദേവീയുടെ മരണത്തെ തുടര്‍ന്ന് ദുഃഖിതനായ ശിവന് സതിയുടെ ജീവനില്ലാത്ത ശരീരം തോളിലേറ്റി താണ്ഡവം ആടാന്‍ തുടങ്ങി. ഇത് കണ്ട് മറ്റ് ദേവന്മാര് ആകുലരായതോടെ ശിവന്റെ താണ്ഡവം അവസാനിപ്പിക്കുന്നതിനായി വിഷ്ണു ഭഗവാന് സുദര്‍ശന ചക്രത്താല്‍ സതീദേവിയുടെ ശരീരം കഷ്ണങ്ങളായി ഛേദിച്ചു എന്നാണ് പറയപ്പെടുന്നത്. സതിയുടെ വിവിധ ശരീര ഭാഗങ്ങള്‍ ചെന്ന് വീണ സ്ഥലങ്ങള്‍ പിന്നീട് ശക്തിപീഠങ്ങള്‍ എന്നറിയപ്പെട്ടു. ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്, ബര്‍മ, നേപ്പാള്‍ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളാലായാണ് സതീ ദേവിയുടെ ശരീര ഭാഗങ്ങള്‍ ചെന്നുവീണതെന്നാണ് വിശ്വാസം. വലത് കാല്പാദം വന്ന് വീണ സ്ഥലം പീഠസ്ഥാനമായിട്ടാണ് പൂജിക്കുന്നത്. ബംഗാല്‍ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ത്രിപുര സുന്ദരി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് കല്യാണ്‍ സാഗര്‍ തടാകം സ്ഥിതി ചെയ്യുന്നത്.