Search
  • Follow NativePlanet
Share
» »സിരിമനെ വെ‌ള്ളച്ചാട്ടം കാണാന്‍ മഴ നനഞ്ഞ് ഒരു യാത്ര

സിരിമനെ വെ‌ള്ളച്ചാട്ടം കാണാന്‍ മഴ നനഞ്ഞ് ഒരു യാത്ര

By Riyas Rasheed Ravuthar

അഗുംബയില്‍ എത്തിയിട്ട് മഴ നനഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു, മഴകാണുവാനും അറിയാനും മഴയുടെ നാടായ അഗുംബയില്‍ വന്നിട്ട് 2 ദിവസമായി. അഗുംബയില്‍ മഴ തകര്‍ത്തു പെയ്യുകയാണു, മഴക്കോട്ടും മറ്റും ഇട്ടു ഞാന്‍ ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു, അഗുംബയിലെ ഗ്രാമങ്ങളിലൂടെ മഴയും മഞ്ഞും ആസ്വദിച്ചു വെറുതെ കറങ്ങുക എന്ന‌ല്ലാതെ വേറെ ലക്ഷ്യമൊന്നുമി‌ല്ല.

മഴ നനഞ്ഞ് തെന്നി കിടക്കുന്ന റോഡിലൂടെ ശൃംഗേരി ലക്ഷ്യമാക്കി ഞാന്‍ എന്റെ ശകടത്തെ മുന്നോട്ടു നയിച്ചു. കൂടെ ഷിജു ചേട്ടനുമുണ്ട്. മഴ താളമിടുന്ന റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ റോഡിന് ഇരുവശത്തും മഴ വര്‍ണ്ണരാജി തീര്‍ക്കുകയായിരുന്നു.

ശൃംഗേരിയിലെ സിരിമനെ വെ‌ള്ളച്ചാട്ടം

Photo Courtesy: Riyas Rasheed Ravuthar

മഴവെള്ളം നിറഞ്ഞ് ഒഴുകുന്ന തോടുകളും പുഴകളും, മഴയില്‍ കുതിര്‍ന്നു കിടക്കുന്ന വയലുകളും കൃഷിയിടങ്ങളും. സ്കൂള്‍ വിട്ടു കുടചൂടി നടന്നു വരുന്ന സ്കൂള്‍ കുട്ടികള്‍, മഴ നനയാതിരിക്കാന്‍ തലയില്‍ ചണചാക്കിട്ടു നടന്നു വരുന്ന ഗ്രാമ വാസികള്‍. ഇതൊക്കെ കണ്ട് ഞങ്ങള്‍ ഭ്രാന്തന്മാരെ പോലെ മഴയും നനഞ്ഞു എങ്ങോട്ടെന്നില്ലാതെ മുന്നോട്ടേക്ക്.

മുന്നോട്ടുള്ള യാത്രയില്‍ ഒരു ലക്ഷ്യമുണ്ടാക്കി തന്നത് സിരിമനെ വെള്ളച്ചാട്ടം 15 കി.മീ എന്ന ബോര്‍ഡാണ്. അങ്ങനെ ഞങ്ങളുടെ യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ടായി. ബൈക് വലതു വശത്തേക്കെടുത്തു ആക്സിലേറ്ററില്‍ കൈ കൊടുത്തു.

ഗ്രാമീണ‌ത ഒട്ടും ചോര്‍ന്ന് പോകാത്ത സുന്ദരമായ ഏതോ ഗ്രാമ‌ത്തിലൂടെ മഴ നനഞ്ഞ് ഞങ്ങള്‍ മുന്നോട്ടേക്ക് നീങ്ങി. ഒടുവില്‍ ഞങ്ങള്‍ സിരിമനെ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി.

ശൃംഗേരിയിലെ സിരിമനെ വെ‌ള്ളച്ചാട്ടം

Photo Courtesy: Riyas Rasheed Ravuthar

വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഒരു കോണ്‍ഗ്രീറ്റ് പാതയാണ്. പാര്‍ക്കിംഗ് സ്ഥലം വരെ ആ പാത നീളുന്നുണ്ട്. വളരെ വി‌ശാലമാണ് പാര്‍ക്കിംഗ് ഏരിയ. അതിന് സമീപത്തായി സഞ്ചാരികള്‍ക്കായി ടോയ്‌ലെറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. പാര്‍ക്കിങിനോ ടോയ്‌ലെറ്റിനോ പൈസ വാങ്ങുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

വെള്ളച്ചാട്ടം കാണാന്‍ 10 രൂപയുടെ ടിക്കറ്റ് വാങ്ങണം. രണ്ട് ടിക്കറ്റുകള്‍ കൈക്കലാക്കി കാതിലേക്ക് ശബ്ദമായി ഇരമ്പി വരുന്ന വെള്ളച്ചാട്ടം കാണാന്‍ ഞങ്ങള്‍ കല്‍പ്പാതകളിലൂടെ താഴേക്കിറങ്ങി. പച്ച നിറം പൂശിയ ഇരുമ്പ് കമ്പികള്‍ കൊണ്ട് കൈവരികള്‍ തീര്‍ത്ത നടപ്പാത വളരെ സുന്ദരമായിട്ടാണ് തോന്നിയത്. ഇത്തരം പരിസ്ഥിതി സൗഹാര്‍ദ്ദമായ നിര്‍മ്മാണ പ്രവൃത്തികളെ അംഗീകരിക്കേണ്ടത് തന്നെയാണ്.

വെള്ളച്ചാട്ടം വന്ന് പതിക്കുന്നിടത്താണ് പടികള്‍ ഇറങ്ങി നമ്മള്‍ എത്തി‌ച്ചേരുന്നത്. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തില്‍ നനയാനും ഒന്ന് കുളിക്കാനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. കനത്ത മഴയായതിനാല്‍ വെള്ളച്ചാട്ടത്തി‌ന് നല്ല ശക്തിയുണ്ട്. അതിനാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കു പോകുവാന്‍ സാധി‌ച്ചില്ലെങ്കിലും മനോഹരമായ ആ ജലപാതം തൊട്ടടുത്ത് നിന്ന് തന്നെ കാണാന്‍ സാധി‌ച്ചു.

ശൃംഗേരിയിലെ സിരിമനെ വെ‌ള്ളച്ചാട്ടം

Photo Courtesy: Riyas Rasheed Ravuthar

സിരിമനെ കാടുകളില്‍ നിന്നും ഉത്ഭവിക്കുന്ന അരുവി ഇവിടെ എത്തുമ്പോള്‍ ഒരു ജലപാതമായി മാറുകയാണു, കാപ്പി തോട്ടങ്ങളിലൂടെയും മറ്റു ഒഴുകി താഴെയുള്ള പുഴയില്‍ ലയിക്കുന്നു. മനോഹരമായ ഒരു വെള്ളച്ചാട്ടം, നല്ല പച്ചപ്പും കാടിന്റെ സൗന്ദര്യവും വെള്ളച്ചാട്ടത്തിന് ഒരു ആഭരണമായി നിലകൊള്ളുന്നു എന്ന് പറയാം.

കുളി‌ച്ച് കയറുന്നവര്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം സമീപത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സമയം കേരളത്തിലെ വെള്ളച്ചാട്ടങ്ങളെ കുറിച്ചു ആലോചിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ പ്രവേശന ഫീ മേടിച്ചു യാത്രികരെ കടത്തി വിടുന്ന എത്ര വെള്ളച്ചാട്ടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്? ചോദ്യമായി തന്നെ അതു മനസ്സില്‍ അവശേഷിച്ചു മുകളിലോട്ടുള്ള പടികള്‍ കയറി ഞങ്ങള്‍, അവിടെ തന്നെ വെള്ളച്ചാട്ടത്തെ നേര്‍ രേഖയില്‍ ആസ്വവദിക്കുവാനുള്ള ഒരു വ്യു പോയിന്റും ഒരുക്കിയിട്ടൂണ്ട്, ഇവിടെ നിന്നുമുള്ള കാഴ്ചകളും മനോഹരം.

എന്നെ ഇവിടെ നിന്നും ആകര്‍ഷിച്ചത് ഇതൊന്നുമല്ല, ഇവിടെ നില്ക്കുന്ന ഒരു മരം വെട്ടാതെ ഇവര്‍ ഒരു വ്യു പോയിറ്റ് ഒരുക്കിയിരിക്കുന്നു എന്നതിലാണ്, ആ മരത്തിന്റെ ശിഖരങ്ങളുടെ ഇടയിലൂടെ ഒരു വ്യു പോയിന്റ്, നമ്മുടെ നാട്ടില്‍ ആണെങ്കില്‍ എപ്പോള്‍ ഈ മരം വെട്ടിക്കളഞ്ഞു കോണ്‍ക്രീറ്റിടും എന്നു പറയേണ്ട കാര്യം ഇല്ലല്ലോ.

മവോയിസ്റ്റ് ഭീഷണി നില നില്ക്കുന്ന സ്ഥലങ്ങള്‍ ആയതിനാല്‍ ഇങ്ങോട്ടേക്കു രാത്രി യാത്ര അനുവദനീയം അല്ല, തിരിച്ചു നടന്നു ഞങ്ങള്‍ വീണ്ടും ടിക്കറ്റ് കൗണ്ടറില്‍ എത്തി, അവിടെ തന്നെ കൃഷി ചെയ്യുന്ന ഓറഞ്ചുകളും പേരക്കയും മുസമ്പിയും വില്പ്പനയ്ക്കു വെച്ചിരിക്കുന്നത് കാണാം, ഓറഞ്ചു മുറിച്ചു ചെറിയ കഷണങ്ങളാക്കി മുളകുപൊടിയും ഉപ്പും ഇട്ടു സഞ്ചാരികള്‍ക്ക് കഴിക്കാന്‍ തരുന്ന വഴിവാണിഭക്കാരുമുണ്ട്. ഒരു പ്ലേറ്റിന് 10 രൂപ മാത്രം.

ശൃംഗേരിയിലെ സിരിമനെ വെ‌ള്ളച്ചാട്ടം

Photo Courtesy: Riyas Rasheed Ravuthar

സമീപത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ബോര്‍ഡുകളും അറിവുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, മാത്രവുമല്ല നമുക്ക് വിശ്രമിക്കുവാന്‍ ഉള്ള ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു,
സിരിമനെ വെള്ളച്ചാട്ടം ഓര്‍മ്മിക്കുക ഇവിടുത്തെ സൗകര്യങ്ങളുടെ പേരില്‍ ആയിരിക്കും.
തിരിച്ചു പോകുവാന്‍ സമയമായിരിക്കുന്നു.

മഴ കുറഞ്ഞിട്ടുണ്ട്, തിരിച്ചു വരുന്ന വഴിയില്‍ ഒരു വയലില്‍ ഇരുപതോളം മയിലുകള്‍ ഇങ്ങനെ നടക്കുന്ന കാഴ്ച കാണുവാനായി, കുറേ നേരം ഞങ്ങള്‍ അതു നോക്കി നിന്നു, ആണ്‍-പെണ്‍ മയിലുകള്‍ കൂട്ടത്തോടെ നടക്കുന്ന കാഴ്ച, ഇത്തരം ഒരു കാഴ്ച എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു, യാത്ര സഫലമാകാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം.

10 രൂപയുടെ ടിക്കറ്റില്‍ നമുക്ക് ലഭിക്കുന്ന 10 കാര്യങ്ങള്‍ താഴെ

01. വണ്ടി പാര്‍ക്കു ചെയ്യുവാനുള്ള വിശാലമായ സ്ഥലം
02. നല്ല വൃത്തിയുള്ള ടോയിലറ്റുകള്‍
03. ഫോട്ടോ എടുക്കുവാനും വീഡിയോ എടുക്കുവാനും കഴിയുന്നു, വേറെ ചാര്‍ജ്ജില്ല.
04. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍
05. കല്ലു വിരിച്ച നടപ്പാതകളും സുരക്ഷ ഒരുക്കുന്ന കൈ വരികളും
06. വെള്ളച്ചാട്ടത്തില്‍ കുളിക്കുവാന്‍ ഉള്ള സൗകര്യം
07. കുളിച്ചു വസ്ത്രങ്ങള്‍ മാറുവാനുള്ള സൗകര്യം
08. വെള്ളച്ചാട്ടം പല രിതിയില്‍ വീക്ഷിക്കുവാന്‍ ഉള്ള വാച് ടവറുകള്‍
09. സമീപത്തെ കാഴചകളും പ്രധാനപ്പെട്ട ടുറിസ്റ്റ് അറിവുകളും
10. കുഴികള്‍ ഇല്ലാത്ത നല്ല റോഡും എടുത്തു പറയേണ്ട കാര്യമാ‌ണ്

ശൃംഗേരിയേക്കുറിച്ച് വിശദമായി വായിക്കാം

ശൃംഗേ‌രിയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X