Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബാംഗ്ലൂര്‍

മാസ്മരികതയുമായി കാത്തിരിക്കുന്നു ബാംഗ്ലൂര്‍

218

യാത്രകള്‍ എന്നു പറയുമ്പോള്‍ എപ്പോഴും മനസ്സിലേയ്‌ക്കെത്തുക പ്രശാന്ത സുന്ദരമായ ഹില്‍ സ്‌റ്റേഷനുകളോ, അല്ലെങ്കില്‍ കടല്‍ത്തീരങ്ങളോ ആണ്. ചിലരാകട്ടെ തീര്‍ത്ഥാടനം എന്നൊരു ലക്ഷ്യം മാത്രം വച്ച് യാത്ര പ്ലാന്‍ ചെയ്യുന്നവരാണ്. എന്നാല്‍ പതിവ് രീതികളില്‍ നിന്നുമാറി, നഗരാനുഭവങ്ങളുള്ള യാത്രകള്‍ കൊതിയ്ക്കുന്നവരും ഒട്ടും കുറവല്ല. ഇങ്ങനെയൊരു യാത്രയാണ് മനസ്സിലെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ച് ചിന്തിക്കാം. മുമ്പ് പൂന്തോട്ട നഗരമെന്നും ഇപ്പോള്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നും അറിയപ്പെടുന്ന ബാംഗ്ലൂരിന് ആദ്യകാഴ്ചയില്‍ത്തന്നെ പ്രണയത്തില്‍ വീഴ്ത്താനുള്ള കഴിവുണ്ട്.

വിടപറഞ്ഞുപോരുമ്പോഴും തിരിച്ച് വിളിച്ചുകൊണ്ടേയിരിക്കുകയെന്നത് നഗരങ്ങളുടെ പതിവാണ്, ബാംഗ്ലൂരിനാണെങ്കില്‍ ഇതല്‍പ്പം കൂടുതലാണ്, നാഗരികതയുടെ സൗന്ദര്യത്തിനൊപ്പം മനോഹരമായ കാലാവസ്ഥകൂടിയാണ് ഈ നഗരത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കുന്നത്. ഒരിക്കല്‍ വന്നുപോയാല്‍ ഒരിക്കല്‍ക്കൂടി വരാനായി ആഗ്രഹിച്ചുപോകുമെന്ന് തീര്‍ച്ചയാണ്. കണ്ടാലും കണ്ടാലും തീരാത്തതെന്തൊക്കെയോ ബാക്കിവച്ച് ബാംഗ്ലൂര്‍ അനുദിനം സുന്ദരിയായി നില്‍ക്കുന്നു.

ബാംഗ്ലൂരിന്റെ പിന്‍വിളികള്‍

ഷോപ്പിങ്, ഫാഷന്‍ പ്രേമികളെയും, കലാസ്വാദകരെയും എന്നുവേണ്ട ഏതുതരക്കാരെയും തൃപ്തിപ്പെടുത്തുന്ന ഇന്നത്തെ ബാംഗ്ലൂരിന്റെ ശില്‍പി വിജയനഗര സാമ്രാജ്യത്തില്‍ നിന്നുള്ള കെംപെഗൗഡയാണ്. ആധുനിക ബാംഗ്ലൂരിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യത്തെ അധിവാസപദ്ധതി ഇവിടെ നടന്നത് 1537ലാണ്. ഇതിന് മുമ്പ് പടിഞ്ഞാറന്‍ ഗംഗന്മാരും അതിന് പിന്നാലെ ഹൊയ്‌സാല രാജാക്കന്മാരും ബാംഗ്ലൂര്‍ ഭരിച്ചു. പിന്നീട് ഹൈദര്‍ അലിയും അദ്ദേഹത്തിന്റെ മകനായ ടിപ്പു സുല്‍ത്താനും ബാംഗ്ലൂരിലെ ഭരണാധികാരികളായി. ബെണ്ടകളൂരു എന്നായിരുന്നു ബാംഗ്ലൂരിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് ഇംഗ്ലീഷുകാര്‍ അതിനെ ബാംഗ്ലൂര്‍ എന്ന ഉച്ചരിക്കുകയും പിന്നീട് അത് ഔദ്യോഗികമായി ബംഗളൂരു എന്നാക്കി മാറ്റുകയും ചെയ്തു.

ഒരുകാലത്ത് പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നഗരമെന്നായിരുന്നു ബാംഗ്ലൂരിന്റെ വിളിപ്പേര്. നഗരത്തിലെവിടെ നോക്കിയാലും കാണാവുന്ന മനോഹരമായ പാര്‍ക്കുകളും പൂന്തോട്ടങ്ങളും തന്നെയായിരുന്നു ഈ പേരുവീഴാന്‍ കാരണം. എന്നാല്‍ കാലത്തിന്റെ വളര്‍ച്ചയില്‍ നഗരത്തിന്റെ മുഖം മാറുകയും ഇപ്പോള്‍ ഇന്ത്യയുടെ ഐടി തലസ്ഥാനമായി ഈ നഗരം കണക്കാക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും വസന്തം വന്നെത്തുമ്പോള്‍ പലനിറത്തില്‍ പൂത്തുനില്‍ക്കുന്ന മരങ്ങള്‍ ഇപ്പോഴും ബാംഗ്ലൂരിലുണ്ട്. പെട്ടെന്നൊരുദിവസം പൂക്കളുമായി നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോഴാണ് ഇത്രയും നാള്‍ ഈ മരങ്ങളെല്ലാം എവിടെയായിരുന്നുവെന്ന് ചിന്തിച്ചുപോകുക. വസന്തത്തിലെയും ശൈത്യത്തിലെയും ബാംഗ്ലൂരിന് വശ്യതയേറെയാണെന്ന് അത് അനുഭവിച്ചവര്‍ സമ്മതിക്കാതിരിക്കില്ല.

കര്‍ണാടകയുടെ തെക്കുകിഴക്കുഭാഗത്തായിട്ടാണ് ബാംഗ്ലൂര്‍ കിടക്കുന്നത്. ഡക്കാന്‍ പീഠഭൂമിയുടെ ഭാഗമായ മൈസൂര്‍ പീഠഭൂമിയുടെ ഹൃദയഭാഗത്തായിട്ടാണ് ബാംഗ്ലൂരിന്റെ സ്ഥാനം. 741 ചതുരശ്ര കിലോമീറ്ററിലാണ് ഈ നഗരം പരന്നുകിടക്കുന്നത്. 58 ലക്ഷത്തോളമാണ് ജനസംഖ്യ. ഇന്ത്യയിലെ ജനസംഖ്യയേറിയ നഗരങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് ബാംഗ്ലൂരിന്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും സമുദ്രനിരപ്പില്‍ നിന്നും 3113 അടി ഉയരത്തിലുള്ള കിടപ്പുമാണ് ബാംഗ്ലൂരിനെ കാലാവസ്ഥയുടെ കാര്യത്തില്‍ അനുഗ്രഹീതമാക്കുന്നത്.

വേനലും മണ്‍സൂണും ശൈത്യവുമെല്ലാം മിതമായി വരുന്ന ബാംഗ്ലൂര്‍ കൂടുതല്‍ സുന്ദരമാകുന്നത് ശൈത്യത്തിലാണ്. ഒരുകാലത്ത് പെന്‍ഷന്‍ പറ്റിയവരുടെ സ്വര്‍ഗമെന്നൊരു വിശേഷണവും ബാംഗ്ലൂരിനുണ്ടായിരുന്നു. വിവിധ മേഖലകളില്‍ ഉന്നത ജോലികള്‍ ചെയ്തിരുന്നവര്‍ പലരും സര്‍വ്വീസില്‍ നിന്നും പിരിയുമ്പോള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു വസതി സ്വന്തമാക്കുക പതിവായിരുന്നു. വിശ്രമ ജീവിതം മനോഹരമാക്കാനായി മനോഹരമായി ഒരു നഗരം, അതുതന്നെയായിരുന്നു പെന്‍ഷന്‍ പറ്റിയവരുടെ ബാംഗ്ലൂര്‍ പ്രണയത്തിന്റെ രഹസ്യം. ഇന്നാണെങ്കില്‍ ഇവിടെ ഒരു വീടോ ഫ്‌ളാറ്റോ സ്വന്തമാക്കുകയെന്നത് അത്ര എളുപ്പമല്ല. ഐ ടി രംഗത്തുണ്ടായ കുതിച്ചുചാട്ടം ബാംഗ്ലൂരിനെ നന്നേ വിലപിടിപ്പുള്ളതാക്കി മാറ്റിയിട്ടുണ്ട്.

യാത്രാ സൗകര്യങ്ങള്‍

ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും ബാംഗ്ലൂരിലെത്തുകയെന്നത് വലിയ ബുദ്ധിമുട്ടുള്ളകാര്യമല്ല. നഗരത്തിലെത്തിക്കഴിഞ്ഞുള്ള യാത്രയെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടാനില്ല. പൊതുഗതാഗതം ഇവിടെ ഏറെ ഫലപ്രദമാണ്. നഗരത്തില്‍ ഏതുഭാഗത്തേയ്ക്കും നഗരത്തില്‍ നിന്നും പുറത്തേയ്ക്കും വേണ്ടുവോളം സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളാണ് വേണ്ടതെങ്കില്‍ അതിനും സൗകര്യമുണ്ട്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന മെട്രോ റെയില്‍ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ബാംഗ്ലൂരിലെ ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാകും. നഗരയാത്രയ്ക്കായി ആഡംബര ബസുകളുമുണ്ട്. എയര്‍പോര്‍ട്ടിലേയ്ക്ക് വായു വജ്ര എന്ന പേരില്‍ പ്രത്യേക ബസ് സര്‍വ്വീസുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് തീവണ്ടിമാര്‍ഗമെത്താനും സൗകര്യമുണ്ട്.

തെക്കുപടിഞ്ഞാറന്‍ റെയില്‍വേയുടെ പ്രമുഖ കേന്ദ്രമാണ് ബാംഗ്ലൂര്‍ നഗരം. സിറ്റി സെന്‍ട്രല്‍, യശ്വന്ത്പൂര്‍. കന്റോണ്‍മെന്റ്, കെ.ആര്‍ പുരം എന്നിവയാണ് നഗരത്തിലെ പ്രധാന റെയില്‍വേസ്‌റ്റേഷനുകള്‍. നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലത്തില്‍ ദേവനഹള്ളിയിലാണ് അന്താരാഷ്ട്രവിമാനത്താവളം സ്ഥിതിചെയ്യുന്നത്.

ബാംഗ്ലൂരിലെ പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും

ഇന്ത്യയിലെ ഒട്ടുമിക്കവാറും എല്ലാവിഭാഗത്തില്‍ നിന്നുള്ളയാളുകളും ബാംഗ്ലൂര്‍ നഗരത്തിലുണ്ട്. എങ്കിലും ഹിന്ദുക്കളാണ് കൂടുതല്‍. കന്നഡയാണ് ഇവിടത്തെ ഔദ്യോഗിക ഭാഷ. എന്നാല്‍ പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും നഗരത്തിന്റെ ഭാഗമായിമാറിക്കൊണ്ടിരിക്കുന്നതിനാല്‍ത്തന്നെ ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇംഗ്ലീഷ് വശമുണ്ടെങ്കില്‍ ബാംഗ്ലൂരില്‍ ആശയവിനിമയം ഒരു പ്രശ്‌നമല്ല. അതുപോലെതന്നെയാണ് ഹിന്ദിയും കന്നഡ അറിയാത്തവരാണെങ്കില്‍ ഹിന്ദി അറിയാമെങ്കില്‍ അതുനിങ്ങളെ രക്ഷപ്പെടുത്തും. ഓട്ടോക്കാരും, ടാക്‌സിക്കാരുമെല്ലാം ഹിന്ദി വളരെ നന്നായി കൈകാര്യം ചെയ്യുന്നവരാണ്.  മലയാളികളും തമിഴ്, തെലുങ്ക് ഭാഷകള്‍ സംസാരിക്കുന്നവരും നഗരത്തില്‍ കുറവല്ല. സാക്ഷരതയുടെ കാര്യത്തില്‍ മുംബൈയ്ക്ക് തൊട്ടുപിന്നിലാണ് ബാംഗ്ലൂര്‍ നഗരം.

നഗരത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്നവയാണ് ഇവിടത്തെ രംഗ ശങ്കര, ചൗഡയ്യ മെമ്മോറിയല്‍ ഹാള്‍, രവീന്ദ്ര കലാക്ഷേത്ര എന്നിവ. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബാംഗ്ലൂര്‍ ഹബ്ബയെന്ന ഉത്സവം ബാംഗ്ലൂരിന്റെ സാംസ്‌കാരിക കലാപാരമ്പര്യം വിളിച്ചോതുന്നതാണ്. ഇക്കാലത്ത് ഇവിടെ ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. ദീപാവലി, ഗണേശചതുര്‍ഥി എന്നിവയാണ് ഇവിടത്തെ മറ്റ് പ്രധാന ആഘോഷങ്ങള്‍.

വ്യാവസായിക രംഗത്തെ വളര്‍ച്ച

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍), ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി), ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവയുടെയെല്ലാം ആസ്ഥാനമാണ് ബാംഗ്ലൂര്‍ നഗരം.

ഐടി മേഖലയിലെ കാര്യമെടുക്കുകയാണെങ്കില്‍ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ കമ്പനികളും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം, എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ വിദേശ കമ്പനികളുടെ പ്രമുഖകേന്ദ്രങ്ങളും ബാംഗ്ലൂരിലുണ്ട്. ഐടി രംഗത്തെ വളര്‍ച്ചയാണ്  സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം വിദേശ കമ്പനികള്‍കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ ബാംഗ്ലൂര്‍ തൊഴിലന്വേഷകളുടെ പറുദീസയായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനം കഴിഞ്ഞ് ഇവിടെ തൊഴില്‍തേടിയെത്തുന്നവരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇവിടെ ജോലിചെയ്യാനും വിദ്യാഭ്യാസത്തിനുമായി എത്തുന്നവരും കുറവല്ല.

ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിലും ബാംഗ്ലൂരിന് പ്രമുഖ സ്ഥാനമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ് സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നീ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. മാത്രമല്ല ഒട്ടേറെ എന്‍ജിനീയറിങ്, മെഡിക്കല്‍, ബിസിനസ് കോളെജുകളും നഗരത്തിലുണ്ട്.

സഞ്ചാരികളുടെ ഇഷ്ടതാവളം

ഒഴിവുസമയം പങ്കിടാനെത്തുന്നവര്‍ക്ക് പലതരത്തിലുള്ള അവസരങ്ങളാണ് നഗരം നല്‍കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റേറിയം, ലാല്‍ ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കബ്ബണ്‍ പാര്‍ക്ക്, ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, അക്വേറിയം, വെങ്കടപ്പ ആര്‍ട് ഗാലറി, വിധാന്‍ സൗധ എന്നിവയെല്ലാം സഞ്ചാരികളെത്തുന്ന പ്രമുഖ സ്ഥലങ്ങളാണ്. മാത്രമല്ല ബാംഗ്ലൂര്‍ നഗരത്തിലെത്തിക്കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ മറ്റു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൈസൂര്‍, മുത്ത്യാല മധുവു, ശ്രാവണബലഗോള, നാഗര്‍ഹോളെ, ബന്ദിപ്പൂര്‍, രംഗനതിട്ടു, ബേലൂര്‍, ഹാലേബിഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തിപ്പെടാന്‍ എളുപ്പമാണ്. എല്ലായിടത്തേയ്ക്കും നഗരത്തില്‍ നിന്നും  യാത്രാസൗകര്യങ്ങളുണ്ട്.

ചെലവുകുറഞ്ഞ തൗമസ, ഭക്ഷണ സൗകര്യവും അതിനൊപ്പംതന്നെ പഞ്ചനക്ഷത്ര സൗകര്യവും ബാഗ്ലൂരിലുണ്ട്. ലീല പാലസ്, ഗോള്‍ഡന്‍ ലാന്റ്മാര്‍ക്ക്, വിന്‍ഡ്‌സര്‍ മാനര്‍, ലി മെറിഡിയന്‍, ദി താജ്, ദി ലളിത് അശോക തുടങ്ങിയവയാണ് ഇവിടത്തെ നക്ഷത്രഹോട്ടലുകള്‍. ഏത് നാട്ടില്‍ നിന്നെത്തുന്നവര്‍ക്കും തനത് ഭക്ഷണം വേണമെന്നുണ്ടെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. മക്‌ഡൊണാള്‍സ്, കെഎഫ്‌സി, പിസ്സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിനുകളെല്ലാം നഗരത്തിലും നഗരപ്രാന്തത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. എംടിആര്‍ പോലുള്ള റസ്‌റ്റോറന്റുകളും തമിഴ്, ആന്ധ്ര, മലയാളി ഹോട്ടലുകളും നഗരത്തിലുണ്ട്.

ബാംഗ്ലൂര്‍ നഗരം മാളുകളുടേത് കൂടിയാണ്. വലിയൊരു ഷോപ്പിങ് ലക്ഷ്യമിട്ട് വരുന്നവര്‍ക്കും വെറുതേ കടകളില്‍ കയറിയിറങ്ങി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാളുകള്‍ മികച്ച കേന്ദ്രങ്ങളാണ്. പലയിടത്തും അന്താരാഷ്ട്ര ബ്രാന്റുകളുടെ ഔട്ട്‌ലെറ്റുകളുണ്ട്. മഡിവാളയിലെ ഫോറം, ഗരുഡമാള്‍, സെന്‍ട്രല്‍ മാള്‍, മന്ത്രി മാള്‍, മീനാക്ഷി മാള്‍ തുടങ്ങിയവയാണ് പ്രമുഖ മാളുകള്‍. മൈസൂര്‍ പട്ട്, മൈസൂര്‍ ചന്ദനം തുടങ്ങിയതുപോലുള്ള കര്‍ണാടകയുടെ തനത് ഉല്‍പ്പന്നങ്ങളാണ് വേണ്ടതെങ്കില്‍ അവയ്ക്കായി കാവേരി എംപോറിയങ്ങള്‍ നഗരത്തിലെമ്പാടുമുണ്ട്. എംജി റോഡിലെ കാവേരി എംപോറിയം ചന്ദന ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പേരുകേട്ട സ്ഥലമാണ്.

പകലത്തേക്കാളേറെ സുന്ദരമാണ് ബാംഗ്ലൂരിലെ രാത്രികള്‍, എംജി റോഡുപോലുള്ള ചിലഭാഗങ്ങളില്‍ പകലത്തേക്കാളേറെ തിരക്കനുഭവപ്പെടുന്നത് രാത്രികളിലാണ്, പ്രത്യേകിച്ചും അവധി ദിനങ്ങളില്‍. ഡാന്‍സിങ് ബാറുകളും, പബുകളുമെല്ലാം ബാംഗ്ലൂര്‍ രാത്രികളെ വര്‍ണാഭമാക്കുന്നു.

ബാംഗ്ലൂര്‍ പ്രശസ്തമാക്കുന്നത്

ബാംഗ്ലൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാംഗ്ലൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബാംഗ്ലൂര്‍

 • റോഡ് മാര്‍ഗം
  റോഡ്മാര്‍ഗമാണ് യാത്രയെങ്കില്‍ വിവിധ നഗരങ്ങിളില്‍ നിന്നും കര്‍ണാടക ആര്‍ ടി സി ബസുകളും അതാതിടങ്ങിളെ സര്‍ക്കാര്‍ ബസുകളും ബാംഗ്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചെന്നൈ, കൊച്ചി, മുംബൈ, ഗോവ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂരിലേയ്ക്ക് ഇഷ്ടംപോലെ ബസ് സര്‍വ്വീസുകളുണ്ട്, ബാംഗ്ലൂരില്‍ എത്തിക്കഴിഞ്ഞാലും യാത്രയ്ക്ക് ബാംഗ്ലൂര്‍ മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബി എം ടി സി) ബസ്സുകള്‍ ഇഷ്ടംപോലെയുണ്ട്. റൂട്ട് നമ്പര്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ യാത്രയ്ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തീവണ്ടിമാര്‍ഗവും ബാംഗ്ലൂരിലെത്തുക എളുപ്പമാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത തുടങ്ങിയ നഗരങ്ങളില്‍ നിന്നും കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് തീവണ്ടി സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂരിലെ സിറ്റി സെന്‍ട്രല്‍, യശ്വന്ത്പുര്‍, ബാംഗ്ലൂര്‍ ഈസ്റ്റ്, കന്റോണ്‍മെന്റ്, കെ ആര്‍ പുരം, ബയ്യപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ് തുടങ്ങി ഏത് സ്‌റ്റേഷനുകളിലിറങ്ങിയാലും നഗരത്തിലെത്തുക എളുപ്പമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബാംഗ്ലൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലേയ്ക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ വിമാനസര്‍വ്വീസുകളുണ്ട്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്‌സ്, ജെറ്റ് ലൈറ്റ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളെല്ലാം ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ ദൂരമുണ്ട് ദേവനഹള്ളിയിലെ എയര്‍പോര്‍ട്ടിലേയ്ക്ക്. എയര്‍പോര്‍ട്ടില്‍ നിന്നും നഗരത്തിലേയ്ക്ക് വോള്‍വോ ബസുകളും കെ എസ് ടി ഡി സിയുടെ കാബുകളുമുണ്ട്. മേരു കാബ്‌സ്, റാഡിയോ ടാക്‌സി, ഈസി കാബ്‌സ് തുടങ്ങിയ സ്വകാര്യ ടാക്‌സി സര്‍വ്വീസുകളുമുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jan,Fri
Return On
28 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jan,Fri
Check Out
28 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jan,Fri
Return On
28 Jan,Sat