കര്‍ണാടകത്തില്‍ ഏത് ഭാഗത്തേയ്ക്ക് പോയാലും ചരിത്രസ്മൃതികളുറങ്ങുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കാണാന്‍ കഴിയും. അത് ചിലപ്പോള്‍ ക്ഷേത്രനഗരങ്ങളോ, തുറമുഖ നഗരങ്ങളോ ആകാം. ഏത് തരത്തില്പ്പെട്ടവയാണെങ്കിലും അവയ്ക്ക് ഒരു സുവര്ണകാലത്തിന്റേയോ നഷ്ടപ്പെടലുകളുടേയോ കഥകള്‍ പറയാനുണ്ടാകും. കര്‍ണാടകത്തിലെ പലയിടങ്ങളിലും ഇപ്പോഴുമുണ്ട് മാറിമാറിഭരിച്ച രാജവംശങ്ങളുടെ കഥകള്‍ പറയുന്ന ഒട്ടേറെ സ്മാരകങ്ങള്‍. യുദ്ധ വിജയങ്ങളുടെയും കീഴടങ്ങലുകളുടെയും ഓര്‍മ്മകളുമായിട്ടാണ് ഇവിടത്തെ ഓരോ ചരിത്രസ്മാരകങ്ങളും നിലനില്‍ക്കുന്നത്.
ബാംഗ്ലൂരില്‍ നിന്നും 521 കിലോമീറ്റര്‍ അകലെയായി കിടക്കുന്ന ബീജാപ്പൂരും ഇത്തരമൊരു സ്ഥലമാണ് പോയകാലത്തെ മഹത്തായ പാരമ്പര്യത്തിന്റെ മഹിമകളുടെ കഥകളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന ചരിത്രനഗരം. ഇവിടുത്തെ പള്ളികളും മിനാരങ്ങളും തന്നെ പറയും ഒരുനൂറു കഥകള്‍, എല്ലാം നശബ്ദമായി കേട്ടുകൊണ്ടുനടന്നാല് പഴയൊരു സുവര്‍ണകാലത്തിന്റെ സമ്പൂര്‍ണ ചിത്രവുമായി സഞ്ചാരികള്‍ക്ക് ഇവിടെനിന്നും മടങ്ങാം.
ബീജാപ്പൂരിന്റെ ചരിത്രം
ബീജാപ്പൂരിന്റെ ചരിത്രംആദില് ഷാ രാജവംശത്തിന്റെ ഭരണകാലത്താണ് ബീജാപ്പൂര്‍ അതിന്റെ സുവര്‍ണകാലത്തിന്റെ ഉന്നതിയിലെത്തിയത്. 1490ലാണ് യുസുഫ് ആദില്‍ ഷാ ബീജാപൂര്‍ എന്ന സ്വതന്ത്ര നഗരം നിര്‍മ്മിച്ചത്. പിന്നീട് ഈ രാജവംശത്തില്‍ നിന്നും ഭരണത്തിലേറിയ ഓരോ രാജാക്കന്മാരും യൂസുഫിന്റെ ബൂജാപൂരിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു. ഗോല്‍ ഗംബാസിനെക്കുറിച്ച് പറയാതിരുന്നാല്‍ ഒരിക്കലും ബീജാപ്പൂരിന്റെ കഥ പൂര്‍ണമാകില്ല. ബീജാപൂരിന്റെ പിതാവെന്ന് പറയാവുന്ന ആദില്‍ ഷായുടെ ഖബറിടമാണ് വാസ്തുവിദ്യാമഹിമ വിളിച്ചോതുന്ന ഗോല്‍ ഗംബാസ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും വലിപ്പമേറിയതാണത്രേ ഈ ഖബറിടം. മാലിക് ഇ മൈദാനാണ് ഇവിടത്തെ മറ്റൊരു പുകഴ്പെറ്റ ചരിത്രസ്മാരകം. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിപ്പമേറിയ പീരങ്കികളിലൊന്ന് ഇവിടെയാണ്. ഉപ്ലി ബുറുജ്, ചാന്ദ് ബാവ്ദി, 2കോടി ലിറ്റര്‍ വെള്ളം കൊള്ളുന്ന ജലസംഭരണി എന്നിവയെല്ലാം ബീജാപ്പൂരിലെ വിസ്മയങ്ങളാണ്. പഴയ കോട്ടയുടെ അവശിഷ്ടങ്ങളും നഗരത്തില്‍ കാണാം. പലതരത്തിലുള്ള പള്ളികള്‍, നഗരത്തിന് പുറത്തുള്ള വിശുദ്ധരുടെ ഖബര്‍സ്ഥാനുകള്‍ തുടങ്ങിയവയുമുണ്ട് ബീജാപ്പൂരില്‍.
ഒപ്പം നിര്‍മ്മാണത്തില്‍ മുഗള്‍ശൈലിയുടെ സ്വാധീനം കാണാന്‍ കഴിയുന്ന ചാലൂക്യ ക്ഷേത്രങ്ങളും വിവിധ വാസ്തുവിദ്യകളില്‍ പണിത കെട്ടിടങ്ങളും ബീജാപ്പൂരിലും പരിസരത്തുമായി കാണാം. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും അധികം പ്രയാസമില്ലാതെ ബീജാപൂരില്‍ എത്തിച്ചേരാം. ബെല്‍ഗാമിലാണ് തൊട്ടടുത്ത എയര്‍പോര്‍ട്ട്. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗവും ഇവിടെയെത്താം. ഹോളിയും ദീപാവലിയുമെല്ലാം ബീജാപ്പൂരുകള് കെങ്കേമമായി കൊണ്ടാടുന്ന ഉത്സവങ്ങളാണ്.