അസ്സാമിന്റെ തലസ്ഥാന നഗരമാണ് ദിസ്പൂര്‍. വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വാണിജ്യ നഗരമായ ഗുവാഹത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരം മാത്രമെ ദിസ്പൂരിലേക്കുള്ളു. ദിസ്പൂരിന് മുമ്പ് ഷില്ലോങ് ആയിരുന്നു ആസ്സാമിന്റെ തലസ്ഥാനം. 1973 ല്‍ അസ്സാമില്‍ നിന്നും മേഘാലയ വേര്പിരഞ്ഞപ്പോള് ഷില്ലോങ് മേഘാലയയുടെ തലസ്ഥാനമായി. അതിന് ശേഷം ദിസ്പൂര്‍ ആസ്സാമിന്റെ തലസ്ഥാനമായി മാറി.
ദിസ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളായ ആസ്സാം സെക്രട്ടറിയേറ്റും , നിയമനിര്‍മ്മണ സഭയും ദിസ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ശില്പ ഗ്രം, വസിഷ്ഠ ആശ്രമം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. തേയില ലേല വിപണിയാലും പ്രശസ്തമാണ് ദിസ്പൂര്‍. തലസ്ഥാന നഗരമാണെങ്കിലും സമീപ നഗരമായ ഗുവാഹത്തിയുടെ നിഴലിലാണ് ദിസ്പൂര്‍ ഇപ്പോഴും. ആര്യന്, ടിബറ്റന്‍, ബര്മ്മന് വംശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദിസ്പൂര്‍ ജനത. സ്വന്തം സംസ്കാരത്തിലും പാരമ്പര്യത്തിലും ശക്തമായി വിശ്വസിക്കുന്നവരാണിവര്‍. ബിഹു പോലുള്ള ഉത്സവങ്ങള്‍ ഇവടെ വലിയ ആഘോഷമാണ്. ആസ്സമീസാണ് നഗരത്തിന്റെ ഔദ്യോഗിക ഭാഷ എങ്കിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സാധാരണമാണ്.
ദിസ്പൂരിലെ കാലാവസ്ഥ
ഗുവാഹത്തിയിലേതിന് സമാനമാണ് ദിസ്പൂരിലെ കാലാവസ്ഥ. മഴക്കാലം കഴിഞ്ഞ് ശൈത്യകാലം തുടങ്ങുന്ന നവംബര്‍ മുതല്‍ മാര്‍ച്ച് വരയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.