Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശ്‌ - അത്ഭുതങ്ങളുടെ ഹിമവല്‍ഭൂമി

പേര് സൂചിപ്പിക്കുംപോലെ മഞ്ഞില്‍ ജന്മംകൊണ്ട സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശ്‌. ഹിമാലയത്തോട്‌ ചേര്‍ന്ന് കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും ഈ സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിലെ അതിവേഗ വളര്‍ച്ചയുടെ അടയാളങ്ങളായി നമുക്ക് മുന്‍പില്‍ തെളിയുന്നു.

ടൂറിസം വഴി ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് നല്ലൊരു സംഭാവന നല്‍കാനും ഹിമാചല്‍ പ്രദേശിന്‌ കഴിയുന്നു. കിഴക്ക് ഭാഗത്ത് ടിബറ്റിനോടും, പടിഞ്ഞാറ് പഞ്ചാബിനോടും, വടക്ക് ജമ്മു കാശ്മീരിനോടും അതിരുകള്‍ പങ്കിടുന്ന ഹിമാചല്‍ പ്രദേശിന്‌ ദേവഭൂമിയെന്നും, ദൈവങ്ങളുടെ നാടെന്നുമൊക്കെ വിശേഷണങ്ങളുണ്ട്. പച്ചപ്പ്‌ നിറഞ്ഞ താഴ്വരകളും, മഞ്ഞുമൂടിയ മലനിരകളും, ഹിമാനികളും, നിത്യസുന്ദരികളായ തടാകങ്ങളും, നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പുല്‍ത്തകിടികളും ഒന്നുചേരുന്ന ഹിമാചല്‍ കവികളുടെ വര്‍ണ്ണനകള്‍ക്കും അതീതമാണെന്ന് തോന്നിപ്പോകും. ആ സൗന്ദര്യം തന്നെയാണ് ഹിമചലിനെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നതും.

കാലാവസ്ഥ

മഴക്കാലവും, മഞ്ഞുകാലവും, വസന്തകാലവുമാണ് ഹിമാചല്‍ പ്രദേശിലെ ഋതുക്കള്‍.. ഫെബ്രുവരി പകുതിയോടെ തുടങ്ങുന്ന വസന്തകാലം ഏപ്രില്‍ പകുതിയോടെ പിന്‍വാങ്ങുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് മഞ്ഞുകാലം. ഈ സമയമാണ് ഹിമാചല്‍ പ്രദേശ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

ഭാഷ ഹിന്ദിയാണ്‌ ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ. നിരവധി പ്രാദേശിക വകഭേദങ്ങളുള്ള പഹാരി ഭാഷയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ. മാണ്ടി, കുളു, ബിലാസ്പൂര്‍, നലാഗ്ര, ചമ്പ, സിര്‍മൗര്‍, മഹാസു, പങ്കി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പഹാരി ഭാഷയുടെ വകഭേദങ്ങളാണ് സംസാരിക്കപ്പെടുന്നത്. മണ്ട്യാലി, കുളാവി, കേഹ്ളൂരി, ഹിന്ദൂരി, ചമേലി, സിര്‍മൗരി, മിയാഹസ്വി, പങ്ക്വാലി എന്നീ പേരുകളിലാണ് ഈ പ്രദേശത്തെ ഭാഷകള്‍ അറിയപ്പെടുന്നത്.

പഹാരി ഭാഷയുടെ വകഭേദങ്ങളെല്ലാംതന്നെ സംസ്കൃതത്തില്‍ നിന്നും ഉത്ഭവിച്ചിട്ടുള്ളവയാണ്. ബോധ് വേരുകളുള്ള കിന്നൗരി, ലഹൗലി, സ്പിതിയന്‍ തുടങ്ങിയ ഭാഷാഭേദങ്ങളും ഹിമാചലിലെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബി, ഗുജറാത്തി, ദോഗ്രി, കാങ്ക്രി ഭാഷകള്‍ സംസാരിക്കുന്ന ഒരു വിഭാഗം ജനങ്ങളും  ഈ സംസ്ഥാനത്തുണ്ട്. മുഗള്‍ ഭരണകാലത്ത് പേര്‍ഷ്യന്‍ ലിപി പിന്തുടര്‍ന്നിരുന്ന ഭാഷകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ദേവനാഗരി ലിപിയാണ്.

ടൂറിസം

ഹിമാചല്‍ പ്രദേശിലെ 12 ജില്ലകളിലായി കാഴ്ചയുടെ വസന്തമാണ്‌ സഞ്ചാരികളെ കാത്തിരിക്കുന്നത്. മനോഹരമായ ഭൂപ്രദേശങ്ങള്‍, ക്ഷേത്രങ്ങള്‍, ട്രെക്കിങ്ങ്, ഫിഷിങ്ങ്, മലകയറ്റം, ചങ്ങാടയാത്ര, സ്കീയിങ്ങ്, പാരാഗ്ലൈഡിങ്ങ്, ഐസ് സ്കേറ്റിങ്ങ്, ഗോള്‍ഫ്... ഇങ്ങനെ നീണ്ടുപോകുന്നു ഇവിടെയെത്തുന്ന സഞ്ചാരികളുടെ മുന്‍പില്‍ തുറന്നിട്ടിരിക്കുന്ന വിനോദത്തിന്‍റെ സാധ്യതകള്‍. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം ഡിപാര്‍ട്ട്‌മെന്‍റിനെ സത്‌ലജ് സര്‍ക്യൂട്ട്, ബിയാസ് സര്‍ക്യൂട്ട്, ധൗലാധാര്‍ സര്‍ക്യൂട്ട്, ട്രൈബല്‍ സര്‍ക്യൂട്ട് എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു.

മണാലി, കുളു പ്രദേശങ്ങളിലൂടെ ഒഴുകുന്ന ബിയാസ് നദിയുമായി ബന്ധപ്പെടുത്തിയാണ് ബിയാസ് സര്‍ക്യൂട്ട് രൂപവല്‍ക്കരിച്ചിരിക്കുന്നത്‌.നിഗൂഢമായ വനങ്ങളില്‍ ദേവതാരു മരങ്ങള്‍ക്കും പൈന്‍ മരങ്ങള്‍ക്കും കീഴില്‍ വിശ്രമിക്കാനും, പൂന്തോട്ടങ്ങളുടെയും പഴത്തോട്ടങ്ങളുടെയും ഭംഗി ആസ്വദിക്കാനും ബിയാസ് സര്‍ക്യൂട്ട് അവസരമൊരുക്കുന്നു. മഞ്ഞുമലകള്‍, ഹിമാനികള്‍, തണുത്തുറഞ്ഞ തടാകങ്ങള്‍, ചുരങ്ങള്‍, സന്യാസി മഠങ്ങള്‍, ബുദ്ധസന്യാസിമാര്‍, യാക്കുകള്‍ എന്നിവയൊക്കെയാണ് ട്രൈബല്‍ സര്‍ക്യൂട്ടിലെ കാഴ്ചകള്‍. പൈതൃക സമ്പന്നമായ ഈ സര്‍ക്യൂട്ട് സാഹസികത നിറഞ്ഞ യാത്രകള്‍ക്ക് പേരുകേട്ടതാണ്.

ദല്‍ഹൗസിയില്‍ തുടങ്ങി ബദരീനാഥില്‍ അവസാനിക്കുന്ന ധൗലാധാര്‍ സര്‍ക്യൂട്ട് ഔട്ടര്‍ ഹിമാലയം എന്ന പേരിലും അറിയപ്പെടുന്നു. കാങ്ക്ര താഴ്വരയില്‍ നിന്നുകൊണ്ട് ഈ സര്‍ക്യൂട്ടില്‍ പെടുന്ന പ്രദേശങ്ങളുടെ വിദൂരദൃശ്യം കാണാനാകും. ഷിവാലിക് മലനിരകള്‍, ആപ്പിള്‍ തോട്ടങ്ങള്‍, പൈന്‍ മരക്കാടുകള്‍,തിങ്ങിനിറഞ്ഞ ദേവദാരു മരങ്ങള്‍, സത്‌ലജ് നദി തുടങ്ങിയവയൊക്കെയാണ് സത്‌ലജ് സര്‍ക്യൂട്ടിനു കീഴില്‍ വരുന്നത്. കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചകളാണ് ഈ സര്‍ക്യൂട്ട് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. ദൈവങ്ങളുടെ നാടെന്ന് വിശേഷണമുള്ള ഹിമാചല്‍ പ്രദേശിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന് പുറത്തും പ്രശസ്തമാണ്.

ജ്വാലാമുഖി, ചാമുണ്ഡ, ബ്രജേശ്വരി, ചിന്ത്പൂര്‍ണി, ബൈജ്നാഥ്, ലക്ഷ്മിനാരായണ്‍, ചൗരാസി തുടങ്ങിയ ഹിന്ദു ക്ഷേത്രങ്ങള്‍ അവയുടെ ചരിത്രപരമായ പ്രധാന്യത്താല്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇവയ്ക്കുപുറമേ ധാരാളം ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും സംസ്ഥാനത്തുണ്ട്. പവോന്‍റ സാഹിബ്‌, റിവാള്‍സര്‍, മണികാരന്‍ എന്നിവയാണ് പ്രധാന സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, കാസൗലി ക്രൈസ്റ്റ് ചര്‍ച്ച്, ഷിംല ക്രൈസ്റ്റ് ചര്‍ച്ച്, സെന്‍റ് ജോണ്‍സ് ചര്‍ച്ച് തുടങ്ങിയ ക്രിസ്തുമത തീര്‍ത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.പ്രകൃതി സ്നേഹികള്‍ക്ക് വിരുന്നൊരുക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട് ഹിമാചല്‍ പ്രദേശില്‍..

ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്‌, പിന്‍ വാലി നാഷണല്‍ പാര്‍ക്ക്‌, രേണുക സാങ്ങ്ചുറി, പോങ്ങ് ഡാം സാങ്ങ്ചുറി, ഗോപാല്‍പൂര്‍ സൂ, കുഫ്രി തുടങ്ങിയ സ്ഥലങ്ങള്‍ ഈ കൂട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. രാജകീയ പ്രൗഢിയും ചരിത്ര പ്രാധാന്യവും ഒന്നുചേര്‍ന്ന കാങ്ക്ര കോട്ട, ജുബാലിലെ കൊട്ടാരങ്ങള്‍, നഗ്ഗാര്‍ കാസില്‍, കാമ്രു കോട്ട, ഗോണ്ടല കോട്ട, ക്രൈസ്റ്റ് ചര്‍ച്ച്, ചാപ്സ്ലീ, വുഡ് വില്ല പാലസ്, ചായില്‍ പാലസ് എന്നിവയെല്ലാം ഹിമചലിലെത്തുന്ന ഏതൊരാളും കണ്ടിരിക്കേണ്ടതാണ്. ഹിമാചല്‍ പ്രദേശിന്‍റെ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന മ്യൂസിയങ്ങളാണ് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാഴ്ച.

സ്റ്റേറ്റ് മ്യൂസിയം, കാങ്ക്ര ആര്‍ട്ട്‌ ഗാലറി, ഭുരി സിങ്ങ് മ്യൂസിയം, റോറിച് ആര്‍ട്ട്‌ ഗാലറി, ശോഭ സിങ്ങ് ആര്‍ട്ട്‌ ഗാലറി എന്നിവയൊക്കെ ഈ നാടിന്‍റെ സംസ്കാരികത്തനിമയെ സഞ്ചാരികള്‍ക്ക് മുന്‍പില്‍ തുറന്നുവെക്കുന്നു.സ്വര്‍ഗ്ഗത്തില്‍ നിന്നും ഞെട്ടറ്റ സൗന്ദര്യം പോലെ ഹിമാചലിന്‍റെ മാറില്‍ വീണുകിടക്കുന്ന തടാകങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. പ്രഷാര്‍ തടാകം, ഖജ്ജാര്‍ തടാകം, രേണുക തടാകം, ഗോബിന്ദ്സാഗര്‍ തടാകം, ദാല്‍ തടാകം, പോങ്ങ്ഡാം തടാകം, പന്ദോ തടാകം, മണിമഹേഷ് തടാകം, ഭൃഘു തടാകം എന്നിവിടങ്ങളില്‍ വിശ്രമവും വിനോദവും തേടി ധാരാളം ടൂറിസ്റ്റുകള്‍ വന്നെത്തുന്നു.

പ്രകൃതി ദേവി കനിഞ്ഞനുഗ്രഹിച്ച ഓരോ തടാകവും അതിന്‍റെ സവിശേഷതകള്‍കൊണ്ട് മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമാണ്. എയ്റോ സ്പോര്‍ട്സിന് യോജിച്ച ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ബിര്‍, മണാലി, ബിലാസ്പൂര്‍,രോഹ്റു തുടങ്ങിയ സ്ഥലങ്ങളില്‍ പാരാഗ്ലൈഡിങ്ങും ഹാങ്ങ്‌ ഗ്ലൈഡിങ്ങും ആസ്വദിക്കാന്‍ ധാരാളം പേര്‍ വന്നെത്തുന്നു. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തിലും ഹിമാചല്‍ പ്രദേശ്‌ മുന്നിട്ടുനില്‍ക്കുന്നു. ശിവരാത്രി വിന്‍റര്‍ കാര്‍ണിവല്‍, ലദാര്‍ച്ച ഫെയര്‍, മിഞ്ചാര്‍ ഫെയര്‍, മണിമഹേഷ് ഫെയര്‍, ഫുല്ലേച്, കുളു ദസറ ലവി ഫെയര്‍, രേണുക ഫെയര്‍, ഐസ് സ്കേറ്റിങ്ങ് കാര്‍ണിവല്‍ എന്നിവ ഹിമാചല്‍ പ്രദേശിനെ സംബന്ധിച്ചിടത്തോളം വെറും ആഘോഷങ്ങള്‍ മാത്രമല്ല അഭിമാനത്തിന്‍റെ പ്രതീകങ്ങള്‍ കൂടിയാണ്.ഹിമാചല്‍ പ്രദേശിലെ കാഴ്ചകള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അവസാനിക്കാത്ത കാഴ്ചകളുടെ പര്യായമാണ് മഞ്ഞിലും മലകളിലും പിറവിയെടുത്ത ഈ നാട്. ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി സഞ്ചാരികള്‍ ഇവിടേക്ക് പ്രവഹിക്കുന്നതും അതുകൊണ്ടുതന്നെ. 

ഹിമാചല്‍ പ്രദേശ്‌ സ്ഥലങ്ങൾ

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu