ഏറ്റവും സന്തുഷ്ടരായ ആളുകളുടെ നാട് ലോകത്തിലെ ഏറ്റവും സന്തുഷ്ടരും സന്തോഷവാന്മാരുമായ ആളുകള്‍ വസിക്കുന്ന ഇടമായാണ് ഭൂട്ടാൻ അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നും വളരെ എളുപ്പത്തിൽ വലിയ നൂലാമാലകളും നിയമ പ്രശ്നങ്ങളുമില്ലാതെ പ്രവേശിക്കുവാൻ കഴിയുന്ന ഇടമായിരുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു ഭൂട്ടാൻ. പർവ്വതങ്ങളുടെ താഴ്വാരത്തിൽ പ്രകൃതിയോട് ഏറ്റവും ചേർന്നു നിൽക്കുന്ന നാടായതിനാൽ ആ സൗന്ദര്യം മാത്രം തേടിയാണ് സഞ്ചാരികൾ ഇവിടെ എത്തിയിരുന്നത്. ഈ നാടിന്റെ തനതായ ആഘോഷങ്ങളും പ്രശസ്തമായ ട്രക്കിങ്ങ് പാതകളും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
പ്രവേശനം സൗജന്യമല്ല! ഭൂട്ടാനിലേക്ക് വർധിച്ചു വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറയ്ക്കുക അതുവഴി പരിസ്ഥിതി സംരക്ഷണം നടത്തുക എന്ന ലക്ഷ്യത്തിലാണ് ഭൂട്ടാൻ സർക്കാർ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിനോദ സഞ്ചാരികകൾക്ക് അനുവദിച്ചിരുന്ന സൗജന്യ പ്രവേശനം എടുത്തു കളഞ്ഞത്. 2020 ജൂലൈ മുതൽ സഞ്ചാരികൾക്ക് ഭൂട്ടാനിലേക്ക് പ്രവേശിക്കുന്നതിന് ഫീസ് നല്‍കേണ്ടി വരും.
ഒരു ദിവസം 1200 രൂപ ഇന്ത്യ, മാലീദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു നിലവിൽ ഇവിടേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്. പുതിയ നിയമം വഴി ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭൂട്ടാനിൽ ഒരു ദിവസം ചിലവഴിക്കുവാൻ 1200 രൂപ അഥവാ 17 യുഎസ് ഡോളർ സർക്കാരിനു നല്‍കണം.
സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഫീസ് ഭൂട്ടാനിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ നിയന്ത്രണം കൊണ്ടുവരുവാനാണ് സർക്കാർ ഇത്തരത്തിലൊരു പദ്ധതിയുമായി എത്തിയിരിക്കുന്നത്. സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഫീസ് എന്ന പേരിലാണ് ഈ തുക സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത്. 12 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് 1200 രൂപ അടയ്ക്കേണ്ടത്. . 6- 12 വയസ്സ് പ്രായമുള്ളവർക്ക് 600 രൂപയാണ് ഫീസ്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമായിരിക്കും.
ഭൂട്ടാനിൽ വലിയ തോടിൽ എത്തുന്ന സഞ്ചാരികൾ പരിസ്ഥിതിയേയും ഗതാഗതത്തെയും നാടിന്റെ സംസ്കാരത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനു പിന്നിൽ. ഇങ്ങനെ ലഭിക്കുന്ന വരുമാനം നേരിട്ട് സർക്കാരിലേക്ക് പോവുകയും അത് പിന്നീട് ഭൂട്ടാൻ പൗരന്മാർക്കുള്ള ക്ഷേമ പദ്ധതികളിലേക്കും ഗവൺമെന്റ് സംരംഭങ്ങളിലേക്കും പോവുകയും ചെയ്യുന്നു.
പരിസ്ഥിതിയും പൈതൃകവും സംരക്ഷിക്കാം
പുതിയ തീരുമാനം വഴി ഭൂട്ടാന്റെ പരിസ്ഥിതിയും സംസ്കാരവും മാത്രമല്ല, പൈതൃകവും സംരക്ഷിക്കുവാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ഭൂട്ടാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കാണ് ഇന്ത്യൻ സഞ്ചാരികൾ കൂടുതലും എത്തിച്ചേരുന്നത്. വികസിത പ്രദേശങ്ങളാണ് ഇവിടെ അധികവുമുള്ളത്. അധികം വികസനം കടന്നു ചെന്നിട്ടില്ലാത്ത ഭൂട്ടാന്റെ കിഴക്കൻ ഭാഗങ്ങളിൽ സഞ്ചരികളെ എത്തിക്കുന്നതിന്റെ ഭാഗമായി ഇവിടേക്കുള്ള ചാർജ് ഒഴിവാക്കിയിട്ടുണ്ട്. 11 ജില്ലകളിലാണ് ഈ ഒഴിവുള്ളത്.
കാണേണ്ട കാഴ്ചകൾ ബുദ്ധ ആശ്രമങ്ങളും ട്രക്കിങ്ങ് കേന്ദ്രങ്ങളും അല്ലാതെ വേറെയും ഒരുപാട് കാഴ്ചകൾ ഭൂട്ടാനിലുണ്ട്. തിംഫു, പാരോ, പുനാഖാ, ടൈഗേഴ്സ് മൊണാസ്ട്രി, ത്രോങ്സാ, ചെലേ ലാ പാസ്, ഹാ വാലി, ടാലോ വില്ലേജ്, തുടങ്ങി നിരവധി ഇടങ്ങൾ ഇവിടെയുണ്ട്.
ഭൂട്ടാൻ സന്ദർശിക്കുവാൻ പറ്റിയ സമയം വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും കാലാവസ്ഥയനുസരിച്ച് യാത്ര പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്. മഞ്ഞു വീഴ്ചയും തണുപ്പുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങൾ കഴിവതും ഒഴിവാക്കാം. പകരം മാർച്ച് മുതൽ മേയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരേയുമുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാന്‍ യോജിച്ചത്. തെളിഞ്ഞ അന്തരീക്ഷമായതിനാൽ തന്നെ കാഴ്ചകൾ കണ്ടും നാട്ടിലിറങ്ങിയുമുള്ള യാത്രകൾ ഈ സമയത്ത് നടത്താം.
പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും
ഷെങ്കൻവിസ ഇനി പൊള്ളും! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾ
സഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്...ഇഷ്ടം കുറഞ്ഞ് കേരളം