സില്‍ക്കിന്റെയും ഷോലെയുടെയും രാമനഗരം

ഹോം » സ്ഥലങ്ങൾ » രാമനഗരം » ഓവര്‍വ്യൂ

ബാംഗ്ലൂരില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് സില്‍ക്കിന്റെയും ഷോലെയുടെയും സ്വന്തം സ്ഥലമെന്നറിയപ്പെടുന്ന രാമനഗരത്തിലേക്ക്. 1970 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഷോലെയിലെ ഗബ്ബര്‍സിങ് എന്ന കൊള്ളക്കാരനായ വില്ലന്റെ താവളം ചിത്രീകരിച്ച സ്ഥലമെന്ന പേരിലാണ് രാമനഗരത്തിന്റെ പ്രശസ്തി പുറത്തറിയുന്നത്. തുടര്‍ന്നും ഒരുപാട് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് ഇവിടം. രാമനഗര ജില്ലയുടെ ആസ്ഥാനമാണ് രാമനഗരം. കര്‍ണാടകയിലെ മറ്റ് പ്രധാന സ്ഥലങ്ങളെപ്പോലെ തന്നെ ഗംഗന്മാരും ചോളന്മാരും ഹൊയ്‌സാലന്മാരും പിന്നീട് മൈസൂര്‍ രാജാക്കന്മാരും രാമനഗരം ഭരിച്ചിട്ടുണ്ട്.

രാമനഗരത്തിലെ മലന്പ്രദേശങ്ങള്‍

ശിവരാമഗിരി, സോമഗിരി, കൃഷ്ണഗിരി, യതിരാജഗിരി, രേവണ്ണ സിദ്ധേശ്വര, സിദിലക്കല്ലു, ജാലസിദ്ധേശ്വര എന്നിങ്ങനെയുള്ള ഏഴ് മനോഹരമായ കുന്നുകള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന സ്ഥലമാണ് രാമനഗരം. ചുറ്റുമുള്ള ഈ കുന്നുകളിലെ സില്‍ക്കിന്റെ സമ്പന്നതയാണ് രാമനഗരത്തിന് സില്‍ക്ക് സിറ്റി എന്ന പേര് സമ്മാനിച്ചത്. ലോകപ്രശസ്തമായ മൈസൂര്‍ സില്‍ക്ക് സാരിയുടെ പ്രധാന ഉറവിടങ്ങളിലൊന്ന് രാമനഗരമാണ്.

ചുറ്റും നിറഞ്ഞുനില്‍ക്കുന്ന കുന്നുകള്‍ റോക്ക് ക്ലൈംബിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി രാമനഗരത്തെ മാറ്റുന്നു. വംശനാശഭീഷണി നേരിടുന്ന മഞ്ഞക്കഴുത്തുള്ള ബുള്‍ബുള്ളുകളും നീളന്‍ കൊക്കുള്ള കഴുകന്മാരുമാണ് ഇവിടം പ്രകൃതി സ്‌നേഹികള്‍ക്ക് ഇഷ്ടപ്പെടാന്‍ മറ്റൊരു പ്രധാന കാരണം. കര്‍ണാടകത്തിലെ നാടന്‍കലാരൂപമായ ജനപാദ ലോകയുടെ കേന്ദ്രമായും രാമനഗരം കണക്കാക്കപ്പെടുന്നു. ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവേയിലൂടെ എളുപ്പത്തില്‍ ചെന്നെത്താവുന്ന സ്ഥലമാണ് രാമനഗരം.

Please Wait while comments are loading...