രാമേശ്വരത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും ധനുഷ്കോടിയിലേക്കുള്ള യാത്ര ഒഴിവാക്കരുത്. 15 കിലോമീറ്ററോളം നീളമുള്ള കടല്‍ത്തീരമാണ് ധനുഷ്കോടിയുടെ പ്രത്യേകത. എവിടേയ്ക്ക് നോക്കിയാലും മണല്പരപ്പുകള് മാത്രം. ദൂരെ കടല്‍, അവിടെയാണ് ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്ന് കിടക്കുന്നത്.
ശ്രീരാമന് ലങ്കയിലേക്ക് പാലം പണിതത് ഇവിടെ നിന്നാണെന്ന് ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ധനുഷ്കോടിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് വെറും 31 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.

രാമേശ്വരത്ത് നിന്ന്
രാമേശ്വരത്ത് നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. കടലിന് നടുവിലൂടെ രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് ഒരു റോഡുണ്ട്. ഇരുവശങ്ങളിലുമുള്ള കടലുകള്‍ക്ക് രണ്ട് സ്വഭാവമാണ് ഇടത് വശത്തുള്ള കടല്‍ എപ്പോഴും പ്രക്ഷുബ്ധമായിരിക്കും അതിനാല്‍ ഈ ഭാഗം ആണ്കടല് എന്നാണ് അറിയപ്പെടുന്നത്. ശാന്തമായ മറുഭാഗം പെണ്കടല് എന്നും അറിയപ്പെടുന്നു. രാമേശ്വരത്ത് നിന്ന് ഏകദേശം 15 മിനുറ്റ് കൊണ്ട് ഇവിടെ എത്തിച്ചേരാം.
Photo Courtesy: Chandra

പ്രേത നഗരം
പ്രേതനഗരം എന്ന ഒരു വിളിപ്പേരുണ്ട് ധനുഷ്കോടിക്ക്. അവിടെ ചെന്നാല്‍ ഒരു പക്ഷെ നിങ്ങളും അങ്ങനെ തന്നെ വിളിക്കും. അതിന് ഒരു കാരണമുണ്ട്. റെയില്‍വെ സ്റ്റേഷന്റേയും ക്രിസ്ത്യന്‍ പള്ളികളുടേയും മറ്റു കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് ധനുഷ്കോടിയില്‍ കാണാന്‍ കഴിയു. ഇതിന് പിന്നില്‍ ഒരു ദുരന്ത കഥ പറയാനുണ്ട്.
Photo Courtesy: Nsmohan at en.wikipedia

1963ല്‍ സംഭവിച്ചത്
1963ല്‍ ഉണ്ടായ ഒരു സൈക്ലോണില്‍ ധനുഷ്കോടി നശിച്ച് പോകുകയായിരുന്നു. അവിടുത്തെ ഗ്രാമീണര്‍ ഇല്ലാതായി. പഴയ പോസ്റ്റ് ഓഫീസിന്റെയും റെയില്‍വെ സ്റ്റേഷന്റേയും പള്ളികളുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ ചെന്നാല്‍ കാണാനാകും.
Photo Courtesy: ArunElectra

ടെമ്പോ യാത്ര
കാറില്‍ ധനുഷ്കോടി ചുറ്റിയടിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കില്ല. കാറിന് പോകാന്‍ ഒരു റോഡില്ല. സഞ്ചാരികള്‍ക്കായി ടെമ്പോ സര്‍വീസ് നടത്തുന്നുണ്ട്. 1500 രൂപയാണ് ടെമ്പോയില്‍ റൗണ്ട് ട്രിപ്പിനായി ഈടാക്കുന്നത്. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്ത് പോകാം. 15 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ടെമ്പോ യാത്രയ്ക്ക് ഒരാള്‍ക്ക് 100 രൂപ മാത്രമെ ചെലവാകു.
Photo Courtesy: Armstrongvimal

മണലിലൂടെ എങ്ങനെ വണ്ടി പോകും?
മണലിലൂടെ എങ്ങനെ ടെമ്പോയുടെ ചക്രം ഉരുളുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അത് അത്ര എളുപ്പമുള്ള കാര്യമല്ല. ടെമ്പോ പോകുന്ന വഴിയില്‍ മുന്നേ നടക്കുന്ന ക്ലീനര്‍ മരപ്പലക ഇടും അതിലൂടെയാണ് ടെമ്പോ പോകുന്നത്. ടെമ്പോയ്ക്ക് മുന്നില്‍ ഓടി നടന്ന് ക്ലീനര്‍ ഈ പരിപാടി ചെയ്തുകൊണ്ടേയിരിക്കും. 11 കിലോമീറ്റര്‍ ദൂരം ഇങ്ങനെ യാത്ര ചെയ്യണം. മണല്‍ നനഞ്ഞ് കിടക്കുന്ന പ്രദേശത്ത് ക്ലീനര്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.
Photo Courtesy: Chandra from Bangalore, India

കടലുകള്‍ ഒരുമിക്കുന്ന സ്ഥലം
ടെമ്പോയില്‍ ക്ഷമയോടെ ഏകദേശം മുക്കാല്‍ മണിക്കൂര്‍ സമയം യാത്ര ചെയ്താല്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന സ്ഥലം കാണാം. ധനുഷ്കോടിയിലെ നശിച്ച് പോയ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ യാത്രയ്ക്കിടെ കാണാം. സംഗമ കാഴ്ച കഴിഞ്ഞിട്ടാണ് ഗ്രാമ സന്ദര്‍ശനം. അവിടെ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് ധനുഷ്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Chandra from Bangalore, India

നശിച്ച് പോയ ഗ്രാമങ്ങള്‍
തുടര്‍ന്ന് ഒരു 15 മിനുറ്റ് യാത്ര ചെയ്താല്‍ ധനുഷ്കോടിയിലെ ആ പഴയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം.
Photo Courtesy: rajaraman sundaram