Search
  • Follow NativePlanet
Share
» »അമരത്വത്തിന്റെ നാഥനെ കാണാൻ ഹിമലിംഗ സന്നിധിയിലേക്കൊരു യാത്ര

അമരത്വത്തിന്റെ നാഥനെ കാണാൻ ഹിമലിംഗ സന്നിധിയിലേക്കൊരു യാത്ര

ശിവ ഭഗവാന്റെ അനുഗ്രഹങ്ങൾ തേടി സ്വന്തം ജീവൻ പോലും പണയംവെച്ച് ആഗ്രഹപൂർത്തീകരണങ്ങൾക്കായി വിശ്വാസികൾ നടത്തുന്ന തീർഥയാത്രയാണ് അമർനാഥ് തീര്‍ഥാടനം.

By Elizabath Joseph

ശിവ ഭഗവാന്റെ അനുഗ്രഹങ്ങൾ തേടി സ്വന്തം ജീവൻ പോലും പണയംവെച്ച് ആഗ്രഹപൂർത്തീകരണങ്ങൾക്കായി വിശ്വാസികൾ നടത്തുന്ന തീർഥയാത്രയാണ് അമർനാഥ് തീര്‍ഥാടനം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീർഥാടന കേന്ദ്രമാണ് ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമർനാഥ്.
കഠിനമായ കാലാവസ്ഥാ വ്യാതിയാനങ്ങളും എല്ലുകളെ പോലും മരവിപ്പിക്കുന്ന തണുപ്പും ഒക്കെ പിന്നിട്ട് പ്രകൃതി സൗന്ദര്യം മുറ്റി നിൽക്കുന്ന പാതകളിലൂടെ പോകണണെങ്കിൽ ഒരുക്കങ്ങൾ കുറച്ചൊന്നുമല്ല വേണ്ടത്.
ശിവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമർനാഥിൽ വർഷത്തിൽ പ്രത്യേക സമയത്തു മാത്രമാണ് ശിവലിംഗം പ്രത്യക്ഷമാവുന്നത്. മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന അമർനാഥിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും ഇവിടേക്കുള്ള യാത്രയെപ്പറ്റിയും കൂടുതൽ അറിയാം...

അമർനാഥ് ഗുഹ

അമർനാഥ് ഗുഹ

പകരശിവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവ്വതി ദേവിക്ക് വെളിപ്പെടുത്തിയ സ്ഥലമാണ് അമർനാഥ്. പ്രകൃതി നിർമ്മിതമായ ഈ ഗുഹാ ക്ഷേത്രം വർഷത്തിൽ കൂടുതൽ സമയവും മഞ്ഞു മൂടിയ നിലയിലാണു കാണപ്പെടുന്നത്. ശ്രാവണമാസത്തിൽ സ്വയംഭൂവായി ഇവിടെ പ്രത്യക്ഷപ്പെടുന്ന ഹിമശിവലിംഗം ദർശിക്കുന്നത് ഏറെ പുണ്യകരമായ കാര്യമായാണ് വിശ്വാസികൾ കരുതുന്നത്.
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതം ഉപയോഗിച്ച് ശിവൻ ദേവൻമാരെ അമർത്യരാക്കി എന്നൊരു കഥയുണ്ട്. പിന്നീട് ശിവൻ മഞ്ഞിൽ രൂപപ്പെട്ട ഹിമലിംഗമായി മാറി ഹിമാലയത്തോട് ചേർന്ന് വാസം ആരംഭിച്ചു എന്നുമാണ് കഥ. അതിനാൽ ശിവനെ അമർനാഥൻ എന്നു വിളിക്കുന്നു.

PC:Gktambe

മഞ്ഞ് ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമ്പോൾ!!

മഞ്ഞ് ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമ്പോൾ!!

അമർനാഥ് ഗുഹയിലെ മഞ്ഞ് വെളുത്ത പക്ഷത്തിലെ ആദ്യ ദിവസങ്ങളിൽ ശിവലിംഗത്തിന്റെ രൂപം സ്വീകരിക്കുമെന്നാണ് വിശ്വാസം. പൂർണ്ണ ചന്ദ്രനുദിക്കുന്ന പൗർണ്ണമി ദിവസത്തിൽ ശിവലിംഗത്തിന്റെ വളർച്ച പൂർണ്ണമാവുകയും കൃഷ്ണപക്ഷം തുടങ്ങുമ്പോൾ മഞ്ഞ് ഉരുകി കറുത്ത വാവിന്റെ അന്ന് ശിവലിംഗം പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുമത്രെ.
ശ്രാവണ മാസത്തിലെ പൗർണ്ണമി മുതൽ അമാവാസി നാൾ വരെ ഇവിടെ എത്തി തന്നെ സന്ദർശിക്കുന്നവരെ മഹാദേവൻ പ്രത്യേകമായി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.


PC:Gktambe

ശ്രാവണ മാസത്തിലെ പൗർണ്ണമി

ശ്രാവണ മാസത്തിലെ പൗർണ്ണമി

വർഷത്തിൽ എല്ലാ മാസത്തിലെയും പൗർണ്ണമി ദിവസങ്ങളിൽ മഞ്ഞ് ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെങ്കിലും ശ്രാവണമാസത്തിൽ ഇവിടെ ശിവലിംഗം പ്രത്യക്ഷപ്പെടുന്നതിന് വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണത്രെ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർഥാടനം നടത്തുന്നതിന്റെ പിന്നിലെ കാരണം. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഇവിടുത്തെ ഹിമലിംഗം അതിന്റെ പൂർണ്ണ രൂപത്തിലെത്തുന്നത്. അപ്പോൾ ആ ശിവലിംഗത്തിന് ഏകദേശം ആറടിയോളം ഉയരം കാണും.
ശ്രാവണ മാസത്തിൽ തന്നെ അമർനാഥ് ഗുഹയ്ക്കുള്ളിൽ പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷപ്പെടുമത്രെ.

PC:Ashish Sharma

ഈ വർഷത്തെ തീർഥാടന ദിനങ്ങൾ

ഈ വർഷത്തെ തീർഥാടന ദിനങ്ങൾ

സർക്കാരിൽ നിന്നും മുൻകൂട്ടി പ്രത്യേക അനുമതി ലഭിച്ചവർക്കു മാത്രമേ ഇവിടം സന്ദർശിക്കാൻ അനുമതിയുള്ളൂ. വർഷത്തിൽ മുപ്പത് മുതൽ 40 ദിവസം വരെയാണ് ഇവിടെ തീർഥാടനത്തിനെത്തുവാൻ സാധിക്കുക. എന്നാൽ ഈ വർഷം 60 ദിവസമാണ് ഇവിടെ സന്ദർശനത്തിനായി അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 28 മുതൽ ആഗസ്റ്റ് 26 വരെയാണ് ഈ വർഷത്തെ അമർനാഥ് തീർഥാടനം നടക്കുക. മാർച്ച് 1 മുതൽ യാത്രയുടെ ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള സമയങ്ങളിൽ മുഴുവൻ ഇവിടെ മ‍ഞ്ഞു മൂടിയ നിലയിലായിരിക്കും.
സൈന്യത്തിന്റെ നേതൃത്വത്തിലുള്ള കർശനമായ നിരീക്ഷണത്തിലാണ് യാത്ര നടക്കുക.

അമർനാഥിലേക്കുള്ള യാത്ര

അമർനാഥിലേക്കുള്ള യാത്ര

പ്രധാനമായും രണ്ടു രീതിയിലുള്ള യാത്രയാണ് അമർനാഥിലേക്കുള്ളത്.

1. ശ്രീ നഗറിൽ നിന്നും

ശ്രീ നഗറിൽ നിന്നും 93.5 കിലോമീറ്റർ അകലെയുള്ള ബാൽത്താൽ എന്ന സ്ഥലം വരെ ബസിലോ മറ്റ് ടാക്സികളിലോ സഞ്ചരിച്ച് എത്തി അവിടെ നിന്നും കാൽനടയായി അമർനാഥിലേക്കു പോകുന്നതാണിത്.
ബാൽത്താലിൽ നിന്നും 14 കിലോമീറ്റർ ദൂരമാണ് അമർനാഥിലേക്ക് നടക്കേണ്ടത്.

2. പഹൽഗാം വഴി

അമർനാഥ് യാത്രയുടെ എല്ലാ വിധ രസങ്ങളും ഭക്തിയും സാഹസികതയും പ്രകൃതി സൗന്ദര്യവും അനുഭവിച്ച് യാത്ര ചെയ്യണം എന്നുള്ളവർക്ക് പഹൽഗാം വഴിയുള്ള യാത്ര തിരഞ്ഞെടുക്കാം. ഈ യാത്രയുടെ ബേസ് ക്യാംപ് ജമ്മുവിലെ ഭഗവതി നഗറാണ്. ഇവിടെ നിന്നും പഹൽ ഗാമിലാണ് ആദ്യം എത്തേണ്ടത്. ആ ദിവസം അവിടെ ക്യാംപിൽ താമസിച്ച് പിറ്റേ ദിവസം രാവിലെ ചന്ദൻവാഡിയിലേക്കാണ് യാത്ര. 16 കിലോമീറ്റർ വനത്തിലൂടെയാണ് പോകേണ്ടത്. പിന്നീട് ഇവിടെ നിന്നും 12 കിലോമീറ്റർ ദൂരം കാൽനടയായി ശേഷനാഗിലെത്തുക. ഇതാണ് മൂന്നാമത്തെ ക്യാംപ്. ഇനി പിറ്റേന്നു രാവിലെയാണ് യാത്ര. ഇത് 11 കിലോമീറ്റർ അകലെയുള്ള പഞ്ചതരണിയിലേക്കാണ്. രാത്രി ഇവിടെ ക്യാംപ് ചെയ്ത് പിറ്റേദിവസം നേരെ അമർനാഥിലേക്ക് പോകാം. 6 കിലോമീറ്ററാണ് ഇവിടെ നിന്നും അമർനാഥിലേക്കുള്ള ദൂരം.

PC:Spsarvana

അല്പം ഐതിഹ്യം

അല്പം ഐതിഹ്യം

മനോഹരമായ ഒരു ഐതിഹ്യ കഥ അമര്‍നാഥ് ക്ഷേത്രത്തിന് പുറകിലുണ്ട്. ഒരിക്കല്‍ പാര്‍വ്വതി ശിവനോട് അമരത്വത്തിന്‍റെ രഹസ്യം തന്നോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ആ രഹസ്യം മറ്റാരും അറിയാതിരിക്കാന്‍ വേണ്ടി ശിവന്‍ പാര്‍വ്വതിയെയും കൂട്ടി ഹിമാലയത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചു. പോകും വഴി ശിവന്‍ തന്‍റെ ശിരസ്സിലെ ഇന്ദുകല ചന്ദന്‍വാരിയില്‍ ഉപേക്ഷിച്ചു. തന്‍റെ വാഹനമായ നന്ദിയെ പഹല്‍ഗാമിലും. തുടര്‍യാത്രയില്‍ ഗണപതിയെ മഹാഗുണാസ് പര്‍വ്വതത്തിലും പാമ്പിനെ ശേഷ്നാഗിലും ഉപേക്ഷിച്ചു. ഒടുവില്‍ പഞ്ചഭൂതങ്ങളെ പഞ്ച്തര്‍ണിയില്‍ ഉപേക്ഷിച്ച ശേഷം പാര്‍വ്വതിയെയും കൂട്ടി അമര്‍നാഥ് ഗുഹയില്‍ പ്രവേശിച്ചു. അതിനുശേഷം തീകത്തിച്ച് പരിശോധിച്ച് ആ മഹാരഹസ്യം കേള്‍ക്കാന്‍ ഗുഹയില്‍ ആരും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി. എന്നാല്‍ മാന്‍ തോലിനടിയിലായി രണ്ട് പ്രാവിന്‍റെ മുട്ടകള്‍ ഉണ്ടായിരുന്നത് ശിവന്‍റെ ശ്രദ്ധയില്‍ പെട്ടില്ല. ശിവന്‍ പാര്‍വ്വതിയോട് രഹസ്യം വെളിപ്പെടുത്തുന്ന സമയത്ത് ആ മുട്ടകള്‍ വിരിയുകയും അമരത്വത്തിന്‍റെ രഹസ്യം കേള്‍ക്കുകയും ചെയ്തുവത്രെ. അമര്‍നാഥിലേക്ക് പോകും വഴി ഇപ്പോഴും ആ പ്രാവുകളെ കാണാം. മഹാരഹസ്യം കേട്ടതിനാല്‍ അവയ്ക്ക് വീണ്ടും വീണ്ടും ജന്മമെടുക്കേണ്ടി വരികയും അമര്‍നാഥ് ഗുഹ തങ്ങളുടെ സ്ഥിര താവളമായി സ്വീകരിക്കേണ്ടി വരികയും ചെയ്തതിനാലാണത്രെ ഇത്.

PC:Itzseoprasoon

അമർനാഥ് ഗുഹാ ക്ഷേത്രം

അമർനാഥ് ഗുഹാ ക്ഷേത്രം

ചുണ്ണാമ്പു കല്ലുകൾ കൊണ്ട് പ്രകൃതി ദത്തമായി നിർമ്മിക്കപ്പെട്ടതാണ് അമർനാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്. ഗുഹയ്ക്കുള്ളിലെ രണ്ടു ദ്വാരങ്ങളിൽ നിന്നും ഗുഹയ്ക്കുള്ളിലേക്ക് വെള്ളം തുള്ളി തുള്ളിയായി വീണുകൊണ്ടിരിക്കും. ഇത് പെട്ടന്നു തന്നെ ശിവലിംഗത്തിന്റെ രൂപത്തിലുള്ള മഞ്ഞായി മാറുമെന്നാണ് വിശ്വാസം. ഈ ശിവലിംഗത്തിന്റെ രണ്ടു വശങ്ങളിലായി പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും കാണാം. ഗുഹയുടെ ദർശനം തെക്ക് ദിശയിലേക്കായതിനാൽ ഇവിടെ ഒരിക്കലും സൂര്യപ്രകാശം പതിക്കില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ മഞ്ഞ് ഉരുകാറുമില്ല.

PC:Niharika Krishna

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X