Search
  • Follow NativePlanet
Share
» »വരൂ..ട്രക്ക് ചെയ്യാം....ബീച്ച് ട്രക്കിങ്ങിന്‍റെ പുതുമയുമായി ബേക്കൽ...

വരൂ..ട്രക്ക് ചെയ്യാം....ബീച്ച് ട്രക്കിങ്ങിന്‍റെ പുതുമയുമായി ബേക്കൽ...

ബേക്കൽ ബീച്ച് ട്രക്ക്.... ബേക്കലിന്റെ കാഴ്ചകളിലൂടെയുള്ള ബേക്കൽ ബീച്ച് ട്രക്കിന്‍റെ വിശേഷങ്ങളിലേക്ക്....

ബേക്കൽ കോട്ട....മലയാളികളുടെ പ്രിയപ്പെട്ട യാത്ര സ്ഥാനങ്ങളിലൊന്ന്. കേരളത്തിന്റെ അങ്ങേയറ്റത്തുള്ള കാസർകോഡ് ജില്ലയെ സഞ്ചാരികളുടെ ഇടയിൽ അടയാളപ്പെടുത്തിയതിന് ബേക്കൽ കോട്ടയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. അറബിക്കടലിനോട് ഇറങ്ങിക്കിടക്കുന്ന കോട്ടയും അതിനുള്ളിലെ രഹസ്യ തുരങ്കങ്ങളും കാവൽ സ്ഥാനങ്ങളും ഒക്കെ ചേരുമ്പോൾ കോട്ട ഏവർക്കും പ്രിയപ്പെട്ടതാകുന്നു. എന്നാൽ അങ്ങനെയങ്ങ് വന്നിറങ്ങി കോട്ട കണ്ട് പോയാൽ പോരല്ലോ... ഇത്തിരി നടത്തവും ഒത്തിരി കാഴ്ചകളും ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നുണ്ട്. ബേക്കലിന്‍റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണെങ്കിലും സഞ്ചാരികൾക്ക് അത്ര പരിചിതമല്ലാ ഈ സംഗതി... ബേക്കൽ ബീച്ച് ട്രക്ക്.... ബേക്കലിന്റെ കാഴ്ചകളിലൂടെയുള്ള ബേക്കൽ ബീച്ച് ട്രക്കിന്‍റെ വിശേഷങ്ങളിലേക്ക്...

ബീച്ച് ട്രക്ക്

ബീച്ച് ട്രക്ക്

പരസ്പരം കൂടിച്ചേരാത്ത രണ്ടു വാക്കുകളായി ആദ്യം തോന്നുമെങ്കിലും സഞ്ചാരികൾക്ക് കിടിലൻ അനുഭവങ്ങൾ പകർന്നു നല്കുന്ന ഒരു സംഗതിയാണ് ബീച്ച് ട്രക്ക്. കടലിന്‍റെയും കാടിന്റെയും കാഴ്ചകൾ ഒരുപോലെ ആസ്വദിച്ചു കരയിൽ നിന്നും തുടങ്ങി കടലിലവസാനിക്കുന്ന ഒരു യാത്രയാണിത്. ഒറ്റ യാത്രയിൽ കാണാത്ത കാഴ്ചകൾ കാണാമെന്നതും രണ്ടു തരത്തിലുള്ള തികച്ചും വ്യത്യസ്തമായ യാത്രകൾ ആസ്വദിക്കാം എന്നതും ബീച്ച് ട്രക്കിനെ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കുന്നു.

ബേക്കൽ ബീച്ച് ട്രക്ക്

ബേക്കൽ ബീച്ച് ട്രക്ക്

കാലങ്ങളായി ഇവിടെ നടത്തപ്പെടുന്ന ബീച്ച് ട്രക്ക് പക്ഷേ, ഇവിടെയ എത്തുന്ന സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിട്ട് അധിക കാലമായില്ല. ബേക്കൽ ലക്ഷ്യമാക്കി എത്തുന്നവരിൽ അധികവും കോട്ടയും ബീച്ചും കണ്ട് മടങ്ങുകയാണ് പതിവ്. എന്നാൽ കുറച്ചു മണിക്കൂറുകൾ അധികം ചിലവഴിക്കുകയാണെങ്കില്‍ ബേക്കലിൻറെ മറ്റൊരു സൗന്ദര്യം ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കുവാൻ സാധിക്കും.

കോട്ടയിൽ നിന്നും തുടങ്ങാം

കോട്ടയിൽ നിന്നും തുടങ്ങാം

ബേക്കൽ ബീച്ച് ട്രക്കിങ്ങിനു നിലവിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളൊന്നുമില്ല. പകരം പ്രധാന കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു വഴി തിരഞ്ഞെടുത്ത് ആളുകൾ പോവുകയാണ് പതിവ്. യാത്ര ആരംഭിക്കുന്നത് ബേക്കൽ കോട്ടയിൽ നിന്നുമാണ്. ആര്‍ക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ബേക്കൽ കോട്ടയിൽ കാഴ്ചകൾ ഒരുപാടുണ്ട്. പതിനേഴാം നൂറ്റാണ്ടിൻറെ പകുതിയിൽ ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്കാണ് 35 ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന ഈ കോട്ട നിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ കോട്ട കൂടിയാണിത്. അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയിൽ നിരലധി നിരീക്ഷണ ഗോപുരങ്ങളും തുരങ്കങ്ങളും ഒക്കെ ഇന്നും കാണാം. കോട്ടയിലെ കാഴ്ചകൾ ചുറ്റി നടന്നു കണ്ടതിനു ശേഷം ട്രക്കിങ്ങിനു തുടക്കമിടാം. ഇവിടെ നിന്നും കോട്ടയിലൂടെ ഉദുമ ഫിഷിങ് വില്ലേജിലേക്കാണ് പോകേണ്ടത്. മെയിന്‍ റോഡിലൂടെ നടന്ന് ഇവിടുത്തെ കാഴ്ചകള്‍ കാണാം. കുറച്ച് ഉള്ളിലേക്ക് കയറിയാൽ ഇവിടുത്തെ മത്സ്യ ബന്ധന ഗ്രാമം കാണുവാൻ സാധിക്കും. തികച്ചും സാധാരണ ജീവിതം നയിക്കുന്ന പ്രദ്ശവാസികളെ പരിചയപ്പെടുവാനും ഈ അവസരം വിനിയോഗിക്കാം....

കാപ്പിൽ ബീച്ച്

കാപ്പിൽ ബീച്ച്

ഉദുമ വഴി ഇനി ട്രക്കിങ്ങ് മുന്നോട്ട് പോകുന്നത് കാപ്പിൽ ബീച്ചിലേക്കാണ്. കാസർകോഡ് ജില്ലയിലെ തീർത്തും അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നായ കാപ്പിൽ ബീച്ച് ഏകാന്തതയെ പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ബേക്കൽ കോട്ടയിൽ നിന്നും ഇവിടേക്ക് ആറു കിലോമീറ്റർ ദൂരമാണുള്ളത്.
അധികം ആളുകളൊന്നും തേടിയെത്താത്ത ഇടമായതിനാൽ ഏകാന്തത അതിന്റെ പരകോടിയിൽ തന്നെ ഇവിടെ ആസ്വദിക്കാം. ആഴമില്ലാത്ത കടലും ശക്തമല്ലാത്ത തിരമാലകളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ കുട്ടികളെയുംകൊണ്ട് ധൈര്യമായി തന്നെ ഇവിടേക്ക് വരുവാൻ ഒട്ടും മടി കാണിക്കേണ്ടതില്ല. ഇത്രയും നടന്ന സ്ഥിതിക്ക് ഇവിടെ ട്രക്കിങ്ങ് നിർത്തിയാലും കുഴപ്പമില്ല. സൂര്യാസ്തമയം കൂടി കണ്ട് തിരികെ ബസിന് ബേക്കലിലേക്ക് പോകാം. ക്ഷീണമില്ല, ഇനിയും യാത്ര ചെയ്യുവാൻ സാധിക്കും എങ്കിൽ കോടിക്കുന്നിലേക്കാകാം യാത്ര.

കോടിക്കുന്ന്

കോടിക്കുന്ന്

കാപ്പിൽ ബീച്ചിൽ നിന്നും കുറച്ച് മുന്നോട്ട് പോയാൽ എത്തിച്ചേരുന്ന ഇടമാണ് കോടിക്കുന്ന്. സാബഹസികരായ സഞ്ചാരികൾക്ക് തങ്ങളുടെ ധൈര്യം പരീക്ഷിക്കുവാൻ പറ്റിയ സ്ഥലമാണിത്. ചെങ്കുത്തായ ഒരു കുന്നിൻ മുകളും അതിന്‍റെ മുകളിൽ നിന്നുള്ള കടലിന്റെ കാഴ്ചയുമാണ് ഇവിടുത്തെ ആകർഷണം.

തിരികെ നടക്കാം ബീച്ചിലേക്ക്

തിരികെ നടക്കാം ബീച്ചിലേക്ക്

യാത്ര ചെയ്തുകൊണ്ടിരിക്കുവാൻ മടിയില്ലെങ്കിൽ ബീച്ച് ട്രക്ക് ഇവിടെ വെച്ചും നിർത്തേണ്ട. പകരം ബേക്കൽ കോട്ടയിലേക്കോ അല്ലെങ്കിൽ ബേക്കൽ ബീച്ചിലേക്കോ പോകാം. അവിടെ നിന്നും സൂര്യാസ്തമയം കൂടി കണ്ട് യാത്ര അവസാനിപ്പിക്കാം. അങ്ങോട്ടുമിങ്ങോട്ടും കൂടിയുള്ള നടത്തം 12 കിലോമീറ്ററിൽ അധികമാവില്ല. പതിയെ സമയമെടുത്തുള്ള യാത്രയായതിനാൽ ക്ഷീണം അങ്ങനെ ബാധിക്കില്ല എന്നുള്ളതും ബേക്കൽ ബീച്ച് ട്രക്കിന്‍റെ പ്രത്യേകതയാണ്.

ബേക്കൽ ട്രക്കിങ്ങിനു പോകേണ്ട സമയം

ബേക്കൽ ട്രക്കിങ്ങിനു പോകേണ്ട സമയം

എല്ലായ്പ്പോഴും ഇവിടെ ട്രക്കിങ്ങ് നടത്താമെങ്കിലും കാലാവസ്ഥ കൂടി നോക്കേണ്ടതുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. മാര്‍ച്ച് മാസമായാൽ ചൂട് കൂടുന്നതിനാൽ ആ സമയം ഒഴിവാക്കാം.... ട്രക്കിങ്ങിനാണ് വരുന്നതെങ്കിൽ ഉച്ച സമയം തിരഞ്ഞെടുക്കാതിരിക്കുക. രാവിലെയും വൈകിട്ടുമുള്ള ട്രക്കിങ്ങാണെങ്കിൽ അധികം വെയിലേൽക്കാതെ ആരോഗ്യം സംരക്ഷിക്കാം.

 പോകാം ഇവിടേക്ക്

പോകാം ഇവിടേക്ക്

കാസർകോഡ് ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ട്. അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഈ പ്രദേശങ്ങൾ കൂടി ചേർത്തു വേണം യാത്ര പ്ലാൻ ഇടുവാൻ. മാലിക് ദിനാർ പള്ളി, അനന്തപുര തടാക ക്ഷേത്രം, റാണിപുരം, നീലേശ്വരം, നിത്യാനന്ദാശ്രമം, അനന്തേശ്വര ക്ഷേത്രം, അനന്തേശ്വര ക്ഷേത്രം, ആനന്ദാശ്രമം, കോട്ടഞ്ചേരി, മാലോം, ചന്ദ്രഗിരി കോട്ട തുടങ്ങിയവയാണ് കാസർകോഡ് ജില്ലയിലെ മറ്റു പ്രധാന ഇടങ്ങൾ.

ബീച്ച് ട്രക്കിങ്ങിന്റെ രസം അറിഞ്ഞിട്ടുണ്ടോ?ബീച്ച് ട്രക്കിങ്ങിന്റെ രസം അറിഞ്ഞിട്ടുണ്ടോ?

ഇനി ധൈര്യമായി കാട്ടിലെ യാത്രയ്ക്ക് പോകാം!!ഇനി ധൈര്യമായി കാട്ടിലെ യാത്രയ്ക്ക് പോകാം!!

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാംയാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X