അധിനിവേശ ചരിത്രത്തിന്റെ അടയാളങ്ങൾ ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പോണ്ടിച്ചേരി. ചെറുപ്പത്തിന്റെ ലഹരിയിൽ യുവാക്കൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന ഇടം. ഗോവയുമായി ഒരു ബന്ധം പോലും പറയുവാനില്ലെങ്കിലും ഗോവ കഴിഞ്ഞാൽ അടിച്ചുപൊളിക്കുവാൻ ആളുകളെത്തുന്ന ബീച്ചുകളുടെ നാട്....ഫ്രഞ്ച് അധിനിവേശത്തിന്റെ അടയാളങ്ങൾ മിക്കയിടങ്ങളിലും കാണുവാൻ സാധിക്കുന്ന ഇവിടുത്തെ ബീച്ചുകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മനോഹരമായ നിർമ്മിതികളും ചെട്ടിനാട്-ഫ്രഞ്ച് രീതിയിലുള്ള ഭക്ഷണങ്ങളും ഒക്കെ തേടി ഇവിടെയെത്തുന്ന സഞ്ചാരികൾ പോയിരിക്കേണ്ട ഇവിടുത്തെ കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...

പാരഡൈസ് ബീച്ച്
പോണ്ടിച്ചേരിയിലെ ബെസ്റ്റ് ബീച്ചുകളിൽ ഒന്നാണ് പാരഡൈസ് ബീച്ച്. ഇവിടേക്ക് വെറുതേയെങ്കിലും വരാതെ പോണ്ടിച്ചേരി യാത്രകള്‍ ഒരിക്കലും പൂർണ്ണമാവില്ല. പെട്ടന്നൊന്നും എത്തിപ്പെടുവാൻ സാധിക്കാത്ത ഒരിടത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ചുന്നാബാർ കായലിലൂടെ ബോട്ടിൽ മാത്രമേ ഇവിടെ എത്തുവാൻ കഴിയൂ. വന്നെത്തുവാൻ കുറച്ച് ബുദ്ധിമുട്ടിയാലും ഇവിടെ എത്തുമ്പോൾ അതൊരു ബുദ്ധിമുട്ടായിരുന്നില്ല എന്നു മനസ്സിലാകും.
അധികം തിരക്കൊന്നുമില്ലാത്ത ഇവിടം വൃത്തിയായി സംരക്ഷിക്കപ്പെടുന്നു

പ്രോമെനാഡെ ബീച്ച്
സാധാരണ ബീച്ച് പോലെ നീണ്ടു കിടക്കുമ്മ മണലല്ല ഇവിടെയുള്ളത് എന്നതു തന്നെമാണ് പ്രോമെനാഡെ ബീച്ചിന്റെ പ്രത്യേകത. 1.5 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന റോക്ക് ബീച്ചായാണ് ഇത് അറിയപ്പെടുന്നത്. സൂര്യാസ്തമയ കാഴ്ചകൾ കാണുവാനാണ് ഇവിടെ ആളുകൾ എത്തുന്നത്. ഇവിടെ വഴികൾ വെറുതെ നടന്നു തീർക്കുന്നതു പോലും വ്യത്യസ്തമായ ഒരനുഭവമായിരിക്കും. 24 മണിക്കൂറും തുറന്നിരിക്കുന്ന ഇവിടുത്തെ കഫേയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

വീരംപട്ടിണം ബീച്ച്
പാരഡൈസ് ബീച്ച് കഴിഞ്ഞാൽ ഇവിടുത്തെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ് വീരപട്ടിണം ബീച്ച്. കട്ലൂരിലേക്കുള്ള വഴിയിൽ പോണ്ടിച്ചേരിയിൽ നിന്നും 7 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നദികൾക്കിടയിലായി കിടക്കുന്നതുകൊണ്ട് മീന്‍ പിടിക്കുന്നതിന്റെയും മറ്റും കാഴ്ചകളും ഇവിടെ നിന്നും ലഭിക്കും. സൂര്യോദയവും സൂര്യാസ്തമയും കാണുവാൻ പറ്റിയ ഇടം കൂടിയാണ് ഇത്.
PC: Karthik Easvur

ഓറോ ബീച്ച്
ഓറോ ബീച്ച് അല്ലെങ്കിൽ ഓറോവില്ലെ ബീച്ച് യഥാർഥത്തിൽ ഓറോവില്ലെയിലല്ല സ്ഥിതി ചെയ്യുന്നത്. മറിച്ച് ഈ സ്ഥലത്തിനോട് ചേർന്നു കിടക്കുന്നതിനാലാണ് ഇവിടം ഓറോ ബീച്ച് എന്നറിയപ്പെടുന്നത്. സെറിനിറ്റി ബീച്ചിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ബീച്ച് മത്സ്യബന്ധനത്തിനും മറ്റുമായി എത്തുന്നവരുടെ കേന്ദ്രമാണ്. ഓറോവില്ല ആശ്രമത്തിൽ നിന്നും ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം.

സെറിനിറ്റി ബീച്ച്
ഒരു റെസ്റ്റോറന്റിന്റെ പേരിൽ നിന്നും പേരു സ്വീകരിച്ച ബീച്ചാണ് സെറിനിറ്റി ബീച്ച്. എന്നാൽ പേരുപോലെ അത്ര മനോഹരമല്ല ഇതെന്നതാണ് യാഥാർഥ്യം. രാവിലെയും വൈകുന്നേരവുമാണ് ഇവിടം സന്ദർശിക്കുന്നതിനു പറ്റിയ സമയം.പോണ്ടിച്ചേരിയിൽ നിന്നും ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ 10 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

റെപ്പോ ബീച്ച്
മറ്റു പല ബീച്ചുകളെയും അപേക്ഷിച്ച് വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ബീച്ചാണ് റെപ്പോ ബീച്ച്. കൂടുതലായും വിദേശികളും പ്രാദേശിക മത്സ്യത്തൊഴിലാളികളുമാണ് ഇവിടുത്തെ സന്ദര്‍ശകർ.
അന്ന് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം...ഇന്നോ?
ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...