Search
  • Follow NativePlanet
Share
» »ജനുവരിയിലെ കുളിരിൽ കണ്ടിറങ്ങുവാൻ മൂന്നാർ

ജനുവരിയിലെ കുളിരിൽ കണ്ടിറങ്ങുവാൻ മൂന്നാർ

മൂന്നാർ....ഓരോ യാത്രയിലും പുതിയ കാഴ്ചകൾ ഉറപ്പു തരുന്ന നാട്... കേരളത്തിന്റെ ഹരിതാഭവും പച്ചപ്പും എന്നും ഉയർത്തിപ്പിടിക്കുന്ന മൂന്നാറിനേക്കാൾ ഭംഗിയുള്ള പച്ചപ്പ് മലയാളികൾക്ക് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ചീയപ്പാറയിൽ തുടങ്ങി വട്ടവട വരെ പരന്നു കിടക്കുന്ന മൂന്നാർ ഗാഥകൾ അത്ര പെട്ടുന്നു പറഞ്ഞുതീർക്കുവാനും കഴിയില്ല. എത്ര കണ്ടാലും തീരാത്ത കാഴ്ചകൾ തേടിയെത്തുന്ന ആളുകളാണ് മൂന്നാറിന്‍റെ ജീവൻ. തണുപ്പും മഞ്ഞും അതിന്റെ മൂർത്തീ ഭവത്തിൽ നിൽക്കുന്ന ജനുവരി മാസം മൂന്നാർ സന്ദർശിക്കുവാൻ പറ്റിയ സമയമാണ്. ഇതാ മൂന്നാറിൽ 2020 ജനുവരി മാസത്തിൽ കാണുവാന്‍ പറ്റിയ പ്രധാനപ്പെട്ട ഇടങ്ങൾ പരിചയപ്പെടാം...

മൂന്നാർ ജനുവരിയിൽ

മൂന്നാർ ജനുവരിയിൽ

വർഷത്തിൽ എപ്പോൾ വേണമെങ്കിലും പോയിവരുവാൻ പറ്റുന്ന ഇടമാണ് മൂന്നാറെങ്കിലും ഇവിടുത്തെ സീസൺ മഞ്ഞുകാലമാണ്. അതിൽ തന്നെ ഏറ്റവും അധികം ആളുകളെത്തുന്നതാവട്ടെ ജനുവരിയിലും. ചില ദിവസങ്ങളിൽ മൂന്നും നാലും വരെ ഡിഗ്രി തണുപ്പെത്തുന്ന ജനുവരി മാസം ഇവിടുത്തെ പീക്ക് സീസണാണ്. തേയിലത്തോട്ടവും അണക്കെട്ടും വട്ടവടയും ടോപ് സ്റ്റേഷനും എന്നും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന കാര്യങ്ങളാണ്.

PC:Bimal K C

ടോപ് സ്റ്റേഷൻ

ടോപ് സ്റ്റേഷൻ

മൂന്നാർ ടൗണിൽ നിന്നും 33 കിലോമീറ്റർ അകലെയാണെങ്കിലും മൂന്നാർ എന്ന പേരിനൊപ്പം മനസ്സിലോടിയെത്തുന്ന സ്ഥലമാണ് ടോപ് സ്റ്റേഷൻ. മൂന്നാർ യാത്രയിൽ കുറച്ച് യാത്ര ചെയ്യേണ്ടി വന്നാലും ഒരിക്കലും കാണാതെ പോകരുതാത്ത സ്ഥലം. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ കിടക്കുന്ന ടോപ്സ്റ്റേഷൻ പക്ഷെ, തമിഴിനാടിന്‍റെ ഭാഗമാണ്. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം കൂടിയാണ് ടോപ് സ്റ്റേഷൻ.

ഒരു കാലത്ത് മൂന്നാറിലുണ്ടായിരുന്ന റെയിൽവേ പാതയിൽ നിന്നുമാണ് ഈ സ്ഥലത്തിന് ടോപ് സ്റ്റേഷൻ എന്ന പേരു ലഭിച്ചത്. കണ്ണന്‍ദേവന്‍ മലമുകളിലെ തേയിലത്തോട്ടങ്ങളില്‍ വളരുന്ന തേയിലകള്‍ ശേഖരിച്ച് മൂന്നാറി‌ലും മാട്ടുപ്പെട്ടിയിലും എത്തിച്ചിരുന്നത് ഈ റെയില്‍വേയിലൂടെയായിരുന്നു. മൂന്നാറില്‍ നിന്ന് റോപ്പ് വേ വഴിയായിരുന്നു അ‌ടിവാരത്തേക്ക് തേയില എത്തിച്ചത്.

PC:Mohsin Bin Latheef

വട്ടവട

വട്ടവട

മൂന്നാറിന്റെ കാഴ്ചകളിൽ നിന്നും മൊത്തത്തിൽ വ്യത്യസ്തമാണെങ്കിലും പുതുമയേറിയ കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നാടാണ് വട്ടവട. വികസനത്തിന്റെ അടയാളങ്ങൾ ഇനിയും എത്തിനോക്കിയിട്ടു കൂടിയില്ലാത്ത വട്ടവട തനിനാടൻ ഗ്രാമക്കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണ്. മൂന്നാറിൽ നിന്നും 45 കിലോമീറ്റർ പോകാനുണ്ട് വട്ടവടയിലെത്തുവാൻ. തണുപ്പിന്റെ കാര്യത്തിൽ മൂന്നാറിനെ കടത്തിവെട്ടും വട്ടവട. തമിഴ്നാട്ടിൽ നിന്നും കുടിയേറി കേരളമണ്ണിൽ ജീവിക്കുന്നവരാണെങ്കിലും ഇവിടുത്തെ ഭാഷയ്ക്കും ഭക്ഷണത്തിനും സംസ്കാരത്തിനുമെല്ലാം ഒരു തമിഴ് ഗന്ധമുണ്ട്.

തട്ടുതട്ടായി കൃഷി ചെയ്യുന്ന വട്ടവടയിൽ കൂടുതലും ശീതകാല വിളകളാണ്. സ്ട്രോബറിയും കാരറ്റും കാബേജും ബീൻസും ഇവിടെയുണ്ട്. പോരാതെ വെളുത്തുള്ളി മുതൽ ഗോതമ്പ് വരെ കൃഷി ചെയ്യുന്ന ആളുകളും ഇവിടെയുണ്ട്. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ വട്ടവടയിലേക്കിറങ്ങി ചെല്ലുന്ത് മറ്റേതോ ഒരു കാലത്തേയ്ക്ക് നമ്മെ നയിക്കും.

PC- Praveen Chandrasekhar

കോവിലൂർ

കോവിലൂർ

കോവിലുകളുടെ നാട് എന്നാണ് കോവിലൂരിന് അർഥം. വട്ടവടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കോവിലൂർ മൂന്നാറില്‍ നിന്നും 40 കിലോമീറ്റർ അകലെയാണുള്ളത്. പരമ്പരാഗതമായ നിയമങ്ങളും ആചാരങ്ങളും കൃഷിരീതികളും ഒക്കെ പിന്തുടരുന്ന തനി നാടൻ ഗ്രാമമാണ് കോവിലൂർ. വിവാഹ കാര്യത്തിൽ ഇവർ പിന്തുടരുന്നത് വിചിത്രമായ ഒരു രീതിയാണ്. ഒരേ സമുദായത്തിൽ നിന്നു മാത്രം വിവാഹം കഴിക്കുന്ന ഇവർക്ക് പെണ്ണിനെ ഇഷ്ടമായാൽ നേരിട്ട് ചെന്നുപറയുന്ന രീതിയില്ല. പകരം ചെക്കൻ ഒരു കമ്പിളിത്തുണി കമ്പിൽകെട്ടി പെണ്ണിന്റെ വീടിനു മുന്നിൽ വയ്ക്കും. പെണ്ണിന്റെ വീട്ടുകാർക്ക് ആ ചെക്കനു പെണ്ണിനെ നല്കുവാൻ സമ്മതമാണെങ്കിൽ ആ കമ്പിളിത്തുണി സ്വീകരിക്കും. പിന്നീട് വീട്ടുകാരുമൊത്തുള്ല കല്യാണ്. ഭാഷയിലും രീതികളിലും തമിഴ് സംസ്കാരം ഇവിടെ കാണുവാൻ സാധിക്കും.

PC:Joseph Lazer

മാട്ടുപെട്ടി ഡാം

മാട്ടുപെട്ടി ഡാം

മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ഒരുപാട് കാഴ്ചകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മാട്ടുപ്പെട്ടി ഡാം. മൂന്നാറിന് ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ട് എന്നും ഇവിടം അറിയപ്പെടുന്നു. ഡാമിലൂടെയുള്ള ബോട്ട് യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

പാലാർ നദിയ്ക്കു കുറുകേ പണിതിരിക്കുന്ന ഡാം കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. കേരള ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴിലെ ഇന്‍ഡോ-സ്വിസ് ലൈവ് പ്രോജക്ട്, മാട്ടുപ്പെട്ടി തടാകം, കുണ്ടള ഡാം എന്നിവയാണ് ഇതിനടുത്തു കാണുവാനുള്ള കാഴ്ചകൾ.

മൂന്നാറിൽ നിന്നും 11.2 കിലോമീറ്റര്‍ ദൂരം മാട്ടുപ്പെട്ടി ഡാമിലേയ്ക്കുണ്ട്.

PC:Iameashan27

ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

മൂന്നാറിൽ ഏറ്റവും അധികം സ‍ഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശഭീഷണി നേരിടുന്ന ഹെമിട്രാഗസ് ഹൈലോക്രിയസ് എന്ന വരയാടുകളുടെ പ്രദേശമാണ് ഇത്. വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ഇരവികുളം ദേശീയോദ്യാനം മൂന്നാറിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം കൂടിയാണിത്. 97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. രാവിലെ 8.00 മുതൽ വൈകിട്ട് 4.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുക. നാഷണല്‍ പാര്‍ക്കിലേക്കുള്ള വഴി തിരിയുന്ന രാജമല എന്ന സ്ഥലത്തു വരയെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. വരയാടുകളെ കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്നും അനുമതി വാങ്ങി വനംവകുപ്പിന്റെ വണ്ടിയില്‍ പോകാം.

PC:N. A. Naseer

ടീ മ്യൂസിയം

ടീ മ്യൂസിയം

മൂന്നാറിലെ തേയിലയുടെ ചരിത്രവും രുചിയും പറ‍ഞ്ഞു തരുന്ന ഇടമാണ് ടൗണിൽ തന്നെയുള്ള ടീ മ്യൂസിയം. ണ്ണൻ ദേവൻ ഹിൽസ് പ്ലാന്‍റേഷൻ കമ്പനിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ടീ മ്യൂസിയം മൂന്നാറിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ടാറ്റയുടെ കീഴിലുള്ല നല്ലത്താണി ടീ പ്ലാന്റേഷനിലാണ് മ്യൂസിയമുള്ളത്.

രാവിലെ 9.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് ഇവിടെക്കുള്ള പ്രവേശനം.

ചിന്നക്കനാൽ

ചിന്നക്കനാൽ

മൂന്നാറിൽ നിന്നും വെറുതേയൊരു ഡ്രൈവ് ചെയ്ത് പോയ മനോഹരമായ കാഴ്ചകൾ കണ്ടുവരുവാൻ പറ്റിയ ഇടമാണ് ചിന്നക്കനാൽ. സഞ്ചാരികൽക്കിടയിൽ അധികം പ്രശസ്തമല്ലാത്ത ഇവിടെ 800 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ചിന്നക്കനാൽ വെള്ളച്ചാട്ടമാണ് പ്രധാന കാഴ്ച. ട്രക്കിങ്, ഫോട്ടോഗ്രഫി തുടങ്ങിയവ പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്. മൂന്നാറില്‍ നിന്നും 20 കിലോമീറ്റർ അകലെയാണ് ചിന്നക്കനാൽ സ്ഥിതി ചെയ്യുന്നത്.

PC: Augustus Binu

മൂന്നാർ വിന്‍റർ കാർണിവൽ

മൂന്നാർ വിന്‍റർ കാർണിവൽ

മൂന്നാറിലെ ആഘോഷങ്ങൾ ജനുവരിയിലാണെന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. 2020 ലെമൂന്നാർ വിന്റർ കാർണിവൽ ജനുവരി 10 മുതൽ 26 വരെയാണ് നടക്കുക. കൂടുതൽ സഞ്ചാരികളെ മൂന്നാറിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ മൂന്നാർ കാർണിവൽ നടത്തുന്നത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡനാണ് കാർണിവലിന്റെ വേദി. പുഷ്പമേള, ഭക്ഷ്യമേള, ഫോട്ടോ പ്രദര്‍ശനം, കലാകാരന്‍മാര്‍ നേതൃത്വം നല്‍കുന്ന കലാപരിപാടികള്‍ തുടങ്ങിയവയാണ് ഇതിലെ പ്രധാന പരിപാടികൾ. കാര്‍ണിവലില്‍ നിന്ന് ലഭിക്കുന്ന പണം മൂന്നാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

സെതാൻ...മണാലിക്കും മേലെയുള്ള അത്ഭുത നാട്

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more