യാത്രകള്‍ കൂടുതല്‍ രസകരമാകുന്നത് അവ കൂടുതല്‍ അപകടകാരികളാവുമ്പോഴാണ്. മുന്നോട്ടുള്ള ഓരോ ചുവടുകകളിലും എന്താണ് കാത്തിരിക്കുന്നതെന്ന് അറിയാതെയുള്ള യാത്രകള്‍. മുന്നോട്ടു പോകുംതോറും വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന യാത്രകള്കക് ലോകമെമ്പാടും നിരവധി ആരാധകരുമുണ്ട്. എന്താണ് ഇനി മുന്നില്‍ കാത്തിരിക്കുന്നതെന്ന് തേടിയുള്ള യാത്രകള്‍ ചിലപ്പോഴൊക്കെ അപകടത്തിലേക്കും വഴിവെച്ചിട്ടുണ്ട്. എങ്കിലും അതേദൂരങ്ങള് വീണ്ടും താണ്ടുവാനെത്തുന്നവരും കുറവല്ല.
ഇതാ ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രക്കിങ്ങുകളും ഹൈക്കിങ്ങുകളും പരിചയപ്പെടാം..

കലാലൗ വാലി, കൗവായി, ഹവായ്
സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി മുകളിലൂടെ 11 മൈല്‍ നീണ്ടു കിടക്കുന്ന അത്യുഗ്രന്‍ യാത്രയാണ് ഹവായിലെ കലാലൗ വാലി യാത്ര, കടലിനു സമീപത്തുള്ള മണ്തിട്ടകളിലേക്ക് വാശിയില്‍ അടിച്ചുകയറുന്ന തിരമാലകളെ പിന്നിട്ട് കന്നത്ത കാടും അലറിച്ചിതറി തെറിക്കുന്ന വെള്ളച്ചാട്ടങ്ങളും കുത്തനെയുള്ള ചെരിവുകളും ഒറ്റയടിപ്പാതകളും എല്ലാം കയറിയിറങ്ങിയുള്ള ഒരിക്കലും മറക്കാനാവാത്ത യാത്രയായിരിക്കും ഇത്.
സാധാരണ ഗതിയില്‍ യാത്ര ഇവിടംകൊണ്ട് അവസാനിക്കുമെങ്കിലും ഇനിയും പോകണമെന്നുള്ളവര്‍ക്ക് മുന്നോട്ടേയ്ക്ക് പോകാം. കലാലു താഴ്വരയിലേക്ക് 19 മൈൽ കൂടി ഇവര്‍ക്ക് പോകാം.

ബ്രൈറ്റ് ഏഞ്ചല്‍ ട്രെയില്‍, അരിസോണ
പേരു കേള്‍ക്കുമ്പോള്‍ സന്തോഷവും യാത്ര കുറച്ച് എളുപ്പവുമാണെന്നൊക്കെ തോന്നുമെങ്കിലും പേരില്‍ മാത്രമേ ഇതുള്ളുവെന്നാണ് യാഥാര്‍ത്ഥ്യം. ഗ്രാന്‍ഡ് ക്യാന്യന് നാഷണല്‍ പാര്‍ക്കില്‍ നിന്നും 15 കിലോമീറ്റര്‍ നീണ്ട ട്രക്കിങ്ങാണിത്. പല ട്രക്കിങ്ങുകളേയും അപേക്ഷിച്ച് 15 കിലോമീറ്റര്‍ വലിയ ദൂരമലലെങ്കില് കൂടിയും 37 ഡിഗ്രിയിലധികം ചൂടില്‍ ഹൈക്ക് ചെയ്യുക എന്നത് അവിടുത്തുകാര്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇന്ത്യക്കാര്‍ക്ക് ഈ ചൂട് ഒരു വെല്ലുവിളിയേയല്ല എന്നുകൂടി ഓര്‍മ്മിക്കുക.

സിയുഡാഡ് പെർഡിഡ, കൊളംബിയ
മുന്‍കൂട്ടി പ്രവചിക്കുവാനാവാത്ത തെക്കേ അമേരിക്കല്‍ കാലാവസ്ഥയിലൂടെ നടത്തുന്ന കൊളംബിയയിലല സിയുഡാഡ് പെർഡിഡ ട്രക്കിങ്ങും സാഹസിക സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഏകദേശം ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന യാത്രയാണിത്. സമുദ്ര നിരപ്പില്‍ നിന്നും നാലായിരത്തോളം അടി മുകളിലൂടെയാണ് യാത്ര മുന്നോട്ടു പോകുന്നത്.
വരണ്ട ചൂടുകാലമാണെങ്കില്‍ പോലും ഇവിടുത്തെ നദിയിലൂടെ മുട്ടറ്റം വെള്ളത്തിലൂടെ മുറിച്ചുകടക്കുന്നത് അത്രയെളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ മഴക്കാലത്താണെങ്കില്‍ നെഞ്ചുവരെ വെള്ളം ഉയരുന്നതിനാല്‍ ട്രക്കിങ് എന്നതിലധികമായി നീന്തല്‍ എന്നതിലേക്ക് യാത്ര മാറും.
പുതുവര്‍ഷം മൗനത്തിന്റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

സ്നോമാന്‍ ട്രക്ക് ഭൂട്ടാന്
ഭൂട്ടാനിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ്ങുകളില്‍ ഒന്നാണ് സ്നോമാന്‍ ട്രക്ക് . ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ യാത്രകളില്‍ ഒന്നുകൂടിയാണിത്. പേരിലെ ഭംഗി പ്രതീക്ഷിച്ച് ഈ യാത്രയ്ക്ക് ഒരിക്കലും ഇറങ്ങിപുറപ്പെടരുത്. കാരണം യാത്രയ്ക്കിറങ്ങന്നവരില് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ സ്നോമാന്‍ ട്രക്കിങ് പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ.
ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കയറ്റങ്ങളിൽ ഒന്നായ ഇത് നേപ്പാളിലെ ഏറ്റവും പ്രയാസമേറിയ യാത്ര കൂടിയാണിത്.
സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററില്‍ തുടങ്ങി 5332 മീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരും. സാധാരണഗതിയില്‍ എത്തിപ്പെടുവാന്‍ സാധിക്കാത്ത ഈ റൂട്ടില്‍ കഠിനമായ കാലാവസ്ഥാ മാറ്റങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ അതിമനോഹരങ്ങളായ കാഴ്ചകള്‍ യാത്രയില്‍ പോസിറ്റീവ് എനര്‍ജി നിറച്ചുകൊണ്ടേയിരിക്കും,
മഞ്ഞുവീഴ്ച കാരണം മൗണ്ടൻ പാസ് പലപ്പോഴും അടച്ചിരിക്കുന്നതിനാൽ ശൈത്യകാലത്ത് ഈ വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗ് നടത്താൻ കഴിയില്ല, അതിനാൽ ഈ യാത്ര ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ അറിഞ്ഞു യാത്ര ചെയ്യുവാന്‍ ശ്രമിക്കുക.

മൗണ്ട് കിളിമഞ്ചാരോ, ടാന്‍സാനിയ, ആഫ്രിക്ക
സാഹസികരുടെയിടയില് പ്രസിദ്ധമായ മൗണ്ട് കിളിമഞ്ചാരോ താരതമ്യേന എളുപ്പമുള്ള യാത്രയാണെങ്കിലും ചില പാതകളിലൂടെ മാത്രമാണ് ഇത് എളുപ്പമുള്ളതായി തോന്നുന്നത്. വിസ്കി റൂട്ട് എന്നറിയപ്പെടുന്ന പാതയിലൂടെയുള്ള യാത്ര ലോകത്തിലെ ഏറ്റവും നേരിട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കയറ്റങ്ങളിൽ ഒന്നാണ്.
ഉയരങ്ങളിലേക്കുള്ള യാത്രകളില്‍ ആളുകള്‍ക്ക് സാധാരണ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ പലതും ഇവിടെയും നേരിടാം. ജലാശയങ്ങളും വനങ്ങളും എല്ലാം കണ്ടുള്ള ഈ യാത്ര അതിമനോഹരമായിരിക്കും. പ്രത്യേകിച്ച് അസുഖങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ ഒരാഴ്ച കൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കാം.

കൊകോഡ ട്രക്ക്, പാപുവാ ന്യൂഗിനിയ
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന യാത്രയാണ് പാപുവാ ന്യൂഗിനിയയിലെ കൊകോഡ ട്രക്ക്. പപ്പുവ ന്യൂ ഗിനിയയുടെ തെക്ക്, വടക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഈ യാത്ര ലോകത്തിന്റെ മറ്റൊരു കോണിലെ തികച്ചും വ്യത്യസ്തമായ കുറേ കാഴ്ചകള്‍ കാണിച്ചുതരുന്ന യാത്ര കൂടിയാണ്. കാലാവസ്ഥയും സഞ്ചാരികളുടെ ശാരിരിക ക്ഷമതയുമനുസരിച്ച് നാലു മുതല്‍ എട്ടു ദിവസം വരെ ഈ യാത്രയ്ക്കായി വേണ്ടി വന്നേക്കാം. യാത്രയില്‍ വഴി തെറ്റിയാല്‍ വലിയ ബുദ്ധിമുട്ടുകളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.
മലേറിയ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ രോഗങ്ങളിൽ നിന്നുള്ള ഭീഷണികളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും കഠിനമായ നടത്തങ്ങളിലൊന്നായി ഇത് മാറുന്നുണ്ടെങ്കിലും, ഇത് ഒരു യഥാർത്ഥ സാഹസികതയാണ് . നദിക്ക് കുറുകേയിട്ടിരിക്കുന്ന രഒറ്റ മരത്തടിയിലൂടെയുള്ള നദിമുറിച്ചുകടക്കലും ഫേൺസ് കാടുകൾ, മഴക്കാടുകൾ, ഒപ്പം അതിശയകരമായ കാഴ്ചകൾ ഒക്കെക്കണ്ട് ഈ യാത്ര പൂര്‍ത്തിയാക്കാം.

എവറസ്റ്റ് ബേസ് ക്യാംപ് നേപ്പാള്‍
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ നോക്കിക്കാണുന്ന യാത്രകളിലൊന്നാണ് നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രക്കിങ്. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ കയറ്റങ്ങളിൽ ഒന്നാണെങ്കിലും സഞ്ചാരികള്‍ ഏറ്റവും അഭിമാനകരമായ യാത്രകളിലൊന്നായി കരുതുന്നതു കൂടിയാണിത്. രണ്ടാഴ്ചയിലധികം എടുത്ത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്ന ഈ യാത്ര വലിയൊരു വെല്ലുവിളിതന്നെ സഞ്ചാരികള്ക്കുയര്ത്തും. നദികളും പര്‍വ്വതങ്ങളും എല്ലാം താണ്ടി വ്യത്യസ്തമായ ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നുകൂടിയായിരിക്കും.

പെയ്നെ സര്‍ക്യൂട്ട് ട്രക്ക്, ചിലി
ലോകത്തിലെ ഏറ്റവും മനോഹരമായ യാത്രകളിലൊന്ന് എന്നു നിസംശയം പറയുവാന്‍ സാധിക്കുന്ന ഒന്നാണ് ചിലിയിലെ പെയ്നെ സര്‍ക്യൂട്ട് ട്രക്ക്. വെറും എട്ടു മുതല്‍ ഒന്‍പത് ദിവസം വരെ നീണ്ടു നില്ക്കുന്ന യാത്രയില്‍ നാലു കാലാവസ്ഥകളും അനുഭവിച്ചറിയുവാന്‍ സാധിക്കുമെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. 90 ഡിഗ്രിയിലുള്ള കയറ്റങ്ങളാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.
രാജസ്ഥാനിലെ സ്വര്‍ഗ്ഗഭൂമി- ഇത് ദൗസ! കാഴ്ചകളൊരുക്കുന്ന മായികലോകം
അംഗോര്‍വാട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം
അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്