പ്രകൃതി മനംനിറഞ്ഞ് അനുഗ്രഹിച്ച കുറേയേറെ കാഴ്ചകളാണ് ഹിമാചല്‍ പ്രദേശിലെ ചമ്പയുടെ പ്രത്യേകത. ഹിമാലയത്തിന്റെ മഞ്ഞും തണുപ്പും മാത്രമല്ല, പച്ചപ്പും ഹരിതാഭയും ഈ പ്രദേശത്തിനു സ്വന്തമായുണ്ട്. പാരമ്പര്യത്തിന്റെ കാര്യത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കം ഈ നാടിന് ധൈര്യമായി അവകാശപ്പെടാം. രണ്ടാം നൂറ്റാണ്ടില്‍ ഖസാസും അതിനു ശേഷം അടുംബാരാസും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മറ്റുപല ഇടങ്ങളെയും പോലെ സഞ്ചാരികളുടെ കണ്ണ് ഇനിയും ചമ്പായില്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നതു തന്നെയാണ് ഇവിടം സന്ദര്‍ശിക്കണം എന്നു പറയുന്നതിനു പിന്നിലെ കാരണവും. ഒരിക്കലും പിന്നിലുപേക്ഷിക്കുവാന്‍ തോന്നാത്ത തരത്തിലുള്ള ഭംഗിയും ശാന്തതയും ഏകാന്തതയും ഈ സ്ഥലത്തിനുണ്ട്.

മണിമഹേഷ് തടാകം
ചമ്പായിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് മണിമഹേഷ് തടാകം. ഹൈന്ദവ തീര്‍ത്ഥാടനത്തിന്റെ ഭാഗമായ ഈ തടാകം പീര്‍ പഞ്ചല്‍ റേഞ്ചിലെ മണി മഹേഷ് കൈലാഷ് പീക്കിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ മിന്നും 4080 മീറ്റര്‍ ഉയരത്തിലാണ് ഇവിടം ഉള്ളത്. ഓഗസ്റ്റ് , സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇവിടെ കൂടുതലും തീര്‍ത്ഥാടകര്‍ എത്തുന്നത്. മണിമഹേഷ് യാത്ര എന്നാണ് ഈ തീര്‍ത്ഥാടനം അറിയപ്പെടുന്നത്.
PC:Pulkit Tyagi

കാലാടോപ്പ് വൈല്‍ഡ് ലൈഫ് സാങ്ച്വറി
ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച വൈല്‍ഡ് ലൈഫ് സാങ്ച്വറികളിലൊന്നായി എണ്ണപ്പെടുന്നതാണ് കാലാടോപ്പ് വൈല്‍ഡ് ലൈഫ് സാങ്ച്വറി. 30.69 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടം ഹൈക്കിങ്ങില്‍ താല്പര്യമുള്ളവര്ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ്. ഹിമാലയൻ മാർട്ടെൻ, ജക്കാള്‍, പുള്ളിപ്പുലി തുടങ്ങിയ നിരവധി കാഴ്ചകളാല്‍ ഇവിടം സമ്പന്നമാണ്.

ചാമുണ്ഡാ ദേവീ ക്ഷേത്രം
ധര്‍മ്മശാലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചാമുണ്ഡാ ദേവി ക്ഷേത്രം ഇവിടുത്തെ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. 1762 ല്‍ രാജാ ഇമെദ് സിംങാണ് ഇവിടെ ബനെര്‍ നദിക്കരയില്‍ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവനും ശക്തിക്കും ആയി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചമേരാ ഡാം
രവി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചമേരാ ഡാം ചമ്പയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്.പ്രദേശത്തെ വൈദ്യുതിയുെ പ്രധാന ഉത്പാദന കേന്ദ്രം കൂടിയാണിത്, മലകളുടെയും പര്‍വ്വതങ്ങളുടെയും തടാകത്തിന്റെയും ദൃശ്യത്താല്‍ അതിമനോഹരമാണ് ഇവിടം.