Search
  • Follow NativePlanet
Share
» »ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രം

ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രമാണ് ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴ ചേർന്ന് വിശ്വാസികളെ അമ്പരപ്പിക്കുന്നത്...

ആർത്തവവും ക്ഷേത്ര പ്രവേശനവും കേരളത്തിലെ തർക്ക വിഷയമായിട്ട് നാളുകൾ കുറേയായെങ്കിലും പ്രശ്നപരിഹാരം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ജൈവീകമായ വ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തിരക്കിട്ട് പുരോഗമിക്കുമ്പോളും ഇതിലൊന്നും പെടാതെ ദേവിയുടെ ആർത്തവത്തെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. സ്ത്രീകളെ അബലയെന്നു പറഞ്ഞ മാറ്റി നിർത്തുമ്പോഴും അതേ സ്ത്രീ ശരീരത്തെ ശക്തിയായി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും നമുക്ക് അപരിചിതമായ ഒരു ക്ഷേത്രം നമ്മുടെ നാട്ടിൽ തന്നെയുണ്ട്. രജസ്വലയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രമാണ് ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴ ചേർന്ന് വിശ്വാസികളെ അമ്പരപ്പിക്കുന്നത്...

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

ചരിത്രവും ഐതിഹ്യകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും വിശ്വാസങ്ങൾ അതിനും മേലെയാണ്. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിലാണ് വിശ്വാസികൾക്ക് ആശ്രയമേകുന്ന ചെങ്ങന്നൂർ മഹാദ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RajeshUnuppally

പെരുന്തച്ചൻ പണിത് പരശുരാമൻ പ്രതിഷ്ഠ നടത്തി....

പെരുന്തച്ചൻ പണിത് പരശുരാമൻ പ്രതിഷ്ഠ നടത്തി....

വിശ്വാസങ്ങളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്ത് മഹാതച്ചനായിരുന്ന പെരുന്തച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് ഒരു വിശ്വാസമുണ്ട്.
108 ശിവാലയങ്ങളിൽ ഉൾപ്പെടുന്നതിനാൽ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് മറ്റൊരു വിശ്വാസം. എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോള്‍ ക്ഷേത്രം കത്തി നശിക്കുകയും പിന്നീട് തഞ്ചാവൂരിൽ നിന്നും വന്ന പ്രഗത്ഭരായ തച്ചന്മാരാണ് ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചത് എന്നുമാണ് പറയുന്നത്. ഇത് തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ് നടന്നത്. പല തവണ ക്ഷേത്രം പുതുക്കിപ്പണിയലിന് വിധേയമായ ക്ഷേത്രം വര്‍ഷങ്ങളെടുത്താണ് ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചത്. അന്നത്തെ തീപിടുപത്തത്തിൽ നശിക്കാതെ അവശേഷിച്ചത് ശ്രീകോവിൽ മാത്രമാണത്തെ. ചെളിയിട്ട് നിർമ്മിച്ചതു കൊണ്ട് തീയിൽപെട്ടില്ല എന്നാണ് ചരിത്രം.

PC:Ssriram mt

പമ്പയുടെ പടിഞ്ഞാറേക്കരയിൽ

പമ്പയുടെ പടിഞ്ഞാറേക്കരയിൽ

ശബരിഗിരി നാഥന്റെ പുണ്യവുമായി ഒഴുകിയെത്തുന്ന പമ്പാ നദിയുടെ പടിഞ്ഞാറേക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തടുക്കാനായി നിർമ്മിച്ച ഹനുമാൻ ക്ഷേത്രം, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രം തുടങ്ങിയവയാണ് ആദ്യ കാഴ്ചകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്ര ഗോപുരങ്ങൾ കടന്നാൽ ആനക്കൊട്ടിൽ, കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങൾ, നൂറടി ഉയരമുള്ള കൊടിമരം, വലുപ്പത്തിലുള്ള ബലിക്കല്ല്, പത്തേക്കർ വിസ്തീർണ്ണത്തിലുള്ള വിശാലമായ മതിലകം, ഉപദേവതാ പ്രതിഷ്ഠകൾ, തിരുവമ്പാടി ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ ക്ഷേത്രം, നാഗദൈവങ്ങളുടെ പ്രതിഷ്ഠ, ആൽത്തറയിൽ നാഗദൈവങ്ങൾ, , ഒറ്റനിലയിൽ കല്ലിൽ തീർത്ത ശ്രീകോവിൽ, ശ്രീകോവിലിനെ ചുറ്റിയുള്ള നാലമ്പലം തുടങ്ങിയവയാണ് ഇവിടെയുള്ളത്. അ‍ഞ്ച് ആനകളെ ഒരേ സമയം എഴുന്നള്ളിക്കുവാൻ തക്ക വലുപ്പമുള്ളതാണ് ഇവിടുത്തെ ആനക്കൊട്ടിൽ. തനി കേരളീയ വാസ്തു വിദ്യയനുസരിച്ചാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം മുഴുവനും. കേരളീയശൈലിയിൽ നിർമ്മിച്ച മൂന്നുനിലയുള്ള ക്ഷേത്ര ഗോപുരവും ശ്രീകോവിലും ഒക്കെ ഈ വാദത്തെ ശരിവയ്ക്കുന്നു.

PC:Ssriram mt

രജസ്വലയാകുന്ന ദേവി

രജസ്വലയാകുന്ന ദേവി

വിശ്വാസങ്ങളും ആചാരങ്ങളും ഒട്ടേറെയുണ്ടെങ്കിലും ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത രജസ്വലയാകുന്ന ദേവിയാണ്. ഇങ്ങനെയൊരു വിശ്വാസവും അനുഷ്ഠാനവുമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. പൂജയുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ രജസ്വലയാകുന്നതിന്റെ അടയാളങ്ങൾ കണ്ടാൽ പിന്നെ ആഘോഷങ്ങളാണ്. ആദ്യം രജസ്വലയായതാണോ എന്നുറപ്പുവരുത്തുകയാണ് ചെയ്യുന്നത്. മേൽശാന്തി താഴമണ്‍മഠത്തിലെ അന്തര്‍ജനത്തെ ഇക്കാര്യം അറിയിച്ച് അവരെത്തി ദേവി രജസ്വലയായി എന്നുറപ്പു വരുത്തും. ശേഷം ശ്രീ കോവിലിൽ നിന്നും വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീട് മൂന്നു ദിവസത്തേയ്ക്ക് ക്ഷേത്ര നടയടയ്ക്കുകയും നാലാം ദിവസം ദേവിയെ മിത്രപുഴയിൽ ആറാട്ട് നടത്തി കുളിപ്പുരയിൽ ആനയിച്ചിരുത്തും. തൃപ്പൂക്കാറാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. കുളിപ്പുരയിൽ നിന്നും പിടിയാനയുടെ പുറത്താണ് ദേവി എഴുന്നള്ളുന്നത്.

PC:Balaji Kasirajan

ആഗ്രഹങ്ങൾ സഫലമാകുന്ന ദിനം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിനം

തൃപ്പൂത്താറാട്ടിൽ പങ്കെടുത്ത് പ്രാർഥിച്ചാൽ മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും എന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു. സുഖകരമായ ദാമ്പത്യത്തിനും വിവാഹം നടക്കുവാനും സന്താന ലബ്ദിക്കും ഒക്കെ ഈ ദിവസങ്ങളിൽ ഇവിടെയെത്തി പ്രാർഥിച്ചാൽ മതിയത്രെ. തൃപ്പൂത്ത് ആരംഭിച്ച് 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി നടത്തുവാനും ആയിരക്കണത്തിന് ആളുകൾ ഇവിടെയെത്തുന്നു. ദേവിയുടെ ഇഷ്ടവഴിപാടാണത്രെ ഇത്.
PC: Chengannur Mahadeva Temple FB

മൺറോ സായിപ്പും തൃപ്പൂത്താറാട്ടും

മൺറോ സായിപ്പും തൃപ്പൂത്താറാട്ടും

തൃപ്പൂത്താറാട്ടിനെക്കുറിച്ച് പലകഥകളും പ്രചാരത്തിലുണ്ടെങ്കിലും അതിൽ പ്രശസ്തം മൺറോ സായിപ്പുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ തൃപ്പൂത്താറാട്ടിനുള്ള ഫണ്ട് അദ്ദേഹം വെട്ടിക്കുറയ്ക്കുകയുണ്ടായത്രെ. കുറേനാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കഠിനമായ ഒരു രോഗം ബാധിക്കുകയും അത് ശമനമില്ലാതെ തുടരുകയും ചെയ്തു. പിന്നീട് നടത്തിയ ദേവ പ്രശ്നത്തിൽ അത് ദേവിയുടെ കോപമാണെന്ന് അറിയുകയും അദ്ദേഹം പ്രാശ്ചിത്തമായി പനംതണ്ടൻ വളകൾ ദേവിക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് വർഷത്തെ ആദ്യ തൃപ്പൂത്താറാട്ടിനുള്ള പണം അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്യുമായിരുന്നു.

PC:Dvellakat

ഇരുപത്തിയെട്ടുദിവസത്തെ തിരുവുത്സവം

ഇരുപത്തിയെട്ടുദിവസത്തെ തിരുവുത്സവം

തൃപ്പൂത്താറാട്ടിനൊപ്പം തന്നെ പ്രശസ്തമാണ് ഇവിടുത്തെ ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം. ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ അവസാനിക്കുന്ന രീതിയിലാണ് ഇത്. മുഴുവൻ ദിവസങ്ങളിലും നാട് മുഴുവൻ എത്തിച്ചേരുന്ന തരത്തിലുള്ള ഗംഭീരമായ ആഘോഷമാണ് ഇവിടെയുണ്ടാവുക. പമ്പാനദിയിലാണ് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ശബരിമല ഇടത്താവളങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. അതിനാൽ കെട്ടു നിറയ്ക്കും തീർഥാടനത്തിനുമായി മണ്ഡലകാലത്ത് ഒരുപാട് തീര്‍ഥാടകർ ഇവിടെ എത്തുന്നു,

PC: Chengannur Mahadeva Temple FB

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെങ്ങന്നൂരിൽ നിന്നും 500 മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും വരുമ്പോൾ ആലപ്പുഴ-ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂരിലെത്താം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്ററും ബസ് സ്റ്റാൻഡിൽ നിന്നും അരക്കിലോമീറ്ററുമാണ് ഇവിടേക്ക് ദൂരം.
പുലർച്ചെ 3.30ന് നട തുറന്ന് 11.30 ന് നട അടയ്ക്കും. പിന്നീട് വൈകിട്ട് 5 മണിക്ക് തുറന്ന് എട്ടു മണിക്കാണ് നട അടയ്ക്കുന്നത്.

പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X