» »ചെട്ടിനാടെന്നാല്‍ വെറും രുചി മാത്രമല്ല

ചെട്ടിനാടെന്നാല്‍ വെറും രുചി മാത്രമല്ല

Written By: Elizabath

ചെട്ടിനാട് എന്ന പേരുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അവിടുത്തെ രുചികളാണ്. വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങള്‍ ഭക്ഷണപ്രിയരുടെ ഒഴിച്ചുകൂടാനാവാത്ത രുചികളില്‍ ഒന്നാണ്. ഇവിടുത്തെ തനത് മസാല,രുചിക്കൂട്ടുകള്‍ ചേര്‍ത്ത കോഴിക്കറിക്കാണ് ഏറ്റവുമധികം ആരാധകരുള്ളത്.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പ്രശസ്തമായ സ്ഥലമാണ് ചെട്ടിനാട്. ചെട്ടി അഥവാ സമ്പത്ത് എന്നര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് ഈ നാടിന് പേരുലഭിക്കുന്നത്.

ചെട്ടിനാടെന്നാല്‍ വെറും രുചി മാത്രമല്ല

PC: EVENSAB

മസാലക്കൂട്ടുകള്‍ ചേര്‍ത്ത് രുചിയുടെ മേളമൊരുക്കുന്ന ഒരു നാടു മാത്രമല്ല ചെട്ടിനാട്. യുനസ്‌കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
കാരൈക്കുടി പട്ടണവും സമീപത്തുള്ള 74 ഗ്രാമങ്ങളും ചേരുന്നതാണ് ഇപ്പോഴത്തെ ചെട്ടിനാട്. ചെട്ടിനാട്ടിലെത്തിയാല്‍ കാണാനുള്ള കാഴ്ചകള്‍ നോക്കാം.

ചെട്ടിനാടെന്നാല്‍ വെറും രുചി മാത്രമല്ല

PC: CCFoodTravel.com

മണിമാളികകള്‍ക്കു പേരുകേട്ടയിടം

കലാരംഗത്തും വാസ്തുവിദ്യയിലും ചെട്ടിനാടുകാര്‍ക്കുണ്ടായിരുന്ന മഹത്വം വിളിച്ചോതുന്നതാണ് ഇവിടെ കാണുന്ന ഓരോ മാളികകളും. തങ്ങളുടെ സമ്പത്തിന്റെ മഹത്വം വിളിച്ചുപറയുന്ന വിധമാണ് ഇവയുടെ നിര്‍മ്മാണം.
പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് ഇവിടുത്തെ ഭവനങ്ങളില്‍ അധികവും. ഒരു വലിയ നടുമുറ്റത്തിനു ചുറ്റും നിര്‍മ്മിച്ച വിശാലമായ മുറികളാണ് ഇവരുടെ പ്രത്യേകത.

ചെട്ടിനാടെന്നാല്‍ വെറും രുചി മാത്രമല്ല

PC:Joelsuganth

ക്ഷേത്രനഗരം

ചോളക്ഷേത്രങ്ങളുള്‍പ്പെടെ ധാരാളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നയിടമാണ് ചെട്ടിനാട്. അതിനാല്‍ തന്നെ പ്രാദേശികമായി ഇവിടം ക്ഷേത്രനഗരം എന്നും അറിയപ്പെടുന്നു.
ചെട്ടിനാടു നിന്നും 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കനടുകാതന്‍ എന്ന സ്ഥലത്തെ പിള്ളയാര്‍പട്ടി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒന്ന്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ആ ക്ഷേത്രം ശിവന്റയെും ഗണപതിയുടെയും പേരിലുള്ള പ്രധാന ക്ഷേത്രമാണ്.

ചെട്ടിനാടെന്നാല്‍ വെറും രുചി മാത്രമല്ല

PC: rajaraman sundaram

നാല്പത് ഏക്കറോളം ദൂരം സ്ഥലത്തായി പരന്നു കിടക്കുന്ന തിരുമായം കോട്ട പ്രാദേശിക ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1687ല്‍ ഇവിടുത്തെ ഭരണാധികാരിയായിരുന്ന വിജയരഘുനാഥ സേതുപതി എന്ന രാജാവാണ് ഇത് നിര്‍മ്മിച്ചത്. ഇവിടെനിന്നുള്ള കാഴ്ചയാണ് ഏറെ മനോഹരം. കൂടാതെ ഇവിടെ കല്ലില്‍ കൊത്തിയ ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

ചെട്ടിനാട് എത്താന്‍
കാരൈക്കുടിയാണ് ചെട്ടിനാട്ടിലെ പ്രധാനപട്ടണം. ഇവിടേക്ക് ചെന്നൈയുള്‍പ്പെടയുള്ള പ്രധാന നഗരങ്ങളില്‍ നിന്നും ട്രെയിന്‍ സൗകര്യം ലഭ്യമാണ്. ചെട്ടിനാട് നിന്നും 85 കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ മധുര സ്ഥിതി ചെയ്യുന്നത്.