തമിഴ്നാട്ടിലെ ചിദംബരം ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ആകാശത്തിനു പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ലോകത്തിന്റെ ഒത്ത നടുവിലായി, ശൂന്യമായ ഈശ്വര സങ്കല്പത്തെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോക പ്രശസ്തമാണ്. രണ്ടായിരത്തിലധികം വർഷത്തെ പഴക്കമുള്ള ചിദംബരം ക്ഷേത്രം അറിയപ്പെടുന്നതു തന്നെ അവിശ്വാസിയേപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നതു പോലും.
ചിദംബരത്തെ നടരാജ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രം നമ്മുടെ നാട്ടിലുണ്ടെന്ന് കേട്ടിട്ടുണ്ടോ?! എറണാകുളത്തെ ചൊവ്വര ചിദംബരസ്വാമി ക്ഷേത്രമാണ് പേരുകൊണ്ടും ആചാരങ്ങൾകൊണ്ടും പ്രസിദ്ധമായ ആ ക്ഷേത്രം. കൂടുതലറിയുവാനായി വായിക്കാം...

ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം
ചിദംബരത്തെ നടരാജ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടുത്തെ ശിവലിംഗം ചിദംബരത്തു നിന്നും കൊണ്ടുവന്നതാണന്നും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

കൊച്ചി രാജകുടുംബവും ക്ഷേത്രവും
കൊച്ചി രാജകുടുംബവുമായി പല തരത്തിലുള്ള ബന്ധങ്ങളും ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജകുടുംബവുമായി വളരെയധികം ബന്ധങ്ങളുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കോവിലകമായിരുന്നു ക്ഷേത്ര കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്. വളരെ ചെറിയ ഒന്നായ ഈ ക്ഷേത്രം പടിഞ്ഞാറ് ദർശനമായാണ് നിർമ്മിച്ചിരിക്കുന്നത്.

പുരാണങ്ങളിലൂടെ
പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പലതവണ ഈ ക്ഷേത്രവും അതിരിക്കുന്ന ഈ ഗ്രാമവും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഇവിടെയാണെന്നാണ് വിശ്വാസം. അത് കൂടാതെ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ഇവിടെ വെച്ച് മരണമടഞ്ഞതിനാൽ ഇവിടം ശ്രീമൂല നഗരം എന്നും അറിയപ്പെടുന്നു.

ക്ഷേത്ര വിശേഷം
ശിവലിംഗ രൂപത്തിലാണ് നടരാജ മൂർത്തിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചിദംബര നാഥനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ചിദംബരേശ്വരം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. മകര മാസത്തിലാണ് ക്ഷേത്രോത്സവം കൊണ്ടാടുന്നത്.

എത്തിച്ചേരുവാൻ
എറണാകുളത്ത്, അങ്കമാലിക്കും ആലുവയ്ക്കും ഇടയിലായി ചൊവ്വര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും 11.3 കിലോമീറ്ററും ആലുവയില് നിന്നും 5.7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ