» »പാട്ടുംപാടി സദ്യയുണ്ണാന്‍ ആറന്മുള വള്ളസദ്യ

പാട്ടുംപാടി സദ്യയുണ്ണാന്‍ ആറന്മുള വള്ളസദ്യ

Written By: Elizabath

ആറന്മുള എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുന്ന രൂപം ആറന്മുള കണ്ണാടിയുടേതാണ്. പിന്നീട് ഒട്ടും പിന്നിലല്ലാടെ ആറന്മുള വള്ളംകളിയും എത്തും. എന്നാല്‍ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന ഒരാള്‍ കൂടിയുണ്ട്. ആറന്മുള വള്ളസദ്യ. പുറംനാട്ടുകാര്‍ക്ക് അത്രയധികമൊന്നും രുചിക്കാനായിട്ടില്ലെങ്കിലും വിദേശികളടക്കമുള്ളവര്‍ തേടിയെത്തുന്ന ഈ വള്ളസദ്യ ലോകപ്രശസ്തം തന്നെയാണ്.

ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യ

ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യ

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാനെത്തുന്ന ആറന്മുള വള്ളസദ്യ ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യയായാണ് അറിയപ്പെടുന്നത്. പരമ്പരാഗത രീതിയില്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിലാണ് സദ്യയുണ്ണുന്നത്.

PC: Augustus Binu

പാട്ടുംപാടി കഴിക്കാന്‍ 63 വിഭവങ്ങള്‍

പാട്ടുംപാടി കഴിക്കാന്‍ 63 വിഭവങ്ങള്‍

63 വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ആറന്മുള വള്ളസദ്യ.
ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം,
പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി, വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങള്‍.

PC:RajeshUnuppally

വിഭവങ്ങള്‍ പാട്ടുപാടി ചോദിച്ചുവാങ്ങുക

വിഭവങ്ങള്‍ പാട്ടുപാടി ചോദിച്ചുവാങ്ങുക

സദ്യയുടെ തുടക്കത്തില്‍ 48 വിഭവങ്ങളാണ് ഇലയിലുണ്ടാവുക. പിന്നീട് ബാക്കിയുള്ള വിഭവങ്ങള്‍ വിളമ്പുകാരില്‍ നിന്ന് ചോദിച്ചുവാങ്ങുകയാണ് ചെയ്യുന്നത്. വള്ളപ്പാട്ടില്‍ കൂടിയാണ് വിഭവങ്ങള്‍ ചോദിക്കുന്നത്. ചോദിക്കുന്ന വിഭവങ്ങള്‍ ഇല്ല എന്നു പറയാന്‍ പാടില്ലത്രെ.

PC:Youtube

പറ തളിക്കുക

പറ തളിക്കുക

സദ്യ കഴിഞ്ഞ് കൈകഴുകിയെത്തിയ കരക്കാര്‍ കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ നമസ്‌കരിക്കും. പിന്നീട് അവിടെ നിറച്ചുവച്ചിരിക്കുന്ന പറ മറിക്കും. ഇതിനെ പറതളിക്കല്‍ എന്ന് പറയുന്നു.

PC:Dvellakat

സമാപനം

സമാപനം

പറ തളിക്കലിനു ശേഷം വഴിപാടുകാര്‍ ദക്ഷിണ നല്കും. തുടര്‍ന്ന് കരക്കാര്‍ പള്ളിയോടത്തില്‍ വള്ളപ്പാട്ടും പാടി സ്വന്തം കരകളിലേക്ക് മടങ്ങും. അതിനുശേഷമാണ് വഴിപാട് നടത്തുന്ന കുടുംബാംഗങ്ങള്‍ സദ്യ കഴിക്കുന്നത്. ഇതോടെ അന്നത്തെ സദ്യ അവസാനിക്കും.

PC:Dvellakat

ഉദ്ദിഷ്ട കാര്യത്തിനും സന്താനഭാഗ്യത്തിനും

ഉദ്ദിഷ്ട കാര്യത്തിനും സന്താനഭാഗ്യത്തിനും

വള്ളസദ്യ വഴിപാട് നടത്തുന്നതിന് പിന്നില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായുമുള്ളത്. ഉദ്ദിഷ്ടകാര്യം സാധിക്കാനും സന്താനഭാഗ്യത്തിനും വേണ്ടിയാണ് സാധാരണ ഭക്തര്‍ വഴിപാട് നേരുന്നത്.

PC:Dvellakat

ഒക്ടോബര്‍ രണ്ടുവരെ

ഒക്ടോബര്‍ രണ്ടുവരെ

കര്‍ക്കിടകം 15 മുതല്‍ കന്നി 15 വരെയാണ് വള്ളസദ്യ വഴിപാട് നടത്തുന്നത്. ഈ വര്‍ഷത്തെ വള്ളസദ്യ ഒക്ടോബര്‍ രണ്ടുവരെയാണുള്ളത്.

അഷ്ടമി രോഹിണിയിലെ ആഘോഷം

അഷ്ടമി രോഹിണിയിലെ ആഘോഷം

വള്ളസദ്യയിലെ ഏറ്റവും പ്രധാന സദ്യ നടക്കുന്നത് കൃഷ്ണന്റെ ജന്‍മദിനമായ അഷ്ടമി രോഹിണി നാളിലാണ്. ഇതനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബര്‍ 13 നാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഘോഷം നടക്കുക.

വള്ളസദ്യ കഴിക്കാന്‍

വള്ളസദ്യ കഴിക്കാന്‍

ഇത്രയും വായിച്ചപ്പോള്‍ വള്ളസദ്യ കഴിച്ചാല്‍ കൊള്ളാം എന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. എന്നാല്‍ സദ്യയില്‍ പങ്കെടുക്കുക എന്നത് അത്ര എളുപ്പമാവില്ല. പാസ് ലഭിച്ചാല്‍ മാത്രമേ വള്ളസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. പള്ളിയോട സേവാസംഘത്തിന്റെ പക്കല്‍ നിന്നുമാണ് പാസ് ലഭിക്കുക.
PC :Akhilan

 ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായതും പഴക്കമുള്ളതുമായ ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം. ഇവിടുത്തെ ഏറ്റവും വലിയവഴിപാടാണ് ആറന്‍മുള വള്ളസദ്യ. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പാണ്ഡവരിലെ അര്‍ജുനന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

PC: Pradeep717

തിരുവോണത്തോണി

തിരുവോണത്തോണി

ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശസ്തകാര്യമാണ് തിരുവോണത്തോണി.ആറന്‍മുള കാട്ടൂര്‍ മനയിലെ കാരണവര്‍ ഭട്ടതിരി ചിങ്ങത്തിലെ തിരുവോണത്തിന് ക്ഷേത്രത്തില്‍ സദ്യ ത്യയാറാക്കി എത്തിച്ചിരുന്നു. ഈറന്‍മുള ക്ഷേത്രത്തിലേക്ക് തിരുവേണസദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട് തിരുവോണത്തോണിയായി അറിയപ്പെടുന്നത്. കോട്ടയം കുമാരനെല്ലൂര്‍ മങ്ങാട്ട് മനയില്‍ നിന്നാണ് തോണി പുറപ്പെടുന്നത്.

PC: RajeshUnuppally

ആറന്മുള ഉത്രട്ടാതി വള്ളംകളി

ആറന്മുള ഉത്രട്ടാതി വള്ളംകളി

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് പ്രശസ്തമായ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത്. അന്നുത്‌നെയാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനവും പാര്‍ഥന്റെ ജന്‍മനക്ഷത്രനാളും.
തിരുവോണത്തോണിയുമായി വരുന്ന ഭട്ടതിരിക്ക് സംരക്ഷണം നല്കാനായി ചുണ്ടന്‍വള്ളങ്ങള്‍ അകമ്പടി വരുമായിരുന്നുവത്രെ. അതിന്റെ സ്മരണയ്ക്കായിട്ടാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 48 ചുണ്ടന്‍ വള്ളങ്ങളാണ് കള്ളംകളിയില്‍ പങ്കെടുക്കുന്നത്.

PC: Dvellakat

 ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടി

കേരളത്തിന്റെ പൈതൃകബിംബങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. പ്രത്യേക ലോഹക്കൂട്ടില്‍ നിര്‍മ്മിക്കുന്ന ഈ കണ്ണാടിക്ക് ഭൂപ്രദേശ സൂചിക ബഹുമതിയും ലഭിച്ചിട്ടുണ്ട്.

ആറന്മുളക്ഷേത്രത്തിന്റെ നിര്‍മ്മാണ സമയത്ത് ക്ഷേത്രത്തിലെ പൂജാവിളക്കുകള്‍,പൂജാപാത്രങ്ങള്‍, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു വേണ്ടി തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവിലില്‍ നിന്നും ഏതാനും വിശ്വകര്‍മ കുടുംബങ്ങളെ ആറന്മുളയില്‍ കൊണ്ടുവന്നിരുന്നു. പിന്നീട് ജോലിയില്‍ അലസരായി തീര്‍ന്ന ഇവരുടെ ആനുകൂല്യങ്ങള്‍ രാജാവ് പിന്‍വലിച്ചു. തുടര്‍ന്ന് രാജാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു കിരീടം നിര്‍മ്മിച്ച് അദ്ദേഹത്തിന് നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികള്‍ നടത്തുമ്പോള്‍ അതിന് പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീട് അവര്‍ കണ്ണാടി നിര്‍മ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവിന് ഉപഹാരമായി ഒരു കണ്ണാടി നിര്‍മ്മിച്ചു നല്‍കി. ആദ്യ കാലങ്ങളില്‍ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്.

PC: Rajesh Nair

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയുടെ തീരത്തായാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂര്‍ വഴിയും പോകാം.