Search
  • Follow NativePlanet
Share
» »കേരളത്തിലെ പ്രസിദ്ധമായ മുസ്ലീം ദേവാലയങ്ങള്‍

കേരളത്തിലെ പ്രസിദ്ധമായ മുസ്ലീം ദേവാലയങ്ങള്‍

കേരളത്തിലെ പ്രശസ്തമായ മുസ്ലീം ദേവാലയങ്ങളെ പരിചയപ്പെടാം.

By Elizabath Joseph

കേരളത്തിൻറെ ചരിത്രത്തോട് ഏറെ ചേർന്നു നിൽക്കുന്നവയാണ് ഇവിടുത്തെ മുസ്ലീം ദേവാലയങ്ങൾ. കേരളീയ വാസ്തു വിദ്യയിലും മറ്റുമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങൾ വിശ്വാസികളെ മാത്രമല്ല, ചരിത്രത്തിൽ താല്പര്യമുള്ളവരെയും ഗവേഷകരെയും ഒക്കെ ആകർഷിക്കുന്നതാണ്. വിശ്വാസികളുടെ പുണ്യ കേന്ദ്രങ്ങളായി അറിയപ്പെടുന്ന, കേരളത്തിനകത്തും പുറത്തും നിന്ന് വിശ്വാസികൾ എത്തിച്ചേരുന്ന, കേരളത്തിലെ പ്രശസ്തമായ മുസ്ലീം ദേവാലയങ്ങളെ പരിചയപ്പെടാം...

ചേരമാൻ ജുമാ മസ്ജിദ്

ചേരമാൻ ജുമാ മസ്ജിദ്

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ മുസ്ലീം ദേവാലയങ്ങളുടെ കഥ പറയുമ്പോൾ ആദ്യം പറയേണ്ട പേരുകളിലൊന്നാണ് ഏറണാകുളം കൊടുങ്ങല്ലൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ്. ചരിത്രവും പാരമ്പര്യവും നിർമ്മാണ രീതിയുമെല്ലാം എടുത്തു പറയേണ്ട ഈ മസ്ജിദ് എറണാകുളത്തു നിന്നും 33 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
മറ്റു മുസ്ലീം ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങൾ പിന്തുടരുന്ന ഇവിടം ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയവും ആദ്യമായി ഇന്ത്യയിൽ ജുമുഅ നമസ്കാരം നടന്ന ദേവാലയവുമാണ്.
തികച്ചും കേരളീയ വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന് ഒരു ക്ഷേത്രത്തിന്റെ രൂപമാണുള്ളത്. അക്കാലത്തെ ഒരു ബുദ്ധ വിഹാരം പള്ളിയാക്കി മാറ്റിയെടുത്തതാണെന്നും വിശ്വാസമുണ്ട്. എന്തൊക്കെയാണെങ്കിലും പള്ളിയുടെ ആദ്യ രൂപം ഒരു ക്ഷേത്ര്തിന്റെ പോലെ തന്നെയായിരുന്നു.
ഹിന്ദു രാജാവായിരുന്ന ഒരാളുടെ പേരിൽ അറിയപ്പെടുന്ന മുസ്ലീം ദേവാലയം എന്ന വിശേഷണവും ഇതിനുണ്ട്.
നിലവിളക്ക് കൊളുത്തുന്ന മുസ്ലീം ദേവാലയം, കുട്ടികളെ എഴുത്തിനിരുത്തുന്ന പള്ളി, നിലവിളക്കിലെ എണ്ണ പ്രസാദമായി എടുക്കുന്ന ഇടം എന്നിങ്ങനെയുള്ള പ്രത്യേകതകളും ഈ ദേവാലയത്തിനുണ്ട്.

PC:Shahinmusthafa

പാളയം ജുമാ മസ്ജിദ്

പാളയം ജുമാ മസ്ജിദ്

കേരളത്തിലെ പ്രശസ്തമായ മറ്റൊരു മുസ്ലീം ദേവാലയമാണ് പാളയം ജുമാ മസ്ജിദ്. കേരളത്തിലെ മതസൗഹാർദ്ദ രംഗത്ത് ഒട്ടേറെ സംഭാവനകൾ നല്കിയ ഈ ദേവാലയത്തിന്റെ ശരിക്കുമുള്ള പേര് മസ്ജിദ് ജിഹാൻ നുമ എന്നാണ്. ലോകത്തെ പ്രതിഫലിപ്പിക്കുന്ന ദേവാലയം എന്നാണ് ഇതിനർഥം. 200 ൽ അധികം വർഷത്തെ പഴക്കമുള്ള ഈ പള്ളിയുടെ ആദ്യ രൂപം 1814 ൽ ആണ് നിർമ്മിക്കുന്നത്.
എഡി 1813 ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സെക്കന്‍ഡ് റെജിമെന്റ് ഇവിടെ താവളമുറപ്പിച്ചതു മുതലാണ് പാളയം പള്ളിയുടെ ചരിത്രത്തിനു തുടക്കമാവുന്നത്. അന്ന് അവരാണ് പട്ടാളപ്പള്ളി എന്ന പേരില്‍ വളരെ ചെറിയ ഒരു പള്ളി ഇവിടെ സ്ഥാപിക്കുന്നത്. പിന്നാട് ഇവിടെ മാരിമാറിയെത്തിയ പട്ടാള റെജിമെന്റുകളാണ് പള്ളിയെ കാലാകാലം പുനരുദ്ധരിച്ചത്
ദക്ഷിണ കേരളത്തിൽ ആദ്യമായി സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അപൂർവ്വം മുസ്ലീം ദേവാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും 3.7 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Sugeesh

ബീമാപ്പള്ളി

ബീമാപ്പള്ളി

കേരളത്തിലെ പ്രസിദ്ധമായ മറ്റൊരു മുസ്ലീം ദേവാലയമാണ് തിരുവനന്തപുരത്തു തന്ന സ്ഥിതി ചെയ്യുന്ന ബീമാപ്പള്ളി. ഏറെ പ്രസിദ്ധമായ ഈ ദേവാലയത്തിൽ നാനാജാതി മതസ്ഥർ രോഗസൗഖ്യത്തിനും കഷ്ടപ്പാടുകളിൽ നിന്നു മോചനത്തിനായും എത്തിച്ചേരാറുണ്ട്. നബിയുടെ പരമ്പരയിൽ പെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഈ ബീമാ ബീബീയുടെ പേരിൽ നിന്നുമാണ് ദേവാലയത്തിനും പേര് ലഭിക്കുന്നത്. രോഗത്തിൽ നിന്നുള്ള സൗഖ്യത്തിനായാണ് ആളുകൾ ഇവിടെ എത്തി പ്രാർഥിക്കുന്നത്. കേരളത്തിന്റെ എല്ലാ ദില്ലകളിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്.
മരുന്നു കിണർ എന്ന പേരിൽ അറിയപ്പെടുന്ന രോഗശാന്തി നല്കുന്ന രണ്ടു കിണറുകളാണ് ഇവിടുത്തെ മുഖ്യാകർഷണം. ഈ ജലം കുടിച്ചാൽ ഏതു രോഗത്തിൽ നിന്നും അത്ഭുത ശാന്തി ലഭിക്കും എന്നാണ് വിശ്വാസം. ഇവിടുത്തെ ഉറൂസും ഏറെ പ്രസിദ്ധമാണ്.

PC:Akhilan

തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്

തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്

മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ ഒരു മുസ്ലീം ദേവാലയമാണ് തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്. കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ഖിലാഫത്ത് സമരത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന ആലി മുസ്ലിയാരുടെ പ്രവർത്തന കേന്ദ്രമായിരുന്നു. തിരൂരങ്ങാടി ചെമ്മാട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Yasircmd

പൊന്നാനി വലിയ ജുമു അത്ത് പള്ളി

പൊന്നാനി വലിയ ജുമു അത്ത് പള്ളി

കേരളത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന മുസ്ലീം ദേവാലയങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതി ചെയ്യുന്ന പൊന്നാനി വലിയ ജുമു അത്ത് പള്ളി. മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിൽ സ്ഥിതി ചെയ്യുന്നതിനാൽ മുസ്ലീം വിശ്വാസികളുടെ ഇടയിൽ പ്രത്യേക സ്ഥാനം ഈ ദേവാലയത്തിനുണ്ട്. മലപ്പുറത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. മുസ്ലീം മത വിദ്യാഭ്യാസത്തിന് ഏറെ മുൻതൂക്കം നല്കുന്ന ഒരു ദേവാലയം കൂടിയാണിത്.
ക്രിസ്തുവർഷം 1510 ൽ ശൈഖ് സൈനുദ്ദീന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്.

PC: Vicharam

താഴത്തങ്ങാടി ജുമാ മസ്ജിദ്

താഴത്തങ്ങാടി ജുമാ മസ്ജിദ്

ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള താഴത്തങ്ങാടി ടുമാ മസ്ജിദ് കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്തായായാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇസ്ലാംമതം പ്രചരിപ്പിക്കാനത്തെിയ മാലിക് ദീനാറിന്റെമകൻ ഹബീബ് ദിനാർ നിർമ്മിച്ചതാണ് ഈ ദേവാലയമെന്നാണ് വിശ്വാസം. താജ് ജുമാ മസ്ജിദ് എന്നും ഇത് അറിയപ്പെടുന്നു.
കേരളത്തിലെ പഴക്കമേറിയ ദേവാലയങ്ങളിലൊന്നായ ഇത് ഒരു പൈക-ക കേന്ദ്രം കൂടിയാണ്. സാധാരണ മുസ്ലീം ദേവാലയങ്ങളില്‌ കണ്ടു വരാറില്ലാത്തത്ര സമ്പന്നമായാണ് ഇതിന്റെ വാസ്തു വിദ്യയും കൊത്തു പണികളും തീർത്തിരിക്കുന്നത്, തടിയിൽ തീർത്ത കൊത്തുപണികൾ പ്രത്യേക ഭംഗിയുള്ളവയാണ്.

PC:Aryaabraham

തലശ്ശേരി ജുമാ മസ്ജിദ്

തലശ്ശേരി ജുമാ മസ്ജിദ്

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ മുസ്ലീം ദേവാലയങ്ങളിലൊന്നാണ് ഇവിടുത്തെ തലശ്ശേരി ജുമാ മസ്ജിദ്. തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിന് ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്തോ-സാർസെനിക് വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ദേവാലയത്തിലാണ് കേരളത്തിലാദ്യമായി ഈദ് ഗാഹ് സംഘടിപ്പിച്ചത്.

PC: Simynazareth

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

കാസർകോട് നഗരത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടെ നടത്തപ്പെടാറുള്ള തങ്ങളുപ്പാപ്പ ഉറൂസ് ഏറെ പ്രശസ്തമാണ് ജനുവരി/ഫെബ്രുവരി മാസങ്ങളിലാണ് ഈ ഉറൂസ് നടത്തപ്പെടുന്നത്.

PC: tpms5

മാലിക് ദീനാർ പള്ളി കാസർകോഡ്

മാലിക് ദീനാർ പള്ളി കാസർകോഡ്

കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ദേവാലയങ്ങളിലൊന്നാണ് മാലിക് ദിനാർ പള്ളി. കേരളത്തിൽ ഇസ്ലാം മതം കൊണ്ടുവന്ന മാലിക് ദിനാർ എന്ന പുണ്യപുരുഷൻ സ്ഥാപിച്ച അപൂർവ്വം ദേവാലയങ്ങളിലൊന്നുകൂടിയാണിത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മാലിക് ദിനാര്‍ പള്ളി. എല്ലാ വര്‍ഷവും ദിനാറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ സ്മരിക്കുന്നതിനായി ആഘോഷങ്ങള്‍ നടക്കുന്നു. മനോഹരമായി കേരള രീതിയില്‍ നിര്‍മിച്ച ഈ ആരാധനാലയം വൃത്തിയായി സംരക്ഷിച്ചുവരുന്നു. എ ഡി 642 ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളി 1809 ല്‍ നവീകരിച്ചിരുന്നു. മാലിക് ഇബിന്‍ ദീനാര്‍ കേരളത്തിലെത്തുന്ന കാലത്ത് കാസര്‍കോട് ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ മുസ്ലിം മതത്തില്‍ ആകൃഷ്ടനാകുകയും മതംമാറുകയും ചെയ്യുകയായിരുന്നുവെന്നും കരുതപ്പെടുന്നു. കാസർകോഡ് ജില്ലയിലെ തളങ്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

PC:Sidheeq

കോഴിക്കോട് മിശ്കാൽ പള്ളി

കോഴിക്കോട് മിശ്കാൽ പള്ളി

സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട അപൂർവ്വം ദേവാലയങ്ങളിലൊന്നാണ് കോഴിക്കോട് കുറ്റിച്ചിറയ്ക് സമീപം സ്ഥിതി ചെയ്യുന്ന മിശ്കാൽ പള്ളി. കോഴിക്കോടുത്തെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നായ ഇത് നഖൂദ മിശ്കാൽ എന്ന അറേബ്യൻ വ്യാപാരി എഡി 1300 നും 330 നും ഇടയിലാണ് ഇത് പണിതതെന്നാണ് ചരിത്രം പറയുന്നത്.
സാമൂതിരി നഖൂദ മിശ്കാലിനു നല്കിയ സ്ഥലത്ത് അഞ്ചു നിലകളിലായി പൂർണ്ണമായും കേരളീയ വാസ്തു വിദ്യയിൽ ആണ് ഈ മുസ്ലീം പള്ളി നിർമ്മിച്ചിരിക്കുന്നത്. സാധാരണ നിർമ്മിതികളിൽ നിന്നും വ്യത്യസ്തമായി മരങ്ങളാണ് പള്ളിയുടെ നിർമ്മാണത്തിനു കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു നിലകളിലായി 24 തൂണുകളും 47 വാതിലുകളും ഇവിടെയുണ്ട്. 300 പേർക്ക് നമസ്കരിക്കാൻ പറ്റുന്ന വലുപ്പമാണ് ഇതിന്‌‍റെ തറയ്ക്കുള്ളത്. മരത്തടിയില്‍ തന്നെയാണ് ഇതിന്റെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നതും. പള്ളിക്ക് മിനാരങ്ങൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.
കോഴിക്കോട് നഗരത്തില്‍ നിന്നും 2.2 കിലോ മീറ്റർ അകലെ കുറ്റിച്ചിറ എന്ന സ്ഥലത്താണ് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി സ്ഥിതി ചെയ്യുന്നത്.

PC:Zencv

വാവർ പള്ളി

വാവർ പള്ളി

കോട്ടയം ജില്ലയിലെ എരുമേലിയിൽ സ്ഥിതി ചെയ്യുന്ന വാവരു പള്ളി മതസൗഹാർദ്ദത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന ഒരു ദേവാലയമാണ്. ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്‍മാർ പ്രാർഥിച്ചിച്ചു പോകുന്ന ഈ ദേവാലയം ജാതിമതഭേദമന്യേ ഏറെ പ്രശസ്തമായ സ്ഥലമാണ്. എരുമേലി പേട്ടതുള്ളലുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ദേവാലയമാണിത്. എരുമേലി പേട്ട ക്ഷേത്രത്തിൽ നിന്നും പേട്ട ശാസ്താവിനെ തൊഴുതു അവിടെനിന്നും പേട്ടതുള്ളി വാവര് പള്ളിയിൽ എത്തി പ്രദക്ഷിണം വച്ച് വാവരുടെ പ്രധിനിധിയായ സ്വാമിയിൽ നിന്നും നിന്നും പ്രസാദവും വാങ്ങി അവിടെ നിന്ന് പേട്ട തുള്ളി വലിയമ്പലത്തിൽ എത്തി പ്രദക്ഷിണം വച്ച് വഴിപാടുകൾ നടത്തിയതിനു ശേഷമേ പേട്ടതുള്ളൽ പൂർണമാകുന്നുള്ളു.

PC:Jay

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X