Search
  • Follow NativePlanet
Share
» »ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

By Maneesh
ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

Photo Courtesy: Kuttix

കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. തൃശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ ഇത്രയും പ്രശസ്തമായത് അവിടുത്തെ ക്ഷേത്രത്തിന്റെ പേരിലാണ്. മഹാവിഷ്ണുവിനെ ഗുരുവായൂരപ്പനായാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നും അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതും എന്ന് വിശ്വസിക്കപ്പെടുന്നു. കലിയുഗാരംഭത്തിലാണ് ബൃഹസ്പതിയുടെ കൈയ്യില്‍ അമൂല്യമായ ശ്രീകൃഷ്ണ വിഗ്രഹം വന്നുചേര്‍ന്നതെന്നും കരുതപ്പെടുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ശ്രീകൃഷ്ണ ക്ഷേത്രം കൂടാതെ നിരവധി ക്ഷേത്രങ്ങള്‍ ഗുരുവായൂരിലുണ്ട്. ഗുരുവായൂരിലെ മറ്റു ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

01. ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

ഗുരുവായൂരിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രം. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായാണ് ഈ മഹാക്ഷേത്രം കരുതപ്പെടുന്നത്. ശ്രീകോവില്‍ പരമശിവന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ക്ഷേത്രകവാടത്തിലായി തിരുവമ്പാടി ശ്രീകൃഷ്ണന്റെ ചെറുവിഗ്രഹം ഇവിടെ കാണാം. ശിവരാത്രിയാണ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. മനോഹരമായ ചൊവ്വല്ലൂര്‍ ശിവക്ഷേത്രം ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയാണ്.

02. ചാമുണ്‌ഡേശ്വരി ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് പ്രശസ്തമായ ചാമുണ്‌ഡേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചാമുണ്‌ഡേശ്വരി ക്ഷേത്രം. ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമായ ചാമുണ്‌ഡേശ്വരിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ പ്രാചീനമായ ഈ ക്ഷേത്രത്തിലെത്തുന്നു. ഗുരുവായൂരില്‍ തൊഴാനെത്തുന്ന ഭക്തര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന പതിവാണ്.

03. മമ്മിയൂര്‍ മഹാദേവക്ഷേത്രം

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വാസമുണ്ട്. കൂടുതല്‍ വായിക്കാം

ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

Photo Courtesy: RanjithSiji

04. പാര്‍ത്ഥസാരഥി ക്ഷേത്രം

ഗുരുവായൂരിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണ കേന്ദ്രമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്റെ സാരഥിയായ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ രഥത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്.

05. ഹരികന്യകാ ക്ഷേത്രം

അരിയന്നൂരിലാണ് ഹരികന്യകാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിന് സമീപത്തെ ഒരു ചെറുനഗരമാണ് അരിയന്നൂര്‍. പറയിപെറ്റ പന്തിരുകുലത്തിലെ പേരുകേട്ട തച്ചനായ സാക്ഷാല്‍ പെരുന്തച്ചനാണ് ഹരികന്യകാ ക്ഷേത്രശില്‍പി എന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കന്യകയായ വിഷ്ണു എന്നാണ് ഹരികന്യക എന്ന പേരിനര്‍ത്ഥം. കൂടുതല്‍ വായിക്കാം

06. വെങ്കടാചലപതി ക്ഷേത്രം

പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തായാണ് വെങ്കടാചലപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമായ ശ്രീ വെങ്കടാചലപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തരാണ് വെങ്കടാചലപതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്. മനോഹരവും സ്വസ്ഥവുമായ പരിസരമാണ് ഇവിടേക്ക് ഭക്തജനങ്ങളെ ആനയിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X