ഇരട്ടപ്പേരുകളുടെ കാര്യത്തില്‍ മനുഷ്യരെപ്പോലെ തന്നെ സ്ഥലങ്ങളും പ്രസിദ്ധമാണ്. ഭൂമിശാസ്ത്രപരമായതോ അല്ലെങ്കില്‍ പ്രദേശത്തിന്റെ പ്രത്യേകതകളോ ഒക്കെ വ്യത്യസ്തമായ പേരുകളിലേക്ക് നഗരങ്ങളെ നയിക്കും. നെതര്ലന്ഡിനെപ്പോലെ തന്നെ സമുദ്രനിരപ്പിലും താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ നമ്മുടെ കുട്ടനാട് അറിയപ്പെടുന്നത് കേരളത്തിന്റെ നെതര്‍ലാന്‍ഡ് എന്നാണ്. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിളിക്കുന്നതിന്റെ കാരണം ഇവിടുത്തെ കനാലുകളാണ്. അറബിക്കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊച്ചി അറബിക്കടലിന്റെ റാണി ആയതും ഏഴുഭാഷകള്‍ സംസാരിക്കുന്ന കാസര്‍ഗോഡ് സപ്തഭാഷകളുടെ നഗരമായതും ഇങ്ങനെയാണ്.
മറ്റു ലോകനഗരങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തുള്ള നഗരങ്ങള്‍ മിക്കവയും ഇത്തരം വിളിപ്പേരുകളാലാണ് പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യയിലെ പേരുകേട്ട നഗരങ്ങളുടെ ഇരട്ടപ്പേരുകള്‍ എന്താണെന്നും അവ എങ്ങനെ വന്നുവെന്നും നോക്കാം

കൊല്‍ക്കത്ത- സന്തോഷത്തിന്റെ നഗരം
സന്തോഷത്തിന്റെ നഗരം എന്നാണ് കൊല്‍ക്കത്ത അറിയപ്പെടുന്നത്. ഡൊമിനിക് ലാപിയറിന്റെ സിറ്റി ഓഫ് ജോയ് എന്ന പുസ്തകത്തില്‍ നിന്നുമാണ് നഗരം ഈ പേരു സ്വീകരിക്കുന്നത്. എങ്ങനെയൊക്കെ സന്തോഷമായി ജീവിക്കാം എന്നും എങ്ങനെ ഓരോ കാര്യത്തിലും സന്തോഷം കണ്ടെത്താം എന്നും ഈ നഗരം നമ്മെ പഠിപ്പിക്കും.
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടം സത്യജിത് റേ, രവീന്ദ്രനാഥ് ടാഗോർ, മദർ തെരേസ, അമർത്യ സെൻ തുടങ്ങി നിരവധി പേരുടെ ഇടമാണ്. പഴയ ലോകവും ആധുനിക ലോകവും തമ്മിലുള്ള സമ്പൂർണ്ണ സംയോജനം ഇവിടെ കാണുവാന്‍ സാധിക്കും.

വാരണാസി-ക്ഷേത്രങ്ങളുടെ നഗരം
ക്ഷേത്രങ്ങളുടെ പേരില്‍ പല നഗരങ്ങളും അറിയപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ക്ഷേത്രനഗരം വാരണാസിയാണ്. ഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന വാരണാസിയെന്ന കാശിയെന്ന ബനാറസിസ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നമുക്ക് കാണാം. ബിസി 1000 മുതലുള്ള ചരിത്രം പറയുന്ന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. പുരാതന ഹൈന്ദവ പുരാണങ്ങൾ പ്രകാരം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമായി വിശ്വസിക്കപ്പെടുന്ന വാരണാസി ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നും ശിവന്റെ വാസസ്ഥലവുമാണ്. ഇവിടെ ഗംഗാ നദിയില്‍ മുങ്ങിനിവര്‍ന്നാല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും ഇവിടെ വെച്ചു മരിച്ചാല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.

അമൃത്സര്‍- സുവര്‍ണ്ണനഗരം
സിഖ് മതത്തിന്റെ കേന്ദ്രവും പഞ്ചാബിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമാണ് അമൃത്സര്‍.
സിഖുകാരുടെ ഏറ്റവും വിശുദ്ധമായ ദേവാലയമായ സുവർണ്ണ ക്ഷേത്രം ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഇന്ത്യയുടെ സുവർണ്ണ നഗരം എന്ന് അറിയപ്പെടുന്നത്. ശുദ്ധമായ സ്വർണ്ണം ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. ഇത് ഹർമന്ദിർ സാഹിബ് ഗുരുദ്വാര എന്നും അറിയപ്പെടുന്നു. ഏറ്റവും വിശുദ്ധമായ ഗുരുദ്വാരയാണിത്. പഞ്ചാബിൽ വസിക്കുന്ന സുവർണ്ണ നഗരമായ അമൃത്സർ "അമൃതിന്റെ കുളം" എന്ന് വിവർത്തനം ചെയ്യുന്നു.

ബാംഗ്ലൂര്‍- ഇന്ത്യയുടെ സിലിക്കണ്‍ വാലി
ഉദ്യാനങ്ങളാല്‍ അലംകൃതമായ ബെംഗളുരു ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ഇന്ത്യയുടെ ഉദ്യാനനഗരം എന്നായിരുന്നു. ഗാംഭീര്യമുള്ള ജലധാരകളും ജലാശയങ്ങളുമുള്ള സമൃദ്ധമായ വിക്ടോറിയൻ ശൈലിയിലുള്ള പൂന്തോട്ടങ്ങൾ ആണ് ഇവിടെയുള്ളത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം മുന്നോട്ടുകുതിച്ച നഗരം അതിന്റെ പ്രതിച്ഛായ നവീകരിക്കുകയും ആത്യന്തിക വിവര-സാങ്കേതിക കേന്ദ്രമായി മാറുകയും ചെയ്തു. ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനത്തില്‍ ബാംഗ്ലൂർ അടുത്ത സിലിക്കൺ വാലിയാകാം അല്ലെങ്കിൽ ഒറിജിനലിന് പകരം വയ്ക്കാം എന്ന വന്നതോടെ ബാംഗ്ലൂര്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുവാന്‍ തുടങ്ങി.