അങ്ങനെ കാത്തിരുന്ന അവധിക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. പഠനവും പരീക്ഷകളും ഏല്‍പ്പിച്ച ക്ഷീണത്തില്‍ നിന്നും ഒരു മാറ്റത്തിനായി വീടുകള്‍ നോക്കിയിരിക്കുന്ന സമയം. ബന്ധുക്കളുടെ വീടുകളിലേക്കുള്ള സന്ദര്‍ശനവും നാട്ടിലെ ഉത്സവങ്ങളും ആഘോഷങ്ങളും കഴിഞ്ഞ് അടുത്ത പ്ലാന്‍ യാത്രകളാണ്. കുടുംബവുമായി യാത്രകള്‍ പോകുന്നത് ഒത്തിരി സന്തോഷമുള്ള കാര്യമാണെങ്കിലും അതേസമയം ഇത്തിരി ടെന്‍ഷന്‍ ഉള്ള സംഗതിയുമാണ്. ഏറ്റവും മികച്ച ഒരു യാത്ര പ്ലാന്‍ ചെയ്യുന്നതിനൊപ്പം തന്നെ ഓരോ കാര്യവും ശ്രദ്ധിക്കേണ്ടി വരുന്നത് പ്ലാനിങ്ങുകളെ കുറച്ച് ബുദ്ധിമുട്ടാകും. ഇതാ ടെന്‍ഷന്‍ ഇല്ലാതെ ഫാമിലി യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യാം എന്നു നോക്കാം

എന്താണ് വേണ്ടതെന്ന് നോക്കാം
ഒരു വേനൽക്കാല വിനോദയാത്ര ആസൂത്രണം ചെയ്യുമ്പോഴുള്ള ഏറ്റവും കുഴപ്പം പിടിച്ച സംഗതി ഏതു തരത്തിലുള്ള യാത്രയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തീരുമാനിക്കുകയാണ്. അതില്‍ തന്നെ നിരവധി ഘടകങ്ങളുണ്ട്. യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുന്ന ബജറ്റ് എത്രയാണെന്നു നോക്കി അതിനനുസരിച്ചുള്ള ഇടങ്ങള്‍ ആദ്യം കണ്ടെത്താം. അതിനായി എത്രപേര്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട് എന്നും അവരുടെ യാത്രാ താല്പര്യങ്ങള്‍ എന്തൊക്കെയാണെന്നും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. യാത്രയുടെ ദിവസങ്ങളും കണക്കുകൂട്ടി വെച്ചാല്‍ പിന്നീടുള്ള പ്ലാനിങ് എളുപ്പമായിരിക്കും.
Photo by Annie Spratt on Unsplash

എല്ലാവരുടെയും ആഗ്രങ്ങള്‍ക്ക് പ്രാധാന്യം
യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ആഗ്രഹങ്ങളാണുള്ളത്. ചിലര്‍ക്ക് ബീച്ച് ഇഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ക്ക് താല്പര്യം ട്രക്കിങ്ങോ ഹില്‍ സ്റ്റേഷനോ ആയിരിക്കും. പരമാവധി എല്ലാവരുടെയും ആഗ്രഹങ്ങള്‍ പരിഗണിക്കുക. ഓരോദിവസവും ഓരോ തരത്തിലുള്ല ആക്റ്റിവിറ്റികള്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യാം. പുറപ്പെടുന്നതിനു മുന്‍പു തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഇത് ആ സമയത്തുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കുവാനും യാത്രയുടെ ആനന്ദങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാനും നിങ്ങളെ സഹായിക്കും.
Photo by Adam Sherez on Unsplash

പരിഗണിക്കാം
എല്ലാവരുടെയും സ്വഭാവങ്ങളെ പരിഗണിക്കുന്നത് യാത്രയിലെ മുറുമുറുപ്പും തര്‍ക്കങ്ങളും ഒഴിവാക്കുന്നതിന് സഹായിക്കും. ഏതെല്ലാം കാര്യങ്ങള്‍ ഓരോരുത്തരെയും അസ്വസ്ഥരകാക്കുന്നതെന്ന് അറിയുന്നതിനാല്‍ അക്കാര്യങ്ങളെ പരിഗണിക്കുന്നതില്‍ മടി കാണിക്കരുത്. ഉദാഹരണത്തിന് നീണ്ട ഫ്ലൈറ്റ് യാത്രയ്ക്കു ശേഷം നേരിട്ട് യാത്രയിലേക്ക് കടക്കരുത്. കുറച്ച് നേരം വിശ്രമിക്കുവാനും അവരെ യാത്രയുടെ മൂഡിലേക്ക് വരുവാനും അനുവദിക്കുക. മണിക്കൂറുകള്‍ ചില സ്ഥലങ്ങളില്‍ ചിലവഴിച്ചതിന് ശേഷം കുട്ടികള്‍ക്കു വിശക്കുന്നുണ്ടോ എന്നൊക്കെ നോക്കുക. ലഘുഭക്ഷണങ്ങൾ പായ്ക്ക് ചെയ്യുന്നതും ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതും ഉറപ്പാക്കുക.
Photo by Benjamin Elliott on Unsplash

സമയം കണ്ടെത്താം
യാത്രകളില്‍ മറ്റുള്ളവര്‍ക്കായി മാത്രം സമയം മാറ്റിവയ്ക്കാതെ നിങ്ങള്‍ക്കും ജീവിതപങ്കാളിക്കുമായി കുറച്ചു സമയം മാറ്റിവയ്ക്കുക. എങ്കില്‍ മാത്രമേ കുടുംബവുമായുള്ള യാത്രകല്‍ അതിന്റെ പൂര്‍ണ്ണലക്ഷ്യത്തിലെത്തൂ. ഇതിനായി കുട്ടികള്‍ക്ക് സുരക്ഷിതമായി സമയം ചിലവഴിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ല റിസോര്‍ട്ടോ ഹോം സ്റ്റേയോ അല്ലെങ്കില്‍ ക്രൂസോ തിരഞ്ഞെടുക്കാം. യാത്രയില്‍ ഒരു ദിവസമെങ്കിലും പങ്കാളികള്‍ അവര്‍ക്കായി കുറച്ച് സമയം മാറ്റിവയ്ക്കണം.
Photo by Upgraded Points on Unsplash

അവശ്യസാധനങ്ങള്‍
യാത്രയ്ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ തയ്യാറാക്കുന്നത് അവസാന നിമിഷത്തിലെ പാക്കിങ് ഒഴിവാക്കുന്നതിന് സഹായിക്കും. വേണമെങ്കില്‍ യാത്രയ്ക്കു വരുന്ന മുതിര്‍ന്ന ആളുകളെ ഓരോന്നിന്‍റെയും ചുമതല ഏല്‍പ്പിക്കാം. ഫോണ്‍, ചാര്‍ജര്‍, ക്യാമറ, പവര്‍ ബാങ്ക് തുടങ്ങിയത് ഒരാളും ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റിസര്‍വേഷന്‍, യാത്രാ രേഖകള്‍ തുടങ്ങിയവ മറക്കാതെ എടുക്കുവാന്‍ വേറൊരാളെയും ഏല്‍പ്പിക്കാം. ചെറിയ ഒരു പ്രഥമശുശ്രൂഷ പാക്കും എടുക്കുവാന്‍ ശ്രദ്ധിക്കുക. ബാഗ് പാക്ക് ചെയ്യുമ്പോള്‍ എല്ലാം കാര്യങ്ങളും എടുത്ത് എന്നുറപ്പ് വരുത്തുക.

ലൈറ്റ് ആയി പാക്ക് ചെയ്യാം
എല്ലാവരും കൂടി പോകുമ്പോള്‍ നിരവധി ബാഗുകള്‍ യാത്രയില്‍ കാണുന്നത് സ്വഭാവീകമാണ്. എവ്വാല്‍ യാത്രകള്‍ ആയാസരഹിതവും എളുപ്പവും ആക്കണമെങ്കില്‍ പാക്കേജുകള്‍ വളരെ ലൈറ്റ് ആയിരിക്കണം. അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ മാത്രം പാക്ക് ചെയ്യുക. അല്ലാത്തപക്ഷം യാത്രയിലെ ഷോപ്പിങ് കൂടി കഴിയുമ്പോള്‍ വളരെ വലിയലഗേഡ് ആയി ഇതുമാറും. ചെറിയ കുട്ടികള്‍ യാത്രയിലുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടതെല്ലാം എടുക്കുക.
Photo by Helena Lopes on Unsplash

പണത്തിനു പകരം കാര്‍ഡ്
സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്കോ അല്ലെങ്കില്‍ വിദേശരാജ്യങ്ങളിലേക്കോ ഒക്കെ പോകുമ്പോള്‍ ധാരാളം പണം കയ്യില്‍ കരുതുക എന്നത് റിസ്ക് നിറഞ്ഞതായിരിക്കും. ഇപ്പോള്‍ മിക്ക ഇടങ്ങളും ഡിജിറ്റല്‍ ആയി മാറിയിട്ടുള്ളതിനാല്‍ ഡെബിറ്റ് കാര്‍ഡോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡോ ധൈര്യപൂര്‍വ്വം ഉപയോഗിക്കാം. അന്താരാഷ്ട്ര ഇടപാടുകള്‍ തടസ്സമില്ലാതെ നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ബാങ്കുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചെയ്യുവാന്‍ ശ്രദ്ധിക്കുക.

യാത്രാ പ്ലാന്‍
യാത്രകള്‍ കഴിവതും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുക. ഹോട്ടലുകൾ, ഫ്ലൈറ്റുകൾ എന്നിവയുടെ ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നത് യാത്രാ ചിലവില്‍ വലിയ കുറവ് ഉണ്ടാക്കും.
Photo by John Schnobrich on Unsplash

യാത്രാ രേഖകൾ
നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും രേഖകൾ സുരക്ഷിതമായും എളുപ്പത്തില്‍ എടുക്കാവന്‍ കഴിയുന്നതുമായ രീതിയില്‍ സൂക്ഷിക്കുക. ഒരു പാസ്‌പോർട്ട് ഹോൾഡർ അല്ലെങ്കിൽ ഒരു ചെറിയ പേഴ്‌സ് എപ്പോഴും കരുതുക. ഒറിജിനലുകളുടെ ഫോട്ടോകോപ്പി വാലറ്റിൽ കരുതുക, എല്ലാ ഒറിജിനലുകളും ഒരു പ്രത്യേക ബാഗിൽ സൂക്ഷിക്കുക. യാത്ര ചെയ്യുമ്പോൾ, നിങ്ങൾ പോകുന്ന അതാത് രാജ്യത്തെ അടിസ്ഥാന രീതികൾ / മര്യാദകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സംസ്കാരം, ഭാഷ, പെരുമാറ്റച്ചട്ടം എന്നിവ നേരത്തെ അറിഞ്ഞിരിക്കുക .
Photo by Charlotte Noelle on Unsplash
വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍
ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍