ഒരുവശത്ത് അറബിക്കടലിന്റെ സൗന്ദര്യം പങ്കുവെച്ചുകിട്ടിയിരിക്കുന്ന തീരദേശം...മറുവശത്ത് സഹ്യാദ്രി മലനിരകള്‍.. ഈ കാഴ്ചകള്‍ക്കൊപ്പം ചേര്‍ന്നു നില്ക്കുന്ന ഗ്രാമങ്ങള്‍... മഹാരാഷ്ട്രയുടെ ഗ്രാമീണകാഴ്ചകള്‍ എത്രകണ്ടാലും മതിവരില്ല. ഗ്രാമങ്ങളുടെ നിഷ്കളങ്കതയ്ക്കും ഭംഗിക്കുമൊപ്പം സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്ന വേറെന്തോ അവിടെയുണ്ട്... പുരാതനമായ ക്ഷേത്രങ്ങളുള്ള ബീച്ചുകളും മലിനീകരണം എന്തെന്നറിയാത്ത മലയോരങ്ങളുമെല്ലാമായി മഹാരാഷ്ട്രയുടെ സന്തോഷിപ്പിക്കുന്ന കുറച്ച് ഗ്രാമങ്ങള്‍ പരിചയപ്പെടാം...

രാജ്മാച്ചി
മഴക്കാലത്ത് സഞ്ചാരികള്‍ മഹാരാഷ്ട്രയില്‍ എക്സ്പ്ലോര്‍ ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നായ രാജ്മാച്ചിയില്‍ നിന്നുതന്നെ തുടങ്ങാം. ട്രക്കര്‍മാരും പ്രകൃതിസ്നേഹികളും ധാരാളമായി എത്തുന്ന രാജ്മാച്ചി കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന സ്ഥലമാണ്. ഉധേവാദി ഗ്രാമത്തിനടുത്തുള്ള ഒരു കോട്ടയാണിത്. ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുവാന്‍ സാധിക്കുന്ന രാജ്മാച്ചി യാത്ര നിങ്ങളെ പ്രകൃതിയോടും യാത്രകളോടും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുമെന്നു മാത്രമല്ല, പുതിയ യാത്രകള്‍ക്കുള്ള ഊര്‍ജം നല്‍കുകയും ചെയ്യും. ഇവിടെക്കുള്ള ട്രക്കിങ് ആരംഭിക്കുന്ന ഉധേവാദി ഗ്രാമവും ഈ യാത്രയില്‍ കാണാം. സഞ്ചാരികളോട് വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്നവരാണ് ഇവിടെയുള്ളവര്‍. 300 താമസക്കാര്‍ മാത്രമേ ഇവിടെയുള്ളൂ.
PC:wikipedia

ഗണപതിപുലെ
മഹാരാഷ്ട്രയിലെ ഏറ്റവും വൃത്തിയുള്ള വെള്ളമണല്‍ ബീച്ചുകളില്‍ ഒന്നാണ് ഗണപതിപുലെ. വളരെ ചെറിയ ഒരു ഗ്രാമത്തിന്റെ സൗകര്യങ്ങള്‍ മാത്രമേ ഇവിടം നല്കുന്നുള്ളെങ്കിലും ഇവിടുത്ത ശാന്തവും ആത്മീയവുമായ അന്തരീക്ഷവും സൗഹാര്‍ദ്ദപരമായി ചിന്തിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഗ്രാമീണരും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. രത്നഗിരി ജില്ലയുടെ ഭാഗമായ ഇവിടുത്തെ പ്രധാന ആകര്‍ഷണം നാനൂറോളം വര്‍ഷം പഴക്കമുള്ള ഗണപതി ക്ഷേത്രമാണ്. സ്വദേശികളും വിദേശികളും ഇവിടെയെത്തിയാല്‍ നിര്‍ബന്ധമായും സമയം കണ്ടെത്തി ക്ഷേത്രത്തില്‍ പോകുന്നത് നമുക്കു കാണാം.

നിഘോജ്
വളരെ ചെറിയ ഗ്രാമമാണെങ്കിലും ലോകത്തെ ഒരു സമയത്ത് ഏറെ അതിശയിപ്പിച്ച ഇടമായിരുന്നു നിഘോജ്. അഹമ്മദ്നഗർ ജില്ലയിൽ കുക്കാഡി നദിക്കരയിൽ ആണ് ഈ ഗ്രാമമുള്ളത്. നദിയിലെ പാരകളില്‍ പ്രകൃതിദത്തമായുള്ള പോക്കറ്റുകള്‍ അഥവാ താഴ്ചകള്‍ ഇവിടെ ധാരാളം കാണാം.അതിന്റെ രൂപീകരണത്തിന് പിന്നിലെ കാരണങ്ങളറിയുവാനും പഠിക്കുവാനും ധാരാളം ഭൗമശാസ്ത്രജ്ഞരും ഇത്തരം കാഴ്ചകളില്‍ താല്പര്യമുള്ളവരും ഇവിടം സന്ദര്‍ശിക്കാറുണ്ട്. മാൽഗംഗ ക്ഷേത്രം ആണ് ഗ്രാമത്തിലെ മറ്റൊരു പ്രധാന കാഴ്ച.
PC:Glasreifen

വെലാസ്
ബീച്ചിന്റെ പേരിലാണ് വെലാസ് പ്രസിദ്ധമായിരിക്കുന്നതെങ്കിലും ഇവിടുത്തെ ഗ്രാമവും സഞ്ചാരികള്‍ തേടിയെത്തുന്നതാണ്. മഹാരാഷ്ട്രയിലെ ഒലിവ് റിഡ്ലി കടലാമകളുടെ കൂട് കൂടുന്ന സ്ഥലമായ വെലാസ് ബീച്ച് ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഒലിവ് റിഡ്ലി കടലാമകളുടെ പ്രസിദ്ധി കാരണം നിരവധി അന്താരാഷ്ട്ര സഞ്ചാരികളും ഇവിടെയെത്തുന്നു, വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വെലാസ് ടർട്ടിൽ ഫെസ്റ്റിവൽ എന്ന പേരിൽ ഒരു വാർഷിക ഉത്സവവും ഇവിടെ നടക്കുന്നു. മറാത്ത സാമ്രാജ്യത്തിലെ മഹാനായ മന്ത്രിയായിരുന്ന നാനാ ഫഡ്നിസിന്റെ ജന്മസ്ഥലമാണ് രത്നഗിരിയിലെ ഈ ഗ്രാമം എന്ന ചരിത്രവും ഈ ഗ്രാമത്തിനുണ്ട്.
PC:Nitish Raj

ഖണ്ഡാല
മഹാരാഷ്ട്രയുടെ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന നാടാണ് ഖണ്ഡാല. വളരെ മനോഹരമായ കാഴ്ചകളുള്ള ഈ ഹില്സ്റ്റേഷന് മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടുവാനും ഇവിടുന്ന് വാരാന്ത്യ യാത്രകള്‍ നടത്തുവാനും പറ്റിയ സ്ഥലമാണ്. പച്ചപ്പിന്റെ കാഴ്ചകളാണ് ഇവിടേക്ക് അധികം ആളുകളെ എത്തിക്കുന്നത്. വ്യത്യസ്തമായ ട്രക്കിങ് പാതകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ഭണ്ഡാർധാര
സഹ്യാദ്രിയുടെ റാണി എന്ന വിളിപ്പേരുമാത്രം മതി ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നത് എന്തെന്ന് മനസ്സിലാക്കുവാനും ഇവിടേക്ക് യാത്രതിരിക്കുവാനും. ഭണ്ഡാർദാര എന്ന പേരിന്റെ അര്‍ത്ഥം നിധികളുടെ താഴ്വര എന്നാണ്. പേരിനം അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെ മുഴുവനുമുള്ളത്. അഹമ്മദ് നഗര്‍ ജില്ലയിലാണ് ഇവിടമുള്ളത്. മഴക്കാലങ്ങളിലാണ് ഇവിടം കൂടുതല്‍ ഭംഗിയുള്ളതാവുന്നത്. നിറഞ്ഞുവിരിഞ്ഞൊഴുകുന്ന അംബ്രല്ലാ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പ്രസിദ്ധമായ ഇഗത്പുരിക്ക് സമീപമാണ് ഭണ്ഡാര്‍ധാര സ്ഥിതി ചെയ്യുന്നത്.
PC:AkkiDa

ഗുഹാഗര്‍
മഹാരാഷ്ട്രയിലെ മറഞ്ഞിരിക്കുന്ന ഗ്രാമമായി വിശേഷിപ്പിക്കുവാനും കാണുവാനും പറ്റിയ സ്ഥലമാണ് ഗുഹാഗര്‍. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ഇവിടം വെള്ളമണല്‍ ബീച്ചിനാണ് പേരുകേട്ടിരിക്കുന്നത്. തെങ്ങിന്തോട്ടങ്ങളും മാന്തോപ്പുകളുമാണ് ഇവിടെ അധികവും കാണുവാനുള്ളത്. താരതമ്യേന ഇവിടെ എത്തിച്ചേരുന്ന സന്ദര്‍ശകരും വളരെ കുറവാണ്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ സമയമാണ് ഇവിടെ കുറച്ചെങ്കിലും സഞ്ചാരികളെത്തുന്നത്. നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
PC: santosh verma

മതേരാന്
മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാമനാണ് മതേരാന്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മതേരാന് പ്രകൃതിസൗന്ദര്യത്തിനും കാലാവസ്ഥയ്ക്കും യാത്രയ്ക്കുമെല്ലാം പ്രസിദ്ധമാണ്. നെറുകയിലെ കാട് എന്നാണ് മതേരാന് എന്ന വാക്കിനര്‍ത്ഥം. സമുദ്ര നിരപ്പില്‍ നിന്നും 800 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്.
വളരെ കൃത്യമായ രീതിയില്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലമാണിത്. കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്റെ ഹരിത ഉദ്യാനം പദവി ലഭിച്ച ഇവിടേക്ക് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മഥേരാനിലെ ദസ്തുരി പോയിന്റ് വരെ ആളുകള്‍ക്ക് വാഹനത്തില്‍ വരാം. ഇവിടുന്ന് നടന്ന് വേണം കയറുവാന്‍.

പുരുഷ്വാഡി
മിന്നാമിനുങ്ങുകളുടെ ഉത്സവത്തിന് പേരുകേട്ടിരിക്കുന്ന പുരുഷ്വാഡി ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. മഴക്കാലം ശക്തി പ്രാപിക്കുന്നതിനു മുന്‍പ് ഇവിടെ മിന്നാമിനുങ്ങുകള്‍ കൂട്ടമായി പുറത്തിറങ്ങുന്ന ഒരു സമയമുണ്ട്. ആ സമയം നോക്കി വേണം പുരുഷ്വാഡി സന്ദര്‍ശിക്കുവാന്‍. ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍ ഇരുട്ടില്‍ തിളങ്ങി നില്ക്കുന്ന കാഴ്ച ഇവിടെ കാണാം. ഇതിനായി ഇവിടുത്തെ വിവിധ ഭാഗങ്ങളില്‍ ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഇഗത്പുരിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് പുരുഷവാദി ഗ്രാമമുള്ളത്.