Search
  • Follow NativePlanet
Share
» »ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍

ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍

ബാലിയുടെ കാഴ്ചകളോട് കുറച്ച് സാദൃശ്യമുള്ള കര്‍ണ്ണാടകയിലെ ബീച്ചുകള്‍ പരിചയപ്പെടാം...

വാക്കുകളില്‍ വിവരിക്കുവാനാവാത്ത ഭംഗിയും വിസ്മയവുമാണ് ബാലി കാഴ്ചകളുടെ പ്രത്യേകത. പാറക്കെട്ടുകളും അതിനു സമീപത്തെ ബീച്ചുകളും തൊട്ടുചേര്‍ന്നു നില്‍ക്കുന്ന പച്ചപ്പും തന്നെയാണ് ബാലിയെന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതും. ഇവിടുത്തെ ക്ഷേത്രങ്ങളു‌ടെയും പരമ്പരാഗത നിര്‍മ്മിതികളുടെയും കാഴ്ചകള്‍ പോലും ബീച്ചുകളുടെ പ്രശസ്തിക്കു പിന്നിലായേ വരൂ. കാഴ്ചകളുടെ കാര്യത്തില്‍ നൂറില്‍ നൂറു നല്കാമെങ്കിലും ചിലവ് കയ്യിലൊതുങ്ങുന്നതായിരിക്കണമെന്നില്ല. എന്നാല്‍ വിഷമിക്കേണ്ട... ബാലിയിലെ 'പോലുള്ള' കാഴ്ചകള്‍ കാണുവാന്‍ ഇനി കര്‍ണ്ണാടക വരെ പോയാല്‍ മതി. ബാലിയുടെ കാഴ്ചകളോട് കുറച്ച് സാദൃശ്യമുള്ള കര്‍ണ്ണാടകയിലെ ബീച്ചുകള്‍ പരിചയപ്പെടാം...

കഡ്ലെ ബീച്ച്

കഡ്ലെ ബീച്ച്

പകരംവയ്ക്കുവാനില്ലാത്ത ഭംഗിയാലും കാഴ്ചകളാലും സമ്പന്നമാണ് കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണയില്‍ സ്ഥിതി ചെയ്യുന്ന കഡ്ലെ ബീച്ച്. ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരം പോലെയാണ് ദ്വീപിന്‍റെ കിടപ്പ്. തീരത്തിന്റെ ഭംഗിക്കൊപ്പം ആത്മീയസന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി കുറച്ച് പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നീണ്ടു കിടക്കുന്ന ബീച്ച് കാഴ്ചയില്‍ തിരക്കേറിയ ഇടം പോലെ തോന്നിപ്പിക്കുമെങ്കിലും ഗോകര്‍ണ്ണയില്‍ ഏകാന്തത തേടുന്നവരുടെ സങ്കേതമാണിത്. തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും രക്ഷപെട്ട് വരുന്നവരും കലര്‍പ്പില്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനെത്തുന്നവരുമാണ് ഇവിടുത്തെ സന്ദര്‍ശകരില്‍ അധികവും.

രാത്രി കാലങ്ങളില്‍ ഇവിടെ ക്യാംപ് ചെയ്യുവാനുള്ള അവസരം ലഭ്യമാണ്. മുളകൊണ്ട് നിര്‍മ്മിച്ച ഹട്ടുകളാണ് ഇവിടെ താമസത്തിനായി നല്കുന്നത്. ഷാക്കുകളും ലഭ്യമാണ്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും യോഗ ക്ലാസുകളും സെഷനുകളും ഇവിടെ നടത്താറുണ്ട്.

PC:Darshan Gajara

മാട്ടു ബീച്ച്

മാട്ടു ബീച്ച്

മുഖ്യധാരാ ടൂറിസം ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വഴിമാറിക്കിടക്കുന്ന ബീച്ചാണ് മാട്ടു ബീച്ച്. കര്‍ണ്ണാടകയിലെ രുചി നഗരമായ ഉഡുപ്പിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് മാട്ടു ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയോട് ചേര്‍ന്ന് സമയം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം. ശാന്തമായി കിടക്കുന്ന കായല്‍ത്തീരവും അതിന്റ ഭ്രമിപ്പിക്കുന്ന കാഴ്കകള്‍ക്കുമൊപ്പം ഇവിടുത്തെ സൂര്യാസ്മയവും പേരുകേട്ടിട്ടുള്ളവയാണ്. കണ്ടുപിടിച്ച് വരുന്നവര്‍ക്ക് അതിമനോഹരവും സമാധാനപരവുമായ അന്തരീക്ഷം നല്കുന്ന ഇവിടം പക്ഷേ, വളരെ വിരളം ആളുകള്‍ക്കു മാത്രമേ അറിയുകയുളളൂ.
ഇവിടെ ഒരു വശം കടലും മറുവശം കായലുമാണ് ഉള്ളത്. ഇതിനു നടുവിലൂടെയാണ് യാത്ര പോകുന്നത്.

രാത്രി കാലങ്ങളില്‍ തിളങ്ങുന്ന ഒരു പ്രതിഭാസത്തിനും മാട്ടു ബീച്ച് പേരുകേട്ടിരിക്കുന്നു. ബയോലുമിനെസെൻസ് എന്നാണ് ഇതറിയപ്പെടുന്നത്. കുമ്പളങ്ങിയില്‍ കാണപ്പെടുന്ന അതേ പ്രതിഭാസം തന്നെയാണിത്. അതിനാല്‍ പകല്‍ മാത്രമല്ല, രാത്രി എത്തിയാലും മികച്ച ചില അനുഭവങ്ങളും ഓര്‍മ്മകളും ഈ ബീച്ച് നമുക്ക് നല്കും.

PC:Andrew Coelho

ഹൂഡെ ബീച്ച്

ഹൂഡെ ബീച്ച്

ജീവിതത്തിലൊരിക്കലും മറക്കുവാന്‍ ആഗ്രഹിക്കാത്ത സൂര്യോദയവും സൂര്യാസ്തമയവും കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു പറ്റിയ ഇടമാണ് ഹൂഡെ ബീച്ച്. ഉഡുപ്പിയോട് തന്നെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം ബെംഗാരെ എന്ന ഗ്രാമത്തോട് ചേര്‍ന്നാണുള്ളത്. തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഈ ബീച്ച് ഇത്രയും നാളും പ്രദേശവാസിക‌ളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായിരുന്നു. വളരെ കുറച്ച് കാലം മാത്രമായതേയുള്ളു വളരെ പരിമിതമായ തോതിലെങ്കിലും സഞ്ചാരികള്‍ ഇവിടം അന്വേഷിച്ച് വരുവാന്‍ ആരംഭിച്ചിട്ട്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ വെറുതെ ഇവിടെ വന്നിരിക്കുവാനാണ് ഇവിടെത്തുന്നവരില്‍ അധികംപേരുടെയും താല്പര്യം. ഹൂഡെ ബീച്ചില്‍ എത്തുന്നവര്‍ ഇവിടുത്തെ പ്രാദേശിക വിഭവങ്ങള്‍ നിര്‍ബന്ധമായും രുചിച്ചിരിക്കണം. പ്രാദേശിക തുളുനാട് വിഭവങ്ങള്‍ പരിചയപ്പെടുവാന്‍ ഇതിലും മികച്ചൊരവസരം ലഭിച്ചെന്നു വരില്ല.

PC:Kashish Grover

അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്

ദേവ്ബാഗ് ബീച്ച്

ദേവ്ബാഗ് ബീച്ച്

കാളി നദി അറബിക്കടലുമായി സംഗമിക്കുന്ന ദേവ്ബാഗ് ബീച്ച് സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ ലക്ഷ്യസ്ഥാനമാണ്. ഉത്തര കന്നഡ ജില്ലയുടെ ആസ്ഥാനമായ കാർവാറിലെ പ്രസിദ്ധ ബീച്ച് എന്ന നിലയില്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു. പച്ചപ്പും കുന്നുകളും ചുറ്റിയുള്ല കാഴ്ച ബീച്ചിന് മറ്റൊരു ലോകത്തിന്റെ പ്രതീതി സമ്മാനിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാർവാർ സന്ദർശിച്ച പ്രശസ്ത കവി ശ്രീ രവീന്ദ്രനാഥ ടാഗോറിന് ഈ കടൽത്തീരം പ്രചോദനം നല്കിയിരുന്നതായി പല കഥകളും പ്രചാരത്തിലുണ്ട്. പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകള്‍ ബീച്ചിനു ചുറ്റിലുമായി കാണാം.

PC:Clem Onojeghuo

കോടി ബീച്ച്

കോടി ബീച്ച്

സുവർണ നദി അറബിക്കടലിൽ ചേരുന്ന സ്ഥലമാണ് കോടി ബീച്ച്. കര്‍ണ്ണാടകയിലെ ബീച്ച് കാഴ്ചകളില്‍ എടുത്തുപറയത്തക്ക ഒന്നും അവകാശപ്പെടുവാനില്ലെങ്കിലും ആകര്‍ഷണീയമായ എന്തൊക്കെയോ ഈ ബീച്ചിനുണ്ട്. കുന്ദാപൂരിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് കോടി ബീച്ചുള്ളത് . കണ്ടല്‍ക്കാടുകളും ബോട്ട് യാത്രയും ആസ്വദിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെുണ്ട്. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. വളരെ ചെറിയ ഒരു തുറമുഖം കൂടിയാണ് കോടി ബീച്ച്. സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ഇവിടെ നിങ്ങള്‍ക്ക് അവരുടെ ജീവിതരീതികളും കാര്യങ്ങളും നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കും.

PC:Swetha Rao

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

മാല്‍പെ ബീച്ച്

മാല്‍പെ ബീച്ച്

ബാലിയുടെ മാത്രമല്ല, മാലദ്വീപിന്റെ കാഴ്ചാനുഭവങ്ങള്‍ നല്കുന്ന ഒരിടവും കര്‍ണ്ണാടകയിലുണ്ട്. അതാണ് മാല്‍പെ ബീച്ച്. പ്രകൃതിദത്ത തുറമുഖമായ മാല്‍പെ ഉ‍ഡുപ്പിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഉദയവര നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്താണ് മാൽപെയുള്ളത്. പുരാതനമായ പല യാത്രാ വിവരണങ്ങളിലും ചരിത്രരേഖകളിലുമെല്ലാം മാല്‍പെയെ പരാമര്‍ശിച്ചിട്ടുണ്ട്. കാഴ്ചകള്‍ മാത്രമല്ല, വെള്ളത്തിലിറങ്ങിയുള്ള ആക്റ്റിവിറ്റികള്‍ക്കും മാല്‍പെ പ്രസിദ്ധമാണ്. സര്‍ഫിങ്ങും മീന്‍പിടുത്തവും നീന്തലുമെല്ലാം ഇവിടെ ആസ്വദിക്കാം. തുടക്കക്കാര്‍ക്കായി പരിശീലനം നല്കുന്ന ഇടങ്ങളും ഇവിടെയുണ്ട്. ആഴം കുറവായതിനാല്‍ സുരക്ഷിതമായി കടലിലിറങ്ങാം എന്ന പ്രത്യേകതയും മാല്‍പ്പെയ്ക്കുണ്ട്. 450 മീറ്റർ നീളമുള്ള കടൽനടത്തം ഇവിടെ വളരെ വ്യത്യസ്തമായ അനുഭവവും നല്കുന്നു. കേരളത്തില്‍ നിന്നും വെറും ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തുപോലും ഇവിടേക്ക് വരാം. യാത്രയില്‍ സെന്റ് മേരീസ് ഐലന്‍ഡ് കൂടി ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

PC:Thomas Sabu

കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്

ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X