ഓരോ മഴക്കാലവും ഗോവയ്ക്ക് ഓരോ നിറങ്ങളാണ് സമ്മാനിക്കുന്നത്. ബീച്ചുകള്‍ തേടിയെത്തുന്നവരില്‍ നിന്നും മാറി ഗോവയുടെ ഉള്ളറകള്‍ കൂടി 'എക്സ്പ്ലോര്‍' ചെയ്യുവാന്‍ താല്പര്യമുള്ളവര്ക്ക് ഏറ്റവും യോജിച്ച സമയമാണ് മഴക്കാലം. മണ്‍സൂണിലെ ട്രക്കിങ്ങും കോട്ടകള്‍ കയറിയുള്ള യാത്രയും മഴയെ അറിഞ്ഞും അനുഭവിച്ചുമുള്ള നേരങ്ങളുമെല്ലാം ഇവിടെ ആസ്വദിക്കുവാന്‍ ഇതുതന്നെയാണ് പ്രധാന സമയം. ഗോവയിലെ മഴക്കാലം ആസ്വദിക്കുവാന്‍ പറ്റിയ പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം

സാലിം അലി പക്ഷി സങ്കേതം
ഗോവയിലെ മാണ്ഡോവി നദിയില്‍ ചോരാവോ ദ്വീപിനുള്ളിലാണ് പ്രസിദ്ധ പക്ഷിനിരീക്ഷകനായിരുന്ന ഡോ.സാലി അലിയുടെ ബഹുമാനാര്‍ത്ഥം പേരുനല്‍കപ്പെട്ട സാലിം അലി പക്ഷി സങ്കേതം മഴക്കാലത്ത് ഗോവയില്‍ കാണേണ്ട ആദ്യ ഇടം തന്നെയാണ്. ഫെറി വഴി മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടം 1.8 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള സ്ഥലമാണ്. റിന്ദാബാര് കടവില്‍ നിന്നുമാണ് ഇവിടേക്കുള്ള ഫെരി ലഭ്യമാവുക. ഗോവയിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമായ ഇവിടെ അപൂര്‍വ്വങ്ങളായ പക്ഷികളെ കാണാം.
PC:Shyamal

അഗൗഡ കോട്ട
അറബിക്കടലിന്റെ തീരത്തായി പോര്ച്ചുഗീസുകാരുൊെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അഗൗഡ കോട്ട ഇന്ന് ഗോവ.ിലെ പൈതൃക ഇടങ്ങളില്‍ ഒന്നാണ്. ആ കാലത്ത് പോര്‍ച്ചുഗീസുകാര്‍ക്ക് ഗോവയിലുണ്ടായിരുന്ന ഏറ്റവും തന്ത്രപ്രധാനമായ ഇടങ്ങളില്‍ ഒന്നായാണ് ഇവിടം കണക്കാക്കപ്പെട്ടിരുന്നത്. സിന്‍ക്വെറിം ബീച്ചില്‍ സ്ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ ഈ കോട്ടയും അതിനോട് ചേര്‍ന്നുള്ള ലൈറ്റ് ഹൗസും മനോഹരമായ കാഴ്ചകള്‍ നല്കുന്നു, പ്രത്യേകിച്ച് മഴക്കാലങ്ങളില്‍.
PC:Abhiomkar

മാണ്ഡോവി നദിയിലെ റിവര്‍ റാഫ്റ്റിങ്
ഗോവയിലെ മഴക്കാലം അല്പം സാഹസികതയില്‍ വേണം ആസ്വദിക്കുവാന്‍ എന്നാഗ്രഹമുള്ളവര്‍ക്ക് മാണ്ഡോവി നദിയില്‍ നടത്തുന്ന മഴക്കാല റിവല്‍ റാഫ്റ്റിങ്ങില്‍ പങ്കെടുക്കാം. മഴയില്‍ കുത്തിയൊലിച്ച് വരുന്ന വെള്ളത്തില്‍ മാണ്ഡോവി നദിയിലെ ഒഴുക്കുള്ള വെള്ളത്തില്‍ റാഫ്റ്റിങ് സ്ഥിരം സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. കനത്ത കാടുകള്ക്കിടയിലൂടെയാണ് നദി ഒഴുകുന്നത് എന്നതിനാല്‍ റാഫ്റ്റിങ്ങിലെ കാഴ്ചകള്‍ വളരെ മനോഹരമായിരിക്കും.

ദൂത്സാഗര്‍ വെള്ളച്ചാട്ടം
മഴക്കാല യാത്രകള്‍ ഗോവയില്‍ പൂര്ത്തിയാക്കിയിരിക്കണമെങ്കില് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യമാണ് ദൂത്സാഗര്‍ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയും ട്രക്കിങ്ങും. മഴക്കാലമാണ് ദൂത്സാഗര്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. വെറുതേ ട്രെയിനില്‍ പോയി വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണുവാനും നടന്നുപോയി അടുത്തുനിന്ന് ആസ്വദിക്കുവാനുമുള്ള സൗകര്യങ്ങളുണ്ട്. വിവിധ ഏജന്‍സികള്‍ നടത്തുന്ന പാക്കേജുകള്‍ വഴിയും ഇവിടേക്ക് പോകാം.

കാലന്‍ഗുട്ടെ ബീച്ചില്‍ പോകാം
ഗോവയിലെ മണ്‍സൂണിന്റെ ഭംഗി ആസ്വദിക്കുവാന്‍ യോജിച്ച മറ്റൊരിടമാണ് കാലന്‍ഗുട്ടെ ബീച്ച്. നോര്‍ത്ത് ഗോവയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മണ്‍സൂണിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തുമെങ്കിലും ജനത്തിരക്ക് ഇവിടെ വളരെ കുറവാണ്.
PC:Sarang Pande

ഘാട്ട് റോഡിലൂടെ പോകാം
മഴക്കാലത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്ന് ഇവിടുത്തെ ഘാട്ട് റോഡുകളിലൂടെ വെറുതെയൊരു യാത്ര പോവുകയാണ്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും ഒപ്പം ചേരുന്ന മഴയും യാത്രയെ എന്നും ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി മാറ്റുമെന്നതില്‍ സംശയം വേണ്ട. വെള്ളച്ചാട്ടങ്ങളും മഴയും കണ്ട് മലമുകളില്‍ മാറിവരുന്ന കോടയെ നോക്കി നിന്ന് കുറച്ചുനേരം ചിലവഴിക്കാം. കാടുകളിലൂടെയുള്ള യാത്രയായതിനാല്‍ പച്ചപ്പ് ആവോളം ആസ്വദിക്കാം. ചോര്‍ലാ ഘാട്ട്, അംബോലി ഘാട്ട്, അന്മോട് ഘാട്ട് തുടങ്ങിയവയാണ് ഇവിടെ മഴക്കാലം ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍.

സ്പൈസ് ഗാര്‍ഡനുകള്‍ കാണാം
വെറുതേ കുറച്ച് കൃഷിയിടങ്ങള്‍ കാണുക എന്നിതിലുപരിയായി ഗോവയുടെ മറ്റൊരു വശം പരിചയപ്പെടുക എന്നതാണ് യാത്രയില്‍ ലക്ഷ്യമാക്കുന്നത്. ഗ്രാമീണ ഗോവയുടെ ജീവിതവും കൃഷിരീതികളും എല്ലാം കണ്ടുപഠിക്കുവാന്‍ ഈ സമയം പ്രയോജനപ്പെടുത്താം. ഗോവയുടെ സ്ഥിരം ബഹളങ്ങളില്ലാതെ ചെയ്യുവാന്‍ പറ്റിയ മികച്ച കാര്യം കൂടിയാണിത്.

മോര്‍ജിം ബീച്ച്
മഴക്കാലങ്ങളില്‍ ഏറ്റവും ശാന്തമായി ഗോവയില്‍ കാണുവാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഗോവയിലെ മോര്‍ജിം ബീച്ച്. മഴയുടെ ഭംഗി ആസ്വദിക്കുവാനും പുലരികളും വൈകുന്നേരങ്ങളും ശാന്തമായി ചിലവഴിക്കുവാനുമെല്ലാം ഇവിടം തിരഞ്ഞെടുക്കാം. ഒട്ടും തിരക്കില്ലാത്ത ഈ ബീച്ച് ഒലിവ് റിഡ്ലി ആമകളുടെ പേരില്‍ പ്രസിദ്ധമാണ്. നോര്‍ത്ത് ഗോവയിലെ പെര്‍നെം ഉപജില്ലയിലാണ് മോര്‍ജിം ബീച്ച് സ്ഥിതി ചെയ്യുന്നത്. നീന്തുന്നതിന് ഏറ്റവും സുരക്ഷിതമായ ബീച്ച് കൂടിയാണിത്.
PC:
Anders Wideskott
https://unsplash.com/photos/_QnPkc4C6E4

വെള്ളച്ചാട്ടങ്ങള്‍ കാണം
മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങള്‍ ഗോവയില്‍ നിരവധിയുണ്ട്. മണ്‍സൂണ്‍ യാത്രയില്‍ ഇവയിലേതെങ്കിലും നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം. ട്രക്ക് ചെയ്ത് എത്തുവാന്‍ കഴിയുന്നവരും എളുപ്പത്തില്‍ നടന്നെത്തുവന് കഴിയുന്നവയും ഇവിടെയുണ്ട്. തംബ്ഡി സുർല വെള്ളച്ചാട്ടം, ചോർള വെള്ളച്ചാട്ടം, സക്ല-വജ്ര വെള്ളച്ചാട്ടം, നേത്രാവലി വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് ഇവിടെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍.
PC:DEAR