Search
  • Follow NativePlanet
Share
» »ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..

ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..

ഇന്ത്യന്‍ മഹാസമുദ്രത്തിനു നടുവിലെ ഒരു ദ്വീപ്... ശ്രീലങ്ക എന്ന പേരു ആദ്യം മനസ്സിലെത്തിക്കുന്ന ഒരു ചിത്രം ഇതായിരിക്കും. എന്നാല്‍ ഈ ഒരു ചിത്രത്തിനുമപ്പുറം മറ്റൊരു ശ്രീലങ്കയുണ്ട്. നീണ്ടു കിടക്കുന്ന കടല്‍ത്തീരങ്ങളും ചരിത്രാവശിഷ്ടങ്ങളും സമ്പന്നമായ ജൈവവൈവിധ്യവുമായി കിടക്കുന്ന ഒരു നാട്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു പുരാണങ്ങളുടെ ഭാഗമായി തീര്‍ന്നിരിക്കുന്ന ചിലഇടങ്ങളാണ് ശ്രീ ലങ്കയുടെ മറ്റൊരു പ്രത്യേകത. സീതയെ തട്ടിക്കൊണ്ടുപോയ സ്ഥലം മുതൽ രാവണനെ വധിച്ച സ്ഥലം വരെ ഇവിടെ നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും. ശ്രീലങ്കന്‍ പൈതൃകത്തിനൊപ്പം ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇവിടുത്തെ ഇടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം....

ചിലാവ്

ചിലാവ്

രാമായണ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നിരവധി ഇടങ്ങള്‍ ശ്രീ ലങ്കയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ചിലാവ്. മുന്നേശ്വര ക്ഷേത്രവും മണവാരി ക്ഷേത്രവും ആണ് ഇവിടുത്തെ പ്രധാന കാഴ്ച. രാജ്യത്തെ ഏറ്റവും പളക്കംചെന്ന ക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്ന മുന്നേശ്വര ക്ഷേത്രം ശിവനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബ്രാഹ്മണനായ രാവണനെ വധിച്ചതിനാൽ ബ്രഹ്മഹത്യദോഷത്തിൽ നിന്ന് രക്ഷനേടാൻ രാമന്‍ ഇവിടെ വെച്ചാണ് ശിവനോട് പ്രാർത്ഥിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഉപദേശപ്രകാരം ശ്രീരാമൻ ദോഷത്തിൽ നിന്ന് മുക്തി നേടുന്നതിനായി ഇന്ത്യയിലെ മണവാരി, തിരു കോണേശ്വരം, തിരു കേതേശ്വരം, രാമേശ്വരം എന്നിങ്ങനെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നാല് ശിവലിംഗങ്ങൾ സ്ഥാപിച്ചു. ചിലാവിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള മണവാരി ക്ഷേത്രമാണ് ശ്രീരാമൻ ആദ്യമായി ശിവലിംഗ പ്രതിഷ്ഠ നടത്തിയതും പ്രാർത്ഥിച്ചതും. ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നത് പുണ്യപ്രവര്‍ത്തിയായാണ് വിശ്വാസികള്‍ കരുതുന്നത്.
PC:Balou46

ട്രിങ്കോമാലി

ട്രിങ്കോമാലി

ശ്രീലങ്കയിലെ രാമായണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റൊരു പ്രധാന സ്ഥലമാണ് ട്രിങ്കോമാലി. തിരുകോണേശ്വരം ക്ഷേത്രത്തിന്‍റെ ആസ്ഥാനമായാണ് ഇവിടം അറിയപ്പെടുന്നത്. ശ്രീലങ്കയിലെ പഞ്ച ഈശ്വരങ്ങളിൽ ഒന്നായ ഇവിടെ വെച്ചാണ് ബ്രഹ്മഹത്യ പാപത്തില്‍ നിന്നും മോചനം നേടുവാനായി ശ്രീരാമൻ രണ്ടാമത്തെ ലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. രാവണന്റെ ശിവഭക്തിയില്‍ സംപ്രീതനായ ശിവന്‍റെ നിര്‍ദ്ദേശപ്രകാരം അഗസ്ത്യമുനിയാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.

PC:Shamli071

നുവാര ഏലിയ

നുവാര ഏലിയ

ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷനുകളിലൊന്നായ നുവാര ഏലിയ വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരിയായി ആത്മീയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലാണ് പ്രസിദ്ധമായിരിക്കുന്നത്. രാമായണവുമായി ബന്ധപ്പെട്ട ദിവ്യുമ്പോള, ഗായത്രി പീഠം, സീത അമ്മൻ ക്ഷേത്രം എന്നിവയാണ് ഇവിടെയുള്ളത്. രാവണന്റെ പുത്രൻ മേഘനാഥന് ശിവനെ തപസ്സു ചെയ്തു ശക്തി നേടിയ സ്ഥലമാണ് ഗായത്രി പീഠം എന്നാണ് വിശ്വാസം.സീതാദേവി, ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് സീതാ അമ്മന്‍ ക്ഷേത്രം.
രാവണൻ സീതായെ ബന്ദിയാക്കി പാര്‍പ്പിച്ച അശോക വാടികയുടെ സ്ഥലമാണെന്നും ക്ഷേത്രത്തിന് അടുത്തുള്ള നദി സീത കുളിച്ച സ്ഥലമാണെന്നും വിശ്വസിക്കപ്പെടുന്നു. നുവാരേലിയയിൽ നിന്ന് 20 കിലോമീറ്റർ അകലെ, സീതാദേവി "അഗ്നി" അഗ്നിപരീക്ഷയ്ക്ക് വിധേയയായ സ്ഥലമാണ്, അവിടെ രാമനോട് തന്റെ നിരപരാധിത്വവും പരിശുദ്ധിയും തെളിയിച്ച സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു.

PC:Charles R. Benedict -

കൊളംബോ

കൊളംബോ

രാമായണവുമായി ബന്ധപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ് കൊളംബോയിലുള്ളത്. ആഞ്ജനേയർ ക്ഷേത്രവും കേളനിയ ക്ഷേത്രവും. ശ്രീലങ്കയിലെ ആദ്യത്തെ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രമായ ഇവിടെ ഹനുമാന് രഥവും സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ലോകത്തിലെ ഏക ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഇവിടുത്തെ രഥോത്സവം ശ്രീലങ്കയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണ്. കേളനിയ ആണ് കൊളംബോയില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരിടം. രാവണനെ വധിച്ച ശേഷം വിഭീഷണനെ ശ്രീലങ്കയുടെ രാജാവായി ലക്ഷ്മണന്‍ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിത്. വിഭീഷണന്റെ കിരീടധാരണം ചിത്രീകരിക്കുന്ന ചുവർചിത്രങ്ങള്‍ ഇവിടെ കാണാം. ബുദ്ധമതവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലവും കൂടിയാണിത്. ബുദ്ധന്‍ സന്ദര്‍ശിച്ച ശ്രീലങ്കയിലെ മൂന്നിടങ്ങളില്‍ ഒന്നും ഇതാണ്.

PC:AtulaSiriwardane

റാംബോഡ

റാംബോഡ

ഹനുമാന്‍ ക്ഷേത്രമാണ് റംബോഡയിലെ പ്രത്യേകത. ഹനുമാൻ സീതയെ അന്വേഷിച്ചെത്തിയ സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭക്ത ഹനുമാൻ ക്ഷേത്രം ഇവിടെ വിശ്വാസികള്‍ക്ക് കാണാം. രാമൻ, സീത, ലക്ഷ്മണൻ എന്നിവര്‍ക്കൊപ്പം 16 അടി ഉയരത്തിലുള്ള ഹനുമാന്‍ വിഗ്രഹം ഇവിടെ കാണാം. ശ്രീലങ്കൻ യാത്രയിൽ രാമായണവുമായി ബന്ധപ്പെട്ട തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്. ശ്രീലങ്കയില്‍ രാവണന്റെയും രാമന്റെയും സൈന്യങ്ങള്‍ പരസ്പരം മുഖാമുഖം വന്ന ഇടം കൂടിയാണിത്. സീതാദേവിയുടെ കണ്ണുനീരിൽ നിന്ന് രൂപപ്പെട്ടതാണെന്ന് പറയപ്പെടുന്ന 'സീത കണ്ണീർകുളം' എന്നൊരു കുളം സമീപത്തുണ്ട്.

PC:Tuderna

ഡോലുകണ്ട സഞ്ജീവനി പർവ്വതം

ഡോലുകണ്ട സഞ്ജീവനി പർവ്വതം

ഹനുമാൻ അബദ്ധത്തിൽ സഞ്ജീവനി പർവതത്തിന്റെ ഒരു ഭാഗം താഴെയിട്ട അഞ്ച് സ്ഥലങ്ങളിൽ ഒന്നാണിത്. രാവണനുമായുള്ള യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ ഔഷധങ്ങൾ കൊണ്ടുവരാൻ രാമൻ ഹനുമാനോട് ആവശ്യപ്പെട്ടു. ഔഷധച്ചെടിയെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഹനുമാൻ സഞ്ജീവനി പർവ്വതം മുഴുവൻ കൊണ്ടുവന്നു. ഈ യാത്രയില്‍ പറക്കുന്നതിനിടെ മലയുടെ ചില ഭാഗങ്ങൾ ലങ്കയിലെ ദോലുകണ്ട, റുമസ്സല, റിത്തിഗല, തള്ളടി, കച്ചത്തീവ് എന്നീ അഞ്ച് സ്ഥലങ്ങളിൽ പതിച്ചു. ഇതിലൊന്നാണ് ഈ ഇടം. ഇതിന്റെ താഴെ പുരാതനമായ ഒരു ആശ്രമം നിലനിന്നിരുന്നതായാണ് വിശ്വാസം.

PC:malith d karunarathne

സീത കോട്ടുവ

സീത കോട്ടുവ

രാമായണ ഇടങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഇടമാണ് സീത കോട്ടുവ. സീതയെ തട്ടിക്കൊണ്ടുപോയ ശേഷം രാവണൻ ആദ്യമായി ബന്ദിയാക്കിയത് ഇവിടെയാണ് എന്നാണ് വിശ്വാസം. സീതാദേവിയെ അശോക വാതികയിലേക്ക് മാറ്റുന്നതുവരെ ലങ്കാപുരയിലെ മണ്ഡോധരി രാജ്ഞിയുടെ കൊട്ടാരത്തിൽ പാർപ്പിക്കുകയും ചെയ്തു. സീത കോട്ടുവ എന്നാൽ സീതയുടെ കോട്ട എന്നാണ് അർത്ഥം. സീതാദേവി ഇവിടെ താമസിച്ചതിനാലാണ് ഈ പേര് ലഭിച്ചത്.

PC:Buddhika.jm

സിഗിരിയ

സിഗിരിയ

രാമായണ വിശ്വാസങ്ങളില്‍ ശ്രീലങ്കയില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടമാണ് സിഗിരിയ. മദ്ധ്യശ്രീലങ്കയിൽ മാതലെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സിഗിരിയ ശ്രീലങ്കയുടെ എട്ട് ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നാണ്. ഇവിടുത്തെ നാഗൂലിയ ഗുഹയിലാണ് കുറേ നാള്‍ രാവണന്‍ സീതയെ തടവില്‍ പാര്‍പ്പിച്ചത് എന്നാണ് വിശ്വാസം. രാവണന്‍റെ കൊട്ടാരത്തിന്‍റെ ഭാഗമായിരുന്നു ഇവിടമെന്നാണ് കഥകള്‍ പറയുന്നത്. സഹോദരനായ കുബേരന്‍ തങ്കം കൊണ്ടാണത്രെ ഇവിടുത്തെ കൊട്ടാരം നിര്‍മ്മിച്ചത് എന്നും ഇവിടുത്തെ കഥകള്‍ പറയുന്നു. ഗുഹാഭിത്തികളിൽ രാമായണ കാലഘട്ടത്തിലെ രംഗങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്.

യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..

Read more about: ramayana world pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X