India
Search
  • Follow NativePlanet
Share
» »ആളും തിരക്കുമില്ലാതെ കുന്നുകയറാം.. കോട്ടകള്‍ കീഴടക്കാം..മഹാരാഷ്ട്രയിലെ അറിയപ്പെടാത്ത ട്രക്കിങ്ങുകള്‍

ആളും തിരക്കുമില്ലാതെ കുന്നുകയറാം.. കോട്ടകള്‍ കീഴടക്കാം..മഹാരാഷ്ട്രയിലെ അറിയപ്പെടാത്ത ട്രക്കിങ്ങുകള്‍

മേഘങ്ങളെ ത‌ൊ‌ട്ടുനില്‍ക്കുന്ന കോട്ടകള്‍... ആകാശം അതിരി‌ടുന്ന കാഴ്ചകളിലേക്ക് കയറിച്ചെല്ലുവാന്‍ പ്രേരിപ്പിക്കുന്ന മഹാരാഷ്ട്രയില്‍ സഞ്ചാരികള്‍ക്കേറെപ്രിയം ട്രക്കിങ്ങുകള്‍ തന്നെയാണ്. സഹ്യാദ്രിയുടെ പച്ചപ്പും ഭംഗിയും കണ്ട് കോടമഞ്ഞും ചാറ്റല്‍മഴയും കൊണ്ട് കയറിച്ചെല്ലുന്ന യാത്രകള്‍ മിക്കപ്പോഴും ആള്‍ക്കൂട്ടത്തിലേക്കായിരിക്കും എത്തിക്കുക. ഹരിഹര്‍ഫോര്‍ട്ട് പോലെ പേരുകേട്ട പല യാത്രായിടങ്ങളും എന്നും സഞ്ചാരികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ഇടമാണ്. ആളുകളുടെ തിരക്കില്‍പെട്ടു മാത്രം യാത്രാ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോകുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ യാത്രകള്‍ എന്നും ഓര്‍മ്മിക്കുന്ന വിധത്തിലുള്ള ഒന്നായിരിക്കുവാന്‍ പോയിരിക്കേണ്ടത് ഇവിടുത്തെ തിരക്കില്ലാത്ത സ്ഥലങ്ങളിലേക്കാണ്. യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെ വളരെ ചുരുക്കം കോട്ടകളൊഴിതെ മറ്റിടങ്ങളിലെല്ലാം യാതൊരു തിരക്കുനില്ലാതെ പോയി വരുവാന്‍ കഴിയുന്നവയാണ്. ആളും തിരക്കുമില്ലാതെ മഹാരാഷ്ട്രയില്‍ ചെയ്യുവാന്‍ പറ്റിയ ട്രക്കിങ്ങുകള്‍ ഏതൊക്കെയാണെന്നു നോക്കാം

കമല്‍ഗഡ് കോട്ട ട്രക്കിങ്

കമല്‍ഗഡ് കോട്ട ട്രക്കിങ്

അധികം സഞ്ചാരികളൊന്നും തിര‍ഞ്ഞെത്തിയിട്ടില്ലാത്ത ലക്ഷ്യസ്ഥാനങ്ങള്‍ നിരവധിയുണ്ട് മഹാരാഷ്ട്രയില്‍. എപ്പോള്‍ ചെന്നാലും ആളും ബഹളവും ഒന്നുമില്ലാതെ, പ്രകൃതിയെ അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ കണ്ട് ആസ്വദിക്കുവാന്‍ പറ്റിയ ഇടം. അങ്ങനെ ഒരു യാത്രയാണ് തേടുന്നതെങ്കില്‍ മഹാബലേശ്വറിലെ കമല്‍ഗഡ് കോട്ട മികച്ച തിരഞ്ഞെ‌ടുപ്പായിരിക്കും. ഏകദേശം മൂന്ന് നാല് ഏക്കര്‍ സ്ഥലത്തോളം വ്യാപിച്ചു കിടക്കുന്ന കോട്ട ബ്രിട്ടീഷ് ഭരണകാലത്ത് ത‌ടവുകാരെ വധിക്കുവാനായി ഉപയോഗിച്ചിരുന്ന സ്ഥലം കൂടിയാണ്. കുത്തനെയുള്ള പാറയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടെ പ്രവേശിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മുന്‍പ് കോട്ടയുടെ താഴെനിന്നുള്ള ഒരു തുരങ്കത്തിലൂ‌ടെയായിരുന്നു പ്രവേശനം. കോട്ടയു‌ടെ മുകളിലെത്തിയാല്‍ 40-50 അടി ആഴമുള്ള ഒരു പടവ് കിണര്‍ കാണാം. ഇതിനുള്ളിലേക്ക് കുറച്ചുദൂരം ഇറങ്ങുവാന്‍ സാധിക്കും. പുറത്തു ചുട്ടുപൊള്ളുന്ന വെയിലാണെങ്കിലും അതൊന്നും ഇതിനുള്ളില്‍ അറിയാറേയില്ല...കുളിര്‍മ്മ നിറഞ്ഞ അന്തരീക്ഷമാണ് ഇതിനുള്ളിലുള്ളത്.

PC:rohit gowaikar

രത്തന്‍ഗഡ് കോട്ട

രത്തന്‍ഗഡ് കോട്ട

പശ്ചിമഘട്ടത്തിന്‍റെ ഉയരങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്നും4255 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണ് രത്തന്‍ഗഡ് കോട്ട. അഹ്മദ് നഗര്‍ ജില്ലയ്ക്കും താനെ ജില്ലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ട മുംബൈയില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ പറ്റിയ സ്ഥലം കൂടിയാണ്. രത്തന്‍വാഡി എന്ന ഗ്രാമത്തില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. സഹ്യാദ്രിയുടെ രത്നം എന്നുവിളിക്കപ്പെ‌ടുന്ന ഇവിടം സീസണില്‍ നിറയെ പൂക്കളാല്‍ നിറഞ്ഞുനില്‍ക്കുന്ന ഇടമായി മാറാറുണ്ട്. ഗണേഷ്, ഹനുമാൻ, കൊങ്കൺ, ത്രയമ്പക് എന്നിങ്ങനെ നാലു കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്. 400 വര്‍ഷത്തെ പഴക്കമാണ് കോട്ടയ്ക്കുള്ളതെന്നാണ് ചരിത്രം പറയുന്നത്.
കോട്ടയുടെ മുകളിലെത്തിയാല്‍ രണ്ടു വശവും മനോഹരമായ കാഴ്ചകളുണ്ട്. ഒരു ഭാഗത്ത് ഘനചക്കർ മലനിരകളും മറുവശത്ത് ഭണ്ഡാർദാര തടാകവും ഇവിടുത്തെ കാഴ്ചകളെ ഭംഗിയുള്ളതാക്കുന്നു.
മഹാരാഷ്ട്രയിലെ പല കുന്നുകളെയും ഇതിന്റെ മുകളില്‍ നിന്നാല്‍ കാണുവാന്‍ സാധിക്കും. അലംഗ്, കുലാങ്, മദൻ, ഹരിശ്ചന്ദ്രഗഡ്, കൽസുബായ്, അജോബ എന്നിവ അവയില്‍ ചിലതാണ്.

PC:Ccmarathe

പട്ടാ ഫോര്‍‌ട്ട്

പട്ടാ ഫോര്‍‌ട്ട്

മഹാരാഷ്ട്രയില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യുവാന്‍ കഴിയുന്ന ട്രക്കിങ്ങുകളിലൊന്നാണ് പട്ടാ ഫോര്‍‌ട്ടിലേക്കുള്ളത്. എളുപ്പമായതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടെവരുമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി, വളരെ കുറച്ച് സഞ്ചാരികള്‍ മാത്രം തേടിയെത്തുന്ന സ്ഥലമാണ് വിശ്രംഗഡ് എന്നും അറിയപ്പെടുന്ന പട്ടാ ഫോര്‍‌ട്ട്. നാസിക്കിനും അഹമ്മദ് നഗറിനും ഇടയിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1392 മീറ്റര്‍ ഉയരത്തിലാണ് ഇതുള്ളത്. സൂര്യോദയം കാണുവാനായാണ് ഇവിടേക്ക് വരേണ്ടത്. അതിരാവിലെ ട്രക്കിങ് ആരംഭിച്ച് സൂര്യോദയം ആകുമ്പോഴേക്കും മുകളിലെത്തുന്ന വിധത്തില്‍ വേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരാം.

PC:wikipedia

കോതാലിഗഡ് ഫോർട്ട്

കോതാലിഗഡ് ഫോർട്ട്

തിരക്കുകുറഞ്ഞ ട്രക്കിങ്ങിനായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ മറ്റൊരു കോട്ടയാണ് കോതാലിഗഡ് ഫോർട്ട്. സമുദ്രനിരപ്പില്‍ നിന്നും 3100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടംചെറിയ ഫണ്‍ ആകൃതിയിലുള്ള കോട്ടയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന പടിക്കെട്ടുകള്‍ കയറി വേണം ഇവിടേക്ക് വരുവാന്‍. യാത്രയുടെ രസവും ഭയവും എല്ലാം ഈ കയറ്റംതന്നെയാണ്. മഴക്കാലമാകുമ്പോള്‍ ഈ പടിക്കെട്ടുകളിലൂടെ വെള്ളം താഴേക്കൊഴുകും. ഈ സമയത്ത് ഈ പടിക്കെട്ടുകള്‍ കയറിപോകുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും. അതുകൊണ്ടുതന്നെ മഴക്കാലത്ത് കുറച്ചധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. കോടമഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന കോട്ടയു‌ടെ കാഴ്ച ഭംഗിയാര്‍ന്ന ഒന്നാണ്. ഭീമാശങ്കർ, രാജ്മാച്ചി, ധക്, സിദ്ധഗഡ്, പ്രബൽഗഡ് തുടങ്ങിയ പർവതനിരകളാൽ ചുറ്റപ്പെട്ടതാണ് കോതാലിഗഡ് ഫോർട്ട്

PC:Elroy Serrao

താഹുലി

താഹുലി

മുംബൈയ്ക്ക് സമീപമാണെങ്കിലും ഇന്നും അധികമാളുകള്‍ എക്സ്പ്ലോര്‍ ചെയ്യുതെ കിടക്കുന്ന കോട്ടയാണ് താലുഹി. കോട്ടയെന്നു പലപ്പോഴും വിളക്കപ്പെടുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കൊ‌ടുമുടി മാത്രമാണ്. കല്യാൺ, കർജാത്ത്, പൻവേൽ എന്നീ പ്രദേശങ്ങളുടെ കീഴിലാണ് താഹുലി വരുന്നത്. കല്യാൺ-മലങ്ങാട് റോഡിലെ ഒരു ചെറിയ ഗ്രാമമായ കുശിവാലിയില്‍ നിന്നാണ് ഇവിടേക്കുള്ള യാത്രകള്‍ ആരംഭിക്കുന്നത്, സമുദ്രനിരപ്പില്‍ നിന്നും 3487 അടി ഉയരത്തിലാണ് ഇവിടമുള്ളത്.
ഒറ്റ യാത്രയില്‍ വളരെ വ്യത്യസ്തമായ അനുഭവങ്ങള്‍ നല്കുന്ന ഇടമാണിത്. വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ വഴിയിലൂടെ ആരംഭിക്കുന്ന യാത്ര 45 മിനിറ്റ് സമയത്തിനു ശേഷം തിങ്ങിനിറങ്ങ കാട്ടിലേക്കു കടക്കും. ഉയര്‍ന്ന സമതലത്തിലൂടെ പിന്നീട് കടന്നുപോകുന്ന യാത്രയില്‍ റിവേഴ്സ് വെള്ളച്ചാട്ടവും കാണാം. മുന്നോട്ട് പോകുമ്പോൾ നിങ്ങൾക്ക് ദാദിമ പിനാക്കിൾ അല്ലെങ്കിൽ പാഞ്ച് പിർ സന്ദർശിക്കാം. എന്നാല്‍ ഇത് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത ഒരു യാത്രയാണ് , സാധാരണയായി ആളുകള്‍ റിവേഴ്സ് വെള്ളച്ചാട്ടം വരെ ഈ ട്രെക്കിംഗ് നടത്തി മടങ്ങുകയാണ് ചെയ്യുന്നത്.

PC:Krish Chandran

 സോണ്ടായി ഫോർട്ട് ട്രെക്ക്

സോണ്ടായി ഫോർട്ട് ട്രെക്ക്

മഹാരാഷ്ട്രയില്‍ തീര്‍ത്തും കുറവ് പര്യവേക്ഷണം ചെയ്യപ്പെട്ട കോട്ടയാണ് സോണ്ടായി ഫോർട്ട് ട്രെക്ക്. ഇതിനു ഒരു പിരിധി വരെ കാരണം കോട്ട സന്ദര്‍ശകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഒന്നല്ല എന്നതാണ്. മാതേരൻ പർവതനിരയുടെ ഭാഗമാണ് സോണ്ടായി. ഒരു കോട്ടയെ അതിന്റെ ഘടനകളോ ഒന്നുംതന്നെ ഇതിനു അവകാശപ്പെടുവാനില്ല. എന്നാല്‍ ഇതിനു മുകളില്‍ നിന്നു ലഭിക്കുന്ന കാഴ്തകള്‍ വാക്കുകളാല്‍ വര്‍ണ്ണിക്കുവാനാവില്ല. പർവതത്തിന്റെ മുകളിൽ സോണ്ടായി ദേവിയുടെ പേരില്‍ ഒരു ക്ഷേത്രനുമുണ്ട്.
മഴക്കാലങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. കോടമഞ്ഞിന്റെ പശ്ചാത്തലത്തില്‍ കോട്ടയും പരിസരവം അവാച്യമായ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു.

PC:Baljeet Singh

ധോദാപ് കോട്ട

ധോദാപ് കോട്ട

മഹാരാഷ്ട്രയില്‍ തിരക്കനുഭവപ്പെടാത്ത മറ്റൊരു ട്രക്കിങ് ലക്ഷ്യസ്ഥാനമാണ് ധോദാപ് കോട്ട. നാസിക് ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4829 അടി ഉയരത്തിലാണ് കോട്ടയുള്ളത്. സൽഹേറിന് ശേഷം സഹ്യാദ്രി പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കോട്ടയാണ് ഇത്. കൽസുബായിക്കും സൽഹറിനും ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കുന്നും ഇതുതന്നെയാണ്. ധോടാമ്പെ ഗ്രാമത്തില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്.

PC:Salveramprasad

കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍

കോരിഗാഡ്

കോരിഗാഡ്

ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രവുമായി ചേര്‍ന്നു കിടക്കുന്ന കോട്ടയാണ് കോരിഗഡ്. സമുദ്രനിരപ്പില്‍ നിന്നും 3028 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ട ലോണാവാലയ്ക്ക് സമീപമാണുള്ളത്. കോട്ടയുടെ മുകള്‍ഭാഗം ഒരു സമതലമാണ്. ഇവിടെ നിന്നു നോക്കിയാല്‍ പ്രദേശത്തിന്‍റെ കാഴ്ചകള്‍ കാണാം. കോറായ് ദേവിയുടെ ക്ഷേത്രമാണ് മറ്റൊരാകര്‍ഷണം. തടാകങ്ങള്‍, ക്ഷേത്രങ്ങള്‍, ഗുഹകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. രാത്രികാലങ്ങളിൽ കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങളില്‍ താമസിക്കുവാന്‍ സാധിക്കും. എന്നാൽ ഇവിടെ ക്യാംപ് ചെയ്യണമെങ്കിൽ ലോണാവാല റൂറൽ പോലീസിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്.

PC:Amogh Sarpotdar

പെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാംപെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാം

മണ്‍സൂണ്‍ ട്രക്കിങ്: മഴക്കാലത്ത് മഹാരാഷ്ട്രയില്‍ ഒഴിവാക്കണം ഈ ട്രക്കിങ്ങുകള്‍മണ്‍സൂണ്‍ ട്രക്കിങ്: മഴക്കാലത്ത് മഹാരാഷ്ട്രയില്‍ ഒഴിവാക്കണം ഈ ട്രക്കിങ്ങുകള്‍

Read more about: maharashtra trekking offbeat forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X