പുതുവർഷം എവിടെയൊക്കെ ആഘോഷിച്ചിട്ടുണ്ടെന്നു പറഞ്ഞാലും അതിലൊരു പൂർണ്ണത വേണമെങ്കിൽ ഗോവ തന്നെ വരണം. ഇവിടുത്തെ ബീച്ചുകളിലെ വൈബും രാവേറും വരെയുള്ള ആഘോഷങ്ങളും പാർട്ടികളും അങ്ങനെ മൊത്തത്തില്‍ പൊളി ഗോവ തന്നെയാണ്. ഇതൊന്നും വെറുതെയല്ലെന്ന് മനസ്സിലാകണമെങ്കിൽ ഒരു ന്യൂ ഇയറിനെങ്കിലും ഗോവയിൽ വന്നിരിക്കണം. അപ്പോഴറിയാം എന്തുകൊണ്ടാണ് നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങളൊക്കെ തീർന്നിട്ട്, അപ്പോതന്നെ ബാഗുമെടുത്ത് യുവാക്കൾ മുഴുവൻ ഗോവയിലേക്ക് വരുന്നതെന്ന്. വൈബും ആഘോഷങ്ങളും മാത്രമല്ല, നല്ല കിടിലൻ റിസോര്‍ട്ടുകളും, നോക്കി നിന്നുപോകുന്ന തരത്തിലുള്ള കാഴ്ചകളും സാഹസിക വിനോദങ്ങളും എല്ലാമായി ഗോവ റെഡിയായി നിൽക്കുകയാണ് പുതുവർഷത്തെ സ്വീകരിക്കുവാൻ. ഗോവയിൽ പുതുവർഷാഘോഷത്തിന് പറ്റിയ പ്രധാന ബീച്ചുകൾ പരിചയപ്പെടാം..

ഗോവ അഥവാ ഇന്ത്യയിലെ ലാസ് വേഗാസ്!
ഇന്ത്യയുടെ പാർട്ടി തലസ്ഥാനം ഏതാണെന്നും ആഘോഷങ്ങളുടെയും അടിച്ചുപൊളിയുടെയും നാട് ഏതാണെന്നും ഉള്ള ചോദ്യത്തിന് ഗോവ എന്നു മാത്രമാണ് ഉത്തരം. ഡിസംബർ പകുതിയോടെ തന്നെ ഇവിടം മുഴുവനും പുതുവർഷാഘോഷങ്ങളുടെ ഒരുക്കത്തിലേക്ക് കടക്കും സംഗീത നിരകളും പാർട്ടിയും ഫ്ലീ മാർക്കറ്റും ഒക്കെയായി കാര്യങ്ങൾ അരങ്ങുതകർക്കുന്ന ഈ സമയത്ത് ഇന്ത്യയിൽ നിന്നു മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് വരും.
PC: Kishore V/ Unsplash

ബീച്ചുകൾ വെറേ വൈബ് അല്ലേ
ഗോവയിലെ ബീച്ചുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. നൂറുകണക്കിന് ആളുകൾ ഒന്നിക്കുന്ന തിരക്കേറിയ വാഗാത്തോർ ബീച്ചു മുതൽ അങ്ങുള്ളിൽ യാത്രാഭ്രാന്ത് അത്രയധികമുള്ളവർ മാത്രമെത്തിച്ചേരുന്ന ബട്ടർഫ്ലെ ബീച്ചു വരെ ഇഷ്ടംപോലെ സ്ഥലങ്ങള് ഇവിടെയുണ്ട്. ലാന്‍റേണുകൾ തെളിയിച്ച് ആകാശത്തേയ്ക്ക് പറത്തിവിടുന്നതു പോലെ രസകരമായ ഒട്ടേറെ കാര്യങ്ങൾ ഇവിടെ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നു. പ്രത്യേക ആക്റ്റിവിറ്റികൾ ഉള്‍പ്പെടെയുള്ള പാക്കേജുകളും ഈ സമയത്ത് ലഭ്യമാകും.
PC:engin akyurt/ Unspalsh

എവിടെ തുടങ്ങണം?
കാഴ്ചകളെന്നു പറഞ്ഞാൽ എണ്ണിത്തീർക്കുവാനാകില്ല. ആൾത്തിരക്കേറിയ പൂരപ്പറമ്പ് പോലെയാണ് ഗോവയിലെ ഓരോ ഉത്സവകാലവും. ഏതു സീസൺ ആയാലും അങ്ങനെതന്നെയാണ്. ബീച്ചുകളും പള്ളികളും ചരിത്രയിടങ്ങളും കോട്ടകളും ഫ്ലീ മാര്‍ക്കറ്റും ആർട്ട് ഗാലറികളും എല്ലാമായി സഞ്ചാരികൾ കയറിയിറങ്ങാത്ത ഇടങ്ങളില്ല. ഇതൊക്കെ ഗോവയിലെ പാർട്ടി അല്ലെങ്കിൽ ആഘോഷക്കാഴ്ചകളിൽ ഉൾപ്പെടുന്നതാണ്. ഇതൊന്നുമല്ലാതെ, കാടും വന്യജീവികളും റൈഡും റിവർ ക്രൂസും ട്രക്കിങ്ങും എല്ലാമായി മറ്റൊരു ഗോവ കൂടിയുണ്ട്. എന്തായാലും ന്യൂ ഇയറിൽ ആളുകൾ തേടിയെത്തുന്നത് ഇവിടുത്തെ ബീച്ചുകൾ തന്നെയാണ്.
PC:Javier Allegue Barros/ Unspalsh

വാഗത്തോര്‍ ബീച്ച്
വാഗറ്റോർ അഥവാ വാഗത്തോർ ബീച്ച് ആണ് ഗോവയിലെ ആഘോഷങ്ങളുടെ തുടക്ക കേന്ദ്രം. കടൽത്തീരത്തിന്‍റെ ഭംഗി മനോഹരമായി എത്ര നേരം വേണമെങ്കിലും ഇവിടെയിരുന്ന് ആസ്വദിക്കാം. പരന്നു കിടക്കുന്ന വിശാലമായ കടൽത്തീരമാണ് ഇവിടെയുള്ളത്. രാവേറിയാലും അവസാനിക്കാത്ത പാർട്ടികളാണോ വാഗത്തോർ ബീച്ചിന്‍റെ മറ്റൊരു പ്രത്യേകത. പാർട്ടികളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് ഇവിടം തീർച്ചയായും ഇഷ്ടപ്പെടും. ചപോറയോട് ചേർന്നാണ് ഊ ബീച്ചുള്ളത്. അതുകൊണ്ടു തന്നെ ഇവിടേക്കുള്ള യാത്രയിൽ കുറച്ച് ചരിത്രകാഴ്ചകൾക്കും നിങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ സാധിക്കും. എല്ലാ ശനിയാഴ്ചകളിലും പ്രദേശത്തെ ജർമൻകാർ നടത്തുന്ന ഫ്ലീ മാർക്കറ്റാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ക്ലബുകളും പബ്ബുകളും ഇവിടുത്തെ ആഘോഷത്തിൽ പങ്കാളികളാകുന്നു.
PC:Aditya Rathod/ Unspalsh

അൻജുന ബീച്ച്
ഗോവ ബീച്ചുകളുടെ കാഴ്ചകളെ അതിന്റെ പൂർത്തീകരണത്തിലെത്തിക്കുന്ന മറ്റൊരു സ്ഥലമാണ് അന്‍ജുന ബീച്ച്. കരയിലേക്ക് കയറിയടിക്കുന്ന ശക്തിയേറിയ തിരമാലകളാണ് അൻജുനയുടെ പ്രത്യേകത. അതിനിടയിലും കടലിലിറങ്ങുവാനും മീൻപിടിക്കുവാനും സഞ്ചാരികൾ മുന്നിട്ടിറങ്ങാറുണ്ട്. വൈകുന്നേരങ്ങളിലാണ് ഇവിടുത്തെ ആവേശം കൊടികയറുന്നത്. ബുധനാഴ്ചകളിലെ ഫ്ലീ മാർക്കറ്റാണ് സഞ്ചാരികളെ അൻജുന ബീച്ചിലെത്തിക്കുന്ന മറ്റൊരു കാര്യം. ആളും തിരക്കും ഒക്കെയായി ഫോണിലെ ഗാലറിയും കയ്യിലെ ബാഗും ഒപ്പം വയറും നിറച്ചുകൊണ്ടുപോകുവാനുള്ളതെല്ലാം ഇവിടെ നിന്നും ലഭിക്കും.
PC: Abdullah Ahmad/ Unspalsh
ഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്ര

ബാഗ ബീച്ച്
ഗോവ ഒരു പൂരപ്പറമ്പാണെങ്കിൽ അവിടുത്തെ കില്ലാടിയാണ് ബാഗാ ബീച്ച്. വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണ് ഇവിടെ സാധാരണയായി എത്തുന്നത്. സാധാരണ ഏതു ബീച്ചിനെയും പോലെ ശാന്തസുന്ദരമാണ് ഇവിടുത്തെ കാഴ്ചകളും, തെങ്ങിൻ തോപ്പുകളും നീണ്ട കടലോരവും പഞ്ചാരമണൽ നിറഞ്ഞു കിടക്കുന്ന തീരവും പിന്നെ ക്യാൻഡിൽ ഡിന്നർ പാർട്ടകൾക്കായി അലങ്കരിച്ച മേശകളും കസേരകളും പിന്നെ ബീച്ച് അംബ്രല്ലകളുമെല്ലാം ഇവിടെ ആവശ്യത്തിനു കാണാം. സൂര്യൻ കടലിൽ മറഞ്ഞാൽ പിന്നെ ആഘോഷങ്ങളുടെ വരവാണ്. ഹണിമൂണേഴ്സിന്റെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ഇവിടെ അവരെ ഉദ്ദേശിച്ചുള്ള പല കാഴ്ചകളും കാണാം.
PC:Sarang Pande/ Unsplash
ക്രിസ്മസ് ന്യൂ ഇയർ യാത്രാ പ്ലാനുകളായോ? ചിലവ് കുറവ്, കാഴ്ചകൾ ഗംഭീരം.. സൂപ്പർ സ്ഥലങ്ങളിതാ

കാലാങ്കുട്ട് ബീച്ച്
ഗോവയിലെ മറ്റൊരു പറുദീസായാണ് കാലാങ്കുട്ട് ബീച്ച്. ബീച്ച് കാഴ്ചകൾ മാത്രമല്ല, എല്ലാംകൊണ്ടും ആസ്വദിച്ചൊരു ബീച്ച് യാത്രയാണ് ഇവിടം നിങ്ങൾക്ക് തരുന്നത്. ആള്‍ക്കൂട്ടമാണ് ഇവിടുത്തെ പ്രത്യേകത. പബ്ബുകളിലെ അടിപൊളി പാട്ടുകള് അന്തരീക്ഷത്തിലെങ്ങും നിറഞ്ഞു നിൽക്കുന്നു. അത് ആസ്വദിച്ച് ഇവിടുത്തെ കാഴ്ചകളിലേക്കിറങ്ങാം. കച്ചവടക്കാരുടെ ഇടയിലൂടെ വേണം ബീച്ചിന്റെ കാഴ്ചകളിലേക്ക് നടന്നെത്തുവാൻ. പാരാഗ്ലൈഡിങും കൈറ്റ് സർഫിങ്ങും പോലുള്ള ആക്റ്റിവിറ്റികളിൽ ഇവിടെ പങ്കെടുക്കുവാനും സാധിക്കും. രാത്രിയിലെ ആഘോഷങ്ങളും നൃത്തച്ചുവടുകളും എന്നും ഇവിടേക്ക് ആളുകളെ എത്തിക്കുന്നു.
PC:Anoop M
ഗോവയിലെ ന്യൂ ഇയർ ഫ്രീയായി ആഘോഷിക്കാം!
കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!