Search
  • Follow NativePlanet
Share
» »ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

പ്രകൃതി ഒരുക്കിയിരിക്കുന്ന സൗന്ദര്യത്തിന് ഇവിടെ മറ്റൊരു എതിരാളിയില്ല.. പൂവിട്ടു നിൽക്കുന്ന ദേവദാരുക്കളും അതിനിടയിലൂടെ പരന്നൊഴുകുന്ന ചെറിയ ചെറിയ അരുവികളും നിർത്താതെ പെയ്യുന്ന മഞ്ഞും ഒക്കെ ചേര്‍ന്ന് മനസ്സിൽ കയറി നിൽക്കുന്ന ഒരിടം... പക്ഷേ, ഈ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ജീവന്‍ പണയം വെച്ചുള്ള ട്രക്കിങ്ങ് തന്നെ വേണ്ടി വരും... തൂക്കു പാലങ്ങളും കിഴക്കാം തൂക്കായ കുന്നുകളും ഇനിയും വൈദ്യുതി വന്നിട്ടില്ലാത്ത ഇടത്തുള്ള രാത്രി താമസവും അപ്രതീക്ഷിതമായി മലയിടിയുന്ന വഴികളും ഒക്കെയുള്ള ഒരു 'സ്വർഗ്ഗം'. ഹർ കി ഡൂൺ എന്ന കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങൾ...

ഹർ കി ഡൂൺ

ഹിമാലയത്തിവ്‍റെ ഗാംഭീര്യം മുഴുവനും കാണിച്ചു തരുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹർ കി ഡൂൺ. തൊട്ടിലിന്റെ ആകൃതിയിൽ തൂങ്ങിയാടുന്ന ഒരു താഴ്വരയാണത്രെ ഇത്. ആൽഫിൻ മരങ്ങളും ദേവതാരു ചെടികളും ഒക്കെ ചേർന്ന് നിറഞ്ഞു നിൽക്കുന്ന ഇവിടം മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശം കൂടിയാണ്. ഹിമാലയത്തിന്റെ ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന ഹർ കി ഡൂണിനെ ഹിമാലയത്തിന്റെ നെറുക എന്നും വിശേഷിപ്പിക്കാറുണ്ട്.

ധീരന്മാർക്ക് മാത്രം

അതി സാഹസികരായ സഞ്ചാരികൾ മാത്രം എത്തിച്ചേരുന്ന ഒരിടമാണിത്. ചങ്കിനുറപ്പും എന്തു സംഭവിച്ചാലും കൈകാര്യം ചെയ്യുവാനുള്ള ധൈര്യവും ചില സമയത്ത് ജീവൻ പോലും ആപത്തിൽ പെടുത്തിയുള്ള യാത്രകളും ഒക്കെ ചേരുമ്പോൾ ഇവിടം ധീരന്മാർക്ക് മാത്രം യോജിച്ച ഇടമാവുകയാണ്.

ഡെൽഹിയിൽ നിന്നും ഹർ കി ഡൂണിലേക്ക്

ഡെൽഹിയിൽ നിന്നും ഡെറാഡൂണിലെത്തി അവിടെ നിന്നും ഹർ കി ഡൂണിലേക്ക് ട്രക്ക് ചെയ്ത് തിരികെ വരുവാൻ 9 ദിവസമാണ് വേണ്ടത്.

 യാത്ര തുടങ്ങാം ഡെൽഹിയിൽ നിന്നും

യാത്ര തുടങ്ങാം ഡെൽഹിയിൽ നിന്നും

ഹർകി ഡൂണിലേക്കുള്ള യാത്ര ഡൽഹിയിൽ നിന്നും ആരംഭിക്കാം. ഇവിടെ നിന്നും ആദ്യം എത്തേണ്ടത് ഡെറാഡൂണിലാണ്. ഡൽഹിയിൽ നിന്നും പ്രധാനമായും മൂന്ന് ട്രെയിനുകളാണ് ഡെറാഡൂണിലേക്കുള്ളത്. നന്ദാ ദേവി എക്സ്പ്രസും ഡെറാഡൂൺ എക്സ്പ്രസും. രാത്രി പുറപ്പെടുന്ന ഈ രണ്ടു ട്രെയിനുകളും രാവിലെ ആറു മണിക്കുള്ളിൽ ഡെറാഡൂണിലെത്തും.
ഇത് കൂടാതെ വൈകിട്ട് മൂന്നരയ്ക്ക് ഡെൽഹിയിൽ നിന്നും പുറപ്പെടുന്ന ന്യൂ ഡെൽഹി-ഡെറാഡൂൺ ജൻശതാബ്ദി എക്സ്പ്രസ് കൂടിയുണ്ട്. ഇകിനു പോയാൽ രാത്രി 9 മണിയോടെ ഡെറാഡൂണിൽ എത്തുവാനും ആ രാത്രി അവിടെ താമസിച്ച് പുലർച്ചയോടെ യാത്ര തുടരുവാനും സാധിക്കും. ഇവിടെ റെയിൽവേ സ്റ്റേഷനിൽ തന്നെയുള്ള റിട്ടയറിങ്ങ് റൂം ബുക്ക് നേരത്തെ ബുക്ക് ചെയ്താൽ കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യവും റെഡിയാവും.

ഡെറാഡൂണിൽ നിന്നും ബാർകോട്ടിലേക്ക്

ഹർ കി ഡൂണിലേക്കുള്ള യാത്രയിൽ ഡെറാഡൂണിൽ നിന്നും ഇനി എത്തേണ്ടത് ബാർകോട്ട് എന്ന സ്ഥലത്താണ്. ഇവിടേക്ക് ഡെറാഡൂണിൽ നിന്നും രണ്ട് ബസുകളാണുള്ളത്. ഒന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെടുമ്പോൾ അടുത്തത് ഉച്ചയ്ക്ക് ശേഷമാണ് പോവുക. രാവിലെയുള്ള ബസ് കിട്ടണമെങ്കിൽ തലേ ദിവസം വൈകിട്ട് തന്നെ ഡെറാഡൂണിലെത്തുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ..

ഇനി ലക്ഷ്യം സംക്രി

ഡെറാഡൂണിൽ നിന്നും ഉച്ചയോടെ ബാർകോട്ടിലെത്തും. ഇവിടെ നിന്നും ഭക്ഷണം ഒക്കെ കഴിച്ച് പെട്ടന്നു തന്നെ അടുത്ത സ്ഥലം പിടിക്കണം. ഇനിയുള്ള പ്രധാന ഇടം സംക്രിയാണ്. വനത്തിലൂടെ കടന്നാണ് ഇവിടേക്കുള്ള യാത്ര. പാതയും കാലാവസ്ഥയും ഒക്കെ മുൻകൂട്ടി പ്രവചിക്കുവാൻ പറ്റാത്തതായതിനാൽ ഇരുട്ടുന്നതിനു മുന്നേ കഴിവതും സംക്രിയിലെത്തുക. ഇവിടെ അത്യാവശ്യം താമസ സൗകര്യങ്ങൾ ഒക്കെ ലഭ്യമാണ്. സംക്രിയാണ് ഹർ കി ഡൂൺ ട്രക്കിങ്ങിന്റെ ബേസ് ക്യാംപായി അറിയപ്പെടുന്നത്.

ഇനി താലൂക്ക

സംക്രിയിൽ നിന്നും പോകേണ്ടത് താലൂക്ക എന്ന സ്ഥലത്തേയ്ക്കാണ്. ഇവിടെ വരെ എത്തിയപോലെയല്ല മുന്നോട്ടുള്ള യാത്ര. സംക്രിയിൽ നിന്നും പോർട്ടർമാരെ കൂട്ടു പിടിച്ചു വേണം യാത്ര ചെയ്യുവാൻ. വഴികാട്ടികളായി ഇവരുണ്ടെങ്കിൽ മാത്രമേ യാത്ര സാധ്യമാകൂ. സംക്രിയിൽ നിന്നും താലൂക്കയിലേക്ക് ജീപ്പിലാണ് പോവേണ്ടത്. പുലർച്ചെ യാത്ര തുടങ്ങി പ്രഭാത ഭക്ഷണം താലൂക്കയിൽ നിന്നും കഴിക്കുന്ന രീതിയിൽ യാത്ര തുടങ്ങാം. മുന്നോട്ടുള്ള വഴിയിൽ ഭക്ഷണ സാധനങ്ങളും മറ്റും ലഭിക്കുവാൻ പ്രയാസമായതിനാൽ ഇവിടെ നിന്നും തന്ന ഉച്ചയ്ക്കത്തേയ്ക്കുള്ള ആഹാരവും കൊണ്ടു പോകണം.

മല കയറിയിറങ്ങി

കല്ലും മുള്ളും നിറ‍ഞ്ഞ വഴിയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ളത് എന്നത് അക്ഷരം പ്രതി ശരി വയ്ക്കുന്നതാണ് ഹർ കി ഡൂണിലേക്കുള്ള യാത്ര. സുപിൻ നദിയുടെ തീരത്തു കൂടി താലൂക്കയിൽ നിന്നും സീമയിലേക്കാണ് യാത്ര. മലകളും കുന്നും അടിതെറ്റുന്ന പാറക്കൂട്ടങ്ങളും ചെങ്കുത്തായ മലയിലൂടെയുള്ള യാത്രയും കയറ്റിറക്കങ്ങളും ഒക്കെ പിന്നിട്ട് സീമയിലെത്താം. ഇവിടെയും ഗസ്റ്റ് ഹൗസും ഡോർമെറ്ററിയും ഒക്കെ ലഭ്യമാണ്.

ജീവൻ കയ്യിൽ വെച്ച്

ഈ യാത്രയെ ജീവൻ കയ്യിൽവെച്ചുള്ള യാത്ര എന്നു മാത്രമേ വിശേഷിപ്പിക്കുവാന്‍ പറ്റൂ. എപ്പോൾ വേണമെങ്കിലും ഭൂമിയെടുക്കുന്ന വഴികളും ഇളകിതെറിച്ചു നിൽക്കുന്ന കല്ലുകളും ഇടിഞ്ഞു പൊളിഞ്ഞ വഴികളും ഒക്കെ കടന്നു പോകുവാൻ സാധാരണ ധൈര്യമൊന്നും പോരാ. ഹർ കി ഡൂണിലെത്തുന്നതിനു തൊട്ടു മുന്നേ ജനവാസമുള്ള ഗ്രാമമാണ് ഓസ്ല. ഇവിടുത്തെ നദിയുടെ മറുകരയുടെ പേരാണ് സീമ. ഇതിനെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഒരു തൂക്കുപാലം മാത്രമാണുള്ളത്.

വിചിത്രമായ ഒരിടം

കേൾക്കുമ്പോൾ തന്ന വിചിത്രമെന്നു തോന്നിക്കുന്ന ഒരിടമാണ് ഇവിടം. ആശുപത്രികളില്ലാത്ത ഒരു നാടാണിത്. ഇവിടെ എത്തുന്ന സഞ്ചാരികളിൽ നിന്നുമാണ് ഇവിടേക്ക് അത്യാവശ്യത്തിനുള്ള, അത്യാവശ്യത്തിനു മാത്രമുള്ള മരുന്നുകൾ എത്തുന്നത്.
കഞ്ചാവു വലിച്ച് രാവും പകലും ജീവിക്കുന്ന പുരുഷന്മാരും പകലു മുഴുവൻ അധ്വാനിച്ച് ജീവിക്കുവാനുള്ള വക കണ്ടെത്തുന്ന സ്ത്രീകളുമാണ് ഇവിടുത്തെ കാഴ്ച. എല്ലാ രോഗങ്ങൾക്കും വേദനകൾക്കും തണുപ്പിനുമെല്ലാമുള്ള ഒറ്റമൂലിയാണത്രെ ഇവർക്ക് ക‍ഞ്ചാവ്.

ഇനി ഹർ കി ഡൂൺ

കൗരവരുടെ പിന്‍ഗാമികൾ ജീവിക്കുന്ന നാടാണ് ഹർ കിഡൂൺ എന്നാണ് വിശ്വാസം. ഇവിടെ നിന്നുമാണ് കണ്ണെത്താത്ത ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹർ കി ഡൂണിലേക്കുള്ള യാത്ര. ഗ്രാമത്തിൽ നിന്നും അഞ്ച് മണിക്കൂറിലധികം വേണം ഇവിടേക്ക് യാത്ര ചെയ്യുവാൻ. മ‍ഞ്ഞു മൂടിയ മലകളും അവയ്ക്കിടയിലെ പച്ചപ്പും ഒഴുകി ഒപ്പമെത്തുന്ന സുപിൻ നദിയും ഒക്കെ കടന്ന് മുന്നോട്ട് നടക്കുമ്പോൾ അങ്ങ് ദൂരകെ ഹർ കി ഡൂൺ താഴ്വര കാണാം.

സ്വർഗ്ഗാരോഹിണി പർവ്വതം

സ്വർഗ്ഗാരോഹിണി പർവ്വതം

ഹര് കിഡൂൺ താഴ്വരയുടെ കാഴ്ച തന്നെ പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്. മഞ്ഞു പുതച്ചു നിൽക്കുന്ന മലകളും ആകാശവും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. ഇവിടെ നിന്നും ഒരു ഒൻപത് കിലോമീറ്റർ കൂടി നടന്നാൽ താഴ്വരയിലെത്താം.
അവിടെ നിന്നും വേറെയും ചില കാഴ്ചകൾ തീർച്ചായും കാണേണ്ടതുണ്ട്.
അതിലൊന്നാണ് സ്വര്‍ഗ്ഗാരോഹിണി പർവ്വതം. സ്വർഗ്ഗത്തിലേക്ക് നടന്നു കയറുവാൻ കഴിയുന്ന ഇടമായാണ് വിശ്വാസികൾ സ്വര്‍ഗ്ഗാരോഹിണി പർവ്വതത്തെ കാണുന്നത്. ഹൈന്ദവ വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരിടമാണിത്.

PC:Metanish

ശ്രദ്ധിക്കുവാൻ

വളരെ തണുപ്പു നിറഞ്ഞ ഒരിടത്തുകൂടിയാണ് യാത്ര. അതുകൊണ്ടു തന്നെ തണുപ്പിനെ പ്രതിരോധിക്കുവാനുള്ളതെല്ലാം കരുതുണം. തെർമലുകൾ, ജാക്കറ്റ്, ഷൂ, സോക്സ്, ട്രക്കിങ്ങ് ഗിയേഴ്സ് ഒക്കെ നിര്‍ബന്ധമാണ്. ഡ്രൈ ഫ്രൂട്സും ചോക്ലേറ്റും കരുതുവാൻ മറക്കരുത്. പവർ ബാങ്ക്, ക്യാമറയ്ക്ക് അധികം ബാറ്ററി തുടങ്ങിയവ ഉറപ്പു വരുത്തുക. ആശുപത്രിയില്ലാത്ത നാടായതിനാൽ അത്യാവശ്യം മരുന്നുകൾ കരുതുക. വഴിയിൽ മരുന്ന് ചോദിച്ചെത്തുന്ന ഗ്രാമീണർക്ക് നല്കുവാനും കുറച്ച് മരുന്ന് എടുക്കുക.

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X