» »വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!

Written By: Elizabath

തനിയെ ഉള്ള യാത്രയ്ക്കിടയില്‍ വാഹനം കിട്ടാതെ വഴിയില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അപ്പോള്‍ അതുവഴി വരുന്ന ഒരു വണ്ടിക്ക് കൈ കാണിച്ച് നിര്‍ത്തി ലിഫ്റ്റ് ചോദിച്ച് പോയാല്‍ എങ്ങനെയുണ്ടാകും? അയ്യോ അതൊക്കെ നടക്കുവോ, എന്തു വിശ്വസിച്ച് പോകും എന്നൊക്കെ ചോദിക്കാന്‍ വരട്ടെ.
അങ്ങനെയും ഒരു വഴിയുണ്ട്.
സ്ഥലം കാണാന്‍ ഇറങ്ങുന്ന യാത്രാപ്രേമികള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ മുന്നോട്ടു പോകാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ്  ഹിച്ച് ഹൈക്കിങ്. നമ്മുടെ ഭാഷയില്‍ വേണമെങ്കില്‍ ലിഫ്റ്റ് ചോദിച്ചു പോവുക എന്നും പറയാം.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം

PC: Alexander Mazilkin

എന്നാല്‍ ഹിച്ച് ഹൈക്കിങ് എന്ന യാത്രാരീതിയെക്കുറിച്ച് നാം അധികം കേട്ടിട്ടുണ്ടാവില്ല. നമ്മുടെ രാജ്യത്തില്‍ വളരെ പതുക്കെ മാത്രം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഹിച്ച് ഹൈക്കിങ് വിദേശരാജ്യങ്ങളില്‍ സാധാരണമാണ്.

എന്താണ് ഹിച്ച് ഹൈക്കിങ്
ഏറ്റവും ലളിതമായ ഒരു യാത്രാ മാര്‍ഗ്ഗമാണ് ഹിച്ച് ഹൈക്കിങ്. വഴിയില്‍ ആളുകളോട്, കൂടുതലും, അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിനെയാണ് ഹിച്ച് ഹൈക്കിങ് എന്നു പറയുന്നത്. സാധാരണ ഗതിയില്‍ സൗജന്യമായിട്ടാണ് ആളുകള്‍ റൈഡിനു തയ്യാറാകുന്നതെങ്കിലും ചില അവസരങ്ങളില്‍ പണം നല്‌കേണ്ടതായി വരും.

ആംഗ്യങ്ങളിലൂടെയുള്ള സന്ദേശം
തങ്ങള്‍ക്ക് ഒരു റൈഡ് വേണമെന്ന ആവശ്യം യാത്രികര്‍ സാധാരണ ആംഗ്യങ്ങളിലൂടെയാണ് കൈമാറുന്നത്. മുഷ്ടി ചുരുട്ടി തള്ളവിരല്‍ ഉയര്‍ത്തി റോഡിലേക്ക കൈനീട്ടുകയാണ് മിക്കയിടത്തും സ്വീകരിക്കപ്പെട്ടിട്ടുള്ള രീതി. ചിലപ്പോള്‍ യാത്രികര്‍ ഒരു പ്ലക്കാര്‍ഡില്‍ എഴുതി അത് റോഡിലേക്ക് ചൂണ്ടി നില്‍ക്കുന്ന രീതിയും കാണാം.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം

PC: Drozd

ഹിച്ച് ഹൈക്കിങ് രീതിയില്‍ യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അല്ലാത്തപക്ഷം ഇത് അപകടത്തിലേക്കാവും നയിക്കുക.

ആളുകള്‍ കൂടുതല്‍ പോകുന്ന റോഡ് ഉപയോഗിക്കുക
ആളുകള്‍ കൂടുതലായി യാത്ര ചെയ്യുന്ന റോഡുകളില്‍ ഹിച്ച് ഹൈക്കിങ് പരീക്ഷിക്കാവുന്നതാണ്. അപരിചിതവും വിജനവുമായ സ്ഥലത്താണെങ്കില്‍ അപകടസാധ്യത കൂടുതലാണ്.

മാപ് കൂടെക്കരുതുക
ഹിച്ച് ഹൈക്കിങ് രീതി ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഒരു മാപ് കൂടെക്കരുതേണ്ടതാണ്.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം

സുരക്ഷിതമായ സ്ഥാനങ്ങളില്‍ നില്‍ക്കുക
ഒറ്റനോട്ടത്തില്‍ സുരക്ഷിതമെന്നു കരുതുന്ന സ്ഥലങ്ങള്‍ വേണം
ലിഫ്റ്റ് ചോദിക്കാനായി നില്‍ക്കുവാന്‍. ആരും കാണാത്ത, ഇരുണ്ട ഇടങ്ങളില്‍ നില്‍ക്കുന്നത് അപകടത്തിലേക്ക് മാറും എന്ന് ഓര്‍ക്കുക.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം

PC: Guaka

കണ്ണുകളില്‍ നോക്കി സംസാരിക്കുക

യാതൊരു മുന്‍പരിചയവും ഇല്ലാത്തവരില്‍ നിന്നാണ് ഹിച്ച് ഹൈക്കിങ്ങില്‍ നമ്മള്‍ സഹായം സ്വീകരിക്കുന്നത്. ഇങ്ങനെയുള്ളപ്പോള്‍ തികച്ചും പോസിറ്റീവ് ആയും അവരെ പ്രകോപിപ്പിക്കുന്ന രീതി ഉപേക്ഷിച്ചും കണ്ണില്‍ നോക്കി സംസാരിക്കാനും ശ്രദ്ധിക്കുക.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം

PC: Marcin Grabski

പ്ലാനുകളില്ലാത്ത യാത്ര
കൃത്യമായ സമയം മുന്‍കൂട്ടി കണ്ട് ടൈംടേബിള്‍ യാത്ര നടത്തുന്നവര്‍ക്ക് പറ്റിയതല്ല ഹിച്ച് ഹൈക്കിങ്. സമയമെടുത്ത് ആസ്വദിച്ച്, ഒന്നിനെയും ഭയക്കാത്തവര്‍ക്കു മാത്രമുള്ളതാണ് ഹിച്ച് ഹൈക്കിങ്.

Read more about: road trip, travel