സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍... ജീവനും ജീവിതവും തന്നെ ബലിനല്‍കി പോരാട്ടത്തിലൂടെ നാം സ്വന്തമാക്കിയ സ്വാതന്ത്ര്യം. ഓരോ സ്വാതന്ത്ര്യദിനവും ഓര്‍മ്മയിലെത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഉപ്പു സത്യാഗ്രഹം, ജാലിയന്‍ വാലാബാഗ്, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിങ്ങനെ നിരവധിയായ സംഭവങ്ങള്‍...
ഇത്തവണത്തെ സ്വാതന്ത്ര്യദിനം അല്പം വ്യത്യസ്തമായി ആഘോഷിച്ചാലോ... ചരിത്രസ്മാരകങ്ങളിലേക്കേുള്ള യാത്രകള്‍ക്കു പകരം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാണിക്കുന്ന ഒരു സംഭവത്തിനു സാക്ഷിയാകുവാന്‍ ഈ ഓഗസ്റ്റിലെ സ്വാതന്ത്ര്യ ദിനത്തിലെ നീണ്ട അവധി തിരഞ്ഞെടുക്കാം. മറ്റെങ്ങോട്ടേയ്ക്കുമല്ല, വാഗാ അതിര്‍ത്തിയിലേക്ക്.. ഓരോ രാജ്യസ്നേഹിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചടങ്ങായ വാഗ-അട്ടാരി ബോർഡർ സെറിമണിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

അമൃത്സര്‍
വിവിധ കാലഘട്ടങ്ങളിലെ ചരിത്രത്തെ ഒരു ചരടിലെന്ന പോലെ കോര്‍ത്തു നിര്‍ത്തിയിരിക്കുന്ന അമൃത്സര്‍. ചരിത്രത്തിന്റെ ഇന്നലകളെ തേടിയുള്ള യാത്രയായായലും ചരിത്രമറിയുവാനായിലും സുവര്‍ണ്ണ ക്ഷേത്രം പരിചയപ്പെടുവാനായാലും അമൃത്സര്‍ നിങ്ങളെ ഹൃദയം തുറന്നു സ്വീകരിക്കും. തിക്കിത്തിരക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഒരു സ്ഥാനം എന്നും ഈ നാട് കാണാനെത്തുന്നവര്‍ക്കായി നല്കുന്നു. ഒന്നു കണ്ടുപോകുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ നിരവധിയുണ്ട് ഇവിടെ. അതില്‍ കേമനാരെന്ന് പറയുവാനാകില്ലെങ്കിലും മറക്കാതെ പോയിരിക്കേണ്ട ഒരിടമുണ്ട്...വാഗാ അതിര്‍ത്തി.. ഒരു ഗേറ്റിനപ്പുറം പാക്കിസ്ഥാന്റെ മണ്ണ്... കഥകള്‍ ഒരുപാടുണ്ട് ഇവിടെ കേള്‍ക്കുവാന്‍...

വാഗ-അട്ടാരി ബോർഡർ- ഏഷ്യയിലെ ബർലിൻ മതിൽ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയാണ് വാഗ. ഇരുരാജ്യങ്ങളിലൂടെും കടന്നുപോകുന്ന പാതയുള്ള ഏക സ്ഥലം... പഞ്ചാബിലെ അമൃത്സറിനും പാക്കിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് വാഗാ അതിര്‍ത്തി നിലകൊള്ളുന്നത്. ഏഷ്യയിലെ ബർലിൻ മതിൽ എന്നും ഇതിനെ വിളിക്കുന്നു.

വാഗ-അട്ടാരി ബോർഡർ സെറിമണി
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പോസ്റ്റുകളില്‍ നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങ് എന്നു ലളിതമായി വാഗ-അട്ടാരി ബോർഡർ സെറിമണിയെ വിശേഷിപ്പിക്കാം. ഇരു രാജ്യങ്ങളിലെയും ആളുകള്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ചടങ്ങുകളിലൊന്നാണിത്. 1959 മുതല്‍ മുടക്കമില്ലാതെ നടത്തുന്ന ഈ ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്.

രാജ്യസ്നേഹം ജ്വലിപ്പിക്കുന്ന മുക്കാല്‍ മണിക്കൂര്‍
ഓരോ രാജ്യസ്നേഹിയേയും ചരിത്രത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന ഇവിടുത്തെ ചടങ്ങളുകള്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും സാക്ഷ്യം വഹിക്കേണ്ടതാണ്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും ഉയര്‍ത്തിയിരിക്കുന്ന പതാക ഗേറ്റു തുറന്ന് താഴെ ഇറക്കുന്ന ചടങ്ങാണ് വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് എന്നറിയപ്പെടുന്നത്.

ചടങ്ങ് ഇങ്ങനെ
ഇന്ത്യയുടെ അതിർത്തി രക്ഷാ സേനയും, പാകിസ്ഥാന് റേഞ്ചേഴ്സും ചേര്‍ന്നു നടത്തുന്ന ചടങ്ങ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുന്നു. ചരിത്രം വിഭജിച്ച അതിര്‍ത്തിയില്‍ നിന്ന് ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുക എന്നത് വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്.
ചടങ്ങിനു തൊട്ടുമുന്‍പ് ഇരു രാജ്യങ്ങളിലുടെയും അതിര്‍ത്തിയില്‍ നിന്നും ദേശഭക്തിഗാനങ്ങള്‍ കേള്‍ക്കാം. അതിനു ശേഷം രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികളായി ഓരോ പട്ടാളക്കാര്‍ വീതം മാര്‍ച്ചുചെയ്ത് ഗേറ്റിനടുത്തെത്തുന്നു. മേലധികാരിയില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു.
അതിനുശേഷം അതിര്‍ത്തിയിലെ ഗേറ്റ് തുറക്കുന്നു. ഈ സമയം രണ്ടു രാജ്യക്കാര്‍ക്കും പരസ്പരം കാണാം. അന്നേരത്തേയ്ക്കും രണ്ട് പതാകകളും ഒരേപോലെ താഴേക്ക് ഇറക്കുകയും മടക്കി അതാത് ഓഫീസുകളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. അതിനു ശേഷം ഗേറ്റുകള്‍ അടയ്ക്കുന്നു. ഇതാണ് പ്രസിദ്ധമായ വാഗാ അതിര്‍ത്തി ചടങ്ങില്‍ സംഭവിക്കുന്നത്.
PC:Suresh AC

നേരത്തെ എത്താം
അതിര്‍ത്തിയിലെ ചടങ്ങുകള്‍ കാണുവാനെത്തുന്നവര്‍ക്ക് അതാത് രാജ്യങ്ങളുടെ ഗാലറിയിലാണ് ഇരിപ്പിടം സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേക സീറ്റിംഗ് സംവിധാനമില്ലാത്തതിനാല്‍ ആദ്യമെത്തുന്നവര്‍ക്ക് മികച്ച കാഴ്ച ഉറപ്പാക്കുന്ന സീറ്റുകള്‍ കിട്ടും.
PC:Suresh AC

ബീറ്റിംങ് സെറിമണി സമയം
വേനല്‍ക്കാലത്ത് വൈകിട്ട് 5.15നും മഞ്ഞുകാലത്ത് വൈകിട്ട് 4.15നും ആണ് ഈ ചടങ്ങ് നടത്തുന്നത്. ചടങ്ങിന് കുറഞ്ഞത് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും ഇവിടെ എത്തിച്ചേരണം. സുരക്ഷാ പരിശോധനയും ബാഗ് ഏല്‍പ്പിക്കലും ഇവിടെ ചെയ്യേണ്ട രണ്ടു കാര്യങ്ങളാണ്. എന്നും രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് പ്രവേശനം അനുവദിക്കുന്നത്.
അതിര്ത്തിയിലെത്തിച്ചേരുവാന്
സാധാരണ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം കണ്ട് വാഗാ അതിര്‍ത്തിയിലേക്ക് പോകുന്ന വിധത്തിലാണ് സഞ്ചാരികള്‍ യാത്ര പ്ലാന്‍ ചെയ്യുന്നത്. ഇവിടെ നിന്നും ധാരാളം ടാക്സി സര്‍വ്വീസുകള്‍ വാഗാ അതിര്‍ത്തിയിലേക്ക് നടത്തുന്നുണ്ട്. ഒരു മണിക്കൂര്‍ സമയം മതി എത്തിച്ചേരുവാന്‍. ടാക്സിയില്‍ കൊണ്ടുപോയി തിരികെ അമൃത്സറിലെത്തിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപ നിരക്കിലാണ് ടാക്സി ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള അട്ടാരി റെയില്‍വേ സ്റ്റേഷനെയും യാത്രയ്ക്കായി ആശ്രയിക്കാം.
75-ാം സ്വാതന്ത്ര്യ ദിനം: പിന്നിട്ട വഴികളും അപൂര്‍വ്വതകളും... ഇന്നലെകളിലൂടെ