കുന്നിന് മുകളില്‍ നഗരത്തെ നോക്കി തലയുയര്‍ത്തി നില്ക്കുന്ന ഗോല്‍ക്കോണ്ട കോട്ട ഒരു അടയാളമാണ്. കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയുടെയും പഴമയുടെയും മായാത്ത അടയാളം. പടയോട്ടങ്ങളും ചോരപ്പാടുകളും ഏറെക്കണ്ട ഗോല്‍ക്കോണ്ട കോട്ടയിലേക്ക് സഞ്ചാരികളെ കൈപിടിച്ചു നടത്തുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. രഹസ്യങ്ങളും നിഗൂഢതയും കെട്ടുപിണഞ്ഞു കിടക്കുന്ന തുരങ്കങ്ങളും ലോകപ്രസിദ്ധങ്ങളായ രത്നങ്ങളുടെ സൂക്ഷിപ്പു കേന്ദ്രമായതും ചരിത്രത്തിലെ പടപ്പുറപ്പാടുകളുമെല്ലാം ഗോല്‍ക്കൊണ്ടയെ വ്യത്യസ്തമാക്കുന്നു. പറഞ്ഞുകേട്ട ചരിത്രത്തിനുമപ്പുറം ഗോല്‍ക്കോണ്ടയെന്ന കോട്ടയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...!!

ഗോല്‍ക്കോണ്ട കോട്ട
തെക്കേ ഇന്ത്യയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സ്ഥാനങ്ങളില്‍ ഒന്നാണ് ഗോല്‍ക്കോണ്ട കോട്ട. ഗോല്‍ക്കോണ്ടയുടെ ചരിത്രം തേടി ചെന്നാല്‍ എത്തിനില്‍ക്കുക അക്കാലത്തെ കുറേ ആട്ടിടയന്മാരിലാണ്. ഗോല്ല കോണ്ട അഥവാ ആട്ടിടയന്മാരുടെ കുന്ന് എന്നതില്‍ നിന്നുമാണ് ഗൊല്‍ക്കൊണ്ടയെന്ന പേരു ലഭിക്കുന്നത്. അവര്‍ പിന്നീട് അവിടെ കാളി വിഗ്രഹം കണ്ടെത്തുകയും ആരാധന നടത്തുകയും ചെയ്തു. കാലം പോകെ ഇവിടം കാകതീയ രാജവംശത്തിനു കീഴിലാവുകയും ഇന്നു കാണുന്ന കോട്ടയുടെ ആദ്യരൂപം അവര്‍ നിര്‍മ്മിക്കുകയും ചെയ്തു. ഗോല്‍കൊണ്ടയ്ക്ക് ചുറ്റുമുള്ള ഖനികള്‍ ലോകപ്രസിദ്ധങ്ങളായ രത്നങ്ങളുടെ സ്ഥാനമായിരുന്നു. കോഹിന്നൂര്‍ രത്നത്തിന്റെ ആദ്യ അവകാശികളായിരുന്ന കാകതീയ രാജവംശത്തിന് അതുകൊണ്ടുതന്ന വെല്ലുവിളികള്‍ ധാരാളമുണ്ടായിരുന്നു. മാറിവന്ന ഭരണങ്ങള്‍ ചേര്‍ന്ന് ഗോല്‍ക്കോണ്ടയെ പ്രത്യേകതയുള്ള ഒരിടമാക്കി മാറ്റി.

രത്നങ്ങള്‍ മാത്രമല്ല
ഗോല്‍ക്കോണ്ടയുടെ ചരിത്രം രത്നങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. സമ്പന്നമായ ഭൂതകാലവും പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികളും എല്ലാം ചേര്‍ന്ന് ഗോല്‍ക്കോണ്ടയെ ഏറെ പ്രത്യേകതയുള്ളതാക്കുന്നു.
PC:Prerna Jha

രഹസ്യ തുരങ്കങ്ങളും രക്ഷാ മാര്‍ഗ്ഗങ്ങളും
ഗോല്‍ക്കോണ്ട കോട്ടയുടെ ഏറ്റവും പ്രധാന രഹസ്യങ്ങളിലൊന്ന് ഇവിടുത്തെ രഹസ്യ തുരങ്കങ്ങളും രക്ഷാ മാര്‍ഗ്ഗങ്ങളുമാണ്. കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളില്‍ നിന്നും ആരംഭിക്കുന്ന രഹസ്യ തുരങ്കം ഗോല്‍ക്കോണ്ട കുന്നിന്റെ താഴ്വാരത്തില്‍ ചെന്നു നില്‍ക്കുന്നതാണെന്നാണ് കരുതപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ യുദ്ധങ്ങളും മറ്റ് അടിയന്തിര സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ രാജാക്കന്മാര്ക്കും മറ്റ് പ്രധാന വ്യക്തികള്‍ക്കും രക്ഷപെടുവാനുള്ള രഹസ്യ മാര്‍ഗ്ഗമാണിതെന്നാണ് ചിലര്‍ പറയുന്നത്.
PC:Abusomani

അമേരിക്കയിലെ മൂന്ന് ഇടങ്ങള്‍ക്ക് പ്രചോദനം
ഗോല്‍ക്കോണ്ടയെന്ന പേര് അമേരിക്കയിലെ മൂന്ന് സ്ഥലങ്ങളുടെ പേരുകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സമാനമായ പേരില്‍ തന്നെയാണ് യുഎസിലെ സ്ഥലങ്ങളുള്ളത്. അരിസോണ, ഇല്ലിയോണിസ്, നെവാഡ എന്നീ മൂന്നു സ്ഥലങ്ങളിലാണ് അമേരിക്കയിലെ ഗോല്ക്കോണ്ടയുള്ളത്. അരിസോണയിലെ ഖനന നഗരമായ ഗോല്‍ക്കോണ്ട ഇന്നൊരു പ്രേതനഗരമാണ്.
ഇല്ലിനോയിസിലെ സരസ്വില്ലെ എന്ന പട്ടണത്തിന് 1817 ജനുവരി 24 ന് ഗോൽക്കൊണ്ട എന്ന പേര് നൽകിയത്. നെവാഡയിൽ മറ്റൊരു ഗൊൽക്കൊണ്ടയുണ്ട്, അതും ഇപ്പോൾ ഒരു പ്രേത നഗരമാണ്.
PC:TSS

ലോകപ്രസിദ്ധങ്ങളായ രത്നങ്ങള്‍
ലോകപ്രസിദ്ധങ്ങളായ പല രത്നങ്ങളുടെയും സൂക്ഷിപ്പു കേന്ദ്രം എന്ന നിലയിലും ഗോല്‍ക്കൊണ്ട കോട്ട പ്രസിദ്ധമാണ്. ഇവിടുത്തെ നിലവറയിലാണ് കോ-ഇ-നൂർ, ഹോപ്പ് തുടങ്ങിയ രത്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഈ രത്നങ്ങള്‍ ബ്രിട്ടീഷുകാര്‍ കടല്ക്കടത്തും മുന്‍പ് ഗോല്‍ക്കോണ്ടയിലെ ഭരണാധികാരികളായിരുന്നു ഇവയുടെ ഉടമസ്ഥരും സൂക്ഷിപ്പുകാരും
PC:Lalithkasa

ഭ്രാന്തന് മനുഷ്യന് നഗരത്തെ രക്ഷിച്ച കഥ
ഒരു ഭ്രാന്തനായി കണക്കാക്കപ്പെട്ടിരുന്ന മജൂബ് എന്ന വ്യക്തി ഫത്തേ ദർവാസയുടെ അരികിൽ താമസിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ സാന്നിധ്യം ഒരിക്കല്‍ കോട്ടയെ സുരക്ഷിതമാക്കി എന്നൊരു കഥയുണ്ട്. ഒരിക്കല്‍ ഗോല്‍ക്കോണ്ട കോട്ട കീഴടക്കാന്‍ ഔറംഗസേബ് എത്തിയപ്പോള്‍ മജൂബ് അവരെ അതിന് അനുവദിച്ചില്ല. മുഗൾ സായുധ സേനയിലെ മറ്റൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ പ്രേരിപ്പിച്ചപ്പോൾ മാത്രമാണ് കോട്ടയെ ആക്രമിക്കാൻ ഔറംഗസേബിന് സാധിച്ചത് എന്നാണ് ചരിത്രം പറയുന്നത്.
PC: Yashraj9940

കവാടത്തിലെ കയ്യടിയും മുന്‍കരുതലും
സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകമായ പല രീതികളും നിര്‍മ്മാണത്തിലെ പ്രത്യേകതകളും ഇവിടെ കാണാം. കോട്ടയുടെ പ്രവേശന കവാടത്തില്‍ നിന്നും കയ്യടിച്ചാല്‍ ഒന്നര കിലോമീറ്റര്‍ അകലെ കോട്ടയുടെ ഏറ്റവും ഉയരത്തിലുള്ള ബാല ഹിസാര്‍ പവലിയനില്‍ കേള്‍ക്കാമത്രെ. ശത്രുക്കള്‍ അതിക്രമിച്ചു കയറിയാല്‍ മുന്നറിയിപ്പു നല്കുവാനായും രാജാക്കന്മാര്ക്ക് അതിഥികള്‍ വന്നാല്‍ അവരെ എളുപ്പത്തില്‍ അറിയിക്കുവാനുള്ള മാര്‍ഗ്ഗമായും ഇതിനെ ഉപയോഗിച്ചു പോന്നിരുന്നു,
PC:hree9405

കോട്ടയ്ക്കുള്ളിലെ ക്ഷേത്രം
കോട്ടയുടെ ഏറ്റവും മുകളില്‍ ജഗദംബാ മഹാദേവ ക്ഷേത്രം കാണാം. കോട്ടയിലെ പ്രസിദ്ധമായ സ്ഥാനങ്ങളിലൊന്നു കൂടിയാണിത്. കോട്ടയിലെത്തുന്നവര്‍ ഇവിടെ കൂടി ദര്‍ശനം നടത്താറുണ്ട്.
PC:Abhi91m

400 വര്‍ഷം പഴക്കമുള്ള മരം
കോട്ടയ്ക്കുള്ളിലെ ഒരു പ്രത്യേക മരത്തിന് 400 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ നയാ കിലയുടെ സമീപത്തായണ് ഈ മരമുള്ളത്. ആഫ്രിക്കന്‍ ബാവോബാ മരമാണിതെന്നാണ് കരുതപ്പെടുന്നത്. കോട്ടയുടെ സുല്‍ത്താനായിരുന്ന മുഹമ്മദ് ക്വിലി കുത്തബ് ഷായ്ക്ക് അക്കാലത്ത അറേബ്യന്‍ വ്യാപാരികള്‍ സമ്മാനമായി നല്കിയതാണിതെന്നാണ് കരുതപ്പെടുന്നത്. 89 അടി ഉയരം ഈ മരത്തിനുണ്ട്.
PC:iMahesh

ഭക്ത കവി രാമദാസും കോട്ടയും
ഭദ്രാചലം ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ രാജ്യത്തിന്റെ നികുതി തുക ദുരുപയോഗം ചെയ്തതിന് അബുൽ ഹസൻ തനാ ഷാ ജയിലിലടച്ച റവന്യൂ ഉദ്യോഗസ്ഥനായിരുന്നു രാം ദാസ്. നാട്ടുകാര്‍ക്കുവേണ്ടി നമ്മ ചെയ്ത രാം ദാസിനെ നിതുതി വെട്ടിപ്പ് നടക്കിയെന്ന് പറഞ്ഞ് രാജാവ് കാരാഗ്രഹത്തില്‍ അടയ്ക്കുകയായിരുന്നു. തനിക്കു കിട്ടിയ ശിക്ഷാ കാലയളവില്‍ രാമനെയും ലക്ഷ്മണനെയും ഭജിച്ച് രാമദാസ് കാലം കഴിച്ചു. ഒരു രാമനവമി നാളില്‍ ഷാഹു സുല്‍ത്താന്‍ താനാ ഷായുടെ സ്വപ്നത്തില്‍ രണ്ടു യുവാക്കളെത്തി രാമദാസിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ഉറക്കമുണര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഒരു ലക്ഷം പൊന്‍പണവും, അത്ര തന്നെ വെള്ളിപ്പണവും കണ്ടു. കുറ്റബോധം തോന്നിയ രാജാവ് ഉടന്‍തന്നെ രാം ദാസിനെ വിട്ടയക്കുകയും ഭദ്ര ചലം ക്ഷേത്രത്തിന് ആവശ്യമായ ധനസഹായം നല്കുവാന് ആരംഭിക്കുകയും ചെയ്തതായി കഥകള്‍ പറയുന്നു.
താനാ ഷായുടെ സ്വപ്നങ്ങളിൽ ശ്രീരാമൻ വന്ന് രാമ ദാസുവിനെ മോചിപ്പിക്കാനുള്ള കടം തിരിച്ചടച്ചു എന്നാണ് ഐതിഹ്യം.
PC:Abhi91m
വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍
ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തും
ഹിമാചലിന്റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും