അവധിക്കാലം ആയതോടെ എങ്ങും യാത്രകള്‍ മാത്രമാണ്, വീട്ടിലിരിക്കുന്നതിന്റെ മുഷിപ്പ് മാറ്റുവാനും ചൂടില്‍ നിന്നും രക്ഷപെടുവാനുമായി പുതിയ സ്ഥലങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ആളുകള്‍. ഈ മേയ് മാസത്തില്‍ വലിയ ചിലവില്ലാതെ അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കായി വളരെ മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ് നമ്മുടെ ഐആര്‍സിടിസി. വ്യത്യസ്തവും കുറഞ്ഞ ചിലവിലുള്ളതുമായ യാത്രകള്‍ക്കൊപ്പം ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് കൊച്ചിയില്‍ നിന്നും ഡല്‍ഹി വഴി നേപ്പാളിലേക്കൊരു യാത്രയാണ്. വിശദമായി വായിക്കാം...
Cover Image Courtesy Raimond Klavins

കൊച്ചിയില്‍ നിന്നും നേപ്പാളിലേക്ക്
മേയ് മാസത്തിലെ അവധിക്കാലം ഒരു അന്താരാഷ്ട്ര യാത്രയ്ക്കായി മാറ്റിവയ്ക്കുവാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന പാക്കേജാണ് ഐആര്‍സിടിസിയുടെ കൊച്ചി-നേപ്പാള്‍ പാക്കേജ്. കൊച്ചിയില്‍ നിന്നും ആരംഭിച്ച് ഡല്‍ഹി വഴി നേപ്പാളിലെത്തുന്ന വിധത്തിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്.
PC:Kaysha

ഏഴു പകല്‍
ആറു രാത്രിയും ഏഴ് പകലും നീണ്ടു നില്ക്കുന്ന യാത്രയില്‍ നേപ്പാളിലെ പ്രധാന സ്ഥലങ്ങളായ കാഠ്മണ്ഡു,പൊഖ്റാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം

അടുത്ത യാത്ര
ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യാത്ര മേയ് ആറിനാണ്.

ഒന്നാം ദിവസം
മേയ് ആറ് വെള്ളയാഴ്ച രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്ര ആരംഭിക്കും. ഡല്‍ഹി വഴിയാണ് യാത്ര. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12.40ന് എത്തിച്ചേരും. ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്കുള്ള വിമാനം ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആണ്. വൈകിട്ട് 5.15ന് കാഠ്മണ്ഡുവില്‍ എത്തിച്ചേരും. അതിനുശേഷം മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്ന കാഠ്മണ്ഡുവിലെ ഹോട്ടലിലേക്ക് മാറും.
ഹോട്ടൽ മിറാജ് ലോർഡ്സ് ഇൻ അല്ലെങ്കില്‍ ഹോട്ടൽ അമാഡബ്ലാമോറില് ആയിരിക്കും താമസസൗകര്യം ഒരുക്കിയിരിക്കുക.
PC:Ashim D'Silva

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസം കാഠ്മണ്ഡു കാഴ്ചകള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിക്കും. ഇവിടുത്തെ വാസ്തുവിദ്യ ഏറെ പ്രസിദ്ധമാണ്. അതിനു ശേഷം ബുദ്ധനാഥ് സ്തൂപം തുടര്‍ന്ന് പാടനിലേക്ക് പോകും. അവിടെ നിന്ന് ദർബാർ സ്ക്വയർ , ടിബറ്റൻ അഭയാർത്ഥി കേന്ദ്രം എന്നിവ കൂടി സന്ദര്‍ശിക്കും. ഈ ദിവസത്തെ അവസാന ഇടം സ്വയംഭൂനാഥ് സ്തൂപമാണ്. പിന്നീട് രാത്രി താമസത്തിനായി കാഠ്മണ്ഡുവിലെ ഹോട്ടലിലേക്ക് മടങ്ങും
PC:Adli Wahid

പശുപതിനാഥ ക്ഷേത്രം
ഭാഗ്മതിനദിയുടെ ഇരുകരകളിലുമായി നീണ്ടു കിടക്കുന്ന പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. നേപ്പാളിലെ ഏറ്റവും പരിശുദ്ധ ക്ഷേത്രങ്ങളില്‍ ഒന്നായ ഇത് യുനസ്കോയുടെ പൈതൃക സ്മാരക ഇടങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. എഡി 400 മുതല്‍ ആണ് ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ജീവിച്ചിരിക്കുന്നവരുടെ ക്ഷേത്രം എന്നാണിതിനെ വിളിക്കുന്നത്. 518 ക്ഷേത്രങ്ങളും സ്മാരകങ്ങളും ഉൾപ്പെടെ 0.64 ഹെക്ടർ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഗോഡ ശൈലിയാണ് ക്ഷേത്ര നിര്‍മ്മാണം.
ഇവിടുത്തെ ശിവലിംഗത്തിന് നാല് വശങ്ങളുണ്ട്. ശിവലിംഗത്തിന്റെ നാലു മുഖങ്ങള്‍ നാലു ദിക്കുകളിലേക്കും നോക്കുന്നു. പശുപതിനാഥ ക്ഷേത്രത്തിലെ പ്രധാന ക്ഷേത്രം ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ. മറ്റെല്ലാ മതങ്ങളിലും പെട്ടവർക്കായി, പ്രധാന ക്ഷേത്രം ഒഴികെ കെട്ടിടത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും തുറന്നിരിക്കുന്നു.
PC:Tasbirkarma

മൂന്നാം ദിവസം
യാത്രയുടെ മൂന്നാം ദിവസം പൊഖ്റ സന്ദര്‍ശനത്തിനായി മാറ്റിവെച്ചിരിക്കുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ് ഉടൻ തന്നെ പൊഖാറയിലേക്ക് പോകും. മനകമന ക്ഷേത്രം ആണ് ഈ ദിവസം സന്ദര്‍ശിക്കുന്നത്. അന്ന് രാത്രി താമസം പൊഖ്റയിലെ ഹോട്ടലിലാണ്.
PC:Raimond Klavins

ഹിമാലയത്തിന്റെ രത്നം
പൊഖ്റയുടെ മനോഹര സൗന്ദര്യം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. അന്നപൂർണ പർവതനിരകളിലെ മഞ്ഞുമൂടിയ കൊടുമുടികളുടെയും ശാന്തമായ തടാകങ്ങളുടെയും കാഴ്ച ഇവിടേക്കുള്ള യാത്രയെ പൂര്ണ്ണണാക്കുന്നു. ഹിമാലയത്തിന്റെ രത്നം എന്നാണ് പൊഖ്റ അറിയപ്പെടുന്നത്.

നാലാം ദിവസം
യാത്രയുടെ നാലാം ദിവസം പൊഖാറയിലെ കാഴ്ചകൾ ആണ് കാണുന്നത്. ഹിമാലയത്തിലെ സൂര്യോദയം കാണുവാനായി സരങ്കോട്ടിലേക്കുള്ള യാത്രയോടെ ഈ ദിവസത്തെ യാത്ര ആരംഭിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം ബിൻഹ്യബാസിനി മന്ദിറിലേക്ക് പോകും. അവിടെ നിന്ന് ഡെവിൾസ് ഫാൾ, ഗുപ്തേശ്വർ മഹാദേവ് ഗുഹ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പൊഖ്റയിലെ ഹോട്ടലിലേക്ക് മടങ്ങും.
PC:Rahul Lal

അഞ്ചാം ദിവസം
അഞ്ചാമത്തെ ദിവസം പൊഖ്റയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് തിരികെ മടങ്ങുകയാണ്. പ്രഭാതഭക്ഷണത്തിന് ശേഷമായിരിക്കും മടക്കം. കാഠ്മണ്ഡുവിലെ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്ത ശേഷം അൽപ്പനേരം വിശ്രമിക്കാം. ബാക്കിയുള്ല സമയം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചിലവഴിക്കാം. രാത്രി വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങുക. കാഠ്മണ്ഡുവിൽ രാത്രി ഹോട്ടൽ താമസം.
PC:Sebastian Pena Lambarri

ആറാം ദിവസം
ആറാം ദിവസം നേപ്പാളില്‍ നിന്നും തിരികെ മടങ്ങുകയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്ത് എയർപോർട്ടിലേക്ക് പോയി അവിടെ നിന്നും ഡല്‍ഹിയിലേക്ക് പോകും. കാഠ്മണ്ഡുവില്‍ നിന്നും വൈകിട്ട് അഞ്ച് മണിക്കാണ് വിമാനം പുറപ്പെടുന്നത്. അത് 6.45ന് ഡല്‍ഹിയില്‍ എത്തിച്ചേരും. അന്ന് രാത്രി ഡല്‍ഹിയില്‍ താമസിക്കും. ഇതിനുള്ള ഹോട്ടല്‍ സൗകര്യവും അത്താഴവും പാക്കേജിന്റെ ഭാഗമാണ്.
PC:Mantas Hesthaven

ഏഴാം ദിവസം
ഏഴാം ദിവസം അതായത് യാത്രയുടെ അവസാന ദിവസം പകല്‍ ഡെല്‍ഹി കാണാം. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് രാജ്ഘട്ട്, വാർ മെമ്മോറിയൽ, കുത്തബ് മിനാർ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. ഡല്‍ഹിയില്‍ നിന്നും കൊച്ചിക്കുള്ള മടക്ക വിമാനം വൈകിട്ട് 4.00 മണിക്ക് ആണ് ഇത് 7.10 ന് കൊച്ചിയില്‍ എത്തിച്ചേരും,
PC:Rohit Tandon

ടിക്കറ്റ് നിരക്ക്
യാത്രയില്തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് ഒരാള്‍ക്ക് 54,800/- രൂപയും . ഡബിള്‍ ഒക്യുപന്‍സിക്ക് 42,800/- രൂപയും മൂന്ന് പേരുള്ള താമസത്തിന് (ട്രിപ്പിള്‍ ഒക്യുപന്‍സി ) 42,000/- രൂപയും
5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 40,500/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 34,000/- രൂപയും ആണ്. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 23,500/- രൂപയാണ് നിരക്ക്.
PC:Holly Mandarich
വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്