ആലപ്പുഴ ജില്ലയിലെ വെൺമണി എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്തായി ഒരു ദേവീക്ഷേത്രവും അതിനോടു ചേർന്ന് കൽപ്പടവുകളോടു കൂടിയ മനോഹരമായ ഒരു കാവും കാണാം.. അതാണ് ചാമക്കാവ് എന്ന പേരിലറിയപ്പെടുന്ന ശാർങക്കാവ്..!
കക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമ കണ്ടവരാരും അതിലെ മനോഹരമായ കാവ് ഒരിക്കലും മറക്കില്ല...

കാക്കോത്തിക്കാവ്
കക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമ കണ്ടവരാരും അതിലെ മനോഹരമായ കാവ് ഒരിക്കലും മറക്കില്ല..
ആ ചിത്രം ഷൂട്ട് ചെയ്ത സ്ഥലം കൂടിയാണ് ഈ കാണുന്ന ചാമക്കാവ്..! കാക്കോത്തിക്കാവിൽ രേവതിക്കും കുട്ടികൾക്കും ഒപ്പമുള്ള ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു ഈ കാവും..! വാനരന്മാർ തിരുമക്കൾ എന്നു വിശ്വസിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിവിടം..
വർഷങ്ങളായി ഇവിടെ വാനരന്മാർക്ക് പ്രത്യേക സ്ഥാനവും കൽപ്പിച്ചു പോരുന്നു.. അതുകൊണ്ടു തന്നെ ചാമക്കാവിൽ നിറയെ കുരങ്ങുകളാണ്.. അവർ വളരെ ശാന്തസ്വഭാവക്കാരുമാണ്.. മനുഷ്യരോട് അവർക്കൊക്കെ ഒരു പ്രത്യേക സ്നേഹവുമാണ്..!

കണ്ണാംതുമ്പീ പോരാമോ
കുഞ്ഞുന്നാളിൽ എന്നോ ദൂരദർശനിലെ ഒരു ഞായർ ചിത്രമായാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന സിനിമ ഞാൻ ആദ്യമായി കണ്ടത്.. അന്നുമിന്നും ഏതൊരു മലയാളിയേയും പോലെ എന്റെ ചുണ്ടിലൂടെയും അറിയാതെ ഒഴുകിവരുന്നൊരു പാട്ടാണ് ആ ചിത്രത്തിലെ "കണ്ണാംതുമ്പീ പോരാമോ... എന്നോടിഷ്ടം കൂടാമോ...
നിന്നെക്കൂടാതില്ലല്ലോ... ഇന്നെന്നുള്ളിൽ പൂക്കാലം...
വെറുതെ കേട്ടു പോകുന്നതിനപ്പുറം എന്റെ ബാല്യകാല ഓർമ്മകളിലേക്ക് എന്നെ തിരിച്ചു കൊണ്ടു പോകുന്നൊരു പാട്ട് കൂടിയാണിത്.. ഈ ഗാനം പോലെതന്നെ അന്നേ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ ഒന്നാണ് കാക്കോത്തിയും കുട്ടികളും താമസിക്കുന്ന ആ മനോഹരമായ കാവും..! കുഞ്ഞുന്നാളിൽ ടിവി സ്ക്രീനിലൂടെ കണ്ട കാക്കോത്തിക്കാവ് നേരിൽ കാണാൻ കഴിഞ്ഞത് ഇന്നാണ്..! വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും ആ പഴയ കാക്കോത്തിക്കാവിന് സിനിമയിൽ കണ്ടതിൽ നിന്നും യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ലായെന്നത് ഏറെ അത്ഭുതപ്പെടുത്തി..!

കാവിനുളളിലെ ഓർമ്മകളിൽ
കാവിനുള്ളിൽ നിൽക്കുന്ന ഓരോ നിമിഷവും ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ ബാല്യകാലത്തിലേക്കൊന്നു മടങ്ങിപ്പോകാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു കൊണ്ടേയിരുന്നു.. കാക്കോത്തിക്കാവ് സിനിമ കണ്ട ശേഷം നാടോടികളെ ഭയന്നിരുന്ന ആ പഴയകാലം വീണ്ടും ഓർത്തു പോയി.. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണെന്നു തോന്നുന്നു ഒരിക്കൽ സ്കൂളിൽ നിന്നും വീട്ടിലേക്കു നടന്നു വരുമ്പോൾ വിജനമായ ഇടവഴിയിലൊരിടത്തു വെച്ച് എതിരേ നടന്നുവന്ന ഒരു നാടോടി സ്ത്രീയെ കണ്ടു പേടിച്ച് വന്ന വഴിയിലൂടെ തിരിഞ്ഞോടിയ സംഭവം ഓർമ്മ വന്നു.. നാടോടികളെന്നു വെച്ചാൽ പിള്ളേരെ പിടുത്തക്കാരും, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുമാണെന്നായിരുന്നു അക്കാലത്തെ എന്റെ ധാരണ മുഴുവൻ..! നമ്മളൊക്കെ വളർന്നു വലുതാകുമ്പോഴാണ് ബാല്യകാലം എത്ര മനോഹരമായിരുന്നുവെന്ന് നമുക്കെല്ലാം പൂർണ്ണബോധ്യം വരുന്നത്.. പക്ഷേ അപ്പോഴേക്കും അത് കൈയ്യെത്താദൂരത്ത് നിന്നും ഒരുപാട് അകലേക്കു എത്തിയിട്ടുണ്ടാവും.. തുമ്പികളുടെ പുറകേ നടന്ന തൊടിയും, പരൽ മീനുകൾക്കു പുറകേ പാഞ്ഞ തോടുമെല്ലാം വെറും ഓർമ്മകളായി മാറിയെങ്കിലും എന്റെ ബാല്യം ഇനിയും തീർന്നിട്ടില്ല.. ഓരോ പകലും രാത്രിയും അവ എന്നോടൊപ്പം തന്നെയുണ്ട്..!!

അവസാനിക്കാത്ത യാത്രകൾ
ഓർമ്മകളിലേക്ക് മടങ്ങിപ്പോകാൻ യാത്രാവഴികളിൽ ഇനിയുമെന്നെ പലതും കാത്തിരിക്കുന്നുണ്ട്.. ഓരോ യാത്രയും കണ്ണുകൊണ്ടും മനസ്സുകൊണ്ടും അനുഭവിച്ചറിയുവാനായി എന്തെല്ലാം അത്ഭുതങ്ങളാണ് കാലം നമുക്കായി ഈ ഭൂമിയിൽ കാത്തു വെച്ചിരിക്കുന്നത്..!!
യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല..!!
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ്