കണ്ണൂരിന്റെ മലയോരങ്ങള്‍ക്ക് എന്നും വേറൊരു വൈബാണ്. അതു മഴക്കാലത്താണെങ്കില്‍ പറയുകയും വേണ്ട...മഴയ്ക്കൊപ്പം കൂട്ടായെത്തുന്ന കോടമഞ്ഞില്‍ കാടും മേടും കയറി പോകുവാന്‍ ഇഷ്ടംപോലെ ഇടങ്ങള്‍ ഇവിടുണ്ട്. ഇതുവരെ ആഗ്രഹിച്ചിട്ടും കണ്ണൂരിന്റെ സ്വന്തം പാലക്കയവും പൈതല്‍മലയും പോകുവാന്‍ സാധിക്കാത്തവര്‍ക്കും ആനവണ്ടിയില്‍ മലയോരം എക്സ്പ്ലോര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്കുമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി ഒരു കിടിലന്‍ പാക്കേജ് ഒരുക്കിയിട്ടുണ്ട‌്. കെഎസ്ആര്‍ടിസിയുടെ 'എക്സ്പ്ലോര്‍ മലയോരം' പാക്കേജിനെക്കുറിച്ചു് വിശദമായി വായിക്കാം...

മലയോരക്കാഴ്ചകള്‍
കണ്ണൂരിന്‍റെ വിനോദസഞ്ചാര ഭൂപടത്തില്‍ മലയോരങ്ങള്‍ക്ക് പ്രാധാന്യം കുറച്ചധികമുണ്ട്. കണ്ണൂരിന്‍റെ ഏറ്റവും മികച്ച കാഴ്ചകളും ഭൂപ്രകൃതിയും എല്ലാം മലയോരത്തിനാണ് സ്വന്തം. നിറയെ വെള്ളച്ചാട്ടങ്ങളും പച്ചപ്പും കുന്നും മലകളും ഒക്കെയായി കയറിച്ചെല്ലുമ്പോള്‍ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരുപാട് കാഴ്ചകള്‍ ഇവിടെയുണ്ട്. ഈ കാഴ്ചകളില്‍ പ്രധാനികള്‍ പാലക്കയവും പൈതല്‍മലയും തന്നെയാണ്. കണ്ണൂര്‍ കണ്ടു എന്നു പറയണമെങ്കില്‍ ഈ രണ്ടിടങ്ങളെങ്കിലും കണ്ടിരിക്കണമെന്നാണ് സഞ്ചാരികളുടെ അഭിപ്രായം.
PC:Vinayaraj

എത്തിപ്പെടാന്‍ പാടുപെടും!!
പ്രധാന റോഡില്‍ നിന്നും കുറച്ചുദൂരത്തില്‍ സ്ഥിതി ചെയ്യുന്നവയാണ് പാലക്കയവും പൈതല്‍മലയും. അതുകൊണ്ടുതന്നെ സ്വന്തമായി വണ്ടിയില്ലാതെ എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. പൊതുഗതാഗത സൗകര്യം വളരെ വിരളമാണ് ഈ റൂട്ടുകളിലേക്ക്. ഈ ഒരു സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ എക്സ്പോര്‍ മലയോരം പാക്കേജിന്റെ പ്രാധാന്യം.
PC:Vinayaraj

എക്സ്പ്ലോര്‍ മലയോരം
പൈതല്‍മല കയറി കാഴ്ചകള്‍ കണ്ട് ഏഴരക്കുണ്ടില്‍ കുളിച്ചുകയറി പാലക്കയംതട്ടിലേക്ക് പോകുന്ന യാത്ര പേരുപോലെ തന്നെ കണ്ണൂരിന്റെ മലയോരം എക്സ്പ്ലോര്‍ ചെയ്യുവാന്‍ നിങ്ങളെ സഹായിക്കും.
രാവിലെ ഏഴു മണിക്ക് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന യാത്ര പത്ത് പണിയോടെ പൈതല്‍മലയിലെത്തും. അവിടുന്ന് ട്രക്ക് ചെയ്തു മുകളില്ല കയറി ഏകദേശം ഒരു മണിക്കൂര്‍ നേരം ചിലവഴിക്കും. തുടര്‍ന്ന് പന്ത്രണ്ട് മണിയോടുകൂടി താഴേക്കിറങ്ങും. അവിടുന്ന് പൊട്ടന്‍പ്ലാവ് എന്ന സ്ഥലത്ത് രുചികരമായ ഉച്ചഭക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ചിക്കന്‍ ബിരിയാണിയും വെജിറ്റേറിയന്‍ ഭക്ഷണവും മീന്‍ വറുത്തതുമെല്ലാം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നും രണ്ടുമണിയോടെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ പോകും. അവിടെ കുളിക്കുവാനും ഇറങ്ങുവാനും സൗകര്യമുണ്ട്. ശേഷം നാലരയോടെ പാലക്കയം തട്ടിലേക്ക് പോകും. അഞ്ച് മണിയോടെ അവിടെ വൈകുന്നേരത്തെ കാപ്പി കുടിച്ച് ഒരുമണിക്കൂര്‍ ചിലവഴിക്കും. പിന്നീട് ആറരയോടെ തിരികെയിറങ്ങി 9 മണിയോടെ കണ്ണൂരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രയുള്ളത്.

പൈതല്‍മല
സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലുള്ള പൈതല്‍മല കണ്ണൂരില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. കണ്ണൂരിന്റെ മൂന്നാറെന്നും കേരളത്തിന്റെ കൊടൈക്കനാലെന്നും പൈതല്‍മല അറിയപ്പെടുന്നു. കാടും പുല്‍മേടും മാറിവരുന്ന ഭൂപ്രകൃതിയും കനത്തവെയിലിലും തണുപ്പുനിറഞ്ഞ അന്തരീക്ഷവും മഴക്കാലത്ത് മുന്നറിയിപ്പില്ലാതെ എത്തുന്ന മഴയും കോടമഞ്ഞുമെല്ലാം പൈതല്‍മലയുടെ പ്രത്യേകതകളാണ്. അത്യപൂര്‍വ്വമായ ചിത്രശലഭങ്ങള്‍, ഔഷധച്ചെടികള്‍, വറ്റാത്ത അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പുനിറഞ്ഞ പുല്‍മേടുകള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

പാലക്കയംതട്ട്
വളരെ കുറഞ്ഞകാലം കൊണ്ട് സഞ്ചാരികള്‍ നെഞ്ചിലേറ്റിയ ഇടമാണ് പാലക്കയംതട്ട്. അറബിക്കടൽ മുതൽ മലയടിവാരം വരെ ഒരു കാൻവാസിലെന്ന പോലെ കാണുവാന്‍ സാധിക്കുന്ന പാലക്കയം സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ ആണുള്ളത്. നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് ആണ് പാലക്കയംതട്ട്. കുടക് മലനിരകൾ, താഴ്‌വരക്കാഴ്ചകൾ. കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവയെല്ലാം ഇവിടെനിന്നും കാണാം. സോർബിങ് ബോൾ, സിപ്പ്‌ലൈൻ, ഗൺ ഷൂട്ടിങ്ങ്, ആർച്ചറി, റോപ്പ് ക്രോസ് എന്നിങ്ങനെ ആക്റ്റിവിറ്റികളും ഇവിടെയുണ്ട്.
കണ്ണൂരിലെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ

ഏഴരക്കുണ്ട്
കണ്ണൂരിലെ ഏറ്റവും അണ്‍എക്സ്പ്ലോര്‍ഡ് ആയ പ്രദേശങ്ങളിലൊന്നാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. പൈതൽമലയിലേക്കു കയറുന്നതിനു മുൻപ് മലയടിവാരത്തായാണ് ഏഴരക്കുണ്ട് സ്ഥിതി ചെയ്യുന്നത്. എട്ട് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്

ടിക്കറ്റ് നിരക്ക്
ഉച്ചഭക്ഷണവും ചായയും പ്രവേശനഫീസുമടക്കം ഒരാളില്‍ നിന്നും 750 രൂപയാണ് ടിക്കറ്റ് ചാര്‍ജ് ആയി മേടിക്കുന്നത്. 45 പേര്‍ ഉണ്ടെങ്കില്‍ അവരവരുടെ സൈകര്യത്തിനനുസരിച്ച് പാക്കേജ് ബുക്ക് ചെയ്യുവാനും പോകുവാനും സാധിക്കും, കൂടുതല്‍ വിവരങ്ങള്‍ക്ക് 9496131288, 8089463675, 9074165915 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം. എല്ല ഞായറാഴ്ചകളിലും കണ്ണുര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെടുന്നതാണ്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക.
മഴ നനഞ്ഞ് മഞ്ഞില്‍ക്കുളിച്ച് പാലക്കയവും പൈതല്‍മലയും
കണ്ണൂരില്‍ നിന്നും മൂന്നാറിലേക്കും വാഗമണ്‍ വഴി കുമരകത്തേയ്ക്കും കിടിലന്‍ പാക്കേജ്.. ഇതാണ് സമയം!