Search
  • Follow NativePlanet
Share
» »കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!

കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!

കര്‍ണ്ണാടകയിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ നിന്നും ഏറ്റവും പ്രത്യേകതയുള്ള, പ്രാധാന്യമുള്ള പത്ത് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

കാലവും സാങ്കേതിക വിദ്യകളും ഇത്രയേറെ പുരോഗമിച്ചിട്ടും പാരമ്പര്യത്തെ ഇത്രത്തോളം മുറുകെപി‌ടിക്കുന്ന നാ‌ട് കര്‍ണ്ണാ‌ടകയോളം വേറെയില്ല. പ്രകൃതിഭംഗി കൊണ്ടും കാഴ്ചകളിലെ ലോകനിലവാരം കൊണ്ടും കര്‍ണ്ണാടകയെ തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. അതില്‍തന്നെ പ്രധാനം ഇവിടുക്കെ ക്ഷേത്രങ്ങളാണ്. ആത്മീയ കേന്ദ്രങ്ങള്‍ എന്നതിലുപരിയായി രാജ്യത്തിന്റെ തന്നെ ചരിത്രത്തോടും പാരമ്പര്യത്തോടും ചേര്‍ന്നു കിടക്കുന്നവയാണ് ഈ ക്ഷേത്രങ്ങള്‍. കര്‍ണ്ണാടകയിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ നിന്നും ഏറ്റവും പ്രത്യേകതയുള്ള, പ്രാധാന്യമുള്ള പത്ത് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കലാകാരന്മാരുടെ അഭയ സ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ്കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. പശ്ചിമഘട്ടത്തിലെ കൊടചാദ്രി കുന്നുകളോട് ചേര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിയെ ഇവിടെയെത്തി നേരിട്ട് തൊഴാന്‍ കഴിയുന്നത് ജന്മസൗഭാഗ്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. ശക്തിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ പ്രസിദ്ധം കൂടിയാണിത്. മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.
PC: Rojypala

 ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

കര്‍ണ്ണാടകയിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. ആയിരത്തിയഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വ്യത്യസ്ത രീതിയിലാണ് ശ്രീകൃഷ്ണനെ ദര്‍ശിക്കുവാന്‍ സാധിക്കുക. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ശ്രീകോവിലില്‍ പിന്തിരിഞ്ഞിരിക്കുന്ന രീതിയിലാണ് കൃഷ്ണന്‍ ഇവിടെയുള്ളത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമാനമായ നിധി ശേഖരം ഇവിടെയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വിളിച്ചാല്‍ കൃഷ്ണന്‍ വിളികേള്‍ക്കുമെന്നാണ് വിശ്വാസം. ദ്വൈതവാദത്തിന്‍റെ പ്രചാരകനായിരുന്ന മാധ്വാചാര്യര്‍ പ്രതിഷ്ടിച്ചതാണ് ഇവിടുത്തെ വിഗ്രഹം എന്നാണ് വിശ്വാസം.
PC:Rayabhari

ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം

ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം

നേത്രാവദി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം. ശിവനോടൊപ്പം ജൈനമതത്തിലെ ഒരു തീര്‍ത്ഥങ്കരനെയും പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. നേരത്തെ പതിനായിരത്തോളം ആളുകള്‍ ഒരു ദിവസം ഇവിടെ ക്ഷേത്ര ദര്‍ശനത്തിനെത്തുമായിരുന്നു. സൗജന്യ അന്നദാനവും ഇവിടുത്തെ പ്രത്യേകതയാണ്. നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന ലക്ഷദീപാര്‍ച്ചനയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
PC:Naveenbm

ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം

ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം

കര്‍ണ്ണാടകയിലെ ഏറ്റവും പ്രകൃതി മനോഹരമായ ഇടങ്ങളിലൊന്നായാണ് ഗോകര്‍ണ്ണ അറിയപ്പെടുന്നത്. ബീച്ചുകളും കാടും പാറക്കൂട്ടങ്ങളുമെല്ലാമായി വളരെ രസകരമാണ് ഈ പ്രദേശം. മഹാബലേശ്വര്‍ ക്ഷേത്രം ശിവനായാണ് സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും തൊട്ടടുത്തുതന്നെ ഒരു ഗണപതി ക്ഷേത്രവും ഇവിടെയുണ്ട്. ശിവന്റെ ആത്മലിംഗം കൊണ്ടുവന്ന രാവണനുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിന്‍റെ കഥകളുള്ളത്. ഏറെ അത്ഭുത ശക്തികളുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

മുരുഡേശ്വര ക്ഷേത്രം

മുരുഡേശ്വര ക്ഷേത്രം

ഏഷ്യയിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന മുരുഡേശ്വര്‍ ക്ഷേത്രം കര്‍ണ്ണാടകയിലെ മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ്. മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ടാണ് ഈ ക്ഷേത്രമുള്ളത്. ഭട്കല്‍ താലൂക്കില്‍ മുരുഡേശ്വറിലാണ് പ്രശസ്തമായ മുരുഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കടലിലേക്ക് തള്ളിനില്‍ക്കുന്ന കുന്നിന്റെ മുകളിലായി 123 അടിവലുപ്പത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാദേവന്റെ ശില്പമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കഴുത്തില്‍ സ്വര്‍ണ്ണ നാഗത്തെയണിഞ്ഞ് ഉടക്കും ത്രിശൂലവും കയ്യിലേറ്റി നില്‍ക്കുന്ന ശിവന്റെ പ്രതിമ നിരവധി ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. 20 നിലകളും 259 അടി ഉയരവുമുള്ള രാജഗോപുരത്തില്‍ നിന്നാല്‍ മാത്രമേ പ്രതിമയുടെ യഥാര്‍ഥ ഭംഗി ആസ്വദിക്കാന്‍ കഴിയൂ.
PC: Rojypala

കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

സമ്പന്ന ക്ഷേത്രങ്ങളിലൊന്നായാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം അറിയപ്പെടുന്നത്. പ്രസിദ്ധ നാഗക്ഷേത്രമായ ഇവിടെ സുബ്രഹ്മണ്യനെയാണ് ആരാധിക്കുന്നത്. ഭൂമിയിലെ സകല ദൈവങ്ങളുടെയും സംരക്ഷകനായാണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സര്‍പ്പങ്ങളുടെ സംരക്ഷകനും കൂടിയാണ് സുബ്രഹ്മണ്യനിവിടെ. കുമാരധാര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള പ്രാർഥനകൾ മാത്രമേ ദൈവം സ്വീകരിക്കൂ എന്നാണ് വിശ്വാസം.പശ്ചിമഘട്ടത്തിൻറെ താഴ്വരയിലാണ് ഈ ക്ഷേത്രമുള്ളത്.

PC:wikipedia

കട്ടീല്‍ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം

കട്ടീല്‍ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം

ദക്ഷിണ കന്നഡ ജില്ലയിലെ കട്ടീലില്‍ സ്ഥിതി ചെയ്യുന്ന കട്ടീല്‍ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രസിദ്ധ ക്ഷേത്രം. ദുര്‍ഗ്ഗാ ദേവിയുടെ ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥാനമാണ് ഈ ക്ഷേത്രം. മംഗലാപുരത്തു നിന്നും 29 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
PC:Premnath Kudva

ഹൊരനാട് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

ഹൊരനാട് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

ശ്രീ ക്ഷേത്രഹൊരനാടു എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭദ്രാനദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. അന്നത്തിന്റെ ദേവതയായയാണ് ഭഗവതിയെ ഇവിടെ ആരാധിക്കുന്നത്. അഗസ്ത്യ മുനിയാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാലുകൈകളുമായി എഴുന്നേറ്റു നില്‍ക്കുന്ന രൂപത്തിലാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ പിന്നീട് ഒരിക്കലും ജീവിതത്തില്‍ വിശപ്പ് അനുഭവിക്കേണ്ടി വരില്ലെന്നാണ് വിശ്വാസം.

ഗുഡ്ഡാട്ടു മഹാഗണപതി ക്ഷേത്രം

ഗുഡ്ഡാട്ടു മഹാഗണപതി ക്ഷേത്രം

ഒരു വലിയ കല്ലിനു താഴെ 800 വര്‍ഷങ്ങള്‍ക്കു മുന്‍പായി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഗുഡ്ഡാട്ടു മഹാഗണപതി ക്ഷേത്രം. മംഗലാപുരത്തു നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗണപതി സ്വയംഭൂ ആണെന്നും വിശ്വാസമുണ്ട്.

വിരൂപാക്ഷേശ്വര ക്ഷേത്രം ഹംപി

വിരൂപാക്ഷേശ്വര ക്ഷേത്രം ഹംപി

യുനസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങളിലൊന്നാണ് കര്‍ണ്ണാടകയിലെ ഹംപിയില്‍ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷേശ്വര ക്ഷേത്രം. കര്‍ണ്ണാടകയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇത് തുംഗഭദ്രാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ശിവനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. . ദക്ഷിണേന്ത്യയിലെ ദ്രാവിഡ വാസ്തുവിദ്യയുടെ മഹിമ വിളിച്ചോതുന്നതാണ് ക്ഷേത്രം. ഇഷ്ടികയും ചാന്തുമുപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിരൂപാക്ഷക്ഷേത്രമെന്ന പേരിന് പുറമേ പമ്പാപതി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവിതേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്

Read more about: karnataka temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X