കേരള വിനോദ സഞ്ചാര രംഗത്തിന്റെ തിരിച്ചുവരവിലേക്ക് ചേര്‍ത്തുവെച്ച പുതിയ നാട് കൊളക്കുമലയാണ്. കൊറോണയില്‍ നിന്നും നാടും നഗരവും തിരികെ വരുമ്പോള്‍ അതിനൊപ്പം പോവുകയാണ് സഞ്ചാരികളുടെ പ്രിയ സ്ഥലമായ കൊളക്കുമലയും. നീണ്ട എട്ടു മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം മുതല്‍ കൊളക്കുമലയിലേക്ക് സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിച്ചു തുടങ്ങി. ഇടുക്കിയിലെ അടക്കം മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു കൊടുത്തിരുന്നുവെങ്കിലും കൊളക്കുമലയിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്നില്ല.
നിലവില്‍ കൊളക്കുമലയിലേക്ക് പോകുന്ന റോഡ് സ്വകാര്യ ഉടമസ്ഥതയിലുള്ളതായതിനാല്‍ അവര്‍ ഇതുവരെയും അത് തുറന്ന് നല്കുവാന് തയ്യാറായിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം മുതലാണ് കമ്പനി അനുമതി നല്‍കിയത്. ഇതിനു ശേഷവും പഞ്ചായത്ത് അധികൃതര്‍ കൊളക്കുമലയിലേക്ക് പ്രവേശനം അനുവദിക്കാത്തിനെ തുടര്‍ന്ന് ചിന്നക്കനാലിലെ ജീപ്പ് ഡ്രൈവർമാർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണു ദേവികുളം സബ് കളക്ടര്‍ മുന്‍കൈയ്യെടുത്ത് ട്രക്കിങ്ങിനു അനുമതി നല്‍കിയത്.

ആദ്യ പുലരികള്‍ കണ്ടത് തങ്കുവും കൊല്‍സുവും
വ്യത്യസ്തങ്ങളായ വീഡിയോകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന തങ്കുവും കൊല്സുവുമാണ് സഞ്ചാരികള്‍ക്കായി തുറന്ന കൊളുക്കുമലയിലെ ആദ്യ പുലരികള്‍ കണ്ടത്. അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെയും വില്‍സണ്‍ തോമസിന്റെയും മക്കളാണ് ഉമ്മിണി തങ്കയും ഉമ്മു കൊല്‍സുവും. നവംബര്‍ 25-ാം തിയ്യതിയാണ് സാന്ദ്രയും കുടുംബവും കുടുംബ സുഹൃത്തായ ആശിഷ് വര്‍ഗ്ഗീസിനൊപ്പം കൊളക്കുമലയിലെ സൂര്യോദയം കാണുവാന്‍ സിങ്കപ്പാറയിലെത്തിയത്.

പ്രവേശനം കൊവിഡ് നിയന്ത്രണങ്ങളോടെ
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടു കൂടി മാത്രമാണ് കൊളക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. മാസ്കും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. ഓരോ ദിവസവും പ്രവേശിക്കുവാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ട്.

ഒരിക്കലെങ്കിലും പോകാം
യാത്രകളെ പ്രണയിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ് കൊളക്കുമല. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമാണ് കൊളക്കുമലയിലേത്. എഴുപത്തഞ്ച് എണ്‍പത് വര്‍ഷം പഴക്കമുള്ള ടീ ഫാക്ടറിയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ ഫാക്ടറിയുടെ നിലവിലെ ഉടമസ്ഥര്‍.സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

എത്തിച്ചേരല്‍ ദുര്‍ഘടം
മൂന്നാറില്‍ നിന്നും 32 കിലോമീറ്റര്‍ അകലൊണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്. 17 കിലോമീറ്ററോളം ദൂരം ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പില്‍ മാത്രമേ പോകുവാന്‍ സാധിക്കൂ. അതില്‍ തന്നെ അവസാന പത്തു കിലോമീറ്ററാണ് ഏറ്റവും ദുര്‍ഘടം പിടിച്ച പാത. കല്ലും ചരലും നിറഞ്ഞ് പേരിനു മാത്രം കോണ്‍ക്രീറ്റ് ചെയ്ത പാതയാണ് ഇവിടുത്തേത്. സാഹസികരായ ഡ്രൈവര്‍ക്കു മാത്രമേ ഇവിടെക്ക് എത്തിക്കുവാന്‍ സാധിക്കൂ.
ചിത്രങ്ങള്‍ക്കു കടപ്പാട്: ആശിഷ് വര്‍ഗ്ഗീസ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്
വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!