Search
  • Follow NativePlanet
Share
» »അടിച്ചു പൊളിക്കാൻ കോന്നിയിൽ നിന്നും തെങ്കാശിയിലേക്കൊരു യാത്ര

അടിച്ചു പൊളിക്കാൻ കോന്നിയിൽ നിന്നും തെങ്കാശിയിലേക്കൊരു യാത്ര

കോന്നിയിൽ നിന്നും പുനലൂർ-തെൻമല-പാലരുവി-കുറ്റാലം വഴി തെങ്കാശിയിലേക്കൊരു യാത്ര.

By Elizabath Joseph

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. ഒരു അവധി കിട്ടിയാൽ ബാഗുമെടുത്ത് നാടുകാണാനിറങ്ങുന്നവർ. എന്നാൽ യാത്രാപ്രിയരാണെങ്കിലും പലർക്കും എവിടേക്ക് പോകണമെന്നോ എന്താണ് കാണേണ്ടത് എന്നോ കൃത്യമായ തീരുമാനം ഉണ്ടാകില്ല. കുറേ സമയം യാത്ര ചെയ്ത് മനസ്സിന് ഇഷ്ടപ്പെടാതെ തിരിടകെ വരുന്നവരും ഉണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലുള്ളവർക്ക് യാത്ര ചെയ്യുവാൻ ഒട്ടേറെ സ്ഥലങ്ങളുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി നടത്താൻ കഴിയുന്ന, ഒറ്റ ദിവസം കൊണ്ട് പോയി അടിച്ചു പൊളിച്ചു തിരിച്ചു വരുവാൻ പറ്റിയ ഒരു സ്ഥലമുണ്ട്. സാഹസികഅനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന കോന്നിയിൽ നിന്നും പുനലൂർ-തെൻമല-പാലരുവി-കുറ്റാലം വഴി തെങ്കാശിയിലേക്കൊരു യാത്ര...

കോന്നിയിൽ നിന്നും

കോന്നിയിൽ നിന്നും

പത്തനംതിട്ടയ്ക്കും സമീപത്തുള്ള ജില്ലക്കാർക്കും ഏറ്റവും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒരു വൺഡേ ട്രിപ്പാണ് കോന്നിയിൽ നിന്നും തെങ്കാശിയിലേക്കുള്ള യാത്ര. കോന്നിയിൽ നിന്നും ആരംഭിച്ച് പുനലൂർ-തെൻമല-പാലരുവി-കുറ്റാലം വഴി തെങ്കാശിയിലെത്തിച്ചേരുന്ന തരത്തിലുള്ള യാത്രയാണിത്. 97.1 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സഞ്ചരിക്കേണ്ടത്. യാത്ര ചെയ്യാനായി മാത്രം ഏകദേശം രണ്ടേമുക്കാൽ മണിക്കൂറോളം ചിലവഴിക്കണം.

യാത്ര തുടങ്ങാം

യാത്ര തുടങ്ങാം

ഈ വൺഡേ ട്രിപ്പിന്റെ സ്റ്റാർട്ടിങ് പോയന്റ് കോന്നിയാണ്. പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം പ്രശസ്തമായിരിക്കുന്നത് മഴക്കാടുകളുടെയും അരുവികളുടെയും സാന്നിധ്യം കൊണ്ടാണ്. പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഒരു മുഖം കാണാൻ സാധിക്കുന്ന ഇവിടെ പത്തനംതിട്ടയുടെ ഏറ്റവും വലിയ ആകർഷണമായ കുട്ടവഞ്ചി യാത്രയ്ക്കും സൗകര്യമുണ്ട്.
കോട്ടയത്തു നിന്നും കോന്നിയിലേക്ക് 67.7 കിലോമീറ്ററും ആലപ്പുഴയിൽ നിന്നും കോന്നിയിലേക്ക് 74.7 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 93 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 48 കിലോമീറ്ററുമാണ് കോന്നിയിലേക്കുള്ള ദൂരം

PC:Abhijith VG

കോന്നിയിലെ കുട്ടവഞ്ചി യാത്ര

കോന്നിയിലെ കുട്ടവഞ്ചി യാത്ര

കേരളത്തിൽ കുട്ടവ‍ഞ്ചി യാത്രയ്ക്ക് സൗകര്യമുള്ള ഒരേയൊരു സ്ഥലം പത്തനംതിട്ടയാണ്. പത്തനംതിട്ടയിൽ രണ്ടിടത്തായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറിലും ഗവി സന്ദർശകരെ ഉദ്ദേശിച്ച് ആങ്ങമൂഴിയിലുമാണ് കുട്ടവഞ്ചി യാത്രയുള്ളത്. പുഴയെ അറിയുവാനും കാടിനെ തേടിച്ചെല്ലാനും ഒക്കെ താല്പര്യമുള്ളവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട യാത്രകളിലൊന്നാണിത്.

കല്ലാർ കുട്ടവഞ്ചി യാത്ര

തുഴച്ചില്‍കാരന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഒരു വഞ്ചിയില്‍ സഞ്ചരിക്കാന്‍ കഴിയുക. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 800 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം. 400രൂപയ്ക്ക് ഹ്രസ്വദൂരസവാരിക്കും അവസരമുണ്ട്. പത്തനംതിട്ടയില്‍ നിന്നും ആനക്കൂട് വഴി കോന്നി-തണ്ണിത്തോട് റോഡുവഴി ഇവിടെയെത്താം. കോന്നിയില്‍ നിന്നും 13 കിലോമീറ്ററാണ് ദൂരം. ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ കുട്ടവഞ്ചിയാത്രയ്ക്ക് അവസരമുണ്ട്.

ആങ്ങമൂഴി യാത്ര

ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങമൂഴിയിലാണ് കുട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്ന അടുത്തയിടം.പത്തനംതിട്ടയിൽ നിന്നും 40 കിലോമീറ്ററും കോന്നിയിൽ നിന്നും 35 കിലോമീറ്ററും അകലെയാണിത്.
ആങ്ങമൂഴിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് കുട്ടവഞ്ചിയില്‍ സഞ്ചരിക്കാന്‍ സാധിക്കുക. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ഒരുക്കിയിരിക്കുന്ന കൊട്ടവഞ്ചിയാണിത്. പത്തനംതിട്ടയില്‍ നിന്നും ചിറ്റാര്‍-സീതത്തോട് വഴിയും കോട്ടയത്തു നിന്ന് എരുമേലി-തുലാപ്പള്ളി-ആങ്ങമൂഴിയിലെത്താം.

PC: Chris Conway, Hilleary Osheroff

കോന്നിയിൽ നിന്നും പുനലൂരിലേക്ക്

കോന്നിയിൽ നിന്നും പുനലൂരിലേക്ക്

കോന്നിയിൽ നിന്നും പുനലൂരിലേക്ക് 30.8 കിലോമീറ്റർ ദൂരമാണുള്ളത്. കോന്നി-കൂടല്‍-പത്തനാപുരം വഴിയാണ് ഈ യാത്രയ്ക്ക് യോജിച്ചത്. കൊല്ലത്തു നിന്നും 45 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 50 കിലോമീറ്ററും അകലെയാണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.
പുനൽ എന്നും ഊര് എന്നും പേരായ രണ്ട തമിഴ്വാക്കുകളിൽ നിന്നാണ് പുനലൂരിന് ഈ പേര് ലഭിക്കുന്നത്. വെള്ളമുള്ളയിടം എന്നാണ് പുനലൂരിന് അർഥം. ഒരുകാലത്ത് കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്.

പുനലൂർ തൂക്കുപാലം

പുനലൂർ തൂക്കുപാലം

പുനലൂരിന്റെ ആകർഷകമായ കാഴ്തചകളിൽ ഒന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുനലൂർ തൂക്കുപാലം. കല്ലടയാറിനു മുകളിലൂടെ നിർമ്മിക്കപ്പെട്ട ഈ തൂക്കുപാലം കല്ലടയാറിന്റെ ഇരുകരകളെയുമാണ് ബന്ധിപ്പിക്കുന്നത്. തിരുവിതാംകൂറിലെ ആയില്യം തിരുന്നാളിന്റെ കാലത്ത് ബ്രിട്ടീഷുകാരനായ ആൽബെർട് ഹെൻട്രിയുടെ നേതൃത്വത്തിലാണ് ഇത് പണിതത്. 20 അടിയോളം വീതിയും 400 അടിയോളം നീളവുമുള്ള ഈ പാലം ഇപ്പോൾ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നില്ല.

PC:Shijualex

പുനലൂരിൽ നിന്നും തെൻമലയിലേക്ക്

പുനലൂരിൽ നിന്നും തെൻമലയിലേക്ക്

പുനലൂരിൽ നിന്നും ഇനി യാത്ര തെൻമലയിലേക്കാണ്. കളയനാട്-ഉറുകുന്ന്-ഒറ്റക്കൽ വഴി തെൻമലയിലെത്താം. 21.7 കിലോമീറ്റർ ദൂരമാണ് പുനലൂരിൽ നിന്നും തെൻമലയിലേക്ക് വേണ്ടത്. കൊല്ലത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് തെൻമല. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വന്ന ഇവിടെ വൈവിധ്യമാർന്ന ജീവജാല വ്യവസ്ഥയാണുള്ളത്.

ഇക്കോടൂറിസം - തെന്മലയിലേക്ക് യാത്ര പോകാംഇക്കോടൂറിസം - തെന്മലയിലേക്ക് യാത്ര പോകാം

തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഇടമാണ് ഒറ്റയ്ക്കൽ ഔട്ട് ലുക്ക്. കല്ലടയാറ്റിൽ നിർമ്മിക്കപ്പെട്ട ബണ്ടു മൂലം രൂപപ്പെട്ട തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

PC:Lalsinbox

പാലരുവിയിലേക്ക്

പാലരുവിയിലേക്ക്

നമ്മുടെ യാത്രയുടെ അടുത്ത ലക്ഷ്യം പാലരുവിയാണ്. പുനലൂരിൽ നിന്നും 13.4 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ആര്യങ്കാവിനടുത്തു സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് പാലരുവി വെള്ളച്ചാട്ടം. 91 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം മൂന്നൂറ് അടി മുകളിൽ നിന്നും താഴേക്ക് പതിക്കുമ്പോൽ പാലു പോലെ പതഞ്ഞു വരുന്നതിനാലാണ് ഈ പേരു ലഭിച്ചത്. വനത്തിൽ നിന്നും ഒഴുകി വരുന്നതിനാൽ ഇവിടുത്തെ വെള്ളച്ചിന് ഔഷധ ഗുണങ്ങളുണ്ടെന്ന വിശ്വാസത്തെ തുടർന്ന് ത്വക്ക് രോഗങ്ങള്‍ക്കും മറ്റുമുള്ള ചികിത്സയ്ക്കായി ഇവിടുത്തെ ജലം ഉപയോഗിക്കാറുണ്ട്. കൊല്ലത്തു നിന്നും 75 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സഹ്യപർവ്വത നിരയിലെ രാജാക്കൂപ്പ് മലനിരകളിൽ നിന്നുമാണ് പാലരുവി ഉത്ഭവിക്കുന്നത്. ഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്.

PC: Akhilsunnithan.

പാലരുവിയിൽ നിന്നും കുറ്റാലത്തേയ്ക്ക്

പാലരുവിയിൽ നിന്നും കുറ്റാലത്തേയ്ക്ക്

പാലരുവിയിൽ നിന്നും ഇനിയുള്ള യാത്ര കുറ്റാലത്തേക്കാണ്. ആര്യങ്കാവ് കഴിഞ്ഞാൽ തമിഴ്നാടായി. ഇനി യാത്രയ്ക്ക് കൂട്ട് തമിഴ്നാടൻ മണമുള്ള കാറ്റാണ്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് കുട്രാലം അഥവാ കുറ്റാലം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ കുറ്റാലം വെള്ളച്ചാട്ടം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. സമുദ്ര നിരപ്പിൽ നിന്നും 520 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പൊതിഗൈ മലനിരകളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. മഴൽ നിഴൽ പ്രദേശമായ ഇവിടെ കേരളത്തിൽ കാലവർഷം തകർത്തു തിമിർത്തു പെയ്യുമ്പോൾ ഇവിടെ അനുഭവപ്പെടുക നേർത്ത ചാറ്റൽ മഴയായിരിക്കും. ഇത് നനയാനായി തമിഴ്നാടിന്റെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികൾ എത്താറുണ്ട്.

PC:Mdsuhail

തെങ്കാശി

തെങ്കാശി

ഇനി മുന്നോട്ട് നീങ്ങുന്നത് നമ്മുടെ ലക്ഷ്യസ്ഥാനമായ തെങ്കാശിയിലേക്കാണ്. കുറ്റാലത്തു നിന്നും 5.5 കിലോമീറ്റര്‍ ദൂരം മാത്രം മതി തെങ്കാശിയിലെത്താൻ.മലയാളികളെ സംബന്ധിച്ചെടുത്തോളം എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങളിൽ ഒന്നാണ് തെങ്കാശി. സിനിമകളിലൂടെ ഏറെ പരിചിതമായ ഈ നഗരം തണ്ണീർത്തടങ്ങൾ കൊണ്ടും കൃഷികൾകൊണ്ടും ഒക്കെ പ്രശസ്തമാണ്. ഒത്തിരിയേറെ ആരാധനാലയങ്ങളുള്ള തെങ്കാശി ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇവിടെ ശിവക്ഷേത്രവും ഉലഗമ്മൻ ക്ഷേത്രവുമാണ് ഏറെ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ.
തെങ്കാശി യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ഇവിടുത്തെ ഒരു മഴ നിര്‍ബന്ധമാണ്. മഴനനയാനായി മാത്രം ധാരാളം സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട് എന്ന് അറിയുമ്പോല്‍ മാത്രമേ തെങ്കാശി മഴ എത്രമാത്രം സ്‌പെഷ്യല്‍ ആണ് എന്ന് മനസ്സിലാവുകയുള്ളൂ. ശാറല്‍ തിരുവിഴ എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ ചാറ്റല്‍മഴ ഏറെ പ്രശസ്തമാണ്. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ശാറല്‍ തിരുവിഴ തേടി ആളുകളെത്തുന്നത്.

PC:ramesh Iyanswamy

കുട്രാലനാഥര്‍ ക്ഷേത്രം

കുട്രാലനാഥര്‍ ക്ഷേത്രം

ശൈവഭക്തരെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാന്യമുള്ള ഒരിടമാണ് കുട്രാലനാഥര്‍ ക്ഷേത്രം. അഗസ്ത്യമുനിക്ക് ഇവിടെ വെച്ച് ശിവന്‍ തന്റെ വിവാഹത്തില്‍ സാക്ഷിയാകാന്‍ അനുവദിച്ചു എന്നാണ് പറയപ്പെടുന്നത്. കുട്രാലം ബസ് സ്റ്റേഷനില്‍ നിന്നും 200 മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി ഇവിടെയെത്താന്‍. രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തില്‍ ചോള-പാണ്ഡ്യകാലത്തെ ലിഖിതങ്ങള്‍ കാണുവാന്‍ സാധിക്കും.

PC: Koshy Koshy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X