Search
  • Follow NativePlanet
Share
» »നാഗരാജാവിന്റെ പേരില്‍ അറിയപ്പെടുന്ന ഭൂകമ്പം തകര്‍ത്ത പട്ടണം

നാഗരാജാവിന്റെ പേരില്‍ അറിയപ്പെടുന്ന ഭൂകമ്പം തകര്‍ത്ത പട്ടണം

പാതി പൊട്ടിപ്പൊളിഞ്ഞ നഗരത്തില്‍ ബുജ് ഒരുക്കുന്ന കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.

By Elizabath Joseph

ബൂജ്...2001 ല്‍ നടന്ന ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത ഒരു നാട്. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനമായ ബൂജ് അന്നത്തെ ആ ഭൂകമ്പത്തിന്റെ ന്ഷ്ടങ്ങളില്‍ നിന്നും മോചിതമായിട്ടില്ലെങ്കിലും പാതി പൊട്ടിപ്പൊളിഞ്ഞ നഗരത്തില്‍ ബുജ് ഒരുക്കുന്ന കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.
ഇപ്പോഴും നിലനില്‍ക്കുന്ന അവശിഷ്ടങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമെല്ലാം ഉണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടം എന്നും സ്വര്‍ഗ്ഗമാണ്. കൊട്ടാരങ്ങളും ആരെയും ആകര്‍ഷിക്കുന്ന നിര്‍മ്മിതികളും കോട്ടകളും കാടുകളും അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളുമൊക്കെ ചേര്‍ന്ന് ഇവിടം ഒരു കൊച്ചു സ്വര്‍ഗ്ഗം തന്നെയാണ്.
നാഗരാജാവായ ഭൂജന്‍ങ്കയുടെ പേരില്‍ അറിയപ്പെടുന്ന ബൂജ് പട്ടണത്തിന്റെ വിശേഷങ്ങള്‍..

സര്‍പ്പത്തിന്റെ നഗരം

സര്‍പ്പത്തിന്റെ നഗരം

ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍ സര്‍പ്പത്തിന്റെ ആവാസകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഈ മല നഗരത്തിന്റെ കിഴക്ക് ഭാഗത്താണ്. ഈ കുന്നിന് മുകളില്‍ സര്‍പ്പത്തിനായി ഒരു ക്ഷേത്രവുമുണ്ട്.

PC:Bhargavinf

സംസ്‌കാരങ്ങളുടെ കളിത്തൊട്ടില്‍

സംസ്‌കാരങ്ങളുടെ കളിത്തൊട്ടില്‍

ഇന്ത്യയുടെ മാത്രമല്ല, ഏഷ്യയുടെ വരെ സംസ്‌കാരവുമായി ബന്ധപ്പെട്ട നഗരമാണ് ബൂജ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയോട്ടവും ഇന്‍ഡ്‌സ വാലി സംസ്‌കാരവുമെല്ലം കടന്നുപോയിരിക്കുന്നത് ഇതുവഴിയാണ്. അതിനുശേഷം വന്ന മുഗള്‍ ഭരണവും ബ്രിട്ടീഷ് ഭരണവും ഒക്കെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ചില അടയാളങ്ങള്‍ മാത്രമാണ്.

PC:Prabhat

 ബുജിയ ഫോര്‍ട്ട്

ബുജിയ ഫോര്‍ട്ട്

ബുജ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ബുജിയ ഫോര്‍ട്ട് നഗരത്തിന്റെ സംരക്ഷണത്തിനായി പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കക്കാലത്ത് നിര്‍മ്മിച്ചതാണ്. കച്ച് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന റാവു ഗോജ്ഡി ഒന്നാമനാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കുറേനാളുകളോളം ഇന്ത്യന്‍ സൈന്യത്തിന്റെ കീഴിലായിരുന്നു ഈ പട്ടണം. ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇവിടം ഏറെക്കുറെ നശിപ്പിക്കപ്പെട്ട നിലയിലാണ്.

PC:Nizil Shah

പ്രാഗ് മഹല്‍

പ്രാഗ് മഹല്‍

ബുജിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട നിര്‍മ്മിതികളിലൊന്നാണ് ഇവിടുത്തെ പ്രാഗ് മഹല്‍. യൂറോപ്യന്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം പണികഴിപ്പിച്ചത് റാവു പ്രഗ്മാജി രണ്ടാമന്‍ എന്ന രാജാവാണ്. അദ്ദേഹത്തില്‍ നിന്നുമാണ് കൊട്ടാരത്തിന് ഈ പേര് ലഭിക്കുന്നത്. 1865 ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ നിര്‍മ്മിതിയ്ക്ക് അന്നത്തെ കാലത്ത് ഏകദേശം 3.1 മില്യണ്‍ രൂപ ചിലവായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇറ്റാലിയന്‍ -ഗോഥിക് മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

1865 ല്‍ നിര്‍മ്മിച്ചിരിക്കുന്ന ബിങ് ബാംഗ് ക്ലോക്ക് ടവറാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 150 അടി ഉയരമുണ്ട് ഇതിന്.

PC:Nizil Shah

ഷൂട്ടിങ് സ്ഥലം

ഷൂട്ടിങ് സ്ഥലം

ബോളിവുഡ്, ഗുജറാത്തി ഉള്‍പ്പെടെയുള്ള സിനിമകള്‍ ധാരാളം ചിത്രീകരിച്ചിരിക്കുന്ന ഒരിടമാണ് ഈ കൊട്ടാരം. ഹിന്ദിയിലെ പ്രശസ്തമായ ഹം ദില്‍ ദേ ചുകേ സനം, ലഗാന്‍ തുടങ്ങിട സിനിമകളൊക്കെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

PC:Bhargavinf

ഛത്തര്‍ധി

ഛത്തര്‍ധി

കുട പോലെ നിര്‍മ്മിച്ചിരിക്കുന്ന മേല്‍ക്കൂരകള്‍ക്കു താഴെ ബുജിലെ രാജവംശത്തില്‍പെട്ട ആളുകളെ സംസ്‌കരിച്ചിരിക്കുന്ന സ്ഥലമാണിത്. ഒട്ടേറെ സ്മാരകങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. 2001 ല്‍ നടന്ന ഭൂകമ്പത്തില്‍ ഇവിടുത്തെ ചില സ്മാരകങ്ങള്‍ നശിച്ചുപോയിരുന്നെങ്കിലും സ്മാരങ്ങള്‍ വേറെയും നിലനില്‍ക്കുന്നുണ്ട്. തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ഒരിടം കൂടിയാണിത്.

PC:Rahul Zota

ബുജോധി

ബുജോധി

ഗുജറാത്തിലെ ബുജിലെത്തുന്ന കലാപ്രേമികള്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് ബുജോധി. കരകൗശല വിദഗ്ധര്‍ ഒട്ടേറെയുള്ള ഇവിടെയാണ ്പ്രശസ്തമായ വസ്ത്രനിര്‍മ്മാണ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്.

PC:gujarattourism

ഐന മഹല്‍

ഐന മഹല്‍

ഹാള്‍ ഓഫ് മിറേഴ്‌സ് എന്നറിയപ്പെടുന്ന ഐന മഹല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് നിര്‍മ്മിക്കുന്നത്. പ്രാഗ് മഹലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം ഇന്തോ-യൂറോപ്യന്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2001 ലെ ഭൂകമ്പത്തില്‍ ഐന മഹലിന്റെ മിക്ക ഭാഗങ്ങളും നശിക്കുകയും പിന്നീടിത് പുതുക്കിപ്പണിത് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു.

PC:Nizil Shah

ശാരദ്ബാഗ് കൊട്ടാരം

ശാരദ്ബാഗ് കൊട്ടാരം

ബുജിയ രാജാക്കന്‍മാര്‍ താമസിച്ചിരുന്ന പ്രശസ്തമായ കൊട്ടാരമാണ് ശാരദ്ബാഗ് കൊട്ടാരം. ഗുജറാത്തിലെ മറ്റു കൊട്ടാരങ്ങളെപ്പോലെ തന്നെ ഇതും ഇപ്പോല്‍ ഒരു മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. അപൂര്‍വ്വങ്ങളായെ ഒട്ടേറെ ചെടികളെയും ഔഷധ സസ്യങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും. വെള്ളിയാഴ്ച ഇവിടെ പ്രവേശനമില്ല.

PC:gujarattourism

രാംകുണ്ഡ് ക്ഷേത്രക്കുളം

രാംകുണ്ഡ് ക്ഷേത്രക്കുളം

ബുജില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ആകര്‍ഷണമാണ് രാംകുണ്ഡ് ക്ഷേത്രക്കുളം. ഒരു പടവ് കിണരിനോട് സമാനമായ നിര്‍മ്മാണ രീതിയാണ് രാംകുണ്ഡ് ക്ഷേത്രക്കുളത്തിന്റേതും. രാമായണത്തിലെ കഥാപാത്രങ്ങളെയും വിഷ്ണുവിന്റെ അവതാരങ്ങളെയും ഇതില്‍ കൊത്തിവെച്ചിട്ടുണ്ട്.

PC:Nizil Shah

സ്വാമി നാരായണ്‍ ക്ഷേത്രം

സ്വാമി നാരായണ്‍ ക്ഷേത്രം

രാം കുണ്ഡ് കുളത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് സ്വാമി നാരായണ്‍ ക്ഷേത്രം. വളരെയധികം കൊത്തുപണികള്‍ നിറഞ്ഞ ഒരു ക്ഷേത്രമാണിത്.

PC:http://www.swaminarayan.info -

ഭാരതീയ സംസ്‌കൃതി ദര്‍ശന്‍, ബുജ്

ഭാരതീയ സംസ്‌കൃതി ദര്‍ശന്‍, ബുജ്

നാടന്‍ കലകളും, കരകൗശല വേലകളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണിത്. കോളേജ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവേശനമുണ്ട്. എന്നാല്‍ തിങ്കളാഴ്ചകളില്‍ ഗുജറാത്തിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള അപൂര്‍വ്വങ്ങളായ ചില കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ ഭൂരിപക്ഷവും ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഴി ശേഖരിച്ചവയാണ്.

PC:gujarattourism

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. താരതമ്യേന കുറഞ്ഞ ചൂടാണ് ഈ സമയത്ത്. കൂടാതെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തെളിഞ്ഞ കാലാവസ്ഥയും ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ചതാണ്. വേനല്‍ക്കാലങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാതിരിക്കുന്നതായിരിക്കും നല്ലത്.

PC:Superfast1111

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും 331 കിലോമീറ്റര്‍ അകലെയാണ് ബുജ് സ്ഥിതി ചെയ്യുന്നത്. പാലിത്താനയില്‍ നിന്നും 395 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഗുജറാത്തിലെ മിക്ക നഗരങ്ങളില്‍ നിന്നും ബുജിലേക്ക് പകലും രാത്രിയും ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

Read more about: gujarat temple forts monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X