Search
  • Follow NativePlanet
Share
» »തൃശിവപേരൂർ വടക്കുംനാഥൻ കുടികൊള്ളുന്ന കോട്ടയത്തെ മഹാ ക്ഷേത്രം

തൃശിവപേരൂർ വടക്കുംനാഥൻ കുടികൊള്ളുന്ന കോട്ടയത്തെ മഹാ ക്ഷേത്രം

തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പല പ്രത്യേകതകളും ഉൾക്കൊള്ളുന്ന ക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം.

By Elizabath Joseph

തിരുനക്കര മഹാദേവ ക്ഷേത്രം...കോട്ടയം നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കോട്ടയംകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. തിരുനക്കര രണ്ടു തവണയെങ്കിലും ചുറ്റാതെ കോട്ടയം കണ്ടുതീരില്ല എന്നു പറയുന്നതുപോലെതന്നെയാണ് ഇവിടെ കാര്യങ്ങൾ. ദിവസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രപരിസരത്തെത്താതെ പോകാൻ പറ്റുന്ന കോട്ടയംകാർ കാണില്ല. ചരിത്രത്തോടും പുരാണത്തോടും ഒത്തിരിയധികം ചേർന്നു കിടക്കുന്ന ഈ ക്ഷേത്രത്തിന് പിന്നിലെ കഥകളും വിശ്വാസങ്ങളും ഏറെ പ്രശസ്തമാണ്.

 അതിപുരാതന ശിവക്ഷേത്രം

അതിപുരാതന ശിവക്ഷേത്രം

കോട്ടയത്തിന്റെ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുനക്കര മഹാദേവ ക്ഷേത്രം അതിപുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നാണ് ഇതെങ്കിലും ഇവിടുത്തെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും ഒരു വിശ്വാസമുണ്ട്. തിരുനക്കര തേവർ എന്നാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. തെക്കുംകൂർ രാജാക്കൻമാരുടെ കുടുംബ ക്ഷേത്രം കൂടിയാണിത്.

PC:RajeshUnuppally

തൃശൂരിലെ വടക്കും നാഥൻ തന്നെ

തൃശൂരിലെ വടക്കും നാഥൻ തന്നെ

തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പല പ്രത്യേകതകളും ഉൾക്കൊള്ളുന്ന ഒരു ക്ഷേത്രം കൂടിയാണ് തിരുനക്കര ക്ഷേത്രം. തൃശിവപേരൂർ വടക്കുംനാഥൻ തന്നെയാണ് ഇവിടെയും വസിക്കുന്നതെന്നാണ് വിശ്വാസം. മാത്രമല്ല, തൃശൂരിലെ തേക്കിൻകാട് മൈതാനച്ചിന് സമാനമായി ക്ഷേത്രപരിസരത്ത് തിരുനക്കര മൈതാനവും കാണാം. വടക്കുംനാഥനുമായി എല്ലാ അർഥത്തിലും ബന്ധപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

PC:Narayananknarayanan

ക്ഷേത്രത്തിന്റെ കഥ

ക്ഷേത്രത്തിന്റെ കഥ

തെക്കുംകൂർ രാജവംശവുമായി ബന്ധപ്പെട്ട കഥയാണ് തിരുനക്കര ക്ഷേത്രത്തിനുള്ളത്. തൃശൂർ വടക്കുംനാഥനോട് അഗാധ ഭക്തിയുണ്ടായിരുന്ന ഒരു തെക്കുംകൂർ രാജാവുണ്ടായിരുന്നുവത്രെ. എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ച വടക്കുംനാഥനെ പോയി തൊഴുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. എന്നാൽ പ്രായം കൂടിയപ്പോൾ തൃശൂർ പോയി തൊഴുത് വരിക എന്നത് പ്രയാസമേറിയ കാര്യമായി മാറി. വിഷമം മൂലം മനമുരുകി ഭഗവാനോട് പ്രാർഥിച്ചപ്പോൾ ഭഗവാൻ അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് തന്നെ തേടി ഇങ്ങോട്ട് വരേണ്ട എന്നും നിന്റെ നാട്ടിൽ തന്നെ ഞാന്‍ കുടി കൊള്ളും എന്നും പറ‍ഞ്ഞു. അങ്ങനെ തൃശൂരിൽ നിന്നും മടങ്ങി വരുന്ന വഴി തമ്പുരാൻ പ്രായാധിക്യം മൂലം അവശനായ ഒരു ബ്രാഹ്മണനെ കാണുകയും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ അറിഞ്ഞപ്പോൾ തൻറെ കൂടെ കൂട്ടുകയും ചെയ്തു. പിന്നാട് ഒരു ദിവസം ഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തമ്പുരാന്റെ അതിർത്തിക്കുള്ളിൽ സ്വയംഭൂവായി അവതരിക്കുമെന്നും നന്ദി സ്വയംഭൂവായി അവതരിക്കുന്നതിന്റെ മുന്നിലും അല്പം ഇടത്തു മാറി ഒരു വെളുത്ത ചെത്തിച്ചെടിയും കാണുമെന്ന് പറ‍ഞ്ഞിരുന്നു.
നാളുകൾക്കു ശേഷം ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് നിറയെ കാടുകളായിരുന്നുവത്രെ. കാടുവെട്ടിത്തളിച്ചുകൊണ്ടിരിക്കുമ്പോൾ കത്തിക്ക് മൂർച്ച കൂട്ടുവാനായി പണിക്കാർ കല്ലിൽ കത്തിയുരച്ചപ്പോൾ അതിൽ നിന്നും രക്തം വന്നു. പിന്നീട് പ്രശ്നം വെച്ചപ്പോൾ ശിവലിംഗത്തിന്റെ സാമീപ്യമാണ് അതിനു കാരണമെന്നു അറിയുകയും സ്ഥലം സന്ദര്‍ശിച്ച തെക്കുംകൂർ തമ്പുരാൻ ശിവലിംഗത്തിന് നേരെമുന്നിൽ നന്തിയും പിന്നിൽ അല്പം ഇടതുമാറി വെളുത്ത ചെത്തിച്ചെടിയും കണ്ട് സ്വപ്നത്തിലെ ദർശനം തിരിച്ചറിഞ്ഞു. പിന്നീട് തൻരെ രാജ്യത്തിലെ ഏറ്റവും വലിയ ക്ഷേത്രമായി ഇത് നിർമ്മിക്കുകയും എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ക്ഷേത്രമായി മാറ്റുകയും ചെയ്തു.

PC:Zhyusuf

എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ മഹാ ദേവ ക്ഷേത്രം

എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ മഹാ ദേവ ക്ഷേത്രം

ക്ഷേത്ര ശാസ്ത്ര വിധിപ്രകാരത്തിൽ പറയും വിധം എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു മഹാക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. നാലുഭാഗത്തും ഗോപുരങ്ങള്‍, കൂത്തമ്പലം, ഉപദേവതാലയങ്ങൾ, നമസ്കാര മണ്ഡപം അങ്ങനെ എല്ലാം ചേർന്ന ഒരു ക്ഷേത്രമാണ് ഇത്.

PC:keralatourism

ക്ഷേത്രത്തിന്റെ നിർമ്മാണ പ്രത്യേകതകൾ

ക്ഷേത്രത്തിന്റെ നിർമ്മാണ പ്രത്യേകതകൾ

തിരുനക്കര മൈതാനത്തു നിന്നും 400 മീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തിരുനക്കര ക്ഷേത്രത്തിനും സമീപത്തുള്ള ഗണപതി ക്ഷേത്രത്തിനും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനും കൂടി അതിവിശാലമായ രണ്ടേക്കറിലധികം സ്ഥലത്തുള്ള ക്ഷേത്രക്കുളമാണുള്ളത്. കിഴക്കേ ഗോപുരം , വലിയ ആനക്കൊട്ടിൽ, മരത്തിൽ തീർത്ത കൊടിമരം, ബലിക്കൽപ്പുര, നാലമ്പലം തുടങ്ങിയവയെല്ലാം നാലേക്കർ വിസ്തീർണ്ണമുള്ള ക്ഷേത്രവളപ്പിൽ കാണാം. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദാരുശില്പങ്ങളാൽ മനോഹരമായി കൊത്തുപണികൾ നടത്തിയിരിക്കുന്നതാണ് കൂത്തമ്പലം.

PC:keralatourism

തിരുനക്കരയപ്പൻ

തിരുനക്കരയപ്പൻ

കോട്ടയം നഗരത്തിന്‍റെ ഐശ്വര്യത്തിനു കാരണമെന്ന് വിശ്വസിക്കപ്പെടുന്ന തിരുനക്കരയപ്പൻ ഈ ക്ഷേത്രത്തിൽ പാർവ്വതി സമേതനായാണ് വാഴുന്നത്. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായാണ് തിരുനക്കരമഹാദേവൻ കുടികൊള്ളുന്നത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല ഇവകൊണ്ട് ജ്യോതിർലിംഗത്തിന്റെ നല്ലൊരു ഭാഗവും മറഞ്ഞിരിയ്ക്കുകയായിരിയ്ക്കും.
ശ്രീ പാർവ്വതിയുടെ പ്രതിഷ്ഠ ശിവലിംഗത്തിന്റെ ഇടത്തുഭാഗത്താണുള്ളത്.
ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠയാണ് വടക്കുംനാഥൻ. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാതൃകയെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:keralatourism

പേരുവന്ന വഴി

പേരുവന്ന വഴി

ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലം പണ്ട് നക്കരക്കുന്ന് എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. പണ്ട് വന്യജീവികൾ ഒരുപാടു വാണിരുന്ന ഈ സ്ഥലം ആനയെ തളക്കാനായി പിൻകാലത്ത് ഉപയോഗിച്ചിരുന്നുവെന്നും ആനക്കരക്കുന്ന് എന്ന് ഇവിടം അറിയപ്പെട്ടു എന്നും ഒരു കഥയുണ്ട്. ആനക്കരക്കുന്നിൽ നിന്നും നക്കരക്കുന്ന് എന്ന സ്ഥലം ഉണ്ടാവുകയും ഇവിടെ ക്ഷേത്രം സ്ഥാപിച്ചപ്പോൾ തിരുനക്കരക്കുന്ന് എന്നറിയപ്പെടുകയും ഇവിടുത്തെ പ്രതിഷ്ഠ തിരുനക്കര അപ്പൻ എന്നും തിരുനക്കര തേവർ എന്നും അറിയപ്പെടുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോട്ടയം ജില്ലയുടെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടുത്തെ തിരുനക്കര മൈതാനത്തിന്റെ സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X