Search
  • Follow NativePlanet
Share
» »ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല

ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല

ആത്മീയാന്വേഷികളേയും പ്രകൃതി ഭംഗി ആസ്വദിക്കുന്നവരേയും ഒന്നുപോലെ മരുത്വാമല എതിരേൽക്കുന്നു.

By Vijith Uzhamalakal

ചില യാത്രകൾ അങ്ങനെയാണ്. നമ്മൾ മെനഞ്ഞുണ്ടാക്കിയ പദ്ധതികൾ ഉദ്വേഗത്തിന്റെ അവസാന മുനമ്പുവരെ കൊണ്ടെത്തിച്ചതിനു ശേഷമേ ഫലപ്രാപ്തിയിലെത്തുകയുള്ളു. അതിനായി നാം ദൂരത്തോടും സമയത്തോടും ക്ഷമയോടെ എതിരിട്ടുകൊണ്ടിരിക്കണം. അങ്ങനെ ഏറെക്കാലമായി മനസ്സിൽ കാത്തുവച്ച ഒരു യാത്ര യാണ് ഇത്തവണത്തേത്- മരുത്വാമല... ആത്മീയാന്വേഷികളേയും പ്രകൃതി ഭംഗി ആസ്വദിക്കുന്നവരേയും ഒന്നുപോലെ മരുത്വാമല എതിരേൽക്കുന്നു.
മരുത്വാമല യാത്രയെക്കുറിച്ചും പ്രദേശത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ന്നു നില്‍ക്കുന്ന കഥകളെക്കുറിച്ചും തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സെയില്‍സ്ടാക്സ് ഡിപ്പാര്‍ട്മെന്‍റെ ഓഫീസ് ഉദ്യോഗസ്ഥനായ വിജിത്ത് ഉഴമലക്കല്‍

 മരുത്വാമല- ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം

മരുത്വാമല- ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം

അഗസ്ത്യമുനിയും, ചട്ടമ്പിസ്വാമികളും ആത്മീയതയുടെ ഉന്നതിയിലെത്തായി തിരഞ്ഞെടുത്ത പർവതശൃഖം. പരമാർത്ഥ ലിംഗേശ്വരനും, ഒട്ടനവധി ഋഷിവര്യന്മാരും ഇവിടം തങ്ങളുടെ തപോവന ഭൂമികയാക്കുകയുണ്ടായി. എന്നിരിക്കിലും ശ്രീനാരായണഗുരുവിന്റെ പേരിലാണ് മരുത്വാമല ഓർമ്മിക്കപ്പെടുന്നത്. മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വച്ചാണ് ശ്രീനാരായണഗുരുവിന് ജ്ഞാനോദയമുണ്ടായത് എന്നതാണ് അതിനു കാരണം. മറ്റെല്ലാ തപസ്വികളും ആത്മനിർവൃതിയോടെ വ്യക്തിയിൽനിന്ന് സ്വത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ ഗുരു സ്വത്വത്തിൽനിന്ന് ലോകസേവയിലേക്ക് ഉയർന്നു. ഇതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

ആകാശവുമായി അതിരിടുന്ന കാഴ്ചകളിലേക്ക്

ആകാശവുമായി അതിരിടുന്ന കാഴ്ചകളിലേക്ക്

നാഗർകോയിൽ-കന്യാകുമാരി ദേശീയപാതയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ മരുത്വാമലയുടെ താഴ്‌വരത്ത് എത്താം. വാഹനം ഇവിടെ പാർക്ക് ചെയ്ത് കാൽനടയായി ഏകദേശം നാല് കിലോമീറ്റർ കഠിനപാത താണ്ടി വേണം മരുത്വാമലയുടെ മുകളിലെത്താൻ. ഏകദേശം 900 അടിയോളം ഉയരത്തിൽ; 625 ഏക്കറിൽ മരുത്വാമല വ്യാപിച്ചുകിടക്കുന്നു. ശൈലശിഖരങ്ങൾ മേൽക്കൂര പോലെ നിരനിരയായ് ആകാശവുമായി അതിരിടുന്നതാണ് താഴെ നിന്നുള്ള കാഴ്ച. ഞങ്ങൾ എത്തുമ്പോൾ മരച്ചാർത്തുകൾക്കിടയിലൂടെ മഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യപ്രകാശം അരിച്ചരിച്ച് വീഴുന്നേയുണ്ടായിരുന്നുള്ളു.

 പ്രകൃതി ഒരുക്കിയ കാഴ്ചകള്‍ തേടി

പ്രകൃതി ഒരുക്കിയ കാഴ്ചകള്‍ തേടി

മൃഗങ്ങളുടെ സഞ്ചാരത്തിനു പ്രകൃതി കനിവോടെ അളന്നുനൽകിയ വഴിത്താരകളിലൂടെ പരുക്കൻ പാറകളിൽ അള്ളിപ്പിടിച്ചും നൂഴ്ന്നിറങ്ങിയും കഠിനപാത താണ്ടി വേണം മരുത്വാമലയുടെ മുകളിൽ എത്താൻ. മുകളിലേയ്ക്കു പോകുന്തോറും ശ്വാസം ഉള്ളിലേക്ക് എടുക്കാൻ തന്നെ നന്നേ പ്രയാസമാണ്. പ്രഭാത സൂര്യന്റെ കിരണങ്ങൾ പശ്ചിമഘട്ട മലനിരകളിൽ പതിച്ചപ്പോൾ മനസിന്റെ ഓരോ അണുവിനേയും ശുദ്ധീകരിക്കുന്ന ധവളവർണമായി അതു മാറി. പ്രകൃതി ഒരുക്കിയ ഈ കാഴ്ച്ചകൾക്കാണല്ലോ ഈ ദൂരമത്രയും താണ്ടിയത്. ആത്മീയാന്വേഷികളേയും പ്രകൃതി ഭംഗി ആസ്വദിക്കുന്നവരേയും ഒന്നുപോലെ മരുത്വാമല എതിരേൽക്കുന്നു. സഞ്ചാരികളെ പോലെ തന്നെ ഗുരുദേവദർശനം പിൻതുടരുന്ന ഒട്ടനവധിപേർ ഇവിടെ വന്നെത്തുന്നുണ്ട്.

ചരിത്രവും സാഹസികതയും ഇഴ ചേര്‍ന്ന സഥലമാണ് മരുത്വാമല. ആദ്യകാലത്ത് മരുന്ത്‌വാഴ് മലയെന്നായിരുന്നു പേര്. മരുന്ത്‌വാഴ് മലയെന്നാല്‍ തമിഴില്‍ ഔഷധ സസ്യങ്ങള്‍ വസിക്കുന്ന സ്ഥലമെന്നാണ് അര്‍ത്ഥം.

മിത്ത്

മിത്ത്

ഐതിഹ്യപ്രകാരം രാമ-രാവണ യുദ്ധത്തിനിടയിൽ മേഘനാഥന്റെ അസ്ത്രമേറ്റുവീണ ലക്ഷ്മണനെ രക്ഷിക്കാനായി ഹനുമാൻ ഹിമാലയസാനുക്കളിലെ ഋഷഭാദ്രി മലയിലേയ്ക്ക് (ഉത്തരാഖ‍ണ്ഡിലെ ചമോലിയിലെ ദ്രോണപര്‍വ്വതം) പോകുകയും, ഔഷധസസ്യങ്ങളുടെ പേരുകൾ മറന്നുപോയതിനാല്‍ ഋഷഭാദ്രി മലയെ തന്നെ അടര്‍ത്തിയെടുത്ത് ലങ്കാപുരിയിലേയ്ക്ക് പോകുമ്പോൾ ആകാശമധ്യേ അതിൽ നിന്ന് ഒരു ഭാഗം അടർന്നു വീഴുകയുണ്ടായി. അതാണത്രേ മരുത്വാമല..! മിത്ത് എന്തുതന്നെ ആയാലും ഒരുപാട് ആയുർവേദ മരുന്നുകളുടെ വിളനിലമാണ് ഇവിടം. നാട്ടുവൈദ്യന്മാർ മരുന്നു ശേഖരിക്കാൻ ധാരാളമായി ഇവിടെ വരാറുണ്ട്. മരുത്വാമലയിലെ ഔഷധ സസ്യങ്ങളെകുറിച്ച് ധാരാളം ഗവേഷണ പഠനങ്ങൾ നടന്നിട്ടുണ്ട്. മൃതസഞ്ജീവനി എന്ന അപൂർവ്വസസ്യം ഈ മലനിരകളിലെവിടെയോ ഇപ്പോഴും മറഞ്ഞിരിപ്പുണ്ടെന്നു പ്രദേശവാസിയായ മുനിസ്വാമി ഞങ്ങളോട് പറഞ്ഞു...! ഇന്നും വെളിപ്പെട്ടിട്ടില്ലാത്ത ജൈവീക സമസ്യയായി അത് തുടരുന്നു.

മൗനമുറയുന്നിടം

മൗനമുറയുന്നിടം

പൗരാണിക കാലം മുതൽക്ക് ഏകാന്തയോഗികളുടെ തപോഭൂമിയാണ് സഹ്യന്റെ ഈ ശിലാമകുടം. ശ്രീനാരായണഗുരു, അഗസ്ത്യമുനി, ചട്ടമ്പിസ്വാമികൾ എന്നീ മഹാ മനീഷികൾ ധ്യാനനിരതരായ സ്ഥലം. അയ്യാ വൈകുണ്ഡർ രൂപപ്പെട്ടുത്തിയ 'അയ്യാവഴി' മതവിഭാഗക്കാരും ഈ മലയെ പവിത്രമായി കാണുന്നു. ജനിമൃതി ദുഃഖങ്ങൾക്ക് സ്വയം ഔഷധമാകുന്ന ഹിമവാന്റെ ശിഖരഭൂമിയാണ് മരുത്വാമല. ഇവിടെ നിൽക്കുമ്പോൾ പ്രകൃതിയെ മനനം ചെയ്ത് ജീവിതത്തിന്റെ നിരർത്ഥകതയെ ഓർത്ത് ഏകാഗ്രതയുടെ പരമമായ ധ്യാനത്തിലേറാം...! സുദീർഘമായ ധ്യാനത്തിൽ നിന്നുണരുമ്പോൾ സ്വപ്ന സുന്ദരമായ താഴ്‌വര ദർശിച്ച് മനസിൽ ആനന്ദനിർവൃതി നിറയ്ക്കാം. അറിവിന്റെ മറുപാതി ആത്മജ്ഞാനമാണ്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ മലകയറ്റം.

 മലകയറ്റം

മലകയറ്റം

താഴ്വരയുടെ തുടക്കത്തിൽ കുറച്ച് ദൂരം കരിങ്കൽ പാത്തികളിൽ തീർത്ത പടവുകളുണ്ട്. തിരുവിതാംകൂർ മഹാരാജാവിന്റെ സന്ദർശത്തിനോടനുബന്ധിച്ചു കഴിഞ്ഞ നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ കൽപടവുകൾ. പടവുകൾ ചെന്നെത്തുക പരമാർഥലിംഗ ക്ഷേത്രത്തിനടുത്തേക്കാണ്.

കരിങ്കൽ കെട്ടുകൾക്കുതാഴെ പാറകൊണ്ടുതന്നെ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ ക്ഷേത്രമാണിത്. കുറേക്കൂടി മുകളിലേക്ക് കയറിക്കഴിയുമ്പോള്‍ കല്പടികള്‍ തീരുകയാണ്. പിന്നെ പാറക്കെട്ടിനിടയിലൂടെയുള്ള മണ്‍പാതയിലൂടെ കുത്തനെയുള്ള കയറ്റം സാഹിസികമായി കയറി എത്തുന്നത് ചെറിയൊരു ആശ്രമത്തിലാണ്. അതും പിന്നിട്ട് മുകളിൽ എത്തുമ്പോൾ ഒരു ഗുഹാമുഖമാണ്. ഗുഹയുടെ മുകളില്‍ 'സ്വരൂപാനന്ദ സ്വാമികൾ' എന്ന എഴുത്ത്. സ്വരൂപാനന്ദ സ്വാമിയെന്ന ഋഷിവര്യന്‍ തപസ്സ് അനുഷ്ഠിച്ച ഗുഹയാണ് ഇത് എന്ന് കൂടെ വന്ന ഗൈഡ് ഓർമ്മിപ്പിച്ചു.

ഇവിടെ നിന്നും മുകളിലേക്കുള്ള വഴി കയറാൻ കുറച്ചു ബുദ്ധിമുട്ടേറിയതാണ്. കുത്തനെയുള്ള കയറ്റമാണ്. പലയിടത്തും വഴിയായിട്ടൊന്നും കാണാനില്ല. പാറയിൽ ദിശാസൂചികകൾ കോറിവരച്ചിട്ടുള്ളത് നോക്കി പോവുകതന്നെ. കൂറ്റന്‍ പാറകളാണ് എങ്ങും. കീഴ്ക്കാംതൂക്കായി നിക്കുന്ന പാറകളെ അള്ളിപ്പിടിച്ച് വേണം മുകളിലേക്ക് കയറാൻ. ആകെ ആശ്വാസമായി ഉള്ളത് ഇടതൂർന്ന വള്ളിപ്പടർപ്പുകളും ചെറിയ തണൽ മരങ്ങളുമാണ്. ചിലയിടങ്ങളിൽ തണലുപോലുമില്ല. എങ്കിലും മരുന്നിന്റെ ഗന്ധമുള്ള കാറ്റും (ഔഷധക്കാറ്റ്) ശുദ്ധവായുവും പകർന്നുതരുന്ന നവോന്മേഷം മുകളിലേക്ക് ചുവടുവയ്ക്കാൻ ഓരോ യാത്രക്കാരനെയും പ്രാപ്തമാക്കാൻ പോന്നതാണ്. മലമുകളിലേക്കുള്ള ഓരോ പടവുകളിലും നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും..!

മേഘമാര്‍ഗത്തെ തടയുന്ന മലകളിലേക്ക്

മേഘമാര്‍ഗത്തെ തടയുന്ന മലകളിലേക്ക്

മേഘമാര്‍ഗത്തെ തടയാൻ പോന്നവണ്ണം ഉയരമുള്ള മലകളുടെ സഞ്ചയമാണ് ഇവിടെ നിന്നും മുകളിലേക്ക് നോക്കിയാൽ കാണാവുക. ഔഷധ സസ്യങ്ങളും കുറ്റിച്ചെടികളും പറ്റിച്ചേർന്ന് ആകാശ ചുംബിയായി നിൽക്കുന്ന ആ മഹാമേരുവിലേക്കുള്ള കയറ്റം അതികഠിനം തന്നെ. പ്രധാനമായും മൂന്ന് മലകളുടെ ഒത്തുചേരലാണ് മരുത്വാമല. മുന്നിലെ ഓരോ കുറ്റിപ്പടർപ്പും ഔഷധാഹരണം പേറുന്ന ഇലച്ചാർത്തുകൾ ആണ്. പേരറിയാത്ത എണ്ണിയാൽ ഒടുങ്ങാത്ത എത്രയോ സസ്യങ്ങൾ. പലതും ആദ്യമായി ആണ് കാണുന്നത്. എന്നാൽ തലപ്പൊക്കെമുള്ള വൻമരങ്ങൾ ഒന്നും തന്നെ മരുത്വാമലയിൽ കാണാൻ കഴിയില്ല. അഗസ്ത്യാർകൂടം പോലെതന്നെ. കാറ്റിനെതിരെ വൃക്ഷങ്ങൾ ഉയർന്നു വളരാത്ത "വൃക്ഷപരിധി" എന്ന പ്രതിഭാസം ആണ് ഇതിന് കാരണം.

പിന്നെയും മുകളിലേക്ക്

പിന്നെയും മുകളിലേക്ക്

ഇടതൂര്‍ന്ന കാടും മുള്‍ച്ചെടികളും താണ്ടി, ഋതുഭേദത്തിന്റെ കാല പ്രമാണത്തിൽ കുടമാറ്റം നടത്തുന്ന കാട്ടുമരങ്ങൾക്കുകീഴിലൂടെ ഞങ്ങൾ മുകളിലേക്ക് നടന്നുകൊണ്ടേയിരുന്നു. മുകളിലേയ്ക്ക് കയറാനാകാതെ ചിലര്‍ ക്ഷീണിച്ച് തിരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. അവർക്ക് ഹസ്തദാനം നൽകി ഞങ്ങൾ യാത്ര തുടർന്നു. അതിനിടയ്ക്ക് ഞങ്ങളുടെ കൂടെയുള്ള രണ്ടു പേര്‍ മല കയറാനുള്ള പ്രയാസം കൊണ്ട് പാതി ദൂരം വരെ വന്നിട്ട് മലയിറങ്ങി. പക്ഷെ മുകളിൽ എത്തണമെന്ന വാശിയോടെ തളര്‍ച്ചയെ അവഗണിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

പിള്ളത്തടം ഗുഹ

പിള്ളത്തടം ഗുഹ

ലക്ഷ്യസ്ഥാനത്തിനു തൊട്ടുമുമ്പേ വഴി രണ്ടായി പിരിയുന്നു. ഇടത്തോട്ടുള്ള വഴി പിള്ളത്തടം ഗുഹയിലേക്കാണ് നീളുന്നത്. സമുദ്രാഭിമുഖമായി തുറക്കുന്ന ഒരു ഗുഹയാണ്. രണ്ട് പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടിറങ്ങിയാൽ ഗുഹയിൽ എത്താം. മെയ്‌വഴക്കം ആവശ്യമുള്ള ഇടമാണ്.
ഗുഹയുടെ കവാടം കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ മാത്രം ഇടുങ്ങിയതാണ്. വളരെ പണിപ്പെട്ട് നുഴഞ്ഞ് വേണം ഉള്ളിലേക്ക് ഇറങ്ങാൻ.

ശ്രീനാരായണഗുരു ആറുവർഷക്കാലം ഏകാന്ത തപസ്സനുഷ്ഠിച്ച ഇടമാണ് മരുത്വാമലയുടെ ഗർഭസ്ഥാനമായ പിള്ളത്തടം ഗുഹ. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനോദയം (Enlightenment) ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇവിടുത്തെ തപസിനിടയില്‍ ഗുരുവിന്‍റെ ഭക്ഷണം കട്ടുക്കൊടി എന്നു പേരുള്ള ഔഷധസസ്യമായിരുന്നു. ഇതു കഴിച്ചാൽ വിശപ്പും ദാഹവും അറിയില്ലത്രേ...! ഇതായിരുന്നു മരുത്വാമല വാസകാലത്ത് തന്റെ പ്രധാന ഭക്ഷണം എന്ന്‌ ഗുരു തന്നെ പില്‍ക്കാലത്ത്‌ പറയുകയുണ്ടായിട്ടുണ്ട്‌.

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

ആത്മസാക്ഷാൽക്കാരം നേടുവാന്‍

ആത്മസാക്ഷാൽക്കാരം നേടുവാന്‍

യോഗ വിദ്യയിൽ തൻറെ ഗുരുവായിരുന്ന തൈയ്ക്കാട്ട് അയ്യാവ് സ്വാമികളുടെ ഉപദേശപ്രകാരമാണ് ശ്രീനാരായണഗുരു തപസ്സിനായി മരുത്വാമല തിരഞ്ഞെടുത്തത്. ആത്മസാക്ഷാൽക്കാരം നേടി ശ്രീനാരായണഗുരു കാലദേശങ്ങളുടെ ചരിത്രാങ്കണത്തിലൂടെ അരുവിപ്പുറത്തേയ്ക്ക് പുറപ്പെടുമ്പോൾ ആ ആത്മബോധത്തിന് വഴിപാകിയതോ ഈ മരുത്വാമലയും..!!

ആര്യൻ അധിനിവേശത്തോടെ തലതിരിഞ്ഞുപോയ ഇന്ത്യൻ ദാർശനികതയെ നേരാംവഴിക്കാക്കിയത് ശ്രീനാരായണഗുരുദേവനാണ്. സാമൂഹ്യ സ്പന്ദനങ്ങളിൽ ചുവടുവെക്കാനാകാത്ത വിധം അധികാരദണ്ഡനീതിയിൽ അമർന്നവരുടെ രക്ഷകനായി ശ്രീനാരായണഗുരു മാറിയെങ്കിൽ നവോത്ഥാന കേരളം അതിന് അത്മീയാർത്ഥത്തിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മരുത്വാമലയോടാണെന്ന് പറയേണ്ടിവരും.

ഗുഹയ്ക്കുള്ളിലൂടെ

ഗുഹയ്ക്കുള്ളിലൂടെ

ഒരേസമയം ഒരാള്‍ക്കു മാത്രം ഇറങ്ങാന്‍ കഴിയുന്നതും മുപ്പത് മീറ്റർ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഗുഹയുടെ മുൻഭാഗത്ത് രണ്ട് കരിങ്കൽ പാത്തികളാൽ പ്രകൃതി ഒരുക്കിയ കവാടം. തിരുവില്വാമലയിലെ പുനർജനി നൂഴൽ ആണ് പെട്ടെന്ന് മനസിൽ ഓർമ വന്നത്. ഗുഹാരംഭത്തിൽ കുറച്ചു ദൂരം കുനിഞ്ഞു നടക്കാം. അതു കഴിഞ്ഞാൽ ഇരുന്നു നിരങ്ങണം. കുറച്ചു കൂടി മുന്നോട്ടു പോയാൽ മലർന്നു കിടന്ന് ഇഴഞ്ഞു മാത്രമേ നീങ്ങാനാകൂ.

ഗുഹാമുഖത്തു നിന്നു കിട്ടുന്ന വെളിച്ചത്തിന്റെ നാമ്പുകൾ മാത്രമാണ് വഴികാട്ടി. ഒരുവിധത്തിൽ ശിരസ്സു മുരസ്സുമുരഞ്ഞു താഴേക്ക് നൂണ്ടിറങ്ങി. ഗുഹയ്ക്കുള്ളിൽ ഏതു വേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്. ഉൾവശം വിശാലമാണ്. പുറത്തെ ചൂടൊന്നും അകത്തറിയാനേ ഇല്ല. ഇവിടെ വന്നിരുന്നാൽ വിശപ്പും ദാഹവും അറിയില്ല എന്നതാണ് വാസ്തവം. പക്ഷേ, ധ്യാനനിമഗ്നമായ മനസുണ്ടാവണമെന്നുമാത്രം. പ്രജ്ഞയെ തുറുങ്കിലടച്ച് ഹൃദയം കൊണ്ട് കാഴ്ചകൾ കാണാൻ കഴിയുമെങ്കിൽ നമ്മിലേക്ക് ആത്മീയത വന്നുനിറയുന്നത് ഇവിടെനിന്ന് അനുഭവിച്ചറിയാം. ഗുഹയ്ക്കും പരിസരത്തിനും കനമുള്ളമൗനമുണ്ട്. ഗുഹയ്ക്കുള്ളില്‍ കയറിയപ്പോള്‍ മുഴുവൻ ഇരുട്ടായിരുന്നു. അടരുകളായി വീഴുന്ന നിഴലുകളിലൂടെ വെളിച്ചം ഗുഹ മുഴുവൻ പരക്കുന്നു. പതിയെപ്പതിയെ കണ്ണുകളിലേക്ക് വെളിച്ചം കയറിവന്നു. അതോടൊപ്പം മനസിലെ ഇരുട്ടും ഇറങ്ങിപ്പോയതു പോലെ തോന്നി. ഒരു പുത്തൻ തിരിച്ചറിവാണതും.

കാഴ്ചകളിലേക്ക്

കാഴ്ചകളിലേക്ക്

ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമിയും - കേരളം കണ്ട മഹാന്മാരായ രണ്ട് ആത്മീയ ആചാര്യന്മാർ. അനഹധ്വനിയാൽ മരുത്വാമരത്തിലേക്ക് ഇവരെ എത്തിച്ച ഘടകം എന്തായിരുന്നു എന്നതാണ് ഈ യാത്ര തുടങ്ങിയത് മുതൽ പിള്ളത്തടം ഗുഹയിൽ എത്തിച്ചേരുന്നത് വരെ മനസ്സിൽ ഉൾച്ചേർന്ന ചിന്തയിലൊന്ന്. ഏകാന്ത മുറ്റിയ ഗുഹയുടെ ഒരു മൂലയിൽ ധ്യാനാത്മകമായ മനസോടെ കുറച്ചു നേരം ഇരിക്കുമ്പോൾ അതിനുത്തരം മനസ്സിൽ സ്വയമേ തെളിഞ്ഞുവരും.

ഈ ഗുഹാതടത്തിലിരിക്കുമ്പോൾ അറബിക്കടലിൽ നിന്നുള്ള കാറ്റിൻ്റെ അലകൾ വന്നു മേലാകെ തലോടുവാൻ തുടങ്ങി. ഗുഹക്കുള്ളിൽനിന്ന് പുറമേക്ക് നോക്കിയാൽ കന്യാകുമാരി ജില്ലയുടെ പനോരമിക് ദൃശ്യം കാണാം. തെളിഞ്ഞ നീലാകാശത്തിനു കീഴെ ഇരുണ്ട പച്ചപ്പിന്റെ കല്പവൃക്ഷസമൃദ്ധി, സഹ്യാദ്രി മലനിരകൾക്ക് താഴെയായി ഇളം പച്ചയുടെ സൗന്ദര്യമാർന്ന പുൽമേടുകൾ, നിറഭേദങ്ങൾ തീർത്ത കൃഷിപ്പാടങ്ങൾ, മരുത്വാമലയിൽ ഇറ്റുവീഴുന്ന ജലകണങ്ങൾക്ക് വിശ്രമിക്കാനെന്നവണ്ണം താഴെ ചെറു തടാകങ്ങൾ, ശ്വേതരക്തവർണമാർന്നതും തവിട്ടും പീത വർണം നിറഞ്ഞതുമായ പാടങ്ങളും വയലുകളും കാഴ്ചയുടെ മാറ്റ് കൂട്ടുന്നു. കന്യാകുമാരി ജില്ല വിട്ടുകൊടുത്തതിലൂടെ കേരളത്തിന് നഷ്ടമായത് കേവല ഭൗതികതക്ക് അപ്പുറം ആത്മീയ സ്വത്വം കൂടിയാണെന്ന് തോന്നി. (1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനസംഘടന നടന്നപ്പോൾ തോവാള, കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം എന്നീ താലൂക്കുകൾ മദ്രാസ് സംസ്ഥാനത്തെ കന്യാകുമാരി ജില്ലയുടെ ഭാഗമായി മാറി. അങ്ങനെയാണ് മരുത്വാമല തമിഴ്നാടിന്റേതായത്).

 ടോപ്പ് വ്യൂ

ടോപ്പ് വ്യൂ

ഗുഹയിൽ നിന്നും പുറത്തു കടന്ന് ചെറിയൊരു മല കൂടി താണ്ടിയാൽ മരുത്വാമലയുടെ നെറുകയിലെത്താം. ഏറ്റവും മുകളിലായി കല്ലില്‍ തീര്‍ത്ത ഹനുമാന്‍റെ വിഗ്രഹം ചെറിയൊരു ശ്രീ കോവിലിനകത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. അവിടെ നിന്നാൽ താഴ്‌വര ദൃശ്യം ഒന്നുകൂടി മനോഹരമായി കാണാം. നീലാകാശവും അതില്‍ പാറി പറക്കുന്ന വെണ്‍മേഘങ്ങളും താഴെ പച്ച പട്ടു വിരിച്ച പോലെ താഴ്‌വരയും. താഴെ കുന്നുകളിൽ നിന്നും മേഘമാലകൾ മുകളിലെത്തി ഞങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇന്ത്യൻ ഭൂപടത്തിലെ V -ആകൃതിയിലുള്ള തെക്കേ മുനമ്പ് അതുപോലെ കാണാം. ഒപ്പം ബംഗാൾ ഉൾക്കടലും, ഇന്ത്യൻമഹാ സമുദ്രവും, അറബിക്കടലും ചേരുന്ന ത്രിവേണി സംഗമവും. അൽപ്പം പടിഞ്ഞാറോട്ടു തലതിരിച്ചാൽ വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും കാണാം. കിഴക്ക് പശ്ചിമഘട്ടവും, തെക്ക് കന്യാകുമാരിയും, പടിഞ്ഞാറ് അറബിക്കടലും. ഇത്രയും മനോഹരവും, വിശദവുമായൊരു പനോരാമിക് വ്യൂ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു.

ഇത്രയും ഉയരത്തില്‍ നിന്നളള ഭൂമിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാനാവുന്നതല്ല. താഴെ കല്പ പാദപത്തിന്റെ ഹരിതോന്നതിക്കപ്പുറം ഇടത് വലതായി കന്യാകുമാരിയുടെ നീലവിശാലത. വിദൂര കാഴ്ചകളായി കൂടംകുളം ആണവ നിലയം, ആദ്യകാലത്ത് തിരുവിതാംകൂറിന്റെ അതിർത്തിയായി നിശ്ചയിക്കപ്പെട്ട മലനിരകൾ, ആരൽവായ്മൊഴി വിന്റ് മില്ലുകൾ, ശുചീന്ദ്രം ക്ഷേത്ര ഗോപുരം, ISKCON Temple എന്നിവയും മുകളിൽ നിന്നും ദൃശ്യമാവും.

ഇനി വിടപറയലിന്റെ സമയമാണ്.
ഈ മനോഹരമായ ദൃശ്യങ്ങൾ എല്ലാം ക്യാമറയിലുമേറെ മനസിന്റെ കാന്‍വാസില്‍ പകര്‍ത്തി; മറക്കാനാകാത്ത ഒരു യാത്രയുടെ ഓര്‍മ്മകളുമായി വീണ്ടും വരണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ യാത്ര തിരിച്ചു. വെയിലിൻ്റെ കാഠിന്യം കാറ്റിലലിഞ്ഞു. ആ ഉണർവിൽ ഒന്നര മണിക്കൂറിൽ താഴെയെത്തി. പോരുമ്പോൾ തലയുയർത്തി ഒന്ന് തിരിഞ്ഞ് നോക്കി. സഹ്യന്റെ ഈ സുന്ദരശൃഖം മനസ്സിനെ ഭാരമില്ലാത്ത ഒരു അപ്പൂപ്പൻ താടിയാക്കി തീർത്തിരിക്കുന്നു. സ്വസ്തി..!!!

ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X