കൊണാര്‍ക്ക് സൂര്യ ക്ഷേത്രവും പുരി ജഗനാഥ ക്ഷേത്രവും എല്ലാം ചേര്‍ന്ന് സഞ്ചാരികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ക്കുന്ന നാടാണ് ഒഡീഷ. ക്ഷേത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശ്വാസംപോലും പിടിച്ചു നിര്‍ത്തുന്ന തരത്തിലുള്ള അതിമനോഹരമായ ഭൂപ്രകൃതി ഇവിടെ കാണാം. എന്തുകൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പറ്റിയ ഇഷ്ടംപോലെ കാഴ്ചകള്‍ ഇവിടെയുണ്ട്. ഈ കാഴ്ചകള്‍ക്കിടയിലും അറിയാതെ സഞ്ചാരികള്‍ വിട്ടുപോകുന്ന ഒരിടമുണ്ട്. ഭുവനേശ്വറിലെ മുക്തേശ്വര്‍ ക്ഷേത്രം.
ഒറ്റക്കാഴ്ചയില്‍ തന്നെ നേരെ മനസ്സിലോട്ടു കയറിപ്പറ്റുവാന്‍ മാത്രം ശക്തമായ ഒരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒഡീഷന് വാസ്തുവിദ്യയുടെയും നിര്മ്മാണരീതികളുടെയും മകുടോദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും മികച്ച മാതൃക
തങ്ങളുടെ നിര്‍മ്മാണ വൈദഗ്ദ്യം ഏതാണെന്നു ചോദിച്ചാല്‍ ഒഡീഷക്കാര്‍ കണ്ണുപൂട്ടി പറയുക മുക്തേശ്വര്‍ ക്ഷേത്രം എന്നായിരിക്കും. ശില്പകലയുടെയും നിര്‍മ്മാണത്തിന്റെയും ഏറ്റവും യോജിച്ച രീതിയിലുള്ള കൂടിച്ചേരല്‍ ഇവിടെ കാണുവാന്‍ സാധിക്കും. കുഞ്ഞുകുഞ്ഞ് ശ്രീകോവിലുകളും ശിവലിംഗങ്ങളും ധാരാളമായി ഈ ക്ഷേത്രത്തോടു ചേര്‍ന്നുണ്ട്. ധ്യാനത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇവിടുത്തെ ചുവരുകളില്‍ അതീവ സൂക്ഷമതയോടെ കൊത്തിയിരിക്കുന്നു.

യയാതി ഒന്നാമന്
ചരിത്രപഠനങ്ങള്‍ അനുസരിച്ച് ബിസി 10 നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുള്ള ഈ ക്ഷേത്രം സോമവംശി രാജവംശത്തിലെ യയാതി ഒന്നാമന് രാജാവാണ് നിര്‍മ്മിച്ചത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിര്‍മ്മാണ രീതിയിലെ മാറ്റങ്ങള്‍ മുഴുവനായും ഉള്‍ക്കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പടിഞ്ഞാറ് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം സൂചിപ്പിക്കുന്നത് കലിംഗ വാസ്തു വിദ്യയെയും പിന്നീടുള്ള നിര്‍മ്മാണങ്ങള്‍ അതിനു ശേഷം പ്രചാരത്തില്‍ വന്നവയെയുമാണ്.

പുതുചരിത്രത്തിന്റെ തുടക്കം
ഭുവനേശ്വറിലും സമീപത്തുമൊന്നും ഇതുവരെയും കണ്ടിട്ടില്ലാത്ത രീതിയിലാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം . അതുകൊണ്ടു തന്നെ സോമവംശി കാലഘൊട്ടത്തിന്റെ തുടക്കത്തിലെ നിര്മ്മിതിയാണിതെന്നാണ് കരുതുന്നത്.

ക്ഷേത്രനിര്‍മ്മാണത്തിലെ ഒഡീഷന് രത്നം
ക്ഷേത്രത്തിന്റെ നിര്‍മ്മാണരീതി ഒന്നുകൊണ്ടു മാത്രം ക്ഷേത്രനിര്‍മ്മാണത്തിലെ ഒഡീഷന് രത്നം എന്നാണ് ഈ ക്ഷേത്രത്തിനെ വിളിക്കുന്നത്. പടിഞ്ഞാറ് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു കൂട്ടം ക്ഷേത്രങ്ങൾക്കിടയിൽ താഴത്തെ അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ജഗമോഹനയിലേക്കുള്ള പിരമിഡൽ മേൽക്കൂര അക്കാലത്തു സ്വീകരിച്ച മാറ്റങ്ങളിലൊന്നാണ്. ഭുവനേശ്വറിലെ മറ്റു ക്ഷേത്രങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ വലുപ്പത്തില്‍ മുക്തേശ്വര്‍ ക്ഷേത്രം ചെറുതാണ്. നിറയെ ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കുന്ന അഷ്ടഭുജാകൃതിയിലുള്ള മതിലിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിര്‍മ്മാണ രീതിയില്‍ പുതിയവ പരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നാണ് ചരിത്രകാരന്മാര് കരുതുന്നത്.

പൂമുഖം
മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു കടക്കുന്നിടത്ത് ഒരു പൂമുഖം കാണുവാന്‍ സാധിക്കും. ടൊറാന എന്നാണിതിനെ വിളിക്കുന്നത്. ക്ഷേത്രനിര്‍മ്മാണത്തില്‍ ബുദ്ധ വാസ്തുവിദ്യയുടെ സ്വാധീനമാണിത് കാണിക്കുന്നത്. കമാന കവാടത്തിൽ കട്ടിയുള്ള തൂണുകളുണ്ട്, അതില്‍ മുത്തുകളും ആഭരണങ്ങളും ഒക്കെയാണ് കൊത്തിയിരിക്കുന്നത്.

കൊത്തുപണികള്‍
തീരെ സൂക്ഷ്മമായ കൊത്തുപണികളാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചുവരുകളിലും മേല്‍ക്കൂരകളിലും തൂണുകളിലും ഗോപുരങ്ങളിലുമെല്ലാം ഇത് കാണുവാന്‍ സാധിക്കും. സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ മുതല്‍ വളരെ ലളിതമായി വിശദീകരിക്കാവുന്നവ വരെ ഇവിടെ കാണാം.

സ്വാതന്ത്ര്യത്തിന്റെ ദൈവത്തിന്
മുക്തേശ്വര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ദൈവം എന്നാണ്. ജനനവും മരണവും ഉള്‍പ്പെടുന്ന കാലചക്രത്തില്‍ നിന്നും നിത്യതയിലേക്ക് നയിക്കുന്ന ദൈവം എന്നയര്‍ത്ഥത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.
താന്ത്രിക ക്ഷേത്രങ്ങളിലൊന്നായും ഇതിനെ കണക്കാക്കുന്നുണ്ട്. അതിന്റെ പല അടയാളങ്ങളും ക്ഷേത്രത്തില്‍ കാണാം,

കുഞ്ഞുങ്ങളുണ്ടാകുവാന്‍
കുഞ്ഞുങ്ങളുണ്ടാകുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ വലിയ ഫലങ്ങളുണ്ടാകും എന്നാണ് വിശ്വാസം. അശോകാഷ്ടമിക്ക് തൊട്ടുമുന്‍പുള്ള രാത്രിയില്‍ ക്ഷേത്രത്തിലെ മരീചി കുണ്ഡാ ക്ഷേത്രക്കുളത്തിലെത്തി മുങ്ങിക്കുളിച്ചാല്‍ അവര്‍ക്ക് ആണ്‍കുട്ടികള്‍ ജനിക്കും എന്നൊരു വിശ്വാസം വളരെ പരമ്പരാഗതമായിട്ട് ഇവിടെയുണ്ട്.

മുക്തേശ്വര്‍ നൃത്തോത്സവം
മുക്തേശ്വറിലെ മറ്റൊരു പ്രധാന ആകര്‍ഷണം ഇവിടുത്തെ വാര്‍ഷിക നൃത്തോത്സവമാണ്. ക്ഷേത്രത്തില്‍ വച്ച് 3 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമാണിത്. ജനുവരി അല്ലെങ്കില്‍ ഫെബ്രുവരി മാസത്തിലാണ് ഇത് സാധാരണയായി നടക്കുക. നൃത്തത്തിന്റെ ഒഡീസി ഭാവങ്ങളാണ് ഇവിടെ കൂടുതലായും ഉണ്ടാവുക. പ്രാദേശിക കലാകാരന്മാരുള്പ്പെടെയുള്ളവര്ക്ക് ഇവിടെ പരിപാടികളില്‍ പങ്കെടുക്കാം.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. മുക്തേശ്വര്‍ നൃത്തോത്സവം കാണണമെന്നുണ്ടെങ്കില്‍ അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യാം.
PC:wikimedia
തലയില്ലാത്ത നന്ദിയും കാവല്‍ നില്ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം
തൃക്കണ്ണില്ലാത്ത ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃക്കപാലീശ്വ ക്ഷേത്രം!