Search
  • Follow NativePlanet
Share
» »ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിസ്മയിപ്പിക്കുന്ന സ്ഥലങ്ങള്‍

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിസ്മയിപ്പിക്കുന്ന സ്ഥലങ്ങള്‍

സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതിയുടെ കുസൃതികളെ പരിചയപ്പെടാം.

By Elizabath

വിശദീകരിക്കാനാവാത്ത വിസ്മയങ്ങള്‍ പലതുണ്ട് നമുക്ക് ചുറ്റിലും. വ്യത്യസ്തമായ ഭൂപ്രകൃതി ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാനെത്തുന്നവരെ ഒരിക്കലും നിരാശരാക്കാത്തക്ക വിധത്തിലുള്ള വിസ്മയങ്ങള്‍ ഉണ്ട്. മനുഷ്യനിര്‍മ്മിതമായതും പ്രകൃതി ഒരുക്കിയിരിക്കുന്നതുമായ ഇത്തരം വിസ്മയങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതിയുടെ ഇത്തരം കുസൃതികളെ പരിചയപ്പെടാം.
മഹാബലിപുരത്തെ കൃഷ്ണന്റെ വെണ്ണപ്പാത്രവും കാന്തമലയിലെ കാന്തികാകര്‍ഷണവും ബേലം, ബോറ ഗുഹകളിലെ അത്ഭുതപ്പെടുത്തുന്ന കാഴ്കളുമൊക്കെ എങ്ങനെയുണ്ട് എന്നു നോക്കാം.

ബോറാ ഗുഹകള്‍

ബോറാ ഗുഹകള്‍

പാറകള്‍ ചേര്‍ന്ന് വിസ്മയിപ്പിക്കുന്ന രൂപങ്ങള്‍ സൃഷ്ടിച്ചാല്‍ എങ്ങനെയുണ്ടാവും? പാറയുടെ ആകൃതികള്‍ക്ക് ശേഷനാഗത്തിന്റെയും ഐരാവതത്തിന്റെയുമൊക്കെ
രൂപം വന്നാല്‍ എങ്ങനെയിരിക്കും എന്നതിനുള്ള ഉത്തരമാണ് ആന്ധ്രാപ്രദേശിലെ ബോറാ ഗുഹകള്‍. ഭൂമിക്കടിയിലൂടെ കൈലാസത്തിലേക്ക് വഴിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ ഹിന്ദു പുരാണത്തിലെ മുപ്പത്തി മുക്കോടി ദൈവങ്ങളും പാര്‍ക്കുന്നുണ്ടെന്ന വിശ്വാസവും പ്രബലമാണ്.

PC:Apy Seth

ലഡാക്കിലെ കാന്തമല

ലഡാക്കിലെ കാന്തമല

ഗ്രാവിറ്റി ഹില്‍ എന്നറിയപ്പെടുന്ന ലഡാക്കിലെ കാന്തമല പ്രകൃതിയുടെ ഒരു വിസ്മയമാണ്. നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി തനിയെ കുന്നു കയറുന്നതായി തോന്നിക്കും. ആ പ്രദേശത്തിന്റെ പ്രത്യേകത കാരണം വാഹനങ്ങള്‍ തനിയെ കയറ്റം കയറുകയാണെന്ന് തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ കയറ്റം ഇറങ്ങുകയാണ് ചെയ്യുന്നത്.

PC:AKS.9955

ഹൈഡ് ആന്‍ഡ് സീക്ക് ബീച്ച്

ഹൈഡ് ആന്‍ഡ് സീക്ക് ബീച്ച്

പ്രകൃതിയുടെ വിസ്മയം എന്നു പറഞ്ഞാല്‍ ഇതാണ്. ബീച്ചില്‍ പോയി വരാം എന്നു പറഞ്ഞ് ഇറങ്ങിട്ട് ഇവിടെ എത്തുമ്പോള്‍ ബീച്ച് ഇല്ലാതായാല്‍ എങ്ങനെയുണ്ടാകും എപ്പോള്‍ കാണാന്‍ പറ്റും എന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റാത്ത ബീച്ചാണ് ഒഡീഷയിലെ ചന്ദിപ്പൂര്‍ ബീച്ച്. കടല്‍ത്തീരത്തു നിന്നും തിരകള്‍ എപ്പോല്‍ പിന്‍മാറുമെന്നോ എപ്പോള്‍ തിരികെ വരുമെന്നോ ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. ദിവസത്തില്‍ രണ്ടുതവണ വരെയൊക്കെ ഇത് സംഭവിക്കാറുണ്ട്.
PC:Surjapolleywiki

കൃഷ്ണന്റെ വെണ്ണപ്പാത്രം

കൃഷ്ണന്റെ വെണ്ണപ്പാത്രം

ഇപ്പോ വീഴുമോ എന്നു തോന്നിപ്പിക്കത്തക്ക രീതിയില്‍ വഴുക്കലുള്ള പാറക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്ന ഒരു ഭീമാകാരനായ പാറയാണിത്. കൃഷ്ണന്റെ വെണ്ണപ്പാത്രം എന്നു വിളിപ്പേരുള്ള പാറ യാതൊരു സഹായവുമില്ലാതെയാണ് പാറയില്‍ നില്ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും താഴെ വീഴുമെന്ന് തോന്നുമെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാറയ്ക്ക് ഇതുവരെയും അനക്കമൊന്നും സംഭവിച്ചിട്ടില്ല. മഹാബലിപുരത്ത് പ്രകൃതി തീര്‍ത്തിരിക്കുന്ന നിരവധി അത്ഭുതങ്ങളില്‍ ഒന്നാണിത്.

pc: princeroy

സാംഭര്‍ തടാകം

സാംഭര്‍ തടാകം

ഇന്ത്യയിലെ കരയാല്‍ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പുതടാകമായ സാംഭര്‍ തടാകം രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. താര്‍ മരുഭൂമിക്ക് സമീപമാണെങ്കിലും ഇതൊരു ഒറ്റപ്പെട്ട പ്രദേശല്ല. ആയിരത്തോളം വര്‍ഷമായി ഉപ്പു നിര്‍മ്മിക്കുന്ന ഇവിടെയാണ് രാജ്യത്തെ ഉപ്പുല്‍പാദനത്തന്റെ മൂന്നു ശതമാനം. അഞ്ചു കിലോമീറ്ററിലധികം നീളമുള്ള ഒരണക്കെട്ടും തടാകത്തിനു കുറുകെയുണ്ട്.
PC:Abhishek.cty

ഹൊഗ്ഗെനക്കല്‍ വെള്ളച്ചാട്ടം

ഹൊഗ്ഗെനക്കല്‍ വെള്ളച്ചാട്ടം

വട്ടവഞ്ചിയിലൂടെയുള്ള ജലയാത്രയ്ക്ക് പേരുകേട്ടതാണ് തമിഴ്‌നാട് ധര്‍മ്മപുരിയിലെ ഹൊഗ്ഗെനക്കല്‍ വെള്ളച്ചാട്ടം. ശക്തിയേറിയ വെള്ളച്ചാട്ടം കാരണം പാറകളില്‍ നിന്നും പുക വരുന്നതു പോലെ തോന്നിക്കുന്നതിനാലാണ് ഇതിന് ഹൊഗ്ഗെനക്കല്‍ എന്ന പേരു ലഭിച്ചത്. കാര്‍ബൊറ്റെറ്റ് പാറകളാല്‍ നിറഞ്ഞ ഇവിടം ഇന്ത്യയിലെ നയാഗ്ര എന്നും അറിയപ്പെടുന്നു.

PC: Sankara Subramanian
വേരുപാലം

വേരുപാലം

ചിറാപുഞ്ചിയിലെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ചയാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന വേരുപാലം. ഒരുതരം റബര്‍ മരത്തിന്റെ വേരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറച്ചു വളര്‍ന്നു കഴിയുമ്പോള്‍ ഭാരം താങ്ങാന്‍ മാത്രം ശക്തമായ വേരുകള്‍ ഒരു പാലം പോലെ രൂപപ്പെടും. നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ഇത്തരം പാലങ്ങള്‍ ഉപയോഗിക്കുന്നത്.

PC: Ashwin Kumar
ഡാന്‍സിങ് ലൈറ്റ് ഓഫ് ബണ്ണി ഗ്രാസ് ലാന്‍ഡ് റിസര്‍വ്

ഡാന്‍സിങ് ലൈറ്റ് ഓഫ് ബണ്ണി ഗ്രാസ് ലാന്‍ഡ് റിസര്‍വ്

റാന്‍ ഓഫ് കച്ചിലെ ഡാന്‍സിങ് ലൈറ്റ് ഓഫ് ബണ്ണി ഗ്രാസ് ലാന്‍ഡ് റിസര്‍വ് ഇത്തിരി പേടിപ്പെടുത്തുന്ന അത്ഭുതമാണ്. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ മെര്‍ക്കുറി ലാമ്പ് പോലെ കത്തിജ്വലിക്കുന്ന ഈ പ്രകാശം തീര്‍ത്തും പേടിപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ്. ചില സമയങ്ങളില്‍ കെടാതെയും മറ്റുസമയത്ത് പെട്ടന്നണഞ്ഞും പോകുന്ന ഈ പ്രകാശം ഗ്രാമീണരുടെ പേടിസ്വപ്നമാണ്. ചതുപ്പില്‍ മീഥെയ്‌ന്റെ ഓക്‌സിഡേഷന്‍ മൂലം നടക്കുന്ന രാസപ്രവര്‍ത്തനമാണെതെന്നാണ് ശാസ്ത്ര വിശദീകരണം.

PC: You tube

ബേഡാഘട്ട്

ബേഡാഘട്ട്

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബേഡാഘട്ടിനെ വെണ്ണക്കല്ലില്‍ തീര്‍ത്ത ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം.
നര്‍മ്മദ നദി ഒഴുകുന്നത് ഈ ഗ്രാമത്തിലെ വെണ്ണക്കല്ലുകളുടെ ശേഖരങ്ങള്‍ക്കിടയിലൂടെയാണ്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്.
പൗര്‍ണ്ണമി നാളില്‍ അലസമായൊഴുകുന്ന നര്‍മ്മദയില്‍ വെണ്ണക്കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
PC: Sandyadav080

ബേലം ഗുഹകള്‍

ബേലം ഗുഹകള്‍

കറുത്ത കോണുളില്‍ അത്ഭുതം ഒളിപ്പിച്ചിരിക്കുന്ന ഗുഹയാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗുഹകള്‍. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ ഗുഹയായ ബേലത്തിലൂടെ ഒന്നരകിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനേ അനുവാദമുള്ളൂ. സംഗീതം പൊഴിക്കുന്ന ഈ ഗുഹയില്‍ ചുണ്ണാമ്പു കല്ലില്‍ രൂപപ്പെട്ട ശിവലിംഗവും ആല്‍മരവും സര്‍പ്പങ്ങളും കൂടാതെ നിരവധി അറകളുമുണ്ട്.

PC:solarisgirl
 നീഡില്‍ ഹോള്‍ പോയിന്റ്

നീഡില്‍ ഹോള്‍ പോയിന്റ്

പ്രകൃതിയുടെ അത്ഭുതകരമായ കാഴ്ചയാണ് മഹാബലേശ്വറിലെ നീഡില്‍ ഹോള്‍ പോയിന്റ്. എലഫന്റ് പോയിന്റ് എന്നും ഇതറിയപ്പെടുന്നു. ആനയുടെ തുമ്പിക്കൈയോടുള്ള സാദൃശ്യമാണ് ഇതിനു കാരണം.
PC: Dinesh Valke

ലോനാര്‍ ഗര്‍ത്തം

ലോനാര്‍ ഗര്‍ത്തം

ഛിന്നഗ്രഹം പതിച്ച് രൂപംകൊണ്ട ലോനാര്‍ ഗര്‍ത്തം ഉപ്പുവെള്ളം നിറഞ്ഞ ഒരു തടാകമാണ്. കനത്ത കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സൂര്യാസ്തമയം കാണാനാണ് സഞ്ചാരികള്‍ സാധാരണ എത്തുന്നത്. കൃഷ്ണശിലയാല്‍ തീര്‍ക്കപ്പെട്ടിരിക്കുന്ന ഈ തടാകം ആദ്യകാലങ്ങളില്‍ ഒരു ഗുഹയായിരുന്നു.
PC: Ganeshrg

ഗുരുഡോങ്മാര്‍ തടാകം

ഗുരുഡോങ്മാര്‍ തടാകം

വരണ്ടു കിടക്കുന്ന ഭൂമിക്കും മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വത നിരകള്‍ക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മാര്‍ തടാകം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ്. ഹിന്ദു-ബുദ്ധമത വിശ്വാസികള്‍ പവിത്രമായി കാണുന്ന ഈ തടാകം സിക്കിമിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Vickeylepcha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X