ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഇടമാണ് വാരണാസി. മിത്തുകളും വിശ്വാസങ്ങളും പരസ്പരം പിണഞ്ഞു കിടക്കുന്ന, കഥകള്‍ കൊണ്ടു സമ്പന്നമായ നാട്. ചെന്നെത്തുന്നവരെ ഭക്തിയുടെ വേറെ തലത്തിലേക്ക് നടത്തിക്കുന്ന ഇവിടെ എല്ലാം വിസ്മയങ്ങളാണ്... മായകളാണ്.
ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നും ശക്തിപീഠവും പഴക്കം ചെന്ന കാഴ്ചകളും വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയെത്തുന്നവരും അഹോരിമാരും സന്യാസികളും എല്ലാമായി വാരണാസിയെന്ന ബനാറസ് ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും!!

ഘാട്ടുകള്‍
വാരണാസിയിലെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ച ഇവിടുത്തെ ഘാട്ടുകള്‍ ആണ്. ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടിക്കെട്ടുകളെയാണ് ഘാട്ടുകള്‍ എന്നു വിളിക്കുന്നത്. ചെറുതും വലുതുമായി 88 ഘാട്ടുകളാണ് വാരണാസിയിലുള്ളത്. പ്പാര്ത്ഥനകള് മുതല്‍, മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതു മുതല്‍ പാപമോചനം നേടുന്നതുവരെ വിവിധ ധര്‍മ്മങ്ങളാണ് ഓരോ ഘാട്ടുകള്ക്കുമുള്ളത്. ഓരോന്നിനെയും ചുറ്റപ്പറ്റ പല കഥകളും വിശ്വാസങ്ങളും വേറെ കാണുകയും ചെയ്യും! ഗംഗാ നദി പാപങ്ങള്‍ കഴുകിക്കളയും എന്നു വിശ്വാസമുള്ളതിനാല്‍ ഗംഗാ സ്നാനത്തിനായി എല്ലാവരും ഘാട്ടുകളെയാണ് ആശ്രയിക്കുന്നത്.
PC:Ken Wieland

ഗംഗാ ആരതി
ദിവസം മുഴുവന്‍ വാരണാസിയില്‍ തിരക്ക് അനുഭവപ്പെടുമെങ്കിലും വൈകുന്നേരമാകുമ്പോഴാണ് ഇവിടം ജീവനിലെത്തുന്നത്. വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും സന്യാസികളും എല്ലാമായി ഇവിടുത്തെ വൈകുന്നേരങ്ങള്‍ വളരെ ഉഷാറാണ്. യഥാര്‍ത്ഥത്തില്‍ വാരണാസിയുെ ജീവന് കുടികൊള്ളുന്നത് ഇവിടുത്തെ ഗംഗാ ആരതിയിലാണ്. ഗംഗാ ദേവിയെ പൂജിക്കുന്ന ഈ ചടങ്ങിന് നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവുമുണ്ട്. ദശാശ്വമേധ ഘാട്ട്, ആസാ ഘാട്ട് എന്നിവിടങ്ങളിലാണ് വാരണാസിയിലെ ഗംഗാ ആരതി നടക്കുന്നത്. മന്ത്രപൂജകളുടെ അകമ്പടിയില്‍ മണ്‍ചിരാതില്‍ ദീപം തെളിയിച്ച് ഗംഗാ ദേവിയെ ആരതിയുഴിഞ്ഞ് ആരാധിക്കുന്ന ചടങ്ങാണിത്.

നാരദ് ഘാട്ട്
വാരണാസിയിലെ പല നിഗൂഢ ഇടങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ഇടമാണ് നാരദ് ഘാട്ട്. പല കഥകളും വിശ്വാസങ്ങളും ചേര്‍ന്നു കിടക്കുന്ന നാരദാ ഘാട്ടിന് ആ പേരു ലഭിച്ച് നാരദ മഹര്‍ഷിയില്‍ നിന്നാണ് എന്നാണ് വിശ്വാസം. നാരദേശ്വര ക്ഷേത്രത്തോട് ചേര്‍ന്നാണ് ഈ ഘാട്ട് ഉള്ളത്. ഈ ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് നാരദ മഹര്‍ഷി ആണെന്നാണ് വിശ്വാസം.

കുളിക്കുവാനിറങ്ങില്ല
വാരണാസിയിലെ മറ്റേതു ഘാട്ടിനെയും പോലെ സ്നാനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഇവിടെ സൗകര്യങ്ങളുണ്ടെങ്കിലും ഇവിടെ ആരും സ്നാനത്തിനായി തിരഞ്ഞെടുക്കാറില്ല. സ്നാനം വിലക്കപ്പെട്ട ഘാട്ടായാണ് ഇത് അറിയപ്പെടുന്നത്.
PC:wikimedia

ദമ്പതികളും പ്രണയിതാക്കളും
എല്ലാവരും നാരദ്ഘാട്ടില് സ്നാനത്തിനിറങ്ങില്ല എന്നല്ല, ദമ്പതികളും പ്രണയിക്കുന്നവരും ഒരുമിച്ച് ജീവിക്കുന്നവരും ഒക്കെയാണ് പലപ്പോഴും ഇവിടം ഒഴിവാക്കുന്നത്. ഇവിടെ ഇറങ്ങി സ്നാനം നടത്തുന്നത് ബന്ധങ്ങളെ വഷളാക്കും എന്നാണ് വിശ്വാസം. അവരുടെ തമ്മിലുള്ള ബന്ധങ്ങള്‍ അസന്തുലിതാകുമെന്നും അഭിപ്രായ ഭിന്നത വളരുമെന്നും അവസാനമത് വിവാഹ മോചനത്തിലോ വേര്പിരിയിലിലോ എത്തുമെന്നുമാണ് പറയപ്പെടുന്നത്. അതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ ഒഴിവാക്കുവാനാണ് ശ്രമിക്കുന്നത്.

ബ്രഹ്മചാരി
നാരദമുനി ബ്രഹ്മചാരി ആയിരുന്നതിനാലും അത് കാത്തുസൂക്ഷിക്കുവാന്‍ അദ്ദേഹം താല്പര്യപ്പെട്ടതിനാലും ആണ് ആളുകള്‍ അദ്ദേഹത്തിന്റെ ഘാട്ടില്‍ ഇറങ്ങാതിരിക്കുന്നത് എന്നും വിശ്വാസമുണ്ട്.

മണികര്‍ണ്ണിക ഘാട്ട്
വാരണാസിയില്‍ ഏറ്റവുമധികം മൃതദേഹങ്ങള്‍ സംസ്കാരിക്കുന്ന ഇടമാണ് മണികര്‍ണ്ണിക ഘാട്ട്. ശിവപാര്‍വ്വതിമാരുമായി ബന്ധപ്പെട്ട കഥകളാണ് ഈ ഘാട്ടിനെ പ്രസിദ്ധമാക്കുന്നത്. ശിവന് തന്റ ഗണങ്ങളോടൊപ്പം ഏറെ നേരം ചിലഴിക്കുന്നതില് ദുഖിതയായ പാര്‍വ്വതി തന്റെ കമ്മല്‍ കളഞ്ഞു പോയതായി ശിവനോട് പറഞ്ഞു. അതു കണ്ടുപിടിക്കുന്നത്രയും നേരം അദ്ദേഹത്തോടൊത്ത് ചിലവഴിക്കാം എന്ന ഉദ്ദേശത്തിലായിരുന്നു ഇത്. അവര്‍ ആഭരണം തിരഞ്ഞ ഇടമാണ് മണികര്‍ണ്ണിക ഘാട്ട് ഇടമെന്നാണ് വിശ്വാസം. ആഭരണം തപ്പി ശിവന് കുഴിച്ച ഒരു കുളവും ഇവിടെ കാണാം. തുറന്ന ശവ സംസ്കാര സ്ഥലമായ ഇവിടെ സംസ്കരിക്കുന്നവരോട് ആഭരണം കണ്ടുവോവെന്ന് ശിവന് ചോദിക്കുമെന്നാണ് ഐതിഹ്യം.
PC:Noopur28

ദശാശ്വമേധ ഘാട്ട്
വാരണാസിയിലെ മറ്റൊരു പ്രധാന ഘാട്ടാണ് ദശാശ്വമേധ ഘാട്ട്. അശ്വങ്ങള്‍ അഥവാ കുതിരകളെ ബലി നല്കിയ ഇടം എന്നാണ്
ദശാശ്വമേധ ഘാട്ടിനര്ത്ഥം. വാരണാസിയിലെ ഏറ്റവും പഴക്കം ചെന്ന ഘാട്ടും ഇത് തന്നെയാണ്. ശിവനെ സ്വീകരിക്കുവാനായി ബ്രഹ്മാവ് നിർമ്മിച്ചതാണെന്നാണ് ഇതെന്നും ഒരു യജ്ഞത്തിനായി ബ്രഹ്മാവ് പത്തു കുതിരകളെ ബലി നല്‍കിയത് ഇവിടെ വെച്ചാണെന്നും എന്നിങ്ങനെ രണ്ട് വിശ്വാസങ്ങളാണ് ഈ ഘാട്ടിനെക്കുറിച്ചുള്ളത്.
ചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾ
ഭഗവാന് സമർപ്പിച്ച സ്വർണ്ണക്കിണർ മുതൽ ഗർഭപാത്രത്തിലേ ദേവി വരെ...വിചിത്രമാണ് ഈ തീർഥാടന കേന്ദ്രങ്ങൾ
പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍