മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഊട്ടി. തണുപ്പും കോടമഞ്ഞും മാത്രമല്ല, കുടുംബവുമായും പ്രിയപ്പെട്ടവരുമായും കൂട്ടുകാരൊത്തും പോകുവാന്‍ ഇതിലും മികച്ച ഇടങ്ങള്‍ അധികമില്ല. എളുപ്പത്തിലെത്താം എന്നതിലുപരി കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന മികച്ച യാത്രാനുഭവങ്ങളും ഊട്ടിയെ പ്രിയപ്പെട്ടതാക്കുന്നു. എത്ര തവണ ഊട്ടിയില്‍ പോയാലും സ്ഥിരം സ്ഥലങ്ങള്‍ മാറ്റി ആ നാടിന്റെ വ്യത്യസ്തതകളിലേക്ക് കടന്നുചെല്ലുന്നവര്‍ വളരെ കുറവാണ്. ടൗണ്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഊട്ടിയേക്കാളും കിടിലന്‍ കാഴ്ചകളും ആംബിയന്‍സും തരുന്ന ഒരുപാട് കുഞ്ഞുകുഞ്ഞിടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ ഊട്ടി യാത്രയില്‍ കണ്ടിരിക്കേണ്ട പുതിയൊരിടമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഓ വാലി!! പേരു കേള്‍ക്കുമ്പോള്‍ തോന്നുന്ന പുതുമ ഇവിടുത്തെ കാഴ്ചകള്‍ക്കുമുണ്ട്. ഓ വാലിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

ഓ വാലി!
ഊട്ടി യാത്രയില്‍ തീര്‍ച്ചയായും പോയിക്കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലേക്ക് സംശയമൊന്നുമില്ലാതെ കൂട്ടിച്ചേര്‍ക്കുവാന്‍ പറ്റിയ സ്ഥലമാണ് ഓ വാലി എന്ന ഓച്ചർലോണി വാലി. സമ്പന്നമായ ജൈവവൈവിധ്യത്തിനും പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ക്കും ഇവിടം സന്ദര്‍ശകരുടെ മനസ്സ് നിറയ്ക്കും. പര്‍വ്വതങ്ങള്‍ക്കിടയിലായി കോടമഞ്ഞില്‍ മൂടി നില്‍ക്കുന്ന ഇവിടം വേഗം കണ്ടുതീര്‍ക്കുവാനും സാധിക്കും.
PC:Justinjohngdr
https://en.wikipedia.org/wiki/O%27_Valley#/media/File:Ovalley%CC%A0river.jpgഊട്ടി യാത്രയില്‍ തീര്‍ച്ചയായും പോയിക്കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലേക്ക് സംശയമൊന്നുമില്ലാതെ കൂട്ടിച്ചേര്‍ക്കുവാന്‍ പറ്റിയ സ്ഥലമാണ് ഓ വാലി എന്ന ഓച്ചർലോണി വാലി. സമ്പന്നമായ ജൈവവൈവിധ്യത്തിനും പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ക്കും ഇവിടം സന്ദര്‍ശകരുടെ മനസ്സ് നിറയ്ക്കും. പര്‍വ്വതങ്ങള്‍ക്കിടയിലായി കോടമഞ്ഞില്‍ മൂടി നില്‍ക്കുന്ന ഇവിടം വേഗം കണ്ടുതീര്‍ക്കുവാനും സാധിക്കും.

പേരിലെ വ്യത്യസ്തത!!
സഞ്ചാരികള്‍ അധികമൊന്നും എത്തിപ്പെടാത്ത സ്ഥലമാണ് ഓ വാലി. ഓ വാലിയുടെ മുഴുവന്‍ പേര് ഓച്ചർലോണി വാലി എന്നാണ്. ഇവിടെ കാപ്പിത്തോട്ടങ്ങള്‍ സ്ഥാപിച്ച ജയിംസ ഓച്ചർലോണിയുടെ പേരില്‍ നിന്നുമാണ് ഓ വാലി വരുന്നത്. ടൗണ്‍ പഞ്ചായത്തായ ഇവിടം ഗൂഡലൂര്‍ ജില്ലയുടെ ഭാഗമാണ്.
PC:jyothi kumar

കണ്ണുകള്‍ക്കു വിരുന്ന്
കണ്‍മുന്നിലെത്തുന്ന കാഴ്ചകള്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സ്ഥലമാണ് ഓ വാലി എന്നകാര്യം പറയാതെ വയ്യ. മുതുമല നാഷണൽ പാർക്കിനും ന്യൂ അമരമ്പലം റിസർവ്ഡ് ഫോറസ്റ്റിനും ഇടയിലായാണ് ഓ വാലിയുള്ളത്. അതിന്റെ സ്വാധീനം ഇവിടുത്തെ കാഴ്ചകളിലും കാണാം. അടുത്തുള്ള മലനിരകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ഭംഗി എടുത്തുപറയേണ്ട കാഴ്ചയാണ്. ഇവിടെ മാത്രമല്ല, ഇങ്ങോട്ടേയ്ക്കുള്ള വഴിയും പച്ചപ്പ് നിറഞ്ഞതാണ്. ഏലം, ഗ്രാമ്പൂ, കുരുമുളക്, തേയില, കാപ്പിത്തോട്ടങ്ങൾ ഒക്കെ കണ്ട് ആസ്വദിച്ചു വരാം. പൂട്ടിക്കിടക്കുന്ന ഒരൊഴിഞ്ഞടീ ഫാക്ടറിയും ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുക്കാം,
PC:Kumar Vivek

വളഞ്ഞുപുളഞ്ഞ വഴികള്‍
വഴിയാണോ എന്നു സംശയിച്ചു പോകുന്ന തരത്തിലുള്ള പല പാതകളും ഇവിടെ കാണാം. തേടയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ വെട്ടിയൊരുക്കി ടാര്‍ ചെയ്ത റോഡുകളില്‍ പലയിടത്തും ടാര്‍ കാണുവാനില്ലെങ്കിലും ഇതുതരുന്ന കാഴ്ചകളുടെ വിസ്മയം ബുദ്ധിമുട്ടുള്ള യാത്രയേയും സുഖകരമാക്കും. മലമുകളില്‍ നിന്നും കുത്തിയൊലിച്ചു പാറക്കെട്ടുകള്‍ക്കിടയിലൂടെ വരുന്ന അരുവികളും അതിനു നടുവിലെ പാലങ്ങളും അതുകടന്നുപോകുന്ന വാഹനങ്ങളുമെല്ലാം പഴയ ഒരു നാട്ടിലെത്തിയ അനുഭവമാണ് നല്കുന്നത്.
PC:mugi jo

ചന്ദനമല മുരുകൻ കോവിൽ
തനിനാടന്‍ കാഴ്ചകള്‍ക്കു പേരുകേട്ട ഓ വാലിയിലെ പ്രസിദ്ധമായ ഇടമെന്നത് ഇവിടുത്തെ ചന്ദനമല മുരുകൻ കോവിൽ ആണ്. ഓ വാലി ഗ്രാമത്തിലെ കുന്നുകള്‍ക്കു മുകളിലായാണ് ക്ഷേത്രം സ്ഥതിി ചെയ്യുന്നത്. പ്രകൃതിമനോഹരമായ കാഴ്ചകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും നടുവിലായി നില്‍ക്കുന്ന ക്ഷേത്രത്തിന്റെ കാഴ്ച അതിമനോഹരമാണ്. പാറയില്‍ കൊത്തിയ പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്തുവാന്‍. ഇവിടെ നിന്നാല്‍ ഈ പ്രദേശത്തിന്റെ സമീപ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം. ഗൂഡലൂരില്‍ നിന്നും 19 കിലോമീറ്ററും ഊട്ടിയില്‍ നിന്നും 70 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രമുള്ളത്.

തമിഴ്നാടിന്റെ മറയൂർ
ചന്ദനമരങ്ങളുടെ തോട്ടങ്ങള്‍ ഉള്ളതിനാല്‍ തമിഴ്നാടിന്റെ മറയൂർ എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യമായ സ്ഥലമാണ് ചന്ദനമല. ഒരുകാലത്ത ധാരാളം ചന്ദരമരങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും ഇന്നതില്‍ കാര്യമായ കുറവുണ്ട്. കാട്ടാനകള്‍ യഥേഷ്‌ടം വിഹരിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. വൈകുന്നേരം കൂട്ടമായിറങ്ങുന്ന കാട്ടാനകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്.

ഒറ്റദിവസത്തെ യാത്ര
ഊട്ടിയില്‍ നിന്നോ ഗൂഡലൂരില്‍ നിന്നോ ഒറ്റദിവസത്തെ യാത്ര പ്ലാന്‍ ചെയ്തു ഓ വാലിയിലേക്ക് വരുന്നതാണ് നല്ലത്. സഞ്ചാരികള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളോ ഭക്ഷണശാലകളോ താമസസൗകര്യങ്ങളോ ഇവിടെയില്ല. അതിനാല്‍ പകല്‍ വന്ന് വൈകുന്നേരം അഞ്ച് മണിയോടു കൂടി ഇവിടെ നിന്നും മടങ്ങുവാന്‍ സാധിക്കുന്ന തരത്തില്‍ യാത്ര പ്ലാന്‍ ചെയ്യാം.
PC:Ronak Naik

എത്തിച്ചേരുവാന്‍
ഗൂഡല്ലൂരില്‍ നിന്നും 12 കിലോമീറ്ററും ഊട്ടിയില്‍ നിന്നും 58 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. കേരളത്തില്‍ നിന്നു വരുമ്പോള്‍ നിലമ്പൂർ നാടുകാണി ഗുഡല്ലൂർ വഴി ഓ വാലിയിലത്താം.
ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം
മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ