Search
  • Follow NativePlanet
Share
» »കണ്ണൂരിൽ നിന്നും പോകാൻ പത്തിടങ്ങൾ

കണ്ണൂരിൽ നിന്നും പോകാൻ പത്തിടങ്ങൾ

കൊട്ടിയൂർ ക്ഷേത്രം മുതൽ പാലക്കയം തട്ടും പൈതൽമലയും ബാരാപ്പോൾ അണക്കെട്ടും കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടവും ഒക്കെയുള്ള കണ്ണൂരിനെ കൂടുതലറിയാം...

By Elizabath Joseph

കുറച്ചുകാലം മുൻപു വരെ കണ്ണൂരിലേക്ക് സഞ്ചാരികളെ എത്തിച്ചിരുന്ന പ്രധാന ആകർഷണമായിരുന്നു ഇവിടുത്തെ സെന്റ് ആഞ്ചലോസ് കോട്ട അഥവാ കണ്ണൂർ കോട്ട. കോട്ട കണ്ട് ചരിത്രത്തോട് ചേർന്നു കുറച്ച് സഞ്ചരിച്ചതിനു ശേഷം പറശ്ശിനിക്കടവും വിസ്മയ പാർക്കും ഒക്കെ കണ്ട് സഞ്ചാരികൾ മടങ്ങിപ്പോയിരുന്ന കാലമൊക്കെ കഴിഞ്ഞു. വിനോദ സഞ്ചാര രംഗത്ത് കേരളത്തിലെ മറ്റേതൊരു ജില്ലയോടും കിട പിടിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൊട്ടിയൂർ ക്ഷേത്രം മുതൽ പാലക്കയം തട്ടും പൈതൽമലയും ബാരാപ്പോൾ അണക്കെട്ടും കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടവും ഒക്കെയുള്ള കണ്ണൂരിനെ കൂടുതലറിയാം...

 പാലക്കയം തട്ട്

പാലക്കയം തട്ട്

കണ്ണൂരിൽ അടുത്ത കാലത്തായി വിനോദ സഞ്ചാര രംഗത്തേക്ക് കയറി വന്ന താരതമ്യേന പുതിയ ഒരിടമാണ് പാലക്കടം തട്ട്. കണ്ണൂരിന്റെ പുത്തൻ മൊഞ്ചത്തിയായ ഇവിടം സാഹസികത തേടി എത്തുന്ന സഞ്ചാരികളുടെ പ്രിയ സ്ഥലമാണ്. കോടമഞ്ഞിന്റെ കുളിരുള്ള കാറ്റും പുല്ലുകൾക്കിടയിലൂടെയുള്ള വഴിയും ഒക്കെയായി വിവരിക്കാവുന്നതിനും മേലേയുള്ള ഇടമാണ് സഞ്ചാരികൾക്ക് പാലക്കയം തട്ട്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അഞ്ഞൂറോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിപ്പെടണമെങ്കിൽ ഇത്തിരി കഷ്ടപ്പാടാണ്. ഓഫ് റോഡിങ്ങിനു പരീക്ഷിക്കാൻ പറ്റിയ കണ്ണൂരിലെ മികച്ച സ്ഥലം കൂടിയാണിത്. കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം തളിപ്പറമ്പ്-കുടിയാൻമല-പുലിക്കുരുമ്പ റൂട്ടിൽ നാലു കിലോമീറ്റർ അകലെയാണ്.

PC:Bobinson K B

മാടായിപ്പാറ

മാടായിപ്പാറ

പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങൾ കാണാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഒരിടമാണ് മാടായിപ്പാറ. ചരിത്രവും വിശ്വാസവും ഒക്കെ കൂടിച്ചേരുന്ന ഇവിടം കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നുകൂടിയാണ്. കാലത്തിനനുസരിച്ച് നിറം മാറുന്ന മാടായിപ്പാറയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടെ വിരിയുന്ന കാക്കപ്പൂക്കൾ. ചിങ്ങമാസത്തിൽ കാക്കപ്പൂക്കൾ വർണ്ണവിസ്മയം തീർക്കുമ്പോള്‍ മഴക്കാലത്ത് ഇവിടം പച്ച പുതയ്ക്കും. വേനലിൽ സ്വർണ്ണനിറമാണ് ഈ സ്ഥലത്തിന്. എന്തുതന്നെയായാലും കണ്ണൂരുകാരുടെ വൈകുന്നേരങ്ങൾക്ക് നിറം പകരുന്ന ഇടമാണിത്.
പ്രകൃതിസ്‌നേഹികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് മാടായിപ്പാറയുടെ അത്യപൂര്‍വ്വമായ ജൈവസമ്പത്താണ്. മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും ഔഷധചെടികളും ഒക്കെ മാടായിയുടെ രഹസ്യ സമ്മാനങ്ങളാണ്.
കണ്ണൂരില്‍ നിന്നും കണ്ണപുരം പഴയങ്ങാടി വഴി മാടായിപ്പാറയിലേക്ക് 24 കിലോമീറ്ററാണ് ദൂരം. പയ്യന്നൂരില്‍ നിന്നും പിലാത്തറ വഴി 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.

PC:Uajith

തൊടീക്കളം ക്ഷേത്രം

തൊടീക്കളം ക്ഷേത്രം

കണ്ണൂരിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് ചിറ്റാരിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന തൊടീക്കളം ക്ഷേത്രം.പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം പാതിയും നശിച്ച നിലയിലാണെങ്കിലും ചുവർ ചിത്രങ്ങള്‍ ഇവിടെ വളരെ നല്ല രീതിയില‍ാണ് സംരക്ഷിക്കപ്പെടുന്നത്. തൊടീക്കലം ചിത്രങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചുവർ ചിത്രങ്ങൾ മധ്യകാലഘട്ടത്തിൽ വരയ്ക്കപ്പെട്ടവയാണ്. കോട്ടയം രാജവംശത്തിന്റെ കീഴിലായിരുന്ന ഇവിടം ആ രാജവംശത്തിൻറെ പ്രത്യേക താല്പര്യത്തിലാണ് നിലനിന്നു പോന്നത്. ശൃംഗാരഭാവത്തില്‍ നില്‍ക്കുന്ന മോഹിനി ചിത്രമാണ് തൊടീക്കളത്തെ ചുമര്‍ചിത്രങ്ങളില്‍ ഏറെ ആകര്‍ഷകം. കര്‍ണ്ണാഭരണവും മുത്തുമാലയും ധരിച്ച് നില്‍ക്കുന്ന മോഹിനി കേരളീയ നൃത്തപാരമ്പര്യത്തിന്റെ ഉദാഹരണമാണെന്നും പറയപ്പെടുന്നു. തലശ്ശേരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കണ്ണവത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

കണ്ണൂരിൽ ഇരിട്ടി-ഉളിക്കലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം. കണ്ണൂരിലെ മലയോര രംഗത്തുള്ള ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണിത്. കണ്ണൂരിൽ നിന്നും 60 കിലോ മീറ്റർ അകലെയാണിത്. കൂത്തുപറമ്പ്-ഇരിട്ടി-ഉളിക്കൽ-വഴിയാണ് കാഞ്ഞിരക്കൊല്ലിയിലെത്തുന്നത്. ഇതിനു സമീപം തന്നെയാണ് ശശിപ്പാറയും ആനതെറ്റി വെള്ളച്ചാട്ടവും ഒക്കെ സ്ഥിതി ചെയ്യുന്നത്.
കണ്ണൂരിൽ നിന്നുള്ള വൺഡേ ട്രിപ്പുകൾക്ക് പറ്റിയ ഇവിടം ട്രക്കിങ്ങിനു പറ്റിയ സ്ഥലം കൂടിയാണ്. മലകളാലും താഴ്വരകളാലും കാടിനാലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം കൂടിയാണിത്.

ഏഴിമല

ഏഴിമല

സമുദ്ര നിരപ്പിൽ നിന്നും 286 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏഴിമല ചരിത്രസ്മരണകൾ ധാരാളം ഉറങ്ങുന്ന ഒരിടമാണ്. മൂഷികരാജവംശത്തിന്റെ തലസ്ഥാനവും പിന്നീട് കോലത്തിരി വംശത്തിൻറെ കേന്ദ്രവും ഒക്കെയായിരുന്ന ഇവിടം ഇന്ന് സഞ്ചാരികൾക്കു പ്രിയപ്പെട്ട ഒരിടമാണ്. മലകളാലും കടലിനാലും ഒക്കെ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ഇപ്പോൾ ഇന്ത്യൻ നാവിക സേനയുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലൊന്നുകൂടിയാണ്.

pc: Sreejithk2000

പൈതൽമല

പൈതൽമല

കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന സ്ഥലമാണ് പൈതൽമല. കണ്ണൂരിൽ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം നട്ടുച്ച സമയത്തും കോടമ‍ഞ്ഞുള്ള സ്ഥലം കൂടിയാണ്. കേരള-കർണ്ണാടക അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 4500 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റോടു ചുറ്റും മലനിരകൾ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ ട്രക്കിങ്ങിനായാണ് കൂടുതൽ സഞ്ചാരികളും എത്തുന്നത്. വൈതൽമല എന്നും അറിയപ്പെടുന്ന ഇവിടെ മലയുടെ മുകളിൽ ആദിവാസി രാജാവായിരുന്ന വൈകോതന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കും. കട്ടികൂടിയ കോടമഞ്ഞു കാണപ്പെടുന്ന ഇവിടം മലകയറ്റക്കാർക്ക് ഇഷ്ടപ്പെടും. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര അപകടമാണെങ്കിലും നിരവധി ആളുകൾ സാഹസികതയ്ക്കായി ഇവിടെ എത്താറുണ്ട്. തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്ററും കണ്ണൂർ നഗരത്തിൽ നിന്നും 65 കിലോമീറ്ററും അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Rawbin

പഴശ്ശി അണക്കെട്ട്

പഴശ്ശി അണക്കെട്ട്

സഞ്ചാരികൾ അധികമൊന്നും ചെന്നെത്താത്ത ഒരിടമാണ് കണ്ണൂർ മട്ടന്നൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പഴശ്ശി ഡാം. വളപട്ടണം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം കുയിലൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്കായി എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഈ ഡാമിലൂടെയുള്ള ബോട്ട് യാത്രയാണ് ഏറെ ആകർഷകം. പക്ഷികൾ പാർക്കുന്ന ചെറു തുരുത്തുകൾക്കിടയിലൂടെയുള്ള യാത്രയുടെ രസം ഒന്നു വേറെ തന്നെയാണ്.

PC: Vinayaraj

അറക്കല്‍ മ്യൂസിയം

അറക്കല്‍ മ്യൂസിയം

ചരിത്രത്തെ സ്നേഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ അറക്കൽ മ്യൂസിയം.
കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ രാജവംശത്തിന്റെ കൊട്ടാരത്തിന്റെ ഭാഗമാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. വിദേശികള്‍ വളരയധികം പേര്‍ ഇവിടെഎത്തുന്ന ഇവിടെ പക്ഷേ ആഭ്യന്തര സഞ്ചാരികൾ വളരെ കുറവായാണ് എത്താറുള്ളത്.
തമ്പുരാട്ടി വിളക്ക്, അറക്കല്‍ രാജവംശം ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കള്‍, കത്തുകള്‍, ഖുര്‍-ആന്‍ കയ്യെഴുത്തു പ്രതികള്‍, യുദ്ധോപകരണങ്ങള്‍, തുടങ്ങിയവ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ആയിക്കരയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

PC:Sreejithk2000

മുണ്ടേരിക്കടവ് പക്ഷി സങ്കേതം

മുണ്ടേരിക്കടവ് പക്ഷി സങ്കേതം

ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുണ്ടേരിക്കടവ് പക്ഷി സങ്കേതം. തണ്ണീർത്തടങ്ങൾ ചേർന്നുണ്ടായിരിക്കുന്ന ഇവിടം 2012 ലാണ് ഒരു പക്ഷി സങ്കേതമായി ഉയർത്തപ്പെടുന്നത്. വാരംകടവ്, കാട്ടാമ്പള്ളി, പുല്ലൂപ്പി, ചിറക്കൽ, ഏളയാവൂർ, കുറ്റ്യാട്ടൂർ, വലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്നതാണ് ഈ പക്ഷിസങ്കേതം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശായന പക്ഷികൾ ധാരാളമായി എത്തിച്ചേരുന്ന ഇവിട കൂടുതലായും എരണ്ട വിഭാഗത്തിൽ പെട്ട പക്ഷികളാണ് എത്തുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഒരു ലക്ഷത്തിലധികം എരണ്ട പക്ഷികൾ ഇവിടെ എത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഇരുനൂറിലധികം സ്പീഷിസുകളിലായി ലക്ഷക്കണക്കിന് പക്ഷികൾ വർഷം തോറും ഇവിടെ സന്ദർശകരായി എത്തുന്നു. ജൈവവൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് പക്ഷികളെ ആകർഷിക്കുന്നത്.

PC: Lip Kee Yap

വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക്

വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക്

കണ്ണൂര്‍ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വയലപ്ര കായലില്‍ സ്ഥിതി ചെയ്യുന്ന വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക് അഥവാ വയലപ്ര കായല്‍ ഫ്‌ലോട്ടിങ് പാര്‍ക്ക്. കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെയുള്ള ബോട്ടിങ്ങും കയാക്കിങ്ങും രുചിയേറിയ ഭക്ഷണവും മാത്രമല്ല ഇവിടുത്തെ ആകര്‍ഷണം.കായലിനു കുറുകെയുള്ള നടപ്പാലത്തിലൂടെയുള്ള നടത്തവും നടത്തം തീരുന്നിടത്തുനിന്നുള്ള സിമുലേറ്റര്‍ ഡ്രൈവിങ്ങും ക്ലൈംബിങ്ങും സ്‌നൂക്കറും കിഡ്‌സ് ബോട്ടിങ്ങുമൊക്കെ കിടിലന്‍ അനുഭവമായിരിക്കും.

PC: Nadchallenge1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X