മലയാളികള്‍ മനസ്സറിഞ്ഞ് ആഘോഷിക്കുന്ന ഓണം ഇത്തവണ മൊത്തത്തില്‍ കൊറോണയുടെ പിടിയിലാണ്. കൊറോണോണം എന്നു തമാശയായി പറയുമാമെങ്കിലും വീട്ടിലെ ചെറിയ ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് കേരളം. പുറത്തിറങ്ങാതെ, വീട്ടില്‍ തന്നെയിരിക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വീട്ടിലെ ഓണം മലയാളികള്‍ കേമമാക്കും എന്നതില്‍ സംശയം വേണ്ട. നാടന്‍ പൂക്കളുടെ പൂക്കളവും നാടന്‍ സദ്യയും ഉറപ്പായും കാണുമെങ്കിലും ഈ ഓണത്തിന് നമ്മള്‍ക്ക് ഏറ്റവുമധികം നഷ്ടബോധം തോന്നുക ഓണ മത്സരങ്ങളെയും ക്ലബ് വക ആഘോഷങ്ങളെയും ഓര്‍ത്തായിരിക്കും.
ഇതാ ഇടുക്കിക്കാര്‍ക്ക് ഇത്തവണത്തെ ഓണം സ്പെഷ്യലാക്കുവാന് ഒരു വണ്‍ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യാം

യാത്രയ്ക്ക് മുന്‍പ്
ഓണത്തിന് വീടിനു പുറത്തിറങ്ങുവാന്‍ സാധിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. കൈകഴുകി മാസ്ക് ധരിച്ച് സാമൂഹീക അകലം പാലിച്ചു വേണം ഇത്തവണ ഓണയാത്രകളും ഉത്രാടപ്പാച്ചിലുമെല്ലാം.
പോകുന്ന വഴി അധികം വണ്ടി നിര്‍ത്താതെ, പുറത്തു നിന്നും അധികം ഭക്ഷണമൊന്നും കഴിക്കാതെ പരമാവധി സമ്പര്‍ക്കം കുറയ്ക്കുവാന്‍ ശ്രദ്ധിക്കുക.

ഉത്രാടത്തിലെ പാച്ചില്‍
വളരെ എളുപ്പത്തില്‍ സുരക്ഷിതമായി പോകുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ തന്നെയാണ് ഇടുക്കിയുടെ പ്രത്യേകത. അതുകൊണ്ടു തന്നെ ഇടുക്കിക്കാര്‍ക്ക് ഈ സമയം സുരക്ഷിതമായി ചിലവഴിക്കുകയും ചെയ്യാം. മാത്രമല്ല, സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഇടങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുമുണ്ട്.

പ്രവേശനം നിയന്ത്രണങ്ങളോടെ മാത്രം
ഇരവികുളം, ഇടുക്കി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് മാത്രം നിശ്ചിത എണ്ണം സഞ്ചാരികള്‍ക്ക് കൃത്യമായ സമയ പരിധിയിലായിരിക്കും പ്രവേശനം അനുവദിക്കുക.

ആവേശം ചോരാതെ ഡാമിലെ ബോട്ടിങ്
കൊറോണയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ നിര്‍ത്തിവെച്ച ബോട്ടിങ് ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇടുക്കി ഡാമിന്റെയും ചെറുതോണി അണക്കെട്ടിന്റെയും വൈശാലി ഗുഹയുടെയും ഒക്കെ മനഹോരമായ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമായതിനാല്‍ ഇടുക്കിയിലെത്തുന്നവര്‍ ഒഴിവാക്കാത്ത സ്ഥലം കൂടിയാണിത്. നിറഞ്ഞു തുളുമ്പി കണ്ണെത്താദൂരത്തോളം സമൃദ്ധമായി കിടക്കുന്ന ഡാമിന്റെ കാഴ്ചകള്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. 10 പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ബോട്ടില്‍ യാത്ര ചെയ്യാം. ചുരുങ്ങിയത് രണ്ട് പേരുണ്ടെങ്കിലും യാത്ര നടത്താം. മുതിർന്നവർക്ക് 145 രൂപയാണു ടിക്കറ്റ് നിരക്ക്. 10 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 85 രൂപയും ഈടാക്കും.
PC:wikimedia

ഇരവികുളത്തിനു പോകാം, വരയാടുകളെ കാണാം
കോവിഡ് നിയന്ത്രണങ്ങളോടം കഴിഞ്ഞ ദിവസമാണ് ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. വരയാടുകളുടെ പ്രജനനത്തിനും തുടര്‍ന്ന് ലോക്ഡൗണിനുമായി അടച്ചിട്ട് എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ദേശീയോദ്യാനം തുറക്കുന്നത്. സാധാരണ വരയാടുകളുടെ പ്രജനനത്തിനായി അടച്ചിടുന്ന ദേശീയോദ്യാനം ഏപ്രില്‍ പകുതിയോടെ തുറക്കുകയാണ് പതിവെങ്കിലും ലോക്ഡൗണ്‍ കാരണം തുറക്കുന്നത് പിന്നെയും നീളുകയായിരുന്നു.

ശ്രദ്ധിക്കാം
പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ മുഖാവരണം ധരിക്കണം, ശരീരോഷ്മാവ് നിശ്ചയിച്ചതിലും കൂടുതലാണെങ്കില്‍ പ്രവേശനം അനുവദിക്കില്ല, വരയാടുകളെ തൊടുന്നതിനോ അടുത്തു ചെല്ലുന്നതിനോ അനുവാദമുണ്ടായിരിക്കുകയില്ല, പാര്‍ക്കിങ്ങിന് മുന്‍പായി വാഹനങ്ങള്‍ അണുനശീകരണം നടത്തും തുടങ്ങിയവയാണ് സന്ദര്‍ശകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഇടുക്കിയിലെ പൂക്കളമായ നീലക്കുറിഞ്ഞി കാണാം
മൂന്നാറിന് പുതിയ നിറക്കൂട്ടുകള്‍ നല്കി പൂത്ത നീലക്കുറിഞ്ഞിയും ഈ ഉത്രാട യാത്രയില്‍ കാണാം. പൂപ്പാറ തോണ്ടിമലയിലാണ് കണ്ണുകള്‍ക്കു വിരുന്നായി നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. പൂപ്പാറ-ധനുഷ്കോടി ദേശീയ പാതയിലെ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി മൊട്ടക്കുന്ന് പ്രദേശത്താണ് കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പൂത്തു നില്ക്കുന്ന നീലക്കുറിഞ്ഞി കാണുവാനായി ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമെല്ലാം സഞ്ചാരികള്‍ എത്തുന്നു. ആനയിറങ്കല്‍ അണക്കെട്ടിന്റെ മനോഹര ദൃശ്യവും ഇവിടെ നിന്നും വ്യക്തമായി കാണാം.
ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലും നേരത്തെ തന്നെ നീലക്കുറിഞ്ഞി വിരിഞ്ഞിരുന്നു.

വാഗമണ്‍
ഇടുക്കിയില്‍ ഏറ്റവും മനോഹമായി പോകുവാന്‍ കഴിയുന്ന റോഡ് ട്രിപ്പുകളിലൊന്ന് വാഗമണ്ണിലേക്കുള്ളതാണ്. ഇളംവെയിലും കോടമഞ്ഞും കാഴ്ചകളും എന്നും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വൈകിട്ട് ചെന്നുകയറുവാന്‍ പറ്റിയ പ്രദേശമാണിത്. കുടുംബവുമായി റോഡ് ട്രിപ്പ് തന്നെയാണ് ഏറ്റവും നല്ലത്.
ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!
മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍
സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം