പുരാതനവും ഐതിഹ്യ സമ്പന്നവുമായ ക്ഷേത്രങ്ങളാൽ പ്രസിദ്ധമായ നാടാണ് പത്തനംതിട്ട.വിശ്വാസമായാലും ആചാരങ്ങളായാലും ഒന്നിനൊന്ന് വ്യത്യസ്തമാണ് ഈ നാട്. പത്തനങ്ങളുടെയും പടയണിയുടെയും നാടായ പത്തനംതിട്ടയിലെ തികച്ചും വ്യത്യസ്തമായ ഒരു ക്ഷേത്രമാണ് ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം. ഐതിഹ്യപ്പെരുമ കൊണ്ട് സമ്പന്നമായ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....

പുതുക്കുളങ്ങര ദേവി ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലുക്കിലെ ഓതറ ഗ്രാമത്തിലാണ് പുതുക്കുളങ്ങര ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തിരുവല്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്.

പാലക്കാടെത്തുന്ന ചരിത്രം
പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രത്തിൽ നിന്നുമാണ് പത്തനംതിട്ടയിലെ ഈ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രത്തിന്റെ സമീപത്തു നിന്നും ഒരിക്കൽ ഒരുകൂട്ടം ആളുകൾ ആ പ്രദേശം ഉപേക്ഷിച്ച് പോരുകയുണ്ടായി. പറപ്പറ്റയുടെ ശല്യമായിരുന്നു അവരെ തങ്ങളുടെ നാട് ഉപേക്ഷിച്ചു പോരുവാൻ പ്രേരിപ്പിച്ചത്. അങ്ങനെ തിരുവിതാംകൂറിലെത്തിയ അവർ തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു. പിന്നീട് കാലം പോകെ ഇവിടെ ഒരു യക്ഷിയുടെ ശല്യം അനുഭവപ്പെടുകയും അത് സഹിക്കാനാവാതായപ്പോൾ ക്ഷേത്രം ഇപ്പോഴുള്ള സ്ഥലത്തേയ്ക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

കാവിനുള്ളിൽ
കാവിനോട് ചേർന്നു നിൽക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് ദ്വന്ദഭാവത്തിലാണ്. മുല്ലപ്പന്തൽ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവൻ എന്നിവരാണ് ഇവിടുത്തെ ഉപദേവതാ പ്രതിഷ്ഠകൾ.

പടയണി
പടയണിയുടെ പേരിൽ പ്രസിദ്ധം കൂടിയാണ് ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം 1001 പാളയിൽ തീർക്കുന്ന ഇവിടുത്തെ പടയണി രംഗാവിഷ്കാരം വിശ്വാസികളുടെ ഇടയിൽ പ്രസിദ്ധമാണ്.
PC:Essarpee1